Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202302Friday

ഒന്നാം സ്ഥാനം ലഭിച്ച ജീവനെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിന് തെരഞ്ഞെടുത്ത സെലക്ഷൻ ട്രയൽ അട്ടിമറി; സഹോദരനും സഹോദരിക്കും അവസരം നിഷേധിച്ച കായിക ക്രൂരത; കോടതി ഇടപെടലിൽ ഒത്തുതീർപ്പ്; 75 കിലോ വിഭാഗത്തിലും മത്സരിക്കാൻ ജീവൻ ജോസഫ് തയ്യാർ; ബോക്‌സിങ് ചതിയിലെ കണ്ണീര് മായുമ്പോൾ  

ഒന്നാം സ്ഥാനം ലഭിച്ച ജീവനെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിന് തെരഞ്ഞെടുത്ത സെലക്ഷൻ ട്രയൽ അട്ടിമറി; സഹോദരനും സഹോദരിക്കും അവസരം നിഷേധിച്ച കായിക ക്രൂരത; കോടതി ഇടപെടലിൽ ഒത്തുതീർപ്പ്; 75 കിലോ വിഭാഗത്തിലും മത്സരിക്കാൻ ജീവൻ ജോസഫ് തയ്യാർ; ബോക്‌സിങ് ചതിയിലെ കണ്ണീര് മായുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ ഇന്റർ കോളിജിയറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ കായികതാരം ജീവൻ ജോസഫിന് ഒടുവിൽ ആശ്വാസം. ദേശീയതലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫ് മത്സരിക്കും.

ദേശീയ ബോക്സിങ് മത്സരത്തിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലിസ്റ്റിൽനിന്ന് ജീവൻ ജോസഫിനെ ഒഴിവാക്കിയെന്ന പരാതി ഉയർന്നിരുന്നു. അക്കാര്യം പരിശോധിച്ച് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മന്ത്രി കാലിക്കറ്റ് വി സി.യ്ക്കും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും നിർദ്ദേശം മന്ത്രി ബിന്ദു നൽകിയിരുന്നു. സർവകലാശാലാ രജിസ്ട്രാർക്ക് മന്ത്രി കത്തും നൽകിയിരുന്നു. കാലിക്കറ്റ് സർവകലാശാലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ 67 കിലോഗ്രാം വിഭാഗത്തിനു പകരമാണ് 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫിന് ദേശീയതലത്തിൽ മത്സരിക്കാൻ അവസരം നൽകുക.

ജീവൻ ജോസഫിനെ മത്സരത്തിന് അയക്കണമെന്ന് കോഴിക്കോട് ജില്ല കോടതി ഉത്തരവിട്ടു. അണ്ടർ 67 കിലോ വിഭാഗത്തിലായിരുന്നു നേരത്തെ ജീവൻ മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിൽ ഇനി പങ്കെടുക്കാനാകില്ല. പകരം 75 കിലോ വിഭാഗത്തിൽ മത്സരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇത് അംഗീകരിച്ച ജീവൻ 75 കിലോ വിഭാഗത്തിൽ മത്സരിക്കാമെന്ന് കോടതിയെ അറിയിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മീറ്റിൽ പങ്കെടുക്കുന്നതിനായി നാളെ തന്നെ പുറപ്പെടുമെന്ന് ജീവൻ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച ജീവനെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിന് തെരഞ്ഞെടുത്തത് നേരത്തെ വിവാദമായിരുന്നു. അണ്ടർ 67 കിലോ വിഭാഗത്തിൽ കൊടകര സഹൃദയ കോളജിലെ വിദ്യാർത്ഥിയായ കാസർകോഡ് നീലേശ്വരം സ്വദേശി ജീവൻ ജോസഫാണ് സ്വർണ മെഡൽ നേടിയത്. എന്നാൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെയാണ് ദേശീയ മത്സരത്തിന് തെരഞ്ഞെടുത്തത്. മറ്റൊരു വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജീവന്റെ സഹോദരിക്കും ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അനുമതി കിട്ടിയില്ല.

തൃശൂർ കൊടകര സഹൃദയ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും ഇരട്ട സഹോദരങ്ങളുമാണ് ജീവൻ ജോസഫും ജിൽന ജോസഫും. ഈ മാസം എട്ട്, ഒമ്പതു തീയതികളിലായി നടന്ന കാലിക്കറ്റ് സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 67 കിലോ വിഭാഗത്തിൽ ജീവനും 57 കിലോ വിഭാഗത്തിൽ ജിൽനയും ഒന്നാം സ്ഥാനം നേടി. എന്നാൽ ദേശീയ അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജീവനെ തഴഞ്ഞു മറ്റൊരു താരത്തിന് അവസരം നൽകാനായി സർവകലാശാല പ്രത്യേക സെലക്ഷൻ ട്രയൽസ് നടത്തി.

ട്രയൽസിൽ ജീവനെക്കാൾ മികവ് കാട്ടിയെന്ന് പറഞ്ഞാണ് സർവകലാശാല ചാമ്പ്യൻഷിപ്പിൽ ജീവന് പിന്നിൽ മൂന്നാം സ്ഥാനം മാത്രം നേടിയ താരത്തിന് അവസരം നൽകിയത്. 67 കിലോഗ്രാം വിഭാഗത്തിൽ ഇനി ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യം ഓൺലൈൻ വഴി വിസി ഡോ. എം.കെ. ജയരാജ് ജീവനെ ധരിപ്പിക്കുകയായിരുന്നു. 71 കിലോഗ്രാം വിഭാഗത്തിൽ മറ്റാരും ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ ജീവൻ സന്നദ്ധത അറിയിക്കുകയായിരുന്നു.

സ്വയം പരിശീലിച്ച് അന്തർ കലാലയ മീറ്റിൽ സ്വർണം നേടിയ ജീവന്റെ കണ്ണീരിന് അങ്ങനെ വിരാമമായി. ഒത്തുതീർപ്പ് നിർദ്ദേശം മാനിച്ച് പുതിയ കാറ്റഗറിയിൽ മത്സരിക്കാൻ ജീവൻ ജോസഫ് തയാറായതിൽ മന്ത്രി ബിന്ദു സന്തോഷം പ്രകടിപ്പിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP