Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

'സത്യവിശ്വാസികളെ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്; ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറുകളാവുന്നു'; മതം തന്നെയാണ് ഏറ്റവും വലിയ സാമൂഹിക ദുരന്തമെന്ന് വ്യക്തമാക്കുന്ന ജെസ്ലാ മാടശ്ശേരിയുടെ വീഡിയോ സൈബർ ലോകത്ത് വൈറൽ; കൊല്ലുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമുള്ള ഭീഷണികൾക്കിടയിലും നിലപാടിൽ ഉറച്ചു ജെസ്ല; മതംവിട്ട പെണ്ണിന്റെ വാക്കുകൾ കേരളം കാതോർക്കുമ്പോൾ

'സത്യവിശ്വാസികളെ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്; ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറുകളാവുന്നു'; മതം തന്നെയാണ് ഏറ്റവും വലിയ സാമൂഹിക ദുരന്തമെന്ന് വ്യക്തമാക്കുന്ന ജെസ്ലാ മാടശ്ശേരിയുടെ വീഡിയോ സൈബർ ലോകത്ത് വൈറൽ; കൊല്ലുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമുള്ള ഭീഷണികൾക്കിടയിലും നിലപാടിൽ ഉറച്ചു ജെസ്ല; മതംവിട്ട പെണ്ണിന്റെ വാക്കുകൾ കേരളം കാതോർക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പുരോഗമന ചിന്തകൾക്ക് പ്രാമുഖ്യമുള്ളവരാണ് നാം എന്നു പറയുമ്പോഴും തീർത്തും, പരമ്പരാഗതമായ മതാധിഷ്ഠിത യാഥാസ്തിക സമൂഹം തന്നെയാണ് നാം എന്ന് പലപ്പോഴും വെളിപ്പെട്ടതാണ്. പൗരോഹിത്യത്തെയും അന്ധവിശ്വാസങ്ങളെയും മാത്രം വിമർശിച്ച് മതത്തിന്റെ ഉൾക്കാമ്പിൽ തൊടാതെ സേഫ് സോണിൽ ഇരിക്കുകയാണ് പലപ്പോഴും നമ്മുടെ ഇടതുപക്ഷ ബുദ്ധിജീവികൾപോലും ചെയ്യുന്നത്. അതുകൊണ്ടുതന്നെ യൂറോപ്യൻരാജ്യങ്ങളിലൊക്കെ നടക്കുന്നപോലെ ശക്തമായ മതവിമർശനം എന്ന ധാര വളരെ വൈകി മാത്രമാണ് കേരളത്തിൽ എത്തുന്നത്. മതം ഉപേക്ഷിക്കുന്നവർ, അതുകൊണ്ടുതന്നെ കേരളത്തിൽ ഇന്നും വളരെ ചെറിയ ന്യൂനപക്ഷമാണ്. ഇതിൽ തന്നെ സെമിറ്റിക്ക് മതങ്ങളായ ഇസ്ലാമിനെയും മറ്റും വിമർശിക്കാൻ കഴിയുന്നവർ കേരളത്തിൽ തുലോ കുറവാണ്. അവരുടെ വാക്കുകൾക്കും പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത കിട്ടാറില്ല. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി വരികയാണെന്ന് വ്യക്തമാക്കുകയാണ്, ജസ്ല മാടശ്ശേരിയെന്ന സാമൂഹിക പ്രവർത്തകയും സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുമായ യുവതിക്ക് കിട്ടുന്ന വർധിച്ച പിന്തുണ. ഇസ്ലാം ഉപേക്ഷിച്ച ജസ്ല 'മതം വിട്ട പെണ്ണ്' എന്ന ടെറ്റിലിൽ നടത്തിയ പ്രഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വെറും അഞ്ചുദിവസം കൊണ്ട് യൂട്യൂബിൽ 7 ലക്ഷംപേർ ആണ് ജസ്ലയുടെ വീഡിയോ കണ്ടത്. ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ തിരുവനന്തപുരം നടത്തിയ 'അമിഗോ 19' എന്ന സെമിനാറിലാണ് ജസ്ല സംസാരിച്ചത്.

ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെയും ഖുർആനിലെ വൈരുധ്യങ്ങളെയുമാണ് ജസ്ല പ്രംസഗത്തിൽ ചൂണ്ടിക്കാട്ടുന്നത്. മതം തന്നെയാണ് ഏറ്റവും വിലിയ അന്ധവിശ്വാസമെന്നും, ശരിയായി മത പ്രാകടീസ് ചെയ്താൽ ഈ നാട്ടിൽ ജീവിക്കാൻ ആർക്കും കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചു എന്നതാണ്, ജസ്ല തന്റെ വീഡിയോവിൽ വിശദീകരിക്കുന്നത്.

വീഡിയോ വൈറൽ ആവുകയും സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ പ്രതികരിക്കുകയും ചെയ്തതോടെ ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് അതിശക്തമായ തെറിവിളിയും സൈബർ ആക്രമണവുമാണ് ജസ്ല നേരിട്ടുകൊണ്ടിരിക്കുന്നത്. ഫോണുകളിലേക്ക് തുരുതരാ അശ്ളീല മെസ്സേജുകൾ വരികയാണ്. കൊല്ലുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമുള്ള ഭീഷണികൾ നിരവധിയാണ്.

മതം വിട്ടത് ആത്മ വഞ്ചനയിൽ താൽപ്പര്യം ഇല്ലാത്തതിനാൽ

മതം വിട്ട പെണ്ണ് സത്യത്തിൽ ഒരു ക്ലീഷേ ടോപ്പിക്കാണ് എന്നു പറഞ്ഞുകൊണ്ടാണ് ജസ്ല തന്റെ പ്രസംഗം തുടങ്ങുന്നത്. മതം വിട്ടപെണ്ണ് എന്നതിനെ രണ്ടു രീതിയിൽ എടുക്കാം. മതം നമ്മളെ വിടുന്ന സാഹചര്യവും ഉണ്ട്, മതത്തെ നമ്മൾ വിടുന്ന സാഹചര്യവും ഉണ്ട്. ഞാൻ വിശ്വസിക്കുന്ന സാഹചര്യങ്ങൾക്ക് എന്റെ മതം എതിരാവുമ്പോഴാണ് മതം ഉപേക്ഷിക്കേണ്ടി വരുന്നത്. പക്ഷേ മതത്തിന് നമ്മളെ ഉപേക്ഷിക്കാൻ ഫിസിക്കൽ അപ്പിയറൻസ് മാത്രം മതി. എന്നെ മതം വിട്ടതിനശേഷമാണ് ഞാൻ മതത്തെ വിടുന്നത്. ചൂടെടുക്കുമ്പോൾ തട്ടം ഊരിയിട്ടാൽ മാത്രം മതി, മതം വിട്ടുപോവും. കാരണം ഇവൾ 'ഇതാ'ണ്. ഇത് എന്ന വാക്കിന് ഇവിടെ സവിശേഷ പരിഗണനയുണ്ട്.

എന്നെപ്പോലെ മതം വിടാതെ മതത്തിന്റെ ഉള്ളിൽ കടിച്ചു തൂങ്ങി നിൽക്കുന്നവർ ഒരുപാടുണ്ട്. ബോധിപ്പിക്കലിന്റെ രാഷ്ട്രീയത്തിലാവും അവർ വിശ്വസിക്കുന്നത്. എന്നാൽ ഞാൻ അങ്ങനെയല്ല. എനിക്ക് എന്റെ സ്വത്വം വേണമെന്ന് തോന്നിയതുകൊണ്ടാണ് മതം വിട്ടത്. അവനവനോട് നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ എങ്ങനെ നമ്മൾ ജീവിക്കും. നൂറുശതമാനം മതത്തിൽ വിശ്വസിച്ച് മത വിശ്വാസിയായി ഈ സമൂഹത്തിൽ ജീവിക്കാം എന്ന് പറയുന്നത് അസാധ്യമാണ്. ഒരു മതജീവിയായിട്ട് സ്വത്വബോധത്തോടെ യുക്തിബോധത്തോടെ ജീവിക്കുക അസാധ്യമാണ്. ഒരു അന്യ സ്ത്രീ അന്യ പുരുഷന്റെ നേർക്കുനേർ നിന്ന് സംസാരിക്കുന്നതുംപോലും ഇസ്ലാമിൽ നിഷദ്ധമാണ്. രക്തബന്ധമില്ലാത്ത ഒരു സ്ത്രീക്ക്, രക്തബന്ധമില്ലാത്ത ഒരു പുരുഷനോട് നേർക്ക് നേരെ സംസാരിക്കാനാവില്ല. ഇനി അഥവാ സംസാരിക്കയാണെങ്കിൽ ഒരു മറക്കുള്ളിൽനിന്ന് മാത്രമേ സംസാരിക്കാൻ കഴിയൂ. ഇതാണ് ഇസ്ലാം പറയുന്ന വിധി. അതായത് ഈ സമൂഹത്തിൽ സാമൂഹിക ജീവിയായി യുക്തിബോധത്തോടെ മതത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിക്കുകയെന്നത് എത്രമാത്രം സാധ്യമാണ്. മറ്റുള്ളവരുമായി കമ്യൂണിക്കേഷൻ ഇല്ലാതെ നമുക്ക് എങ്ങനെയാണ് ജീവിക്കാൻ കഴിയുക. അതുകെ്ാണ്ടാണ് പറയുന്നത് നൂറുശതമാനം മതവിശ്വാസിയായി ഈ സമൂഹത്തിൽ ജീവിക്കുക എന്നത് അസാധ്യമാണ്. പ്രത്യേകിച്ച് ഇസ്ലാമിൽ.

തലയിൽ ഒരു ഹിജാബോ തട്ടമോ ഇട്ട് എനിക്കും വിശ്വാസിയായി ജീവിക്കാം. കപട വിശ്വസിയായി. ഖൂർആൻ ഏറ്റവും കൂടുതൽ എതിർക്കുന്നത് ഇത്തരം കപട വിശ്വസികളെയാണ്. എഴുമഹാപാപങ്ങളിൽ ഒന്നായി ഇസലാം പറയുന്നത് കപട വിശ്വാസത്തെയാണ്. പല വിശ്വാസികളും ജീവിക്കുന്നത് ഇങ്ങനെയാണ്. പക്ഷേ എനിക്ക് അങ്ങനെ ആത്മ വഞ്ചന നടത്താൻ താൽപ്പര്യമില്ല. അത് ജീവിതത്തോട് നമ്മൾ ചെയ്യുന്ന അനീതിയാണ്.- ജസ്ല വ്യക്തമാക്കി

'ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറുകളാവുന്നു'

മതം പഠിക്കാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുള്ളത് ഖുർആനിലെ ചില ആയത്തുകൾ ആണ്. നമ്മൾ ഒരു മതേതര സമൂഹത്തിലാണ് ജീവിക്കുന്നത്. നമ്മൾ ആരോടെങ്കിലും നിങ്ങൾ ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ എന്ന് ചോദിക്കാറുണ്ടോ? ഒരിക്കലും ഇല്ല.കാരണം ഉള്ളുകൊണ്ട് നമ്മൾ മനുഷ്യരാണ്. പക്ഷേ ഖുർആനിൽ പറയുന്നുണ്ട്. 'സത്യവിശ്വാസികളെ, നിങ്ങൾ കാഫിറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അള്ളാഹുവിന് നിങ്ങൾക്കെതിരിൽ വ്യക്തമായ തെളിവുണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? (4144) കാഫിറുകൾ എന്നു പറഞ്ഞാൽ ആരാണ്. സത്യവിശ്വാസിയല്ലാത്തവനാണ്. ഈ സത്യവിശ്വാസിയെന്നു പറയുന്നത് ഇസ്ലാം പ്രമാണങ്ങളിൽ വിശ്വസിച്ച് ജീവിക്കുന്നയാളാണ്. ഈ സത്യത്തിൽ അതായത് മതത്തിൽ വിശ്വസിക്കാത്തവരാണ് കാഫിർ. ഇവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുതെന്ന് ഖുർആൻ തന്നെ നമ്മോടു പറയുന്നു. ഇവിടെ തീവ്രാദമൊക്കെ നടക്കുമ്പോൾ വിശ്വാസികൾ പറയുന്ന കാര്യമുണ്ട്. ഒരിക്കലും ഖുർആൻ പഠിച്ച ഇസ്ലാം പഠിച്ച ഒരാൾ തെറ്റ് ചെയ്യില്ലെന്ന്. ഖുർആൻ ഒരിക്കലും വായക്കാത്ത ആളെ ഇത് ചെയ്തിരിക്കൂവെന്ന്. സത്യത്തിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. ഖുർആൻ വായിച്ചവരാണ് ഇത് ആദ്യം ചെയ്യുന്നത്.- ജസ്ല പറയുന്നു.

ഖുർആൻ പറയുന്നു. 'തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറുകളാവുന്നു. ആകെയാൽ അവർ വിശ്വസിക്കുകകയില്ല.(855).' ജന്തുക്കളിൽവെച്ച് ഏറ്റവും മോശപ്പെട്ടവർ വിശ്വസിക്കാത്തവർ ആണെന്ന് ആരാണ് പറയുന്നത്. എല്ലാറ്റിന്റെയും സൃഷ്ടാവാണ്. ഈ കാഫിറിന്റെയും വിശ്വാസിയുടെയും എല്ലാം ഉണ്ടാക്കിയ ദൈവമാണ് പറയുന്നത്. സർവ്വശക്തൻ, കാരുണ്യവാൻ, കരുണാനിധി, എന്നിവയെല്ലാമായ ദൈവം തന്നെയാണ് പറയുന്നത്. വിശ്വാസിയും അവിശ്വാസിയും എന്റെ സൃഷ്ടിയായിരിക്കേ, ഇതെങ്ങനെയാണ് സംഭവിക്കുന്നത്.

പഠിക്കുന്ന സമയത്തൊക്കെ ഈ സംശയം ഞാൻ പലയിടത്തും ഉന്നയിച്ചിരുന്നു. പക്ഷേ ഇതിന്റെയെല്ലാം വ്യാഖ്യാനങ്ങൾ വേറെയാണെന്നാണ് മറുപടി കിട്ടിയത്. ഓരോ സാഹചര്യത്തിന് അനുസരിച്ചാണ് ഖുർആനിലെ ആയത്തുകൾ ഇറങ്ങിയിട്ടുള്ളതെന്ന്. 1400 വർഷം മുമ്പുള്ള സാഹചര്യത്തിന് അനുസരിച്ചുള്ള ആയത്തുകളാണ് ഖുർആനിൽ ഉള്ളതെങ്കിൽ, ആ സാഹചര്യങ്ങൾ ഒരുപാട് മാറി. അന്നത്തെ അതേപോലെ മതശാസനകൾ നിലനിർത്തേണ്ടതിന്റെ യുക്തി പിന്നെന്താണ്. പക്ഷേ ഇന്ന് പ്രായോഗികതലത്തിൽ ഒരു പാട് മാറ്റം വന്നു. ഇന്ന് ആണും പെണ്ണും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നുണ്ട്. യാത്രചെയ്യുന്നുണ്ട്. പക്ഷേ ഇസ്ലാം അനുസരിച്ച് അതെല്ലാം നിഷിദ്ധമാണ്. ഖുർആൻ പറയുന്നു. സത്യവിശ്വാസികൾ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുത്. അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല. നിങ്ങൾ അവരോട് കരുതലോടെ വർത്തിക്കുകയയാണെങ്കിലല്ലാതെ. അള്ളാഹു അവനെപ്പറി നിങ്ങൾക്ക് താക്കീത് നൽകുന്നു. അല്ലാഹുവിങ്കിലേക്കത്ര (നിങ്ങൾ) തിരിച്ചു ചെല്ലേണ്ടത്്.(328) കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല. സകലചരാചരങ്ങുടെയും നാഥനായ ദൈവം എത്ര മോശമായാണ് സംസാരിക്കുന്നതെന്ന് നോക്കുക.- ജസ്ല ചൂണ്ടിക്കാട്ടി.

സ്വന്തം സൃഷ്ടികളിൽ ദൈവം തന്നെ വിവേചനം കൽപ്പിക്കുന്നത്. ഖുർആൻ പറയുന്നു. 'സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണുതാനും. നിങ്ങളിൽനിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരിൽപെട്ടവൻ തന്നെയാവുന്നു. അക്രമികളായ ആളുകളെ അല്ലാഹു നേർവഴിയിലാക്കുകയില്ല. തീർച്ച (511) ഇവിടെ യഹൂദരരെയും ക്രൈസ്തവരെയും മാത്രാമാണ് പരാമർശിക്കപ്പെട്ടത്. കാരണം അന്ന് അവിടെ ഉണ്ടായിരുന്നത് യഹൂദരും ക്രൈസ്തവരും മാത്രമായിരുന്നു. ഇവിടെയുള്ള ഹിന്ദുക്കൾ അവിടെയില്ലായിരുന്നു. ഹിന്ദുക്കൾ ഉണ്ടായിരുന്നെങ്കിൽ അവരുടെ പേരും കൂടി വരുമായിരുന്നു. ഓരോ മതങ്ങളുടെയും പേരു പറഞ്ഞുകൊണ്ട് മനുഷ്യർക്കിടയിൽ പരസ്പരം പോര് സൃഷ്ടിക്കാൻ ഈ കരുണാനിധിക്കാല്ലാതെ മറ്റാർക്ക് കഴിയും. മറ്റുമതസ്ഥരെ സുഹൃത്തുക്കൾപോലും ആകരുതെന്ന് പറയാൻ ഏത് ദൈവത്തിനാണ് കഴിയുക.- ജസ്ല പറയുന്നു.

വിശ്വാസത്തെ ചോദ്യം ചെയ്യരുത്. ഒന്നുകിൽ നീ വിശ്വസിക്കുക. അല്ലെങ്കിൽ പോയി ചാവുക. ഇതാണ് എനിക്കൊക്കെ കിട്ടിയ നിർദ്ദേശം. എന്തുകൊണ്ട് എന്ന ചോദ്യം മതവിശ്വാസിയായി നിൽക്കുന്നിടത്തോളം കാലം പാടില്ല. ഒന്ന് ഉറക്കെ ചിരിക്കാൻ പാടില്ല. പെണ്ണ് ചിരിച്ചാൽ തീർന്നു. ഖുർആൻ പറയുന്നു- 'സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കൾ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കിൽ അവരെ നിങ്ങൾ രക്ഷാകർത്താക്കളായി സ്വീകരിക്കരുത്. നിങ്ങളിൽനിന്ന് ആരെയെങ്കിലും അവരെ രക്ഷാകർത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവർ തന്നെയാണ് അക്രമികൾ.(923.)വിശ്വാസത്തിൽനിന്ന് വ്യതിചലിച്ചാൽ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെപ്പോലും വർജ്ജിക്കണമെന്ന് പറയുന്ന മതം വേറെ എവിടെയാണ് ഉണ്ടാവുക.- ജസ്ല ചോദിക്കുന്നു.

അനുഭവിച്ചത് സമാനതകളില്ലാത്ത പീഡനം

മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഞാൻ, ഖുർആൻ പഠിച്ചു തുടങ്ങിയപ്പോൾ തന്നെ സ്വയം ആശയ സംഘർഷങ്ങളിൽപ്പെട്ടു ഉഴറിയിരുന്നു. പഠിച്ച ആയത്തുകളും യാഥാർത്ഥവുമായി പുലബന്ധം പോലും ഇല്ലായിരുന്നു. നബി സ്വന്തം സൗകര്യത്തിനായി എഴുതിയവയാണ് ഈ ഖുർആൻ വചനങ്ങളും ആയത്തുകളുമെന്നു തോന്നിത്തുടങ്ങി. അതൊക്കെ ചോദ്യം ചെയ്യുമ്പോഴും ചൂണ്ടിക്കാണിക്കുമ്പോഴും മാനസികരോഗിയും ഭ്രാന്തിയുമാക്കാനുമായിരുന്നു ശ്രമം. സ്വാതന്ത്ര്യത്തെ കെട്ടിപ്പൂട്ടി തുടങ്ങിയപ്പോഴാണ് മതം വിട്ട് പറക്കാൻ ആഗ്രഹിച്ചത്. പെൺകുട്ടികളും മനുഷ്യരാണ്. പെണ്ണിന്റെ ധീരതയുടെ ചരിത്രങ്ങൾ മൂടിവെച്ച് ഒരു മതവും പഠിപ്പിക്കരുത്. ഇസ്ലാം മതം പുരുഷ കേന്ദ്രീകൃതം മാത്രമാണ്. സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

തലയിൽ നിന്നും തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്. ഈ മണ്ണും പ്രകൃതിയും പൂക്കളും കിളികളും പുഴകളും ആസ്വദിച്ചു തന്നെ എനിക്ക് ജീവിക്കണം. ഇവിടെ ജീവിച്ചു തീർന്നു മരിച്ചാൽ മതി എനിക്കു. ഇവർ എന്തിനാണ് ഭൂമിയിൽ ഒരു സ്വർഗമുള്ളപ്പോൾ മരണശേഷമുള്ള ഒരു സ്വർഗ്ഗത്തെപ്പറ്റി മാത്രം ചിന്തിക്കുന്നത്? ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള ഒരു പെണ്ണാണ് ഞാൻ. കൂട്ടിലടക്കപ്പെട്ട കിളിയെപോലെ കഴിഞ്ഞ് മടുത്തു. പറ്റാവുന്നിടത്തെല്ലാം ചിരിയും വെളിച്ചവും പരത്താറുണ്ട്. നേരിന്റെ വഴിയിൽ ജീവിതത്തെ വല്ലാതെ ആസ്വദിച്ച് തുടങ്ങി. മതത്തിന്റെ ബാനറിൽ എന്നെ ഒട്ടിച്ച് വെക്കാൻ നിങ്ങൾക്കാവില്ല. എന്റെ ചിന്തക്കും എന്റെ ശരിക്കും എന്റെ യുക്തിക്കും അനുസരിച്ചു ജീവിക്കാൻ എനിക്ക് കഴിയണം- ജസ്ല പ്രഖ്യാപിക്കുന്നു.

മതത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് വിശാലമായ ആകാശത്തേക്ക് പറന്നുയർന്നപ്പോൾ കൊടുക്കേണ്ടി വന്ന വില ഒട്ടും ചെറുതല്ല. ഒന്ന് മനസ്സ് നിറഞ്ഞു നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു. ഫോൺ ഓൺ ചെയ്തു കഴിഞ്ഞാൽ തെറി മഴയാണ്. ഇൻബോക്സ് നിറയെ ആക്രമണം.ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിലും ബുർഖ ഇടുന്നതിലും ഇടാത്തതിലും എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തി.

ഒരു ഡാൻസ് കളിച്ചതിന്റെപേരിലാണ് തനിക്ക് ആദ്യമായി പ്രശ്നങ്ങൾ ഉണ്ടായതന്ന് ജസ്ല ചൂണ്ടിക്കാട്ടി. 'തട്ടമിട്ട പെൺകുട്ടി ഡാൻസ് കഴിച്ചുവെന്ന് പറഞ്ഞ് വരുന്ന തെറിവിളികളും ഭീഷണികളും കണ്ട് ഞാൻ അമ്പരന്നുപോയി. ഇതിൽ എന്താണ് ഇത്രമാത്രം പ്രശ്നമെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ക്ലാസുകളിൽ സംശയങ്ങൾ ചോദിക്കുമ്പോൾ ആധുനിക ജീവിതശൈലി സ്വീകരിക്കുമ്പോൾ ഒക്കെ പ്രശ്നങ്ങൾ വർധിക്കുകയാണ്. ഒരിക്കൽ ജീൻസും ടീഷർട്ടും ഇട്ട് നോമ്പുകാലത്ത് ഞാൻ കവലിൽ സകൂട്ടറിൽ എത്തിയപ്പോൾ ഒരു മൗലവി പറഞ്ഞത് ഇത്തരം വസ്ത്രം ധരിച്ച നിന്നെ കണ്ടാൽ എന്റെ നോമ്പ് മുറിഞ്ഞുപോകുമെന്നാണ്. അങ്ങനെ മുറിയുന്ന നോമ്പാണെങ്കിൽ പോകട്ടെ എന്ന് ഞാനും പറഞ്ഞു.'- ജസ്ല ചൂണ്ടിക്കാട്ടി. മതം ഉപേക്ഷിച്ചവളെ വേശ്യയായാണ് ഇസ്ലാം കാണുന്നത്. ഇസ്ലാമിൽ വേശ്യയാവൻ സ്വ്ന്തം മതക്കാരനല്ലാത്തെ പുരഷനെ വിവാഹം കഴിച്ചാലും മതി.

മതംവിട്ടതിന്റെപേരിൽ സമാനതകളില്ലാത്ത പീഡനമാണ്, ജസ്ലമാടശ്ശേരിക്കുനേരെ ഉണ്ടായത്. ഇതേക്കുറിച്ചും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. ഒരിക്കൽ സ്‌കൂട്ടറിൽ സഞ്ചരിക്കയായിരുന്ന ജസ്ലയുടെ നേർക്ക്, ബൈക്കിൽ പിന്തുടരുന്ന ഒരു സംഘം പാൻപരാഗും ഗുഡ്ക്കയുമൊക്കെ ചവച്ച് മുറക്കി തുപ്പുകയായിരുന്നു. സ്‌കൂട്ടറുമായി വീണ ജസ്ല ഭാഗ്യം കൊണ്ടാണ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഫേസ്‌ബുക്കിലും വാട്സാപ്പിലുമായി തനിക്ക് കിട്ടുന്നത്ര തെറി ലോകത്ത് ആർക്കും കിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വധഭീഷണിയും ആസിഡ് ആക്രമണ ഭീതിയും സജീവമാണ്. പിതാവിന്റെയും സഹോദരന്റെയും ലൊക്കേഷൻ ഗൂഗിൾമാപ്പിൽനിന്ന് അയച്ചുതന്ന് നീ നോക്കിക്കോ എന്ന് പറഞ്ഞാണ് ഭീഷണി. പലപ്പോഴും ഇത് സൃഷ്്ടിക്കുന്ന ഭീതി ചില്ലറയല്ല.

ഇക്കാര്യങ്ങളിൽ താൻ ശക്തമായ നിലപാട് എടുത്തതോടെ മറ്റ് ബന്ധുക്കളിൽ നിന്ന് സമ്മർദം കടുത്തതായിരുന്നു. ഒരിക്കൽ ഉമ്മയുടെ ചില ബന്ധുക്കൾ എത്തി താൻ മകളല്ലെന്ന് മുദ്രപത്രത്തിൽ എഴുതിനൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഉമ്മ ഇത് നിരസിച്ചു. ഈ രീതിയിലാണ് മതത്തിന്റെ സമ്മദർദം പുരോഗമിക്കുന്നത്. - ജസ്ല വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP