Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷാ കൊലക്കേസിൽ രഹസ്യ വിചാരണയ്ക്ക് ഉത്തവിട്ട് കോടതി; വിസ്താരം നീണ്ടതിന് അച്ഛനെ കുറ്റപ്പെടുത്തി സഹോദരി ദീപ; അനാറിനെപ്പറ്റിയുള്ള സംശയങ്ങൾ അവശേഷിപ്പിച്ച് കോടതി നടപടികൾ ആരംഭിക്കുന്നു

ജിഷാ കൊലക്കേസിൽ രഹസ്യ വിചാരണയ്ക്ക് ഉത്തവിട്ട് കോടതി; വിസ്താരം നീണ്ടതിന് അച്ഛനെ കുറ്റപ്പെടുത്തി സഹോദരി ദീപ; അനാറിനെപ്പറ്റിയുള്ള സംശയങ്ങൾ അവശേഷിപ്പിച്ച് കോടതി നടപടികൾ ആരംഭിക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

കുറുപ്പംപടി: 'നീതി ലഭിക്കുമെന്നു പ്രതിക്ഷിക്കുന്നു.നല്ലത് സംഭവിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.'സഹോദരി ജിഷയുടെ കൊലപാതക്കേസിൽ ഇന്നാരംഭിക്കുന്ന വിചാരണയേക്കുറിച്ച് സഹോദരി ദീപയുടെ വാക്കുകൾ ഇങ്ങനെ. ലീവ് അനുവദിക്കാത്ത സാഹചര്യത്തിൽ വാദം കേൾക്കാൻ പോകുന്നില്ലെന്നും വിസ്താരത്തിനായി നാളെ കോടതിയിലെത്താൻ മാതാവ് രാജേശ്വരിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ദീപ വ്യക്തമാക്കി. പിതാവ് പാപ്പുവിന്റെ കോടതി ഇടപെടലുകളാണ് നവംബറിൽ ആരംഭിക്കേണ്ടിയിരുന്ന വിസ്താരം ഇതുവരെ നീണ്ടുപോകാൻ കാരണമെന്നും ദീപ ആരോപിച്ചു.

വിവാദമായ കുറുപ്പംപടി ജിഷകൊലക്കേസിൽ ഇന്ന് കോടതി ഒന്നാം സാക്ഷിയായ പി കെ അനസ്സിനെയാണ് വിസ്തരിക്കുന്നത്. ജിഷ കൊല്ലപ്പെട്ട വട്ടോളിപ്പടിയിലെ കനാൽ പുറംപോക്കിലെ വീട്ടിൽ നിന്നും കൊലപാതകി ഇറങ്ങിപ്പോകുന്നതായി വെളിപ്പെടുത്തിയ രണ്ടാം സാക്ഷിയായ അയൽക്കാരിയെയും വീട്ടിൽ നിന്നും ഒച്ചപ്പാട് കേട്ടതായി വെളിപ്പെടുത്തിയ മൂന്നാം സാക്ഷിയായ വീട്ടമ്മയെയും അടുത്ത ദിവസങ്ങളിൽ വിസ്തരിക്കും. അതിനിടെ കേസിൽ രഹസ്യ വിചാരണ നടത്താൻ കോടതി തീരുമാനിച്ചിട്ടുണ്ട്.

രായമംഗലം പഞ്ചായത്തംഗമായ അനസിന്റെ മൊഴിപ്രകാരമാണ് കുറുപ്പംപടി പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്. വാർഡ് മെമ്പർ സിജി സാജു സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ അനസാണ് പൊലീസിനൊപ്പം ജഡം കാണപ്പെട്ട മുറിയിൽ പ്രവേശിച്ചത്. തുടർന്ന് അനസിന്റെ മൊഴിപ്രകാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ സാഹചര്യം സംബന്ധിച്ച് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാവും ഇന്ന് അനസിന് കോടതിയിൽ നേരിടേണ്ടിവരിക എന്നാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. 2016-ഏപ്രിൽ 28 നായിരുന്നു നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷ വട്ടോളിപ്പടിയിലെ കനാൽ പുറംപോക്കിലെ കുടിലിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉടലെടുത്തിരുന്നു. അരുംകൊല സംബന്ധിച്ച് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിൽ ആസാം സ്വദേശി അമിറുൾ ഇസ്ലാം മാത്രമാണ് പ്രതി.

അത്യന്തം നിഷ്ഠൂരമായിട്ടാണ് ജിഷ കൊല്ലപ്പെട്ടത്. മുഖത്തും നെഞ്ചിലും പുറത്തും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചും ജനനേന്ദ്രിയത്തിൽ കത്തികുത്തിയിറക്കിയുമാണ് താൻ കൊലനടത്തിയതെന്ന് അമിറുൾ വെളിപ്പെടുത്തിയതായിട്ടാണ് പൊലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അർദ്ധ നഗ്നയായി രക്തത്തിൽ കുളിച്ച് ജനനേന്ദ്രിയം വഴി കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു ജഡം കാണപ്പെട്ടത്. കാമാസക്തിയോടെ സമീപിച്ചെന്നും എതിർത്തപ്പോഴുണ്ടായ ദേഷ്യത്തിൽ കൈയിൽ കരുതിയിരുന്ന കത്തിക്ക് കുത്തിയും വെട്ടിയും അമിറുൾ ജിഷയെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ള വിവരം.

ജിഷയുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീരും മുറിയിലെ കതകിന്റെ ബോൾട്ടിൽ പറ്റിപ്പിടിച്ചിരുന്ന രക്തക്കറ പിശോധിച്ചതിൽ നിന്നും ലഭിച്ച ഡി എൻ എ ഫലവും മാത്രം മുൻനിർത്തിയായിരുന്നു ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷണം. കൊലപാതകസംഭവത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അമിറുൾ ഇസ്ളാമിന്റെ വെളിപ്പെടുത്തലുകളിൽ പലതിനും കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തത് കേസ്സിനെ ദോഷകരമായി ബാധിക്കുമെന്നുള്ള പ്രചാരണം ഇപ്പോഴും ശക്തമാണ്.

അമിറുളിന്റെ സുഹൃത്ത് അനാർ ഉൾ ഇസ്ലാം കേസ്സിലെ പ്രധാന കണ്ണിയായിരിക്കാമെന്ന് കേസ്സിന്റെ അന്വേഷണം പുരോഗമിച്ചിരുന്ന അവസരത്തിൽ പൊലീസിൽ നിന്നും സൂചനകൾ പുറത്തുവന്നിരുന്നു. അനാറിനൊപ്പമാണോ അമിറുൾ നാട്ടിലേക്ക് പോയത്, ഇവർ ഒരുമിച്ച് മദ്യപിച്ചിരുന്നോ, ജിഷയുടെ ദേഹത്ത് അനാർ മുറിവേൽപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്താൻ അന്വേഷകസംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ മൂന്നുകാര്യങ്ങളിലും അനാറിന്റെ പങ്ക് അമിറുൾ അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയിരുന്നെന്നാണ് നേരത്തെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽനിന്നും വ്യക്തമാവുന്നത്.

അറസ്റ്റിലായ അമിറുളിന്റെ സുഹൃത്തായ അനാറിനെ കണ്ടെത്താൻ അന്വേഷകസംഘം മാസങ്ങളോളം ആസമിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജിഷയുടെ കൊലപാതകത്തിൽ അനാറിനു നേരിട്ടു പങ്കുണ്ടെന്ന തരത്തിലായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. സംഭവദിവസം അനാറുമായിച്ചേർന്ന് മദ്യപിച്ചെന്നും ജഡത്തിലുണ്ടായിരുന്ന 36 മുറിവുകളിൽ പത്തിൽ താഴെ മുറിവുകളേ താൻ ഏൽപ്പിച്ചിട്ടുള്ളുവെന്നും ബാക്കി മുറിവുകൾ അനാറിന്റെ ആയുധ പ്രയോഗത്തെത്തുടർന്ന് ഉണ്ടായതാണെന്നും മറ്റുമുള്ള അമിറുളിന്റെ വെളിപ്പെടുത്തലുകളായിരുന്നു ഇതിനു കാരണം. ആദ്യഅന്വേഷകസംഘവും അമിറുളിനൊപ്പം അനാറിനെയും കണ്ടെത്താൻ നീക്കം നടത്തിയിരുന്നു. വട്ടോളിപ്പടിയിലെ താമസസ്ഥലത്തുനിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ എസ് പി ജിജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ഇവരെത്തേടി ഇറങ്ങിയത്.

കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ ബൈക്കിടിപ്പിച്ച കേസ്സിലെ പ്രതി അനാർ ഹസ്സനും ഒളിവിലാണ്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസ് ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആസാമിലെത്തി കണ്ടെത്തുന്നതിനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. അമിറുൾ ഇസ്ളാം പിടിയിലാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആസാമിലെത്തിയ പൊലീസ് സംഘം അനാറുൾ ഇസ്ളാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടതിനു ശേഷമാണ് ഇയാൾ നാട്ടിൽനിന്നും അപ്രത്യക്ഷനായത്. കുറ്റകൃത്യത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നുള്ള സംശയം ബലപ്പെടാൻ പ്രധാന കാരണവും ഇതുതന്നെ. ഒരേ നാട്ടുകാരായ ഇവർ മൂവരും ആസൂത്രിതമായിട്ടാണോ കൊല നടത്തിയതെന്ന സംശയവും പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഏറെ വിവാദങ്ങൾക്കും ആഴ്ചകളോളം നീണ്ടുനിന്ന സമരകോലാഹലങ്ങൾക്കും കാരണമായിരുന്നു.

അമിറുളിന്റെ സുഹൃത്ത് അനാറിന് അരുംകൊലയിലുള്ള പങ്ക്, കൊലപാതകം നടന്ന വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ വിരലടയാളം തുടങ്ങി കൊലയുമായി ബന്ധപ്പെട്ടുയർന്ന പ്രധാനവിഷയങ്ങളിൽ ഇനിയും കൃത്യത വരുത്താൻ അന്വേഷകസംഘത്തിന് കഴിയാത്തത് കേസ് നടത്തിപ്പിൽ പൊലീസിന് തിരിച്ചടിയാവുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP