Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത് ജോയ്‌സ് ജോർജിനുള്ള പിണറായി സർക്കാരിന്റെ സമ്മാനം തന്നെ; ഇടുക്കി എംപിക്കായി ജനവാസ മേഖല ഒഴിവാക്കി പകരം ആൾതാമസമില്ലാത്ത സ്ഥലങ്ങൾ കൂട്ടിച്ചേർത്ത് പുനർനിർണ്ണയം; മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതിന് പിന്നിൽ രാഷ്ട്രീയവും

ഇത് ജോയ്‌സ് ജോർജിനുള്ള പിണറായി സർക്കാരിന്റെ സമ്മാനം തന്നെ; ഇടുക്കി എംപിക്കായി ജനവാസ മേഖല ഒഴിവാക്കി പകരം ആൾതാമസമില്ലാത്ത സ്ഥലങ്ങൾ കൂട്ടിച്ചേർത്ത് പുനർനിർണ്ണയം; മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതിന് പിന്നിൽ രാഷ്ട്രീയവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനവാസ മേഖല ഒഴിവാക്കി പകരം ആൾതാമസമില്ലാത്ത സ്ഥലങ്ങൾ കൂട്ടിച്ചേർത്തു മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനും വിസ്തൃതി 3200 ഹെക്ടറായിത്തന്നെ നിലനിർത്താനും മന്ത്രിസഭാ തീരുമാനം ഇടുക്കിയുടെ എംപിയെ രക്ഷിക്കാൻ. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള സമഗ്ര സർവേ ജൂണിനു മുൻപു പൂർത്തിയാക്കാനാണ് തീരുമാനം. ഇതിലൂടെ സിപിഎം സ്വതന്ത്ര എംപിയായ ജോയ്‌സ് ജോർജ്ജ് ഉൾപ്പെടെയുള്ള കൈയേറ്റക്കാരുടെ ഭൂമി കുറിഞ്ഞി സങ്കേതത്തിൽ നിന്ന് ഒഴിവാക്കും. ഇടുക്കിയിലെ കൈയേറ്റത്തിനെതിരായി രോഷം ഉയർന്നെങ്കിലും ഒൻപത് മാസത്തോളം നടപടികൾ നീട്ടിയ സർക്കാർ ഒടുവിൽ കൈയേറ്റക്കാരെ രക്ഷിച്ചിരിക്കയാണ്.

ഇവിടെ നേട്ടമുണ്ടാകുന്നത് എംപിക്കും. വ്യാജപട്ടയങ്ങളിലൂടെ ഭൂമി കയ്യേറിയവരെ ഒഴിവാക്കാൻ വേണ്ടിയാണു കുറിഞ്ഞി ഉദ്യാനത്തിന്റെ വലുപ്പം കുറയ്ക്കുന്നതെന്നും അതിർത്തി പുനർനിർണയിക്കുന്നതെന്നും നേരത്തേ ആരോപണം ഉയർന്നിരുന്നു. തുടർന്നു പ്രദേശം സന്ദർശിച്ച വനം, റവന്യു, വൈദ്യുതി മന്ത്രിമാർ പ്രത്യേകം നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനമെന്നാണ് വിശദീകരണം. എന്നാൽ സിപിഐ ഇതിനെ അനുകൂലിക്കുന്നില്ല. റവന്യൂവകുപ്പിന്റെ വിയോജിപ്പുകൾ അംഗീകരിക്കാതെയാണ് തീരുമാനം.

കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന റവന്യൂ വകുപ്പിനെയും മറികടന്നാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിൽ റവന്യൂ വകുപ്പ് നൽകിയ കുറിപ്പും തിരുത്തിയാണ് 58, 62 ബ്ലോക്കുകളിലെ വിവാദ ഭൂമി ഒഴിവാക്കിയത്. കൈയേറ്റക്കാർക്കെതിരായ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്റെ ഉത്തരവും മന്ത്രിസഭ മറികടന്നു. പതിറ്റാണ്ടുകളായി ഇവിടെ റവന്യൂ രേഖകൾ തിരുത്തുന്നുവെന്നായിരുന്നു നിവേദിതയുടെ റിപ്പോർട്ട്. അങ്ങനെ ഇടുക്കിയിലെ ജോയ്‌സ് ജോർജിന്റെ പ്രശ്‌നങ്ങളും ശരിയാക്കുകയാണ് പിണറായി സർക്കാർ.

ദേവികുളം താലൂക്കിലെ കൊട്ടക്കാമ്പൂർ വില്ലേജിലെ 58ാം ബ്‌ളോക്കിലെയും വട്ടവട വില്ലേജിലെ 62ാം ബ്ലോക്കിലെയും വിവാദ ഭൂമിയാണ് ഒഴിവാക്കിയത്. ഈ ഭൂമിയുടേത് വ്യാജപട്ടയമാണെന്നാണ് ആരോപണം. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീർണം 3200 ഹെക്ടറിൽ കുറയാതെ അതിർത്തി പുനർനിർണ്ണയിക്കുമെന്നും പറയുന്നുണ്ട്. ഇതിനർത്ഥം ഒഴിവാക്കിയ ഭൂമിക്ക് പകരം വേറെ വനഭൂമി കൂട്ടിച്ചേർക്കേണ്ടി വരും എന്നാണ്.സങ്കേതത്തിലെ പട്ടയപ്രശ്‌നങ്ങൾ പരിഹരിക്കാനും വിസ്തൃതി നിജപ്പെടുത്താനും കളക്ടറുടെ അധികാരത്തോടെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റിൽമെന്റ് ഓഫീസറായി നിയമിക്കും. ഇതോടെ കൈയേറ്റ ഭൂമി എംപിയുടേത് മാത്രമായി മാറും.

വ്യാജ പട്ടയങ്ങളുടെയും കയ്യേറ്റങ്ങളുടെയും ഭൂമികയാണു ഉദ്യാനം ഉൾപ്പെടുന്ന 58ാം ബ്ലോക്ക് നമ്പരിലുള്ള കൊട്ടാക്കമ്പൂർ വില്ലേജെന്നാണ് ആരോപണം ഉയർന്നത്. ഇടുക്കി എംപി ജോയ്‌സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയും ബ്ലോക്ക് നമ്പർ 58ലാണുള്ളത്. പെരുമ്പാവൂരിലെ ഉന്നത സിപിഎം നേതാക്കൾക്കും ഇവിടെ ബെനാമി പേരുകളിൽ ഏക്കർകണക്കിനു ഭൂമിയുണ്ട്. ഇതിനിടെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചാൽ, സംസ്ഥാനത്തിനു മാത്രമായി തീരുമാനമെടുക്കാനാവില്ലെന്ന സ്ഥിതി വന്നു. ഇതുകൊണ്ട് കരുതലോടെ തീരുമാനം എടുക്കുകയാണ്. ഉദ്യാനവിസ്തൃതി കുറയ്ക്കാതിരിക്കാൻ തീരുമാനിച്ചതോടെ കേന്ദ്ര അംഗീകാരം ലഭിക്കുമെന്നാണു സർക്കാർ പ്രതീക്ഷ.

ജനവാസ മേഖല ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇവിടെ താമസിക്കുന്നവർക്കു ഭീഷണിയുണ്ടാവില്ലെന്നാണു കരുതുന്നത്. ഒഴിവാക്കപ്പെടേണ്ട ജനവാസ മേഖലകളും കൃഷിയിടങ്ങളും ഏതൊക്കെ എന്നതു കണ്ടെത്താൻ വിശദ സർവേ വേണ്ടി വരും. ഇക്കാര്യത്തിൽ ഇടുക്കി ജില്ലാഭരണകൂടത്തിനും വനം വകുപ്പിനും വ്യക്തതയില്ല. ഇതെല്ലാം കാരണം രക്ഷപ്പെടുന്നത് ജോയ്‌സ് ജോർജ് എംപിയാണ്. വട്ടവട, കൊട്ടാക്കമ്പൂർ, കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന അഞ്ചുനാടു പ്രദേശത്തെ മുഴുവൻ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതുമാറ്റാൻ കലക്ടർ പദ്ധതി തയാറാക്കും. കുറിഞ്ഞിമല സങ്കേത പ്രദേശത്ത് ഇവ വളർത്തുന്നതു നിരോധിക്കും. റ

വന്യു ഭൂമിയിൽ വനംവകുപ്പ് ഇത്തരം മരങ്ങൾ വച്ചുപിടിപ്പിക്കാൻ പാടില്ല. വനം വകുപ്പു നേരിട്ടു മരം നട്ടുപിടിപ്പിക്കുന്നതിനു കമ്പനികൾക്കും ഏജൻസികൾക്കും പാട്ടം നൽകുന്ന രീതി അവസാനിപ്പിക്കും. പട്ടയഭൂമിയിലെ ഇത്തരം മരങ്ങൾ ഉടമ ആറുമാസത്തിനകം പിഴുതുമാറ്റണം. അല്ലെങ്കിൽ കലക്ടർ നടപടിയെടുക്കും. ഈ പ്രദേശങ്ങളിൽ ജലമൂറ്റുന്ന മരങ്ങൾ വളർത്താൻ അനുവാദമില്ല.

ദേവികുളം താലൂക്കിലെ കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവട വില്ലേജിലെ ബ്ലോക്ക് 62ലെയും പട്ടയഭൂമി ഒഴികെയുള്ള ഏകദേശം 3200 ഹെക്ടർ സ്ഥലത്തു നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കാൻ 2006 ഒക്ടോബർ ആറിനാണു പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഉദ്യാനത്തിൽ 53 സർക്കാർ സ്ഥാപനങ്ങളും 2041 വീടുകളും 62 ആരാധനാലയങ്ങളും 12 വിദ്യാഭ്യാസ സ്ഥാപനങ്ങളും 45 മറ്റു സ്ഥാപനങ്ങളും കാർഷിക ആവശ്യത്തിനുള്ള തടയണകളും ഉണ്ടെന്നാണു കുടിയേറ്റക്കാരുൾപ്പെടുന്ന വട്ടവട സമരസമിതിയുടെ വാദം. ഇത് പരിഗണിച്ചാണ് മാറ്റം.

ഉദ്യാന വിസ്തൃതി കുറയാതിരിക്കാൻ 59, 60, 63 ബ്ലോക്കുകളിലായി വനം വകുപ്പു കൈവശം വച്ചിരിക്കുന്ന റവന്യു ഭൂമിയും കണ്ണൻദേവൻ ഹിൽസ് (കെഡിഎച്ച്) വില്ലേജിൽ നീലക്കുറിഞ്ഞി ധാരാളമായി കണ്ടുവരുന്ന മീശപ്പുലിമല, കുറ്റിയാർവാലി, മാട്ടുപ്പെട്ടി മലനിരകളും രാജമല പ്രദേശങ്ങളും ഉദ്യാനത്തിൽ ഉൾപ്പെടുത്തണമെന്നും സമിതി നിർദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP