Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിക്ക് സമീപം യുപിയിലെ ജേവാറിൽ നിർമ്മിക്കാൻ പോവുന്നത് ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം; 5,000 ഹെക്ടർ സ്ഥലത്തു എട്ടു റൺവേകളായി പണിതീർക്കാൻ നീക്കി വെക്കുന്നത് 20,000 കോടി രൂപ; ഡൽഹിയും മുംബൈയും വികസിപ്പിക്കാനാവില്ലെന്ന് തിരിച്ചറഞ്ഞു ഇന്ത്യയുടെ മുഖച്ഛായ മാറ്റാനുള്ള പടുകൂറ്റൻ പദ്ധതി ഇങ്ങനെ

ഡൽഹിക്ക് സമീപം യുപിയിലെ ജേവാറിൽ നിർമ്മിക്കാൻ പോവുന്നത് ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം; 5,000 ഹെക്ടർ സ്ഥലത്തു എട്ടു റൺവേകളായി പണിതീർക്കാൻ നീക്കി വെക്കുന്നത് 20,000 കോടി രൂപ; ഡൽഹിയും മുംബൈയും വികസിപ്പിക്കാനാവില്ലെന്ന് തിരിച്ചറഞ്ഞു ഇന്ത്യയുടെ മുഖച്ഛായ മാറ്റാനുള്ള പടുകൂറ്റൻ പദ്ധതി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിവേഗം വളരുന്ന വ്യോമയാന മേഖയിൽ പുതിയ കാൽവെപ്പുമായി മുന്നോട്ടു നീങ്ങുകയാണ് മോദി സർക്കാർ. വിമാനത്താവളങ്ങൾ ആധുനികവൽക്കരിച്ചും വികസിപ്പിച്ചു കൊണ്ടും മുന്നോട്ടു നീങ്ങാനാണ് മുന്നോട്ടു നീങ്ങാനാണ് സർക്കാർ പദ്ധതി. ഇതിനിടെ ഉത്തർപ്രദേശിലെ ജേവാറിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിട്ടു. എട്ടു റൺവേകൾ നിർമ്മിക്കാൻ പദ്ധതിയിടുന്ന വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും.

2024 ൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതു ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം ആകുമെന്നാണ് അവകാശപ്പെടുന്നത്. ആദ്യം ശുപാർശ ചെയ്തിരുന്ന 6 റൺവേ, എട്ടായി വർധിപ്പിക്കാനുള്ള നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെ (എൻഐഎഎൽ) ശുപാർശയ്ക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നൽകി. വിശദമായ പദ്ധതി രൂപരേഖ സമർപ്പിച്ച ശേഷം അന്തിമ അനുമതി നൽകും. സ്ഥലമെടുപ്പ് ഇതിനു ശേഷമാകും ആരംഭിക്കുക.

ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ ഇരട്ടി വലുപ്പമുള്ള ജേവാർ വിമാനത്താവളത്തിനായി മൊത്തം 5,000 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുക. നിലവിൽ ലോകത്ത് 8 റൺവേ ഉപയോഗിക്കുന്നതു ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ജേവാറിൽ 20,000 കോടി മുതൽമുടക്കിലാണു പുതിയ വിമാനത്താവളം നിർമ്മിക്കുന്നത്. 2022 ൽ 2 റൺവേയുമായാണു പ്രവർത്തനം ആരംഭിക്കുക. യമുന അതിവേഗ പാതയോടു ചേർന്നുള്ള സ്ഥലങ്ങളാകും ഏറ്റെടുക്കുക.

ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കൽ അസാധ്യമായതോടെയാണു ജേവാറിലെ വിമാനത്താവളത്തിൽ കൂടുതൽ വികസനം പരിഗണിക്കുന്നത്. 2066 ഹെക്ടർ സ്ഥലത്താണു ഡൽഹി വിമാനത്താവളം. നിലവിൽ 7 കോടി യാത്രക്കാരുള്ള ഡൽഹി വിമാനത്താവളത്തിൽ 2025 ൽ അത് ഇരട്ടിയാകും. നേരത്തെ ഈ പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നു.

വിമാനത്താവളം നിർമ്മിക്കാനുപയോഗിക്കുന്ന സ്ഥലം 90 വർഷത്തെ പാട്ടത്തിന് നോയ്ഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് നൽകാനാണ് നീക്കം. പദ്ധതിപ്രദേശമായ ബജോത രാജവാഹ, രാജവാഹ, ദയാനന്ത്പുർ രാജവാഹ, കിശ്രേപുർ അൽപിക, പാത്വായ നാള എന്നീ വില്ലേജുകളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കുന്നതിനായി ആദ്യ ഘട്ടത്തിൽ 4,500 കോടി രൂപ മന്ത്രിസഭ അനുവദിച്ചിരുന്നു.

പദ്ധതിപ്രദേശത്ത് വരുന്ന സർക്കാർവക സ്ഥലം സൗജന്യമായി നൽകും. മാറ്റിപ്പാർപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്നിടത്ത് പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ നിർമ്മിക്കാൻ സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അങ്കണവാടി സെന്റർ സ്ഥാപിക്കാൻ വനിത ശിശുക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിനായി കൃഷിസ്ഥലം ഏറ്റെടുക്കുന്നതിനുപകരം തരിശുഭൂമി കൃഷിയോഗ്യമാക്കണമെന്ന് കൃഷിവകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമം ഗ്രേറ്റർ നോയിഡയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിക്കൊപ്പം പുതിയ മെട്രോയും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. നോയിഡയിലെ അക്വാ ലൈൻ മെട്രോയും ഡൽഹി മെട്രോയുടെ മജന്ത പാതയും ബന്ധിപ്പിക്കാനുള്ള പദ്ധതിയാണു നോയിഡ വികസന അഥോറിറ്റിയും ഡൽഹി മെട്രോ റെയിൽ കോർപറേഷനും തയാറാക്കുന്നത്. ഗ്രേറ്റർ നോയിഡ നിവാസികളെ ഡൽഹിയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി കൂടുതൽ വികസനമെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. നോയിഡ സെക്ടർ 142 മെട്രോ സ്റ്റേഷനിൽ നിന്നു മജന്ത പാതയിലെ ഓഖ്ല സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പരിഗണിക്കുന്നത്.ഗ്രേറ്റർ നോയിഡ വികസന അഥോറിറ്റിയുടെ നേതൃത്വത്തിൽ വിശദമായ പഠന റിപ്പോർട്ട് തയാറാക്കി ഡിഎംആർസിക്കു കൈമാറും.

ഡിഎംആർസിയുടെ നേതൃത്വത്തിൽ ഇക്കാര്യങ്ങൾ പഠിച്ച ശേഷമാകും തുടർ നടപടി സ്വീകരിക്കുക. പദ്ധതി ശുപാർശ തലത്തിൽ മാത്രമാണുള്ളതെന്നും എന്നാൽ ഇതു നടപ്പായാൽ ലക്ഷക്കണക്കിനു യാത്രക്കാർക്കു പ്രയോജനപ്പെടുമെന്നും അധികൃതർ പറയുന്നു. നോയിഡയെയും ഗ്രേറ്റർ നോയിഡയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അക്വാ പാത ജനുവരി 25 നാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് അക്വാ പാതയിൽ തുടരാൻ ഏറെ പ്രയാസം നേരിടുന്നുണ്ട്. ഇതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഇതിനിടെ അക്വാ പാതയെ ജേവാർ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. 35.64 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്കായി 7000 കോടി രൂപ മുതൽമുടക്കേണ്ടി വരുമെന്നാണു ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ പഠനം. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് 2 മെട്രോ സ്റ്റേഷൻ മുതൽ ജേവാർ വിമാനത്താവളം വരെയെത്തുന്നതാണു പദ്ധതി. ഇതിൽ 32.27 കിലോമീറ്റർ ഭൂമിക്കു മുകളിൽ സ്ഥാപിച്ച തൂണുകളിലാണെങ്കിൽ ബാക്കിയുള്ളതു ഭൂഗർഭ പാതയാണ്. 24 സ്റ്റേഷനുകളാകും പാതയിലുണ്ടാകുക. പദ്ധതി 2025ൽ പൂർത്തിയാക്കാനാണു ലക്ഷ്യമെങ്കിലും ജേവാർ വിമാനത്താവളത്തിനൊപ്പം മെട്രോയും സർവീസ് ആരംഭിക്കുന്ന തരത്തിൽ പദ്ധതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP