Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്..കേസാവും; പരിവാർ ഭടന്മാർ രാത്രിയിൽ വാളുമായി വന്ന് വീട്ടുവാതിൽക്കൽ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? പ്രഭാവർമയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുള്ള തീരുമാനത്തെ ഹിന്ദു ഐക്യവേദി ചോദ്യം ചെയ്തതിനെ പരിഹസിച്ച് അശോകൻ ചെരുവിൽ; പ്രഭാവർമ്മ ശ്രീകൃഷ്ണനെ നിന്ദിച്ചതായി ജൂറിക്ക് തോന്നിയില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ മോഹൻദാസ്

കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്..കേസാവും; പരിവാർ ഭടന്മാർ രാത്രിയിൽ വാളുമായി വന്ന് വീട്ടുവാതിൽക്കൽ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? പ്രഭാവർമയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുള്ള തീരുമാനത്തെ ഹിന്ദു ഐക്യവേദി ചോദ്യം ചെയ്തതിനെ പരിഹസിച്ച് അശോകൻ ചെരുവിൽ; പ്രഭാവർമ്മ ശ്രീകൃഷ്ണനെ നിന്ദിച്ചതായി ജൂറിക്ക് തോന്നിയില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ മോഹൻദാസ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കവി പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്കാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ സ്വകാര്യ ഹർജി നൽകിയതിന്റെ സാംഗത്യം ചോദ്യം ചെയ്ത് എഴുത്തുകാരൻ അശോകൻ ചെരുവിൽ. ഹൈക്കോടതിയാണ് അവാർഡ് താത്കാലികമായി സ്റ്റേ ചെയ്തത്. കൃഷ്ണനെ അപമാനിക്കുന്ന പരാമർശം ഉണ്ടെന്ന സ്വകാര്യ ഹർജിയിലാണ് സ്റ്റേ.

പുരസ്‌കാരത്തിന് അർഹമായ ശ്യാമമാധവം എന്ന കൃതി കൃഷ്ണ ബിംബങ്ങളെ അവഹേളിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദിയുടെ ആരോപണം. തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ദേവസ്വം ചെയർമാന്റെ വീട്ടിലേക്ക് പ്രകടനം നടത്തി. ഭഗവത്ഗീത ഉപദേശിച്ചതിൽ ശ്രീകൃഷ്ണൻ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയം ഉണ്ടായിരുന്നതായും കൃതിയിൽ പ്രതിപാദിക്കുന്നുണ്ടെന്നാണ് ഹിന്ദു ഐക്യവേദിയുടെ കണ്ടെത്തൽ.

ഇടതുസഹയാത്രികനായ പ്രഭാവർമ്മയോടുള്ള രാഷ്ട്രീയപക്ഷപാതിത്വമാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള കാരണമെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു. പുരസ്‌കാരം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ദേവസ്വം ചെയർമാൻ രാജിവെക്കണമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

കൃഷ്ണന്റെ അന്തർഗ്ഗതങ്ങളും മനോവ്യാപാരങ്ങളും ആത്മപരിശോധനയും ആവിഷ്‌ക്കരിക്കുന്നത് കുറ്റമാണെങ്കിൽ ആ കേസിൽ പ്രഭാവർമ്മ മാത്രമല്ല പ്രതിപട്ടികയിൽ വരിക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കവികളും ആഖ്യായികാകാരന്മാരും അതിലുൾപ്പെടുമെന്നാണ് അശോകൻ ചെരുവിൽ ഫേസ്‌ബുക്കിലൂടെ മറുപടി നൽകിയത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ആത്മസംഘർഷം എന്ന കുറ്റം

കൃഷ്ണന്റെ ആത്മസംഘർഷങ്ങൾ ആവിഷ്‌ക്കരിച്ചു എന്ന കുറ്റമാണത്രെ പ്രഭാവർമ്മക്കും 'ശ്യാമമാധവ'ത്തിനും എതിരായി സംഘപരിവാർ ആരോപിച്ചിരിക്കുന്നത്. ദൈവത്തിന് ആത്മസംഘർഷമുണ്ടാവുമോ എന്നാണ് 'നിഷ്‌ക്കളങ്കർ' ചോദിക്കുന്നത്. ശ്യാമമാധവം കോടതിയിലെത്തിയിരിക്കുന്നു. വർമ്മക്ക് ജ്ഞാനപ്പാന പുരസ്‌കാരം നൽകുന്നത് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

ആത്മസംഘർഷം എന്ന കുറ്റം തന്നെയാണ് 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങൾ' എഴുതിയ കാസാന്ദ് സാക്കീസിനെതിരെ പണ്ട് മതയഥാസ്ഥിതികർ ചാർത്തിയത്. കൃഷ്ണന്റെ അന്തർഗ്ഗതങ്ങളും മനോവ്യാപാരങ്ങളും ആത്മപരിശോധനയും ആവിഷ്‌ക്കരിക്കുന്നത് കുറ്റമാണെങ്കിൽ ആ കേസിൽ പ്രഭാവർമ്മ മാത്രമല്ല പ്രതിപട്ടികയിൽ വരിക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കവികളും ആഖ്യായികാകാരന്മാരും അതിലുൾപ്പെടും. ഒന്നും രണ്ടും പ്രതികൾ നിശ്ചയമായും വ്യാസമഹർഷിയും വാത്മീകിയുമായിരിക്കും. രാമനെ സീതയാൽ വിചാരണ ചെയ്തു വിമർശിച്ച പ്രിയപ്പെട്ട കുമാരനാശാൻ അതിലുൾപ്പെടതിരിക്കുന്നതെങ്ങനെ? നമ്മുടെ എഴുത്തച്ഛൻ രക്ഷപ്പെടുമോ? സൂക്ഷ്മ വ്യാഖ്യാനത്തിൽ പൂന്താനം? ജയദേവകവി? (വലിയ കുറ്റം. കഠിനശിക്ഷ ഉറപ്പ്) 'ഇനി ഞാനുറങ്ങട്ടെ' എഴുതിയ പി.കെ.ബാലകൃഷ്ണൻ? 'രണ്ടാമൂഴ'ത്തിന് എം ടി?

ഭക്തരായ അമ്മമാരോട് ഒരു വാക്ക്:
മനസ്സിൽ താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്. മണ്ണുവാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവിൽ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാൾ കേൾക്കേ പറയല്ലേ. രാസലീല എന്ന വാക്ക് മിണ്ടരുത്. കേസാവും. കോടതിയിൽ പ്രതിക്കൂട്ടിൽ കയറി നിൽക്കേണ്ടി വരുന്നത് പോട്ടെ. പരിവാർ ഭടന്മാർ രാത്രിയിൽ വാളുമായി വന്ന് വീട്ടുവാതിൽക്കൽ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്?. സൂക്ഷിക്കണം.

അശോകൻ ചരുവിൽ
28 02 2020

അതേസമയം, പ്രഭാവർമ്മയ്ക്ക് നൽകിയത് സമഗ്ര സംഭാവന പരിഗണിച്ചുള്ള പുരസ്‌കാരമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻ ദാസ് പ്രതികരിച്ചു. ഏതെങ്കിലും ഒരു പ്രത്യേക കൃതിയെ പരിഗണിച്ചല്ല പുരസ്‌കാരം നിർണയിച്ചത്. കോടതി പ്രസക്തമായ പല കാര്യങ്ങളും പരിഗണിച്ചില്ലെന്നാണ് മനസിലാക്കുന്നത്. ശ്യാമ മാധവം കവിതാ സമാഹാരമാണെന്നാണ് വിധിയിൽ പറയുന്നത്. പക്ഷേ ശ്യാമ മാധവം ഒരു ഖണ്ഡകാവ്യമാണ്. അക്കാര്യങ്ങൾ കോടതി ശ്രദ്ധിച്ചിട്ടില്ലെന്ന് ചെയർമാൻ വിശദീകരിച്ചു. പ്രത്യേക നിയമാവലിയോ നിഷ്‌കർഷയോ പാലിച്ചല്ല മുൻ കാലങ്ങളിൽ പുരസ്‌കാരം നൽകിയത്. കവികൾ അല്ലാത്തവർക്കും സാഹിത്യകാരന്മാർ അല്ലാത്തവർക്കും പുരസ്‌കാരം നൽകിയിട്ടുണ്ട്. ദേവസ്വത്തിന്റെ ഭാഗം കോടതിയിൽ വിശദീകരിക്കും. കൊടുത്ത ആൾക്ക് വീണ്ടും കൊടുക്കാതിരിക്കുക എന്ന മാനദണ്ഡം മാത്രമെയുള്ളൂവെന്നും കെ ബി മോഹൻദാസ് വ്യക്തമാക്കി.

പ്രഭാവർമ്മ ശ്രീകൃഷ്ണനെ നിന്ദിച്ചതായി തോന്നിയിട്ടില്ലെന്നും താൻ ഉൾപ്പെട്ട ജൂറിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും കെ ബി മോഹൻദാസ് വ്യക്തമാക്കി. പുരസ്‌കാരം എന്നത് സാഹിത്യകാരനെ അംഗീകരിക്കുക എന്നതാണ്. ഭക്തിയിൽ അധിഷ്ടിതമായ സാഹിത്യ രചനകൾക്ക് മാത്രമല്ല അത് അല്ലാത്തവർക്കും മുൻകാലങ്ങളിൽ അവാർഡ് നൽകിയിട്ടുണ്ട്. ശ്യാമ മാധവം എന്ന കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നാല് വർഷം മുമ്പ് ലഭിച്ചത്. അന്ന് വിവാദം ഉണ്ടാക്കാത്തവർ ഇന്ന് വിവാദം ഉണ്ടാക്കുന്നത് പ്രത്യേക താൽപര്യം വച്ചാണെന്നും ചെയർമാൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP