Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃശ്ചിക പുലരികൾക്കു ധന്യതയാകാൻ അയ്യപ്പസ്വാമിക്കുള്ള കാണിക്കയുമായി യുകെയിൽ നിന്നും ഡോ. ജോജി കുര്യാക്കോസ്; മൂവാറ്റുപുഴ നിർമ്മല കോളേജിലെ ക്ലാസ്മേറ്റ്‌സ് വീണ്ടും ഒന്നിക്കുമ്പോൾ കൂടെയെത്തിയത് കാവാലം ശ്രീകുമാറും മധു ബാലകൃഷ്ണനും

വൃശ്ചിക പുലരികൾക്കു ധന്യതയാകാൻ അയ്യപ്പസ്വാമിക്കുള്ള കാണിക്കയുമായി യുകെയിൽ നിന്നും ഡോ. ജോജി കുര്യാക്കോസ്; മൂവാറ്റുപുഴ നിർമ്മല കോളേജിലെ ക്ലാസ്മേറ്റ്‌സ് വീണ്ടും ഒന്നിക്കുമ്പോൾ കൂടെയെത്തിയത് കാവാലം ശ്രീകുമാറും മധു ബാലകൃഷ്ണനും

ജഗദീഷ് നായർ

ബാത്ത്: വൃശ്ചിക പുലരിയിൽ അയ്യപ്പ സ്വാമിയുടെ തിരുനട തുറന്നപ്പോൾ ബ്രിട്ടനിൽ നിന്നൊരു അപൂർവ്വ കാണിക്ക. ഹൾ എൻഎച്ച്എസ് ട്രസ്റ്റിലെ ഗ്രിംപ്‌സിയിൽ കൺസൽട്ടന്റ് സൈക്ക്യാട്രിസ്റ്റ് ആയ ഡോ. ജോജി കുര്യാക്കോസിന്റെ കൈകളിലൂടെയാണ് പഴയ കാല അയ്യപ്പ ഗാനങ്ങളുടെ മാധുര്യമുള്ള ഗാനങ്ങൾ പിറന്നിരിക്കുന്നത്. രണ്ടു വർഷം മുൻപ് ബർമിങ്ഹാമിൽ ഉള്ള മോനി ഷിജോ എഴുതി ബിജു നാരായണൻ പാടിയ അയ്യപ്പ ഗാനം ജ്യോതിപ്രഭാവന് ശേഷം മറ്റൊരു ഗാനപൂജ സ്വാമി അയ്യപ്പന് യുകെയിൽ നിന്നും എത്തുമ്പോൾ മതേതര സങ്കൽപ്പമുള്ള ശബരിമലയെ പ്രവാസി മലയാളികളും ആദരവോടെ കാണുന്നു എന്നതിന്റെ തെളിവായി മാറുകയാണ്.

യഥാർത്ഥത്തിൽ ഇനിയൊരു വൃശ്ചികം പുലരുമെങ്കിൽ എന്ന പേരിൽ എത്തുന്ന അയ്യപ്പ ഗാനോപഹാരം കഴിഞ്ഞ വർഷം പുറത്തിറങ്ങേണ്ടതായിരുന്നു. ഗൾഫ് മലയാളിയായ വിനോദ് ചാച്ചന്റെ ആഗ്രഹപ്രകാരം ഡോ. ജോജി കുര്യാക്കോസ് എഴുതിയ അയ്യപ്പ ഗാനങ്ങൾ ശബരിമല സ്ത്രീ പ്രവേശനം ഉയർത്തിയ വിവാദ കാലത്തു പുറത്തിറക്കുന്നത് ഉചിതമല്ലെന്ന ചിന്തയിൽ എത്തുക ആയിരുന്നു.

എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അന്നത്തെ പ്രൊഡ്യൂസർമാരുടെ മനസു മാറി. എന്നാൽ അയ്യപ്പ സ്വാമി ഭക്തർക്കു വേണ്ടി എഴുതിയ വരികൾ മറന്നു കളയാൻ ഡോ. ജോജി തയ്യാറല്ലായിരുന്നു. പാട്ടും കവിതയും ഒക്കെ മനസ് നിറയെ സൂക്ഷിക്കുന്ന ഡോ. ജോജി തുടർന്ന് മുൻപ് പലവട്ടം യു ട്യൂബിൽ ഗാനങ്ങൾ റിലീസ് ചെയ്യാൻ കൂടെ നിന്നിട്ടുള്ള മൂവാറ്റുപുഴ നിർമല കോളേജിലെ സഹപാഠികളായ പ്രസാദ്, ജഗദ് പ്രകാശ് എന്നിവരെ ബന്ധപ്പെട്ടു. മൂവരും കട്ടക്ക് നിന്നപ്പോൾ അയ്യപ്പ സ്വാമിക്കുള്ള ഗാനപൂജ യാഥാർഥ്യമായി. ഈ ആൽബത്തിലെ ആദ്യ രണ്ടു ഗാനങ്ങളുടെ രചനയാണ് ഡോ. ജോജി നിർവഹിച്ചിരിക്കുന്നത്.

ഡോ. ജോജി എഴുതിയ ഇനിയൊരു വൃശ്ചിക പുലരിയിൽ പാടിയിരിക്കുന്നത് പാട്ടുലോകത്തെ വിസ്മയ ശബ്ദമായ കാവാലം ശ്രീകുമാറാണ്. ജോജിയുടെ കാവ്യസുന്ദരമായ വരികളും ശ്രീകുമാറിന്റെ വേറിട്ട ശബ്ദവും പ്രസാദിന്റെ സംഗീതവും ചേർന്നപ്പോൾ പഴമയുടെ നൈർമല്യമുള്ള ഒരു ഭക്തിഗാനം കൂടി പിറവിയെടുക്കുകയാണ്. പുതുലോകത്തെ ബഹളങ്ങൾ വേണ്ടെന്നു വച്ച ഈ പാട്ടിൽ ആസ്വാദകരെ പിടിച്ചു നിർത്താനുള്ള മാസ്മരികതയാണ് നിഴലിടുന്നത്. മണികണ്ഠാ മകരവിളക്ക് കാണാൻ എന്ന പാട്ടിനു മധു ബാലകൃഷ്ണന്റെ സ്വര ഗാംഭീര്യം നൽകുന്ന ആസ്വാദന ലഹരി അനുപമമാണ്. എൻഎ പ്രസാദിന്റെ സംഗീതം നൽകുന്ന മിഴിവ് കൂടിയായപ്പോൾ പഴയകാല അയ്യപ്പ ഗാനങ്ങളുടെ സൗന്ദര്യമാണ് വീണ്ടും ഭക്തരിൽ എത്തുന്നത്.

ആൽബത്തിലെ മറ്റു ഗാനങ്ങൾ മഞ്ഞണിഞ്ഞ മേട്ടിലെ എന്ന ഗാനം എഴുതിയിരിക്കുന്നത് ജഗദ് പ്രകാശാണ്. പുത്തൻ പാട്ടുകാരനായ പ്രവീൺ നീരജ് പാടാൻ എത്തിയപ്പോൾ പ്രസാദിന്റെ വേറിട്ട സംഗീതത്തിൽ അയ്യപ്പ ഭക്തർക്കു ലഭിച്ചിരിക്കുന്നത് മനസ്സിൽ ഭക്തിയുടെ താളമേളങ്ങൾ സൃഷ്ടിക്കാനുള്ള അവസരം കൂടിയാണ്. ജഗദ് പ്രകാശ് തന്നെയാണ് അടുത്ത ഗാനത്തിനും വരികൾ എഴുതിയിരിക്കുന്നത്. വൃശ്ചിക മാസത്തിൽ സ്വതമാം കോവിലിൽ എന്ന പാട്ടിന് ഏറെ ആരാധകരുള്ള അഭിജിത്താണ് സ്വരം നൽകിയിരിക്കുന്നത്. ഈ ഗാനവും മധു ബാലകൃഷ്ണൻ പാടിയ മണികണ്ഠാ മകരവിളക്ക് കാണാൻ എന്ന ഗാനവും വൈകാതെ തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും.

ഈ ഗാനങ്ങൾ അയ്യപ്പ ഭകതരിൽ എത്തിക്കുക എന്ന നിർമ്മാണ ചുമതല ഏറ്റെടുത്തതും ഡോ. ജോജി കുര്യാക്കോസ് തന്നെയാണ്. ബ്രിട്ടീഷ് മലയാളിയിലൂടെ ഈ ഗാനങ്ങൾ കൂടുതൽ ആളുകളിൽ എത്തണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ആൽബത്തിന് പിന്നിൽ പ്രവർത്തിച്ച ക്ലാസ്മേറ്റ്‌സ് ഒന്നിച്ചു പറയുമ്പോൾ അത് യുകെ മലയാളികൾക്കുള്ള അപൂർവ ആദരവ് കൂടിയായി മാറുകയാണ്. മൂവാറ്റുപുഴക്കു അടുത്ത് വീട്ടൂരിൽ നിന്നും യുകെയിൽ എത്തിയ ഡോ. ജോജി ഇതിനകം ശ്രദ്ധേയമായ പല രചനകളും മലയാള കാവ്യാ ശാഖയ്ക്ക് നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരൻ ഡോ. ജെ വി എസ് വീട്ടൂർ മലയാള കാവ്യസദസുകളിൽ ഏറെ അറിയപ്പെടുന്ന് കലോപാസകൻ കൂടിയാണ്.

അയ്യപ്പ ഗാനം തയ്യാറാക്കും മുൻപ് അതിമനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനവും ജോജി രചിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ഭക്തിഗാന ആലാപനത്തിൽ തന്റെ വേറിട്ട ശബ്ദം ആസ്വാദകരിൽ എത്തിച്ചിട്ടുള്ള കെസ്റ്ററിന്റെ ശബ്ദത്തിലാണ് ഈ ഗാനം ആസ്വാദകരിൽ എത്തിയിരിക്കുന്നത്. ഹൾ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോ. ദീപ ജേക്കബ് ആണ് ജോജിയുടെ ഭാര്യ. ഇവർ യുക്മ ദേശീയ സമിതിയിൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെ മകൾ ഈവയും കലാകാരിയാണ്. യുക്മയുടെ ഈ വർഷത്തെ നാട്യ മയൂര പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഈവക്കാണ്.

ഡോ. ജോജിയും സുഹൃത്തുക്കളും രണ്ടു വർഷം മുൻപ് തയ്യാറാക്കിയ എന്റെ വിദ്യാലയം എന്ന ഗാനം യു ട്യൂബിൽ ഏറെ ആസ്വാദകരെ തേടിയതാണ്. ഇതിനകം അര ലക്ഷം പേരിലേക്ക് ഈ ഗാനം എത്തിക്കഴിഞ്ഞു. വിജയ് യേശുദാസിന്റെ ശബ്ദം കൂടിയായപ്പോൾ പഴയ സ്‌കൂൾ ജീവിതം ഓർത്തിരിക്കുന്നവർക്കു നെഞ്ചേറ്റാൻ ഒരു ഗാനം കൂടിയായി.

സാമൂഹ്യ വിഷയങ്ങളോട് കലഹിക്കുന്ന മനസാണ് തനിക്കു ഉള്ളതെന്ന് തെളിയിച്ചാണ് കഴഞ്ഞ വർഷം അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലയിൽ ഇരയായ മധു എന്ന ആദിവാസി യുവാവിന്റെ ഓർമ്മയ്ക്ക് വേണ്ടി തയ്യാറാക്കിയ നീചകാണ്ഡം എന്ന കവിത. അതിശക്തമായ ഭാഷയിലാണ് ഈ കവിത ഡോ. ജോജി തയ്യാറാക്കിയിരിക്കുന്നത്. നീച കാണ്ഡത്തിനു ശബ്ദം നൽകിയതും കാവാലം ശ്രീകുമാർ തന്നെയാണ്. മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ പാടിയ ഒരു പുഞ്ചിരി അകലെ എന്ന എന്ന ഗാനത്തിലെ വരികളുടെ സൗന്ദരാം പിറന്നു വീണതും ഡോ. ജോജിയിലൂടെ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP