Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മാധ്യമങ്ങൾ തൃശൂർ ജില്ലയിൽ എന്റെയോ കുടുംബത്തിന്റെയോ പേരിൽ ഉണ്ട് എന്ന് ആരോപിക്കുന്ന നാല് ഫ്‌ളാറ്റുകൾ എവിടെയാണെന്ന് കണ്ടെത്തി തന്നാൽ രണ്ടെണ്ണം വീടില്ലാതെ കഷ്ടപ്പെടുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക് നൽകാം; തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളെന്ന് 'പിടികിട്ടാപുള്ളി' ജാസ്മിൻ ഷാ; സാമ്പത്തിക തിരിമറി വിവാദത്തിൽ ജാസ്മിൻ ഷായെയും യുഎൻഎ നേതാക്കളെയും ഒതുക്കാൻ ശ്രമിക്കുന്നതിനിടെ കേരള നഴ്‌സിങ് കൗൺസിലിലും കെജിഎൻഎയുടെ അട്ടിമറി

'മാധ്യമങ്ങൾ തൃശൂർ ജില്ലയിൽ എന്റെയോ കുടുംബത്തിന്റെയോ പേരിൽ ഉണ്ട് എന്ന് ആരോപിക്കുന്ന നാല് ഫ്‌ളാറ്റുകൾ എവിടെയാണെന്ന് കണ്ടെത്തി തന്നാൽ രണ്ടെണ്ണം വീടില്ലാതെ കഷ്ടപ്പെടുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക് നൽകാം; തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളെന്ന് 'പിടികിട്ടാപുള്ളി' ജാസ്മിൻ ഷാ; സാമ്പത്തിക തിരിമറി വിവാദത്തിൽ ജാസ്മിൻ ഷായെയും യുഎൻഎ നേതാക്കളെയും ഒതുക്കാൻ ശ്രമിക്കുന്നതിനിടെ കേരള നഴ്‌സിങ് കൗൺസിലിലും കെജിഎൻഎയുടെ അട്ടിമറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദേശീയ അദ്ധ്യക്ഷൻ ജാസ്മാനി# ഷായെ വേട്ടയാടുന്നതിന്റെ തുടർച്ചയായി കേരള നഴ്‌സിങ് കൗൺസിലും അട്ടിമറി. കൗൺസിൽ അംഗങ്ങളെ പോലും അറിയിക്കാതെ കൗൺസിൽ പ്രസിഡന്റിനെ തിരഞ്ഞെടുത്തതാണ് പുതിയസംഭവം. ഇടത് അനുഭാവമുള്ള സർക്കാർ അനുകൂല സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെഎൻസി പ്രസിഡന്റായി സ്ഥാനമേറ്റാണ് അട്ടിമറി നടപ്പാക്കിയത്.

ജാസ്മിൻ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കുടുംബത്തെയും തങ്ങളുടെ നേതാക്കളെയും ഉന്മൂലനം ചെയ്യാനുള്ള കെജിഎൻഎയുടെയും, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റെയും ഉന്നത രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് യുഎൻഎ ആരോപിക്കുന്നത്. അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ നോട്ടീസ് പോലും കൊടുക്കാതെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഒരു വൻ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് സംഘടനയുടെ ആരോപണം.

കേരളത്തിലെ നഴ്‌സുമാർ നൽകിയ ജനവിധി അംഗീകരിക്കാതെ അതിനെ അട്ടിമറിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട യുഎൻഎ അംഗങ്ങളുടെ അറിവ് പോലുമില്ലാതെ ഇലക്ഷനിൽ ഒരു സീറ്റിൽ പോലും വിജയിക്കാതിരുന്ന കെജിഎൻഎ യുടെ ജനറൽ സെക്രട്ടറി നഴ്‌സിങ് കൗൺസിൽ പ്രസിഡണ്ട് ആയി ഇന്നലെ അധികാരമേറ്റതിലാണ് പ്രതിഷേധം ഉയരുന്നത്. നിയമനിർമ്മാണസഭകളിൽ പോലും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഇല്ലെന്നിരിക്കേ നഴ്‌സിങ് കൗൺസിലിൽ നാട്ടിലെ നിയമങ്ങൾ മുഴുവൻ നോക്കുകുത്തിയായി എന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് ഒരുനഴ്‌സ് എഴുതിയ കുറിപ്പ് ഇങ്ങനെ:

ഇത്രയും കാലം കേരളത്തിലെ നഴ്‌സുമാരെ മുച്ചൂടും ദ്രോഹിച്ച KGNA കൗൺസിൽ ഭരണം വീണ്ടും. ആരെല്ലാം അധികാരത്തിൽ നിന്ന് പുറത്താവണം എന്ന് കേരളത്തിലെ നഴ്‌സുമാർ ആഗ്രഹിച്ചോ അവർ തന്നെ വീണ്ടും അധികാരത്തിൽ. ജനം വോട്ടു ചെയ്ത് തോൽപ്പിച്ച് കണ്ടം വഴി ഓടിച്ചവർ നോമിനേറ്റഡ് സീറ്റ് എന്ന പിൻവാതിലിലൂടെ വീണ്ടും കൗൺസിൽ പിടിച്ചെടുത്തു. ഈ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്? മൊത്തം മലയാളി നഴ്‌സുമാരുടെ 1% പോലും അംഗബലമില്ലാത്ത സർക്കാർ നഴ്‌സുമാരുടെ ഒരു സംഘടനയുടെ തോന്ന്യാസങ്ങൾ കാണൂ..

നിലവിൽ കൗൺസിൽ ഭരിച്ചിരുന്നവരുടെ കെടുകാര്യസ്ഥത എത്ര എന്നറിയാൻ കേരളത്തിൽ NUID രെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടു നഴ്‌സുമാർ അനുഭവിച്ച നരകയാതനകൾ മാത്രം നോക്കിയാൽ മതി. ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളിലും നേരിട്ട് ചെന്ന് അവിടെ ജോലി ചെയ്യുന്ന മുഴുവൻ നഴ്‌സുമാരെയും NUID enroll ചെയ്യിക്കണം എന്ന ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നിർദ്ദേശം ഫിനോ paytech എന്ന സ്വകാര്യ സ്ഥാപനത്തിന്റെ താല്പര്യത്തിനു വേണ്ടി അട്ടിമറിച്ചത് നാം എല്ലാവരും കണ്ടതാണ്.

ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളും ഇന്നലെ UNA അധ്യക്ഷൻ ജാസ്മിൻ ഷാക്കെതിരെ നടന്ന പൊലീസ് നീക്കങ്ങളെയും കൂടി കൂട്ടിവായിക്കുമ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ ഗൂഢാലോചനകൾ മണക്കുന്നുണ്ട്. പ്രതികരിക്കാൻ ആവാത്ത വിധം UNA നേതാക്കളെ അടിച്ചമർത്തിയിട്ട് നഴ്‌സിങ് കൗൺസിൽ KGNA ക്ക് പിടിച്ചെടുക്കാനുള്ള നിലം ഒരുക്കുന്നതിനാണ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതും ജാസ്മിൻ ഷായുടെ ഭാര്യയെ വരെ കേസിൽ പ്രതിയാക്കിയതും എന്നതും സംശയിക്കണം. PSC പരീക്ഷാ തട്ടിപ്പിലും വലിയ ക്രിമിനൽ കുറ്റകൃത്യങ്ങളിലും ഒക്കെ പ്രതികളായവർക്കെതിരായി പോലും ഇത്ര തിടുക്കത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത് നാം കാണാറില്ല എന്നോർക്കണം... UNA യെ മൊത്തത്തിൽ പ്രതിരോധത്തിൽ ആക്കുക എന്നതായിരുന്നു ചിലരുടെ ലക്ഷ്യം ! അതിൽ അവർ വിജയിക്കുകയും ചെയ്തു.

ഇപ്പോൾ ലഭിച്ചു എന്ന് പറയുന്ന തെളിവുകളും രേഖകളും വാസ്തവത്തിൽ എന്താണ് എന്നും കൂടി ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിക്കണം. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കും എന്ന് കരുതാം. ഇത്രയധികം തെളിവുകൾ ഉണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് ആദ്യം നടന്ന അന്വേഷണത്തിൽ ഇതൊന്നും കണ്ടുപിടിക്കപ്പെട്ടില്ല? തന്റെ സർവീസ് കാലത്ത് ഏറ്റെടുത്ത എല്ലാ കേസുകളുടെ അന്വേഷണവും വളരെ മികച്ച രീതിയിൽ പൂർത്തിയാക്കിയ ഏറ്റവും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഒരു ഉദ്യോഗസ്ഥൻ ആണ് ഈ കേസ് ആദ്യം അന്വേഷിച്ചത് എന്നത് മറക്കരുത്. ഇനി കേസ് സുതാര്യമായ അന്വേഷണം നടത്തുന്നതിനായി CBI പോലുള്ള കൂടുതൽ വിശ്വാസ്യതയുള്ള, സംസ്ഥാനത്തെ ആർക്കും ഇടപെടാൻ കഴിയാത്ത ഒരു കേന്ദ്ര ഏജൻസിക്കു കൈമാറുന്നതാണ് ഉചിതം. എന്നാലേ വസ്തുതകൾ പുറത്തുവരൂ... ഇതിനും ബഹുമാനപ്പെട്ട ഹൈക്കോടതി തീരുമാനമെടുക്കും എന്ന് പ്രതീക്ഷിക്കാം...

എന്തായാലും UNA യുടെ പ്രധാനനേതാവിനെ തന്നെ നടുവിന് തന്നെ തല്ലി തളർത്തിയിട്ട്, ആ വാർത്തയും വാസ്തവ വിരുദ്ധമായ കെട്ടിച്ചമച്ചുണ്ടാക്കിയ മറ്റു വാർത്തകളും എല്ലാ പ്രധാന മാധ്യമങ്ങൾ വഴിയും പുറത്തുവിട്ട് രണ്ടാം നിര നേതാക്കളെയും അണികളെയും മുഴുവൻ സ്തബ്ധരാക്കി പ്രതികരിക്കാൻ പോയിട്ട് ചലിക്കാൻ പോലും പറ്റാത്ത വിധം ഷോക്കിൽ ആക്കിയിട്ട് നഴ്‌സിങ് കൗൺസിൽ പിടിച്ചെടുക്കുക എന്ന ഹീനമായ നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അല്ലാത്തപക്ഷം ഇപ്പോൾ ഇരമ്പിയാർക്കുന്ന ഒരു കടൽ പോലെ കേരള നഴ്‌സിങ് കൗൺസിൽ ഓഫീസ് UNA അംഗങ്ങൾ വളഞ്ഞു കാണുമായിരുന്നു. അട്ടിമറി തിരുത്താൻ ബന്ധപ്പെട്ടവർ നിർബന്ധിതരായേനെ... അത് നന്നായി അറിയാവുന്നവർ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നിൽ എറിഞ്ഞു എന്നതാണ് സത്യം...

നഴ്‌സിങ് കൗൺസിൽ എന്നാൽ ഒരു പൊന്മുട്ടയിടുന്ന താറാവ് ആണ്. അതുകൊണ്ട് തന്നെയാണ് എന്ത് റിസ്‌ക് എടുത്തും കൗൺസിൽ പിടിച്ചെടുക്കാൻ KGNA എല്ലാ വൃത്തികെട്ട കളികളും കളിക്കുന്നത്. നഴ്‌സിങ് കൗൺസിൽ ഇലക്ഷനിൽ മത്സരിച്ച് കൗൺസിൽ പിടിച്ചെടുത്തതുകൊണ്ടാണ് ഇപ്പോൾ ജാസ്മിനും മറ്റ് UNA നേതാക്കൾക്കും എതിരായി ഈ വ്യാജ ആരോപണം വന്നതും ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഭവിച്ചതും എന്ന ഇന്നലത്തെ മറുനാടൻ വാർത്ത നൂറ് ശതമാനം ശരി വയ്ക്കുന്ന സംഭവവികാസങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ നോട്ടീസ് നൽകുന്നത് ഉൾപ്പെടെ ഒരു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നതിനു മുൻപ് പാലിക്കേണ്ട യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ജാസ്മിന്റെ കേസിൽ അത് ചെയ്തിരിക്കുന്നത് എന്ന് ഇന്നലെ വാർത്ത ഉണ്ടായിരുന്നു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സ്ഥാനമേൽക്കാൻ പോലും അവസരം നൽകാതെ ഇലക്ഷൻ കഴിഞ്ഞു ഏതാണ്ട് ഒരു വർഷം ആകാൻ പോകുന്ന ഈ കാലയളവിൽ KGNA നോമിനി ആയി ഇലക്ഷൻ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ട നേതാവിനുപുറമെ KGNA യുടെ തന്നെ മറ്റൊരു രണ്ടാംനിര നേതാവിനെയും കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. KGNA ജനറൽ സെക്രട്ടറി എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ അടുത്ത മാസം മുതൽ നിയമപ്രകാരം നഴ്‌സിങ് കൗൺസിൽ അംഗമായി തുടരാൻ അവർക്ക് കഴിയില്ല. അംഗം അല്ലാത്തയാൾ എങ്ങനെ പ്രസിഡന്റ് ആയി തുടരും?? അപ്പോൾ അതെല്ലാം മറച്ചുവച്ചാണ് ഇപ്പോൾ ആസൂത്രിതമായ ഈ വൻ അട്ടിമറി നടന്നിരിക്കുന്നത്.

ഇതിനെതിരായി മുഴുവൻ മലയാളി നഴ്‌സുമാരും ശക്തമായി പ്രതിഷേധിക്കണം. ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യണം. സത്യം എല്ലാവരും അറിയണം.

കാലങ്ങളായി കേരളത്തിലെ നഴ്‌സുമാരെ അടിമകളാക്കി വച്ചു നേട്ടമുണ്ടാക്കിയിരുന്നവർ ഇപ്പോൾ നഴ്‌സുമാർക്ക് അന്തസ്സും അഭിമാനവും മാന്യമായ ശമ്പളവും കിട്ടാൻ വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ച് സംഘടനാ വളർത്തിയ ഒരു ചെറുപ്പക്കാരനെയും അവന്റെ കുടുംബത്തെ പോലും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അങ്ങനെയൊന്നും ഈ പ്രസ്ഥാനത്തെ തകർക്കാൻ കഴിയും എന്ന് നിങ്ങൾ കരുതരുത്. ഈ നാട്ടിൽ സാധാരണക്കാരന്റെ അവസാന അത്താണിയായ കോടതികൾ ഉണ്ട്. സുപ്രീം കോടതി വരെ പോകാനും നമ്മൾ തയ്യാറാണ്. ഏതാനും നേതാക്കളെ ഇല്ലാതാക്കിയാൽ ഈ പ്രസ്ഥാനത്തെ തളർത്താൻ കഴിയും എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് എന്ന് കാലം തെളിയിക്കും...

അതേസമയം, തനിക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ. താൻ ഒളിവിൽ പോയിട്ടില്ലെന്നും ഭാര്യക്കൊപ്പം ഖത്തറിലെ വീട്ടിൽ ഉണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഇന്നത്തെ പത്രങ്ങളിലെല്ലാം ജാസ്മിന്റെയും മറ്റ് മൂന്ന് യുഎൻഎ നേതാക്കളുടെയും ചിത്രങ്ങൾ സഹിതം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ 'ഒളിവിൽ കഴിയുന്ന പ്രതിയെ' തേടി മറുനാടൻ ഫോണിൽ വിളിച്ചപ്പോഴാണ് അദ്ദേഹം ഫോണിൽ ഇക്കാര്യം പറഞ്ഞത്. താൻ ഖത്തറിലുള്ള വിവരം ഫേസ്‌ബുക്കിൽ പരസ്യമായി പോസ്റ്റായി ഇട്ടതാണെന്നും അവധിക്ക് ശേഷം സെപ്റ്റംബർ 15ന് മടങ്ങി എത്തുന്ന കാര്യവും എല്ലാവർക്കും അറിവുള്ളതാണെന്നും ജാസ്മിൻ ഷാ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരുഫേസ്‌ബുക്ക് കുറിപ്പും ജാസ്മിൻ ഷാ ഇന്നിട്ടു.

ഓഫർ... വമ്പിച്ച ഓഫർ

മാധ്യമങ്ങൾ തൃശൂർ ജില്ലയിൽ എന്റെയോ, കുടുംബത്തിന്റെയോ പേരിൽ ഉണ്ട് എന്ന് ആരോപിക്കുന്ന 4 ഫ്‌ളാറ്റുകൾ എവിടെയാണെന്ന് കണ്ടെത്തി തന്നാൽ 2 എണ്ണം വീടില്ലാതെ കഷ്ടപ്പെടുന്ന 2 മാധ്യമപ്രവർത്തകർക്ക് നൽകാം .

തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് .

എന്ന്

പിടികിട്ടാപ്പുള്ളി
ജാസ്മിൻഷ
ഒപ്പ്

ആറ് തവണ യുഎൻഎക്കെതിരായ കേസ് കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഇതിൽ ഒരു ഘട്ടത്തിലും തങ്ങൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല. കേസിലെ രാഷ്ട്രീയ ഇടപെടലുകളും കോടതിയെ ബോധിപ്പിച്ചിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാൻ നോട്ടീസ് വന്നിരുന്നില്ലെന്നും ജാസ്മിൻ വ്യക്തമാക്കുന്നു. താൻ മാറിമാറി ഒളിവിൽ കഴിയുന്നു എന്ന വാദത്തിലേക്ക് എങ്ങനെയാണ് ക്രൈംബ്രാഞ്ച് എത്തിയതെന്നാണ് ജാസ്മിന്റെ ചോദ്യം. ഖത്തറിലെ തന്റെ അഡ്രസ് അടക്കം ഉദ്യോഗസ്ഥർക്ക് അറിവുള്ള കാര്യമാണെന്നും ജാസ്മിൻ പറയുന്നു.

ജാസ്മിനെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, പി ഡി ജിത്തു, നിതിൻ മോഹൻ എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. പ്രതികൾ ഒളിവിൽ പോയി എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP