Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജയരാജനെ അറസ്റ്റ് ചെയ്യാനുറച്ച് സിബിഐ; മുൻകൂർ ജാമ്യ ഹർജിയിൽ സിപിഐ(എം) നേതാവിനെതിരായ തെളിവെല്ലാം ഹാജരാക്കും; കതിരൂർ മനോജ് വധക്കേസ് സിപിഎമ്മിന് തലവേദനയാകും

ജയരാജനെ അറസ്റ്റ് ചെയ്യാനുറച്ച് സിബിഐ; മുൻകൂർ ജാമ്യ ഹർജിയിൽ സിപിഐ(എം) നേതാവിനെതിരായ തെളിവെല്ലാം ഹാജരാക്കും; കതിരൂർ മനോജ് വധക്കേസ് സിപിഎമ്മിന് തലവേദനയാകും

രഞ്ജിത് ബാബു

കണ്ണൂർ:സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റ് ചെയ്യാൻ സിബിഐ തീരുമാനിച്ചു. ജയരാജന്റെ ജാമ്യഹർജികളിൽ തീരുമാനം ഉണ്ടായാൽ ഉടൻ അറസ്റ്റ് നടക്കും. സിപിഐ(എം) നേതാവിന്റെ മുൻകൂർ ജാമ്യ ഹർജി തന്നെ അറസ്റ്റിനുള്ള ആയുധമാക്കാനാണ് സിബിഐയുടെ നീക്കം. ജാമ്യ ഹർജി കോടതി തള്ളിയതിന് ശേഷം നേതാവിനെ അറസ്റ്റ് ചെയ്താൽ അതിനെ രാഷ്ട്രീയ ഗൂഢാലോചനയായി ചിത്രീകരിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തിൽ.

കേസിൽ ജയരാജനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനക്കേസിൽ പ്രതിയാക്കിയാലും ഇനി അറസ്റ്റ് വേണ്ടെന്ന നിലപാടിലായിരുന്നു സിബിഐ. ഇതിനിടെയാണ് അറസ്റ്റ് ഭയന്ന് ജാമ്യ ഹർജിയുമായി ജയരാജൻ കോടതിയിൽ എത്തിയത്. ജയരാജിനെ സിബിഐ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കൂടി തിരിച്ചറിഞ്ഞ് സിപിഎമ്മും നീക്കം സജീവാക്കി. ജില്ലാ സെക്രട്ടറിയുടെ ചുമതല ജയരാജൻ ഒഴിഞ്ഞു. ചികിൽസാകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് പി ജയരാജൻ അവധിയെടുത്ത സാഹചര്യത്തിലാണ. കണ്ണൂർ സെക്രട്ടറിയുടെ ചുമതല എംവി ജയരാജന് നൽകുകയും ചെയ്തു.

ജയരാജന്റെ ജാമ്യ ഹർജി ഹൈക്കോടതിയിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് സിബിഐ. നീക്കം. ആർഎസ്എസ്്് നേതാവ് കതിരൂരിലെ ഇളംതോടത്ത് മനോജിനെ കൊലപ്പെടുത്തിയ കേസിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജയരാജൻ നൽകിയ മുൻകൂർ ജാമ്യഹർജി 16-ാം തീയതിയിലേക്കു മാറ്റിയിരുന്നു. സിബിഐ.ക്ക് എതിർസത്യവാങ്മൂലം സമർപ്പിക്കുന്നതിനും വിശദവാദം കേൾക്കുന്നതിനുമായി സിബിഐ. അഭിഭാഷകൻ സമയം ചോദിച്ചിരുന്നു. സിബിഐ. ആവശ്യം അംഗീകരിച്ച് തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹർജി പരിഗണിക്കുന്നത് 16-ാം തീയതിയിലേക്ക് മാറ്റി.

തലശേരി കോടതിയിൽനിന്നും ജയരാജന്റെ ജാമ്യഹർജി തള്ളപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാം. ഹൈക്കോടതിയിൽ ജയരാജനെതിരെ തെളിവുകൾ നിരത്തി അറസ്റ്റ് ചെയ്യാനാണ് സിബിഐ. ഒരുങ്ങുന്നത്. മാത്രമല്ല, കണ്ണൂർ ജില്ലയിൽനിന്നും ജയരാജൻ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ അത് വൻസംഘർഷത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്നും സിബിഐ. കരുതുന്നു. ഈ സാഹചര്യത്തിൽ കേരളാ പൊലീസിനേയും ഇക്കാര്യം സിബിഐ അറിയിക്കും.

സിപിഐ(എം).നേതാക്കളെ കൊലക്കേസുകളിൽപ്പെടുത്താനും സിപിഎമ്മിനെ കേരളത്തിൽ ഇല്ലാതാക്കാനും സിബിഐ ശ്രമിക്കുന്നതായി സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചിരുന്നു. കതിരൂർ മനോജ് വധക്കേസിൽ തലശേരി കോടതിയിൽ നല്കിയ ജാമ്യഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന സൂചനയെ തുടർന്നാണ് ജയരാജൻ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഡ്വ.പി.വിശ്വൻ മുഖേന ജാമ്യഹർജി നൽകിയത്. ഹൃദയരോഗത്തെ തുടർന്ന് ജയരാജൻ പരിയാരം മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റി ചികിത്സക്ക് വിധേയനായി വിശ്രമിക്കുകയാണ്.

തലശേരിയിലെ ഫസൽ വധക്കേസിലും സിപിഐ(എം). നേതാക്കളെ ഉൾപ്പെടുത്താൻ സിബിഐ. ശ്രമിച്ചിട്ടുണ്ട്. ഫസൽ വധം അന്വേഷിക്കുന്ന ഒരു സിബിഐ. ഉദ്യോഗസ്ഥൻ കേരളത്തിൽ സിപിഎമ്മിനെ ഇല്ലാതാക്കുമെന്ന് തന്നോട് പറഞ്ഞതായും ജയരാജൻ ആരോപിക്കുന്നു. കതിരൂർ മനോജ് വധക്കേസിലും തനിക്കെതിരെ സിബിഐ. ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായ തനിക്ക് മുൻകൂർ ജാമൃം അനുവദിക്കണമെന്നും തന്റെ അപേക്ഷ പരിഗണിക്കണമെന്നും ജയരാജൻ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഹർജിയുടെ പകർപ്പ് സിബിഐ ക്കും കൈമാറിയിട്ടുണ്ട്. ഈ കേസിൽ പി. ജയരാജനെ സിബിഐ. സംഘം തിരുവനന്തപുരത്തു വച്ചും ചോദ്യം ചെയ്തിരുന്നു.

മനോജ് വധക്കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട 19 പേരെ സിബിഐ.സംഘം പിടികൂടിയിരുന്നു. ഇവർക്കെതിരെ സിബിഐ. തലശേരി ജില്ലാ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ കൊലപാതക കേസ് മാത്രമാണ് കുറ്റപത്രത്തിലുള്ളതെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനക്കേസ് പിന്നീട് അന്വേഷിക്കുമെന്നാണ് സിബിഐ. കോടതിയെ ബോധിപ്പിച്ചിരുന്നത്. ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞമാസം 2 നു സിബിഐ. ജയരാജനെ ചോദ്യം ചെയ്തത്.

ഗൂഢാലോചനക്കേസിൽ കഴിഞ്ഞ ദിവസം നാലു സിപിഐ(എം). പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സിപിഐ(എം). പയ്യന്നൂർ ഏരിയാസെക്രട്ടറി ടി.മധുസൂദനനേയും പ്രതിചേർക്കപ്പെട്ടു. അതോടെ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവർ പിടിയിലാകുമെന്ന സൂചനയുമുണ്ടായി. ഇതേ തുടർന്നാണ് പി.ജയരാജൻ മുൻകൂർ ജാമ്യത്തിനപേക്ഷിച്ചത്. മുൻപ് തിരുവോണദിവസം പി.ജയരാജനെ ആക്രമിച്ച സംഭവത്തിൽ മനോജിന് പങ്കുണ്ടായിരുന്നു. അതിലുള്ള പ്രതികാരമാണ് മനോജിനെ അക്രമിച്ച് കൊലപ്പെടുത്താനുള്ള കാരണമായി സിബിഐ. കോടതിക്ക് നൽകിയ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആർഎസ്എസ്. ജില്ലാ ശാരീരിക ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂരിലെ കെ മനോജ് 2014 സെപ്റ്റംബർ ഒന്നിനാണ് കൊല ചെയ്യപ്പെട്ടത്. കണ്ണൂർ ജില്ലയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു മനോജ് വധം. യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന ആർ.എസ്.എസിന്റെ ആവശ്യമാണ് സിബിഐ.അന്വേഷണത്തിലേക്ക് എത്താൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP