Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഷി ഘോഷിനെ പുറത്തു നിന്നെത്തിയ സംഘം വളഞ്ഞിട്ട് തല്ലിയത് അപ്രതീക്ഷിതമായി; മുഖം മൂടി സംഘത്തിന്റെ അക്രമത്തെ ചെറുക്കാനെത്തിയ അദ്ധ്യാപകർക്കും അടി കിട്ടി; മുഖം മറച്ചെത്തിയവരുടെ അക്രമത്തിൽ 18 വിദ്യാർത്ഥികൾ തലയ്ക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയിൽ ചികിൽസയിൽ; അക്രമികളെ പിടികൂടും വരെ പ്രക്ഷോഭത്തിന് ഒപ്പം ചേർന്ന് ജാമിയ മില്ലിയ വിദ്യാർത്ഥികളും; ജെഎൻയുവിൽ നടന്നത് ഫാസിസം; പഴിചാരൽ രാഷ്ട്രീയവുമായി ബിജെപിയും പ്രതിപക്ഷവും; ഡൽഹി വീണ്ടും സംഘർഷത്തിലേക്ക്

ഐഷി ഘോഷിനെ പുറത്തു നിന്നെത്തിയ സംഘം വളഞ്ഞിട്ട് തല്ലിയത് അപ്രതീക്ഷിതമായി; മുഖം മൂടി സംഘത്തിന്റെ അക്രമത്തെ ചെറുക്കാനെത്തിയ അദ്ധ്യാപകർക്കും അടി കിട്ടി; മുഖം മറച്ചെത്തിയവരുടെ അക്രമത്തിൽ 18 വിദ്യാർത്ഥികൾ തലയ്ക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയിൽ ചികിൽസയിൽ; അക്രമികളെ പിടികൂടും വരെ പ്രക്ഷോഭത്തിന് ഒപ്പം ചേർന്ന് ജാമിയ മില്ലിയ വിദ്യാർത്ഥികളും; ജെഎൻയുവിൽ നടന്നത് ഫാസിസം; പഴിചാരൽ രാഷ്ട്രീയവുമായി ബിജെപിയും പ്രതിപക്ഷവും; ഡൽഹി വീണ്ടും സംഘർഷത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർത്ഥി സംഘർഷത്തിൽ ഉയരുന്നത് വ്യാപക പ്രതിഷേധം. സംഭവത്തിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നാണ് പ്രതിപക്ഷ ആരോപണം. പരിവാറുകാരുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയെയാണ് പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തുന്നത്. അതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത് വന്നു. 'ധീരരായ വിദ്യാർത്ഥികളുടെ ശബ്ദങ്ങളെ രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റുകൾ ഭയപ്പെടുകയാണ്. ജെഎൻയുവിലെ ആക്രമണം ആ ഭയത്തിന്റെ പ്രതിഫലനമാണ്. മുഖംമൂടി ധരിച്ചവരാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ക്രൂരമായി ആക്രമിക്കപ്പെട്ടു. ഞെട്ടിക്കുന്ന സംഭവമാണിത്'- ചിത്രങ്ങൾ സഹിതമുള്ള ട്വീറ്റിൽ രാഹുൽ പറഞ്ഞു. ജെ എൻ യുവിലെ അക്രമത്തിൽ ഇന്നും പ്രതിഷേധം തുടരും. ഇതോടെ ഡൽഹിയിൽ വീണ്ടും പ്രതിഷേധങ്ങൾ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്.

ജെഎൻയുവിലുണ്ടായ അക്രമ സംഭവങ്ങളുടെ തുടർച്ചയായി സർവകലാശാലയ്ക്ക് മുന്നിലും ഡൽഹി എയിംസ് ആശുപത്രിക്ക് മുന്നിലും സംഘർഷാവസ്ഥ. ഉണ്ടായി. സ്വരാജ് പാർട്ടി നേതാവ് യോഗേന്ദ്ര യാദവിനെ ജെഎൻയുവിന് മുന്നിൽവച്ച് കൈയേറ്റം ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു. അതിനിടെ, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വധേര രാത്രിയോടെ എയിംസിൽ എത്തി. ഇതോടെ എയിംസിന് മുന്നിൽ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇന്നും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഡൽഹി പൊലീസ് കൂടുതൽ കരുതൽ എടുക്കും. ജെഎൻയു പരിസരത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജെഎൻയുവിന് പുറത്ത് എബിവിപി പ്രവർത്തകർ വടികളുമായി തമ്പടിച്ചിട്ടുണ്ട്. അതിനിടെ സർവകലാശാലയിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. കനത്ത പൊലീസ് സന്നാഹം ജെഎൻയുവിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. മുഖം മറച്ചെത്തിയവർ നടത്തിയ അക്രമത്തിൽ ജെഎൻയു വിദ്യാർത്ഥികളായ 18 പേരെയാണ് തലയ്ക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. എബിവിപി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. കാമ്പസിന് പുറത്തുള്ളവരും തങ്ങളെ മർദിച്ചുവെന്നും തടയാൻ ശ്രമിച്ച അദ്ധ്യാപകർക്കും മർദ്ദനമേറ്റുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് വൃത്തങ്ങളുമായി സംസാരിക്കുകയും സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. അക്രമ സംഭവങ്ങളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടുക്കം രേഖപ്പെടുത്തി. ജെഎൻയുവിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിനോടു റിപ്പോർട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. മുഖം മൂടി ധരിച്ചെത്തിയവർ വിദ്യാർത്ഥികളെ ആക്രമിക്കുകയും ക്യാംപസിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ജെഎൻയു രജിസ്റ്റ്രാർ പ്രമോദ് കുമാറിനോടു നിർദ്ദേശിച്ചു.

ജെഎൻയു വിദ്യാർത്ഥി യൂണിയനും എബിവിപിയും തമ്മിലാണു ക്യാംപസിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഇരു സംഘടനകളും പരസ്പരം കുറ്റപ്പെടുത്തി. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഐഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു യൂണിയൻ നേതാക്കൾ ആരോപിച്ചു. ഹോസ്റ്റൽ ഫീസ് വർധനവും രജിസ്റ്റ്രേഷൻ ബഹിഷ്‌കരണത്തേയും ചൊല്ലിയുള്ള സംഘർഷത്തിനിടെയാണ് മർദനം. അദ്ധ്യാപകർക്കും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നും എബിവിപി ഗുണ്ടകളാണെന്നും എല്ലാവരും വിദ്യാർത്ഥികളല്ലെന്നും യൂണിയൻ ആരോപിച്ചു.

വൈസ് ചാൻസലറോടും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതായും സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നു നിർദ്ദേശിച്ചതായും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാഷ്ട്രീയം മറന്ന് ബിജെപിയും സംഭവത്തെ അപലപിച്ചു. ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ് കുഴപ്പമുണ്ടാക്കിയതെന്ന് എബിവിപിയും ആരോപിച്ചിട്ടുണ്ട്. ഇന്നത്തെ അക്രമ സംഭവങ്ങളെ അപലപിക്കുന്നതായി കേന്ദ്ര ധനമന്ത്രിയും ജെഎൻയു പൂർവ വിദ്യാർത്ഥിയുമായ നിർമല സീതാരാമൻ പറഞ്ഞു. 'ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഞാനറിയുന്ന ക്യാംപസ് സംവാദങ്ങൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടുമാണ് ഏറ്റുമുട്ടിയിരുന്നത്, അതിക്രമം ഉണ്ടായിരുന്നില്ല. ഇന്നത്തെ സംഭവങ്ങളിൽ അപലപിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ പറഞ്ഞതെല്ലാം മാറ്റിവച്ച്, എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിത സ്ഥലമായി സർവകലാശാലകൾ മാറണമെന്നാണ് ഈ സർക്കാരിന്റെ ആവശ്യം'- നിർമല പറഞ്ഞു.

കേന്ദ്ര സർക്കാരിനെ വിമർശിച്ചു കോൺഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തെത്തി. മുഖംമൂടി ധരിച്ച് ക്യാംപസിനുള്ളിൽ പ്രവേശിച്ചവർ നടത്തിയ ആക്രമണദൃശ്യങ്ങൾ ഭയമുളവാക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ലെന്ന ഉറപ്പിൽമാത്രമെ ഇങ്ങനെ അക്രമം നടത്താനാകൂ. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ ഇങ്ങനെ സംഭവിക്കൂവെന്നും ചിദംബരം ആരോപിച്ചു. 'ടിവിയിൽ തത്സമയം ആക്രമണദൃശ്യങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയി. ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറി മുഖംമൂടി സംഘം വിദ്യാർത്ഥികളെ ആക്രമിച്ചു. പൊലീസ് എന്താണ് ചെയ്യുന്നത്? പൊലീസ് കമ്മിഷണർ എവിടെയാണ്?'- ചിദംബരം ചോദിച്ചു.

'ജെഎൻയുവിലെ ആക്രമണങ്ങൾ ഞെട്ടലുണ്ടാക്കി. വിദ്യാർത്ഥികൾ രൂക്ഷമായി ആക്രമിക്കപ്പെട്ടു. എത്രയും പെട്ടെന്ന് അക്രമം അവസാനിപ്പിച്ച് ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് തയാറാകണം. സർവകലാശാല ക്യാംപസിൽ വിദ്യാർത്ഥികൾക്കു സുരക്ഷിതത്വം ഇല്ലെങ്കിൽ നമ്മുടെ രാജ്യം എങ്ങനെയാണു പുരോഗമിക്കുക'- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. സർവകലാശാല അധികൃതരുടെ ആവശ്യപ്രകാരം ആക്രമണങ്ങൾ നിയന്ത്രിക്കാൻ ക്യാംപസിനുള്ളിൽ പ്രവേശിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ ഡൽഹി പൊലീസ് ആസ്ഥാനത്തു തമ്പടിച്ച് പ്രതിഷേധിക്കുകയാണ്. ജാമിയ മില്ലിയയിലെ വിദ്യാർത്ഥികളും പിന്തുണയുമായി എത്തിയിട്ടുണ്ട്. ഹീനമായ അതിക്രമത്തെ വിവരിക്കാൻ വാക്കുകളില്ലെന്നും ജനാധിപത്യത്തിനേറ്റ നാണക്കേടാണു ജെഎൻയുവിലെ ആക്രമണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. അധികാരത്തിലുള്ളവർ നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP