Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ജസ്പ്രീത് സിങ് വിഷയത്തിൽ പ്രിൻസിപ്പൽ പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപണം: കോളജ് പ്രിൻസിപ്പലിനെ ഓഫീസിനകത്ത് പൂട്ടിയിട്ട് കെ എസ് യു പ്രവർത്തകർ; രണ്ടുതവണ കണ്ടോനേഷൻ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിൻസിപ്പൽ മറച്ചുവെച്ചു; നീതി തേടി കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരി; മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിനെ ചൊല്ലി വിവാദം പുകയുമ്പോൾ

ജസ്പ്രീത് സിങ് വിഷയത്തിൽ പ്രിൻസിപ്പൽ പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപണം: കോളജ് പ്രിൻസിപ്പലിനെ ഓഫീസിനകത്ത് പൂട്ടിയിട്ട് കെ എസ് യു പ്രവർത്തകർ; രണ്ടുതവണ കണ്ടോനേഷൻ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിൻസിപ്പൽ മറച്ചുവെച്ചു; നീതി തേടി കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരി; മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിനെ ചൊല്ലി വിവാദം പുകയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളെജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. എസ് എഫ് ഐയ്ക്ക് പിന്നാലെ ഇന്നലെ കോളേജിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തി. ഇതോടെ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. കോളജ് പ്രിൻസിപ്പലിനെ കെഎസ്‌യു പ്രവർത്തകർ ഓഫീസിനുള്ളിൽ പൂട്ടിയിട്ടു. ജസ്പ്രീത് സിങ് വിഷയത്തിൽ പ്രിൻസിപ്പൽ പക്ഷപാതപരമായി പെരുമാറി എന്ന് ആരോപിച്ചാണ് പ്രവർത്തകരുടെ പ്രതിഷേധം. പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തി.

അതേസമയം സഹോദരന്റെ മരണത്തിൽ കോളേജ് അധികൃതർക്ക് പങ്കുണ്ടെന്നും കോടതിയെ സമീപിക്കുമെന്നാണ്് സഹോദരി മനീഷ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. പ്രിൻസിപ്പലും എക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റും പക്ഷപാതം കാണിച്ചു എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. രണ്ടുതവണ കണ്ടോനേഷൻ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിൻസിപ്പൽ മറച്ചുവെച്ചു. ജസ്പ്രീത് സിങ് നാലാം സെമസ്റ്ററിൽ മാത്രമാണ് കണ്ടോനേഷന് അപേക്ഷ നൽകിയത്. നീതിതേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും സഹോദരി മനീഷ പ്രതികരിച്ചു.

വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇക്കണോമിക്‌സ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയും ഉത്തർപ്രദേശ് ബിജ്‌നോർ ജില്ലയിലെ ഹൽദ്വാർ സ്വദേശിയുമായ ജസ്പ്രീത് സിങിനെ ഞായറാഴ്ചയാണ് ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹാജർ കുറവായതിനാൽ പരീക്ഷയെഴുതാൻ കഴിയാത്തതിനെ തുടർന്നാണ് വിദ്യാർത്ഥി മരിച്ചതെന്നുമാണ് ആരോപണം.

നേരത്തെ കോളെജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ജസ്പ്രീത് സിംഗിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തന്റെ മകൻ ആത്മഹത്യ ചെയ്യുവാൻ കാരണം ക്രിസ്ത്യൻ കോളെജിന്റെ മനുഷ്യത്വമില്ലാത്ത നടപടിയാണെന്ന് പിതാവ് മന്മോഹൻ സിങ് ആരോപിച്ചിരുന്നു. 68 ശതമാനം ഹാജരുള്ള തന്റെ മകനെ പരീക്ഷ എഴുതുവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം കോളജിനെ സമീപിച്ചെങ്കിലും അംഗീകരിക്കുവാൻ അവർ തയാറായില്ല. ഒടുവിൽ യൂണിവേഴ്‌സിറ്റിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പിതാവ് പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കോളെജ് പ്രിൻസിപ്പൽ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.

പിതാവ് കരഞ്ഞു കാലുപിടിച്ച് പറഞ്ഞിട്ടും മാനേജ്‌മെന്റ് ധിക്കാരപരമായ സമീപനം സ്വീകരിച്ചുവെന്നാണ് സഹോദരിമാരുടെ ആരോപണം. വല്യമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്പ്രീത് കുടുംബസമേതം പഞ്ചാബിൽ പോയിരുന്നു. തിരിച്ചുവരുമ്പോൾ പൗരത്വ സമരത്തെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കിയതിനാൽ യാത്ര നടത്തുവാൻ കഴിഞ്ഞില്ല. ഇത് മൂലം അവസാന സമയം ഒരാഴ്‌ച്ചത്തെ ഹാജർ നഷ്ടമായി. ഈ കാര്യം കോളേജ് അധികാരികളെ അറിയിച്ചെങ്കിലും അവർ അംഗീകരിക്കുവാൻ തയ്യാറായില്ലെന്നാണ് സഹോദരിമാരായ ബൽവിന്ദ് കൗറും ഗുർപ്രീത് കൗറും ആരോപിക്കുന്നത്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ജസ്പ്രീത് സിങ്. ഉത്തർപ്രദേശിൽ നിന്ന് കോഴിക്കോട്ട് വന്ന് ഹോട്ടൽ ബിസിനസ്സ് നടത്തുന്ന കുടംബത്തിലെ അംഗം. മാതാപിതാക്കളും രണ്ടു സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഈ വിദ്യാർത്ഥി. പഠനത്തോടൊപ്പം അച്ഛന്റെ ഹോട്ടലിൽ സഹായത്തിനും പോവുമായിരുന്നു ജസ്പ്രീത്. എൻ സി സി കാഡറ്റ് എന്ന നിലയിലും കോളജിൽ സജീവമായിരുന്നു. സിവിൽ സർവ്വീസ് ആയിരുന്നു ലക്ഷ്യം. പരീക്ഷ എഴുതുകാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് കഴിഞ്ഞ ഞായറാഴ്ച ജസ്പ്രീത് ആത്മഹത്യ ചെയ്തത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP