Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

തന്ത്രപ്രധാനമായ ഭാഗങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഇന്ത്യയോട് ചൈന; ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഇന്ത്യൻ സൈന്യവും; സൈനികതല ചർച്ചയ്ക്ക് പിന്നാലെ അതിർത്തിയിൽ പ്രകോപനവുമായി ചൈനീസ് ആർമി; കൂടുതൽ സൈനികരെ നിലയുറപ്പിച്ച് ഇന്ത്യൻ പട്ടാളവും; ചൈന പിന്മാറും വരെ നിലയുറപ്പിക്കുമെന്ന് സേന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിർത്തിയിൽ അയവില്ലാതെ ഇന്ത്യാ-ചൈന സംഘർഷം. അതിർത്തിയിൽ ശാന്തരാകുമെന്ന് ഇരു രാജ്യവം സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് വീണ്ടും അതിർത്തി കലുഷിതമാകുന്നത്. ചൈന പിന്മാറുന്നതുവരെ മേഖലയിൽ ഇന്ത്യൻ സൈനികരുടെ ശക്തമായ സാന്നിധ്യം തുടരുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഏപ്രിലിലെയും ഗൽവാൻ ഏറ്റുമുട്ടൽ സമയത്തെയും സ്ഥിതിയിൽനിന്നു വ്യത്യസ്തമായി കൂടുതൽ മേഖലയിൽ ഇപ്പോൾ ഇന്ത്യൻ സൈനികരുടെ സാന്നിധ്യമുണ്ട്.

ഓഗസ്റ്റ് അവസാനം ലഡാക്കിലെ പാംഗോങ്, ചുഷൂൽ പ്രദേശങ്ങളിൽ കുന്നുകൾ പിടിച്ചെടുക്കാൻ ചൈനീസ് സൈന്യം നടത്തിയ നീക്കം തടഞ്ഞ് ഇന്ത്യൻ സൈനികൾ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെനിന്ന് ഉൾപ്പെടെ ചൈനയുടെ തുടർനീക്കത്തിന് അനുസരിച്ചാകും ഇന്ത്യയുടെ നടപടി. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്ന ഉറച്ച നിലപാടുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യ ചൈന ഉന്നത സേനാ കമാൻഡർമാർ തമ്മിൽ തിങ്കളാഴ്ച നടന്ന ആറാംവട്ട ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

മോസ്‌കോയിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ധാരണയിലെത്തിയ അഞ്ചിന പരിപാടിക്കു ശേഷമുള്ള ആദ്യ സേനാതല ചർച്ചയായിരുന്നു ഇത്. ഇതിനു പിന്നാലെയായിരുന്നു സംയുക്ത പ്രസ്താവന. സംഘർഷങ്ങൾ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തിൽ വീഴ്ച വരുത്താതിരിക്കാനും ധാരണയായെന്നായിരുന്നു അറിയിപ്പ്.

എന്നാൽ ചൈനയിലെ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതു ശരിവയ്ക്കുന്ന രീതിയിലാണ് ചൈനയുടെ നടപടികളും. എന്നാൽ ഇത് ചൈനീസ് തന്ത്രത്തിന്റെ ഭാഗമാണോ എന്നും സംശയമുണ്ട്. അതുകൊണ്ടു തന്നെ ചൈനയുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇത്തരത്തിൽ നടപടികളുണ്ടായാൽ നേരിടാൻ ഇന്ത്യ തയാറാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ തന്ത്രപരമായ മേഖലകളിൽ നിന്നും ഇന്ത്യ പിന്മാറണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. നിയന്ത്രണരേഖയിൽ നിന്നും ഇരു കൂട്ടരും തുല്യദൂരം പിന്മാറണമെന്ന ചർച്ചയിൽ പറഞ്ഞിരുന്നെങ്കിലും കിഴക്കൻ ലഡാക്കിൽ അനധികൃതമായി കടന്നു കയറിയ സ്ഥലങ്ങളിൽ നിന്ന് പിന്മാറാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. അതിനിടയിലാണ് പാംഗോംഗ് തടകാക്കരയുടെ തെക്കൻ ഭാഗത്തെ നിർണായക മേഖലകളിൽ നിന്നുൾപ്പെടെ ഇന്ത്യ പിന്മാറണമെന്ന ആവശ്യം ചൈന മുന്നോട്ട് വച്ചത്. ഇന്ത്യ തന്ത്രപ്രധാന മേഖലകളിൽ നിന്ന് പിന്മാറാത്തിടത്തോളം കാലം തങ്ങളും മേഖലയിൽ നിന്ന് പിന്മാറില്ലെന്ന് കമാൻഡർ തല ചർച്ചയിൽ ചൈന പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ട്.

എൽഎസിയിൽ എല്ലായിടത്തേയും ചർച്ചകൾ നടക്കുമ്പോൾ ഒന്നോ രണ്ടോ സ്ഥലങ്ങളിലേത് മാത്രമായി ചർച്ചകൾ പരിമിതപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അടുത്തിടെ പാംഗോംഗ് തടാകത്തിന്റെ തെക്കൻ ഭാഗങ്ങളായ റെചിൻ ല, റെസാൻ ലാ, മുക്പരി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യൻ സൈന്യം ആധിപത്യം നേടിയിരുന്നു. ചൈനീസ് നിയന്ത്രണത്തിലുള്ള സ്പാൻഗുർ ഗ്യാപ്പിലുൾപ്പെടെ ഇന്ത്യയ്ക്ക് ഇതുവഴി ആധിപത്യം ലഭിച്ചിരുന്നു. മാത്രമല്ല ഇന്ത്യൻ മേഖലകളിലേക്ക് പ്രകോപനങ്ങളും നിയമവിരുദ്ധ കടന്നു കയറ്റവും നടത്തുന്നതിൽ നിന്നും ചൈനയെ പിന്തിരിപ്പിക്കാനും ഈ നീക്കം സഹായിച്ചിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP