Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

'മിസ്റ്റർ ബ... ബ...ബ... ബൈഡൻ! വിക്കുള്ളതിനാൽ കൂട്ടുകാരുടെ കളിയാക്കലിൽ മനം മടുത്ത് സ്‌കൂൾ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങി; മാതാപിതാക്കൾ നൽകിയ ആത്മവിശ്വാസത്തിൽ കഠിനമായി പരിശീലിച്ച് പ്രാസംഗികനായി; ദുരന്തങ്ങളും ബിസിനസ് തകർച്ചയും മൂലം അത്മഹത്യയെക്കുറിച്ച് ചിന്തിച്ചത് പല തവണ; ജോ ബൈഡന്റെ ജീവിതം

'മിസ്റ്റർ ബ... ബ...ബ... ബൈഡൻ! വിക്കുള്ളതിനാൽ കൂട്ടുകാരുടെ കളിയാക്കലിൽ മനം മടുത്ത് സ്‌കൂൾ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങി; മാതാപിതാക്കൾ നൽകിയ ആത്മവിശ്വാസത്തിൽ കഠിനമായി പരിശീലിച്ച് പ്രാസംഗികനായി; ദുരന്തങ്ങളും ബിസിനസ് തകർച്ചയും മൂലം അത്മഹത്യയെക്കുറിച്ച് ചിന്തിച്ചത് പല തവണ; ജോ ബൈഡന്റെ ജീവിതം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: വിദ്യാർത്ഥികൾ അടക്കമുള്ള വളരുന്ന തലമുറക്ക് പ്രചോദനം നൽകാൻ ഉദ്ദേശിച്ചുള്ള മോട്ടിവേഷൻ ക്ലാസുകളിൽ ഒരോകാലത്തും ഓരോതാരോദയമാണ്. മലാല യൂസഫ്സായ് തൊട്ട് 'ആപ്പിൾ' ഉടമ സ്റ്റീവ് ജോബ്സിന്റെ ജീവിതംവരെ പല കാലങ്ങളിലായി മോട്ടിവേഷൻ സ്പീക്കർമാർ നന്നായി ഉപയോഗിച്ചതാണ്. പക്ഷേ അവരെയല്ലാം കടത്തിവെട്ടുന്നതാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ ജോ ബൈഡന്റെ ജീവിതം. വിക്കുള്ളതിന്റെ പേരിൽ കുട്ടിക്കാലത്ത് പരിഹസിക്കപ്പെട്ട് സ്‌കൂൾ പഠനം നിർത്താൻ ഒരുങ്ങിയ ആ കുട്ടിയാണ് ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികയുടെ അടുത്ത് എത്തി നിൽക്കുന്നത്. ബിസിനസ് തകർച്ചയും, ഭാര്യയുടെയും മകന്റെയും ജീവിനെടുത്ത ആക്സിഡന്റിനെ തുടർന്നും എല തവണ ആത്മഹത്യക്ക് താൻ ശ്രമിച്ചിട്ടുണ്ടെന്ന് ജോ ബൈഡൻ പറയുകയുണ്ടായി. എത്ര തകർന്നാലും പ്രതീക്ഷ കൈവിടരുത് എന്നും ഏത് ചാരത്തിൽനിന്നും ഫീനികസ് പക്ഷിയെപ്പോലെ നിങ്ങൾക്ക് ഉയർത്ത് എഴുനേൽക്കാൻ കഴിയുമെന്നും തെളിയിക്കയാണ് ജോ ബൈഡന്റെ ജീവിതം.

കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനും വിക്കുണ്ടായിരുന്നു. അദ്ദേഹവും പിൽക്കാലത്ത് പതിനായിരങ്ങൾ കാതോർക്കുന്ന നേതാവായി മാറി. പക്ഷേ വിക്ക് മരണംവരെയും ഇഎംഎസിന്റെ കൂടെ ഉണ്ടായിരുന്നു. എന്നാൽ ബൈഡൻ കഠിന പരിശ്രമം കൊണ്ട് അത് മറികടന്നു. ബൈഡന്റെ ക്ലാസിൽ ഉണ്ടായ അസാധാരണമായ സംഭവം ന്യയോർക്ക് ടൈംസ് എഴുതുന്നത് ഇങ്ങനെയാണ്-' മിസ്റ്റർ ബ... ബ...ബ... ബൈഡൻ. എന്നായിരുന്നു ആ കുട്ടിയെ സ്‌കൂളിൽ കളിയാക്കി വിളിച്ചത്. ഒരിക്കൽ അദ്ധ്യാപികമായ കന്യാസത്രീയും ഈ തമാശയിൽ പങ്കുചേർന്നു. ഇയോടെ ആകെ അപമാനിക്കപ്പെട്ടതായി കുഞ്ഞു ബൈഡനു തോന്നി. ഉടൻ ക്ലാസിൽനിന്ന് ആ കുട്ടി ഇറങ്ങി ഓടി. . പിന്നീട് അമ്മ കാതറീൻ നിർബന്ധിച്ചാണു ബൈഡനെ സ്‌കൂളിലെത്തിച്ചത്. അന്നു രാത്രി പിതാവ് ജോസഫ് ആർ ബൈഡൻ നൽകിയ ഉപദേശമാണു ജീവിതം മാറ്റിമറിച്ചതെന്നു ബൈഡൻ പറയും. 'നിയൊരു ചാമ്പ്യനാണ്. എത്ര തവണ വീണാലും ഇരട്ടി ശക്തിയോടെ എഴുന്നേൽക്കണം.'അന്നു സെവൻത് ഗ്രേഡിലാണു ജോ പഠിച്ചിരുന്നത്. മനസിൽ ഒരേ ലക്ഷ്യം 'കൂട്ടുകാർക്കു മുന്നിൽ ഷൈൻ ചെയ്യണം'. പക്ഷേ, എങ്ങനെ? അന്ന് തുടങ്ങിയ കഠിനാധ്വാനമാണ് അദ്ദേഹത്തെ ഉയരങ്ങളിൽ എത്തിച്ചത്.

കഠിന പരിശീലനത്തിലൂടെ പ്രശ്നങ്ങൾ മറികടന്നു

വീട്ടിൽ കണ്ണാടിക്കു മുന്നിൽനിന്നു ഉറക്കെ സംസാരിക്കയായിരുന്നു കുഞ്ഞു ബൈഡന്റെ രീതി. നീണ്ട വാചകങ്ങൾ പറഞ്ഞു നോക്കി. എമേഴ്‌സന്റെയും യേറ്റ്‌സിന്റെയും കവിതകൾ ഉറക്കെയുറക്കെ വായിച്ചു. എന്നിട്ടും വിക്ക് പൂർണമായി മാറിയില്ല. ലാറ്റിൻ ക്ലാസിൽ ജോയെ കളിയാക്കിയിരുന്നത് ലാറ്റിൻ ഭാഷയിലെ പദം പ്രയോഗിച്ചായിരുന്നു- ജോ ഇംപെഡിമെന്റ (ഭാരം വലിച്ച് ഇഴയുന്ന എന്ന അർഥത്തിലാണ് ശാുലറശാലിമേ -എന്ന ലാറ്റിൻ വാക്ക് ഉപയോഗിച്ചത്). അതൊന്നും കാര്യമാക്കാതെ ബൈഡൻ വീട്ടിൽ സംസാരപരിശീലനം തുടർന്നു. കഠിനശ്രമത്തിനൊടുവിൽ വിക്ക് പൂർണമായും മാറി. അന്നു കിട്ടിയ ആത്മവിശ്വാസമാണു തന്റെ ജീവിതം മാറ്റിമറിച്ചതെന്നു ജോ ബൈഡൻ എപ്പോഴും പറയാറുണ്ട്. കോളജിൽ പഠിക്കുമ്പോൾ അറിയപ്പെടുന്ന പ്രസംഗ പരിശീലകനായി മാറി, പിന്നീടു പാർലമെന്റ് അംഗമായി, വൈസ് പ്രസിഡന്റായി. ഒടുവിൽ യുഎസ് പ്രസിഡന്റ് പദവിയിലേക്കും.

ഐക്യുവുമായോ ബുദ്ധിയുമായോ വിക്കിന് ഒരു ബന്ധവുമില്ലെന്നും വിക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ വെന്നും വിശ്വസിക്കുന്നയാളാണ് ജോ ബൈഡൻ. വിക്കിന്റെ പ്രശ്‌നമുള്ള ചെറുപ്പക്കാർക്ക് സ്വന്തം ഫോൺ നമ്പർ നൽകി, അവരോടു സംസാരിച്ച് ആത്മവിശ്വാസം പകരുന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ദ് കിങ്‌സ് സ്പീച്ച് എന്ന സിനിമ കാണാനും പ്രോത്സാഹിപ്പിക്കും. ഇനി ജോ ബൈഡന്റെ പ്രസംഗം കേൾക്കുമ്പോൾ ശ്രദ്ധിച്ചുനോക്കൂ, പഴയ വിക്കിന്റെ ശേഷിപ്പുകൾ എന്തെങ്കിലും തിരിച്ചറിയാനാകുന്നുണ്ടോ?

ജീവിതം മാറ്റിമറിച്ച പ്രണയം

ഐറിഷ് വംശജരായ മാതാപിതാക്കളുടെ മകനായി 1942 ലാണു ജനനം. പിതാവ് യൂസ്ഡ് കാർ സെയിൽസ്മാനായിരുന്നു. ഒരുകാലത്ത് നല്ല നിലയിൽ കഴിഞ്ഞിരുന്ന ഈ കുടുംബം ബൈഡൻ ജനിച്ചതോടെ പാപ്പരായി. കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുത്തച്ഛനൊപ്പമായിരുന്നു ജോ കഴിഞ്ഞത്. ചാമ്പ്യനാകണമെന്ന മോഹം ആദ്യം പൂവണിഞ്ഞത് കളിക്കളത്തിലായിരുന്നു. സ്‌കൂളിന്റെ ഫുട്‌ബോൾ, ബേസ്‌ബോൾ ടീമുകളിലായിരുന്നു തുടക്കം. പതിയെ നേതൃഗുണം ഏവരും അംഗീകരിച്ചു തുടങ്ങി. സ്‌കൂളിലെ അവസാന വർഷങ്ങളിൽ ക്ലാസ് പ്രസിഡന്റായി.കോളജ് കാലത്ത് വിയറ്റ്‌നാം യുദ്ധം വന്നെങ്കിലും ആസ്ത്മയുടെ പേരിൽ യുദ്ധ സേവനത്തിൽനിന്ന് ഒഴിവായി. 1964 ൽ ഇംഗ്ലിഷിലും രാഷ്ട്രമീമാംസയിലും ഡിഗ്രിയെടുത്തു. 688 വിദ്യാർത്ഥികളിൽ 506 -ാം സ്ഥാനത്തായിരുന്നു ബൈഡൻ.

ബുരുദമെടുത്ത് ഒരു വർഷത്തിനുശേഷമാണ് നെയ്‌ല ഹൻടറുമായി പ്രണയത്തിലായത്. 'പ്രണയത്തിനു പണംവേണം' എന്ന പാഠവും മുന്നിലുണ്ടായിരുന്നു. അതോടെയാണു നിയമബിരുദം നേടി പിടിച്ചുനിൽക്കാൻ ശ്രമം തുടങ്ങിയത്. 1968 ൽ നിയമബിരുദം ലഭിച്ചു. തൊട്ടടുത്ത വർഷം വിവാഹവും. ബോ, റോബർട്ട്, നവോമി എന്നിവർ മക്കൾ. ഭാര്യയായിരുന്നു ബൈഡന്റെ മറ്റൊരു മോട്ടിവേറ്റർ. വളരാനും ഉയരാനും എന്നും പ്രേരിപ്പിച്ചത് അവർ ആയിരുന്നു.

അഭിഭാഷകനെന്നനിലയിലും ജോ കാര്യമായി ശോഭിച്ചില്ല. അപ്പോഴാണ് ഡെമോക്രാറ്റ് പാർട്ടി നേതാക്കൾ നടത്തിയ നിയമസ്ഥാപനത്തിൽ അവസരംവന്നതപ്പോഴാണ്. അങ്ങനെ ജോയും ഒരു ഡെമോക്രാറ്റായി. അന്നു ഡെലവേർ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായിരുന്നു. 1972 ലെ തെരഞ്ഞെടുപ്പിൽ ഡെലവേറിൽനിന്നു സെനറ്റിലേക്കു മത്സരിക്കാൻ നറുക്കുവീണത് ജോയ്ക്കും. പണമില്ല, പ്രശസ്തിയില്ല. എങ്കിലും അദ്ദേഹം മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് ജെ. കാലേബ് ബോഗ്‌സിനെ തോൽപിച്ച് 29ാം വയസിൽ സെനറ്റിലെത്തി. സെനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിലൊരാൾ എന്ന നിലയിൽ ആ ജയം ദേശീയതലത്തിൽ ശ്രദ്ധ നേടി. പിന്നെ അദ്ദേഹത്തിന് പൊളിറ്റിക്സിൽ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ആത്മഹത്യചെയ്യാൻ ആലോചിച്ച നിമിഷങ്ങൾ

ആത്മഹത്യ ചെയ്യാൻ താൻ ആലോചിച്ച നിമിഷങ്ങൾ നിരവധിയുണ്ടായിരുന്നെന്നാണ് ബൈഡൻ പറഞ്ഞത്. ആദ്യം വക്കീൽ എന്ന നിലയിൽ പരാജയപ്പെട്ട് തുടങ്ങിയ ബിസിനസ് എവിടെ എത്താതായപ്പോൾ ആയിരുന്നു. രണ്ടാമത്തേത് സെനറ്റായി തെരഞ്ഞെടുക്കപ്പെട്ട ഉടനെയും. ജയത്തിന്റെ ആഘോഷം തീരുന്നതിനു മുമ്പാണ് ആ ദുരന്തമെത്തിയത്. ക്രിസ്മസ് ഷോപ്പിങ്ങിനിറങ്ങിയ ഭാര്യ നെയ്‌ലയും മക്കളും കാറപകടത്തിൽപ്പെട്ടു. നെയ്‌ലയും ഇളയമകൾ നവോമിയും മരിച്ചു. ബോയ്ക്കും ഹൻടറിനും ഗുരുതരമായി പരുക്കേറ്റു.

ബോയുടെ ആശുപത്രിക്കിടയ്ക്കു സമീപം നിന്നാണ് ബൈഡൻ സത്യപ്രതിജ്ഞയെടുത്തത്. പിന്നീട് ആശുപത്രിയും സെനറ്റുമായി കഴിഞ്ഞ നാളുകൾ. സെനറ്റിൽ പങ്കെടുക്കാൻ മണിക്കൂറുകൾ നീണ്ട ട്രയിൻ യാത്ര. മക്കളെനോക്കാനുള്ള അലച്ചിൽ. അന്ന് ആത്മഹത്യയെക്കുറിച്ചുപോലും ജോ ചിന്തിച്ചു. സെനറ്റ് അംഗത്വം രാജിവയ്ക്കാൻ ആലോചിച്ചെങ്കിലും ബോ സമ്മതിച്ചില്ല. യാത്രയ്ക്കിടെ പരിചയപ്പെട്ട ജിൽ ജേക്കബ്‌സാണു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. രണ്ട് വർഷം നീണ്ട പ്രണയത്തിനുശേഷം 1977 ലായിരുന്നു വിവാഹം. ആ ബന്ധത്തിൽ ഒരു മകളുണ്ട്- ആഷ്‌ലി.

1988 ൽ പ്രസിഡന്റ് തെരഞ്ഞെടപ്പിൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥിയാകാൻ ജോയുമുണ്ടായിരുന്നു. മികച്ച തുടക്കമായിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ ഏറെ വാചാലനുമായി. ഇതിനിടെയായിരുന്നു പ്രസംഗവിവാദം. ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് നീൽ കിൻനോക്കിന്റെ പ്രസംഗം ജോ പകർത്തിയെന്ന ആരോപണം ഉയർന്നു. നിയമ ബിരുദം ഉയർന്ന മാർക്കോടെയാണു നേടിയതെന്നും പറഞ്ഞുവച്ചു. അബദ്ധങ്ങളോരാന്നായി എതിരാളികൾ ആയുധമാക്കി. ജനപ്രീതി ഇടിഞ്ഞു. അവസാനം സ്ഥാനാർത്ഥിയായത് മസാച്യൂസെറ്റ്‌സ് ഗവർണർ മൈക്കൾ ഡുകാകിസിനായിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോർജ് എച്ച്. ഡബ്ല്യു. ബുഷായിരുന്നു ആ തെരഞ്ഞെടുപ്പിലെ വിജയി.

അസുഖത്തൽ നിന്ന് രക്ഷിച്ചത് മകൻ

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോട്ടിവേറ്ററായി ബൈഡൻ കാണുന്നത് മകൻ ബോ യെ ആണ്. ധമനിവീക്കത്തെ തുടർന്നു ബൈഡൻ ആശുപത്രിയിലായി മരണാസന്നനായപ്പോൾ ആതഎവിശ്വാസം നൽകിയത് ആ മകനാണ്. മരിക്കുമെന്ന് ഉള്ളതിനാൽ വൈദികനെ വിളിച്ചു രോഗീലേപനം വരെ നടത്തിയിരുന്നു. ബോയുടെ സഹായത്തോടെ മാതാപിതാക്കളെയും ആദ്യ ഭാര്യയെയും മകളെയും സംസ്‌കരിച്ച ബ്രാൻഡിവൈനിലെ സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലെത്തി പ്രാർത്ഥനയും നടത്തി. അച്ഛനെ പരാജിതനായി വിടാൻ ബോ തയാറല്ലായിരുന്നു. 'ഡാഡ് ശക്തി സംഭരിക്കുക, എനിക്ക് അങ്ങ് അഭിമാനമാകണം' - ദിവസവും ബോ അദ്ദേഹത്തിന്റെ കാതിൽ മന്ത്രിച്ചുകൊണ്ടിരുന്നു. ബോയ്ക്ക് അഭിമാനമാകാൻ ജീവിതം തിരിച്ചുപിടിച്ചെന്നാണു ബൈഡൻ പിന്നീട് അനുസ്മരിച്ചത്.

ഏതു തെരഞ്ഞെടുപ്പ് വിജയത്തിലും ബോയെ ബൈഡൻ സ്മരിക്കും. ദുരന്തങ്ങളുടെ കാലത്ത് രാഷ്ട്രീയത്തിൽ തുടരാൻ ജോയ്ക്ക് കരുത്തു പകർന്നത് ബോയാണ്. ബോയിൽ ഒരു രാഷ്ട്രീയ പിൻഗാമിയെയും അദ്ദേഹം കണ്ടു. സൈനികനായിരുന്നു ബോ. ഇറാഖ് യുദ്ധത്തിലും പങ്കെടുത്തു. പിന്നീട് രാഷ്ട്രീയത്തിലും ചുവടുവച്ചു തുടങ്ങി. 2007 ൽ ഡെലവറിലെ അറ്റോണി ജനറലായി. എന്നാൽ 2015 ൽ തലച്ചോറിൽ ടൂമർ ബാധിച്ചു ബോ മരിച്ചു. 46 -ാം വയസിലെ ബോയുടെ വിടവാങ്ങൽ ഉൾക്കൊള്ളാൻ ബൈഡനു കഴിഞ്ഞില്ല. അതോടെയാണു സജീവ രാഷ്ട്രീയത്തിൽനിന്നു താൽകാലികമായി അകന്നു. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ ബൈഡനെ പ്രേരിപ്പിച്ചത് ബോയുടെ വിടവാങ്ങലാണ്.

ബോ ശക്തിയായിരുന്നെങ്കിൽ ബൈഡനു ഹൻടൻ സൃഷ്ടിച്ചത് തലവേദനകളാണ്. അദ്ദേഹത്തിന്റെ ജീവിതശൈലിയും ബിസിനസ് ബന്ധങ്ങളും ഡോണൾഡ് ട്രംപിന് ആയുധമായി. ഇതിന്റെ പേരിൽ ബൈഡൻ ഏറെ പഴിയും കേട്ടു. ചൈനയിൽ ബിസിനസ് നടത്തി കോടികൾ കൊയ്യുന്നുവെന്നൊക്കെ ഈ മകനെ കുറിച്ച് ആരോപണം ഉണ്ട്.

ഇപ്പോൾ ഈ 77ാം വയസ്സിൽ പ്രസിഡന്റാകുന്നതിന് അടുത്ത സുഹൃത്തായ മറ്റൊരാളോടും ബൈഡൻ നന്ദി പറയുന്നുണ്ട്. മറ്റാരുമല്ല. സാക്ഷാൽ ബറാക്ക് ഒബാമ. അടുത്ത സൗഹൃദമാണ് ഇവർ തമ്മിലുള്ളത്. മകന്റെ മരണത്തെ തുടർന്ന് തകർന്നുപോയ ബൈഡനെ തിരിച്ച് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ഒബാമയുടെ ഇടപെടൽ ആണ്. തന്റെ സുഹൃത്തിനുവേണ്ടി പ്രചാരണ രംഗത്തും ഒബാമ സജീവമായിരുന്നു. എന്ത് ദുരന്തങ്ങൾ നടന്നാലും പ്രതീക്ഷ കൈവിടരുത്. കഠിന പരിശീലവനും ആത്മാർഥതയും ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്തും കൈയെത്തിപ്പിടിക്കാം. ജോ ബൈഡന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് അതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP