Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

പുതുവൈപ്പിലെ വിഷയത്തിൽ നന്ദിഗ്രാമും സിംഗൂരും ഓർമ്മിപ്പിച്ച് ജനയുഗം; എൽഡിഎഫ് നയത്തെ വികൃതവും അപഹാസ്യവുമാക്കി; സെർക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാൻ മുഖ്യമന്ത്രി തയാറാകണം

പുതുവൈപ്പിലെ വിഷയത്തിൽ നന്ദിഗ്രാമും സിംഗൂരും ഓർമ്മിപ്പിച്ച് ജനയുഗം; എൽഡിഎഫ് നയത്തെ വികൃതവും അപഹാസ്യവുമാക്കി; സെർക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാൻ മുഖ്യമന്ത്രി തയാറാകണം

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: പുതുവൈപ്പിൽ പ്രതിഷേധമുയർത്തിയ നാട്ടുകാർക്ക് നേരെയുണ്ടായ പൊലീസ് നടപടി എൽഡിഎഫിന്റെ വിശ്വാസ്യതയ്ക്കുമേൽ കളങ്കം ചാർത്തിയെന്ന് സിപിഐ മുഖപത്രമായ ജനയുഗം. 'കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടിൽ' എഡിറ്റോറിയലിലൂടെയാണ് ജനയുഗം പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചത്.

എൽഡിഎഫിന്റെ നയത്തെ വികൃതവും അപഹാസ്യവുമാക്കിയതാണ് പുതുവൈപ്പിനിലെ പൊലീസ് നടപടി. വിനാശകരമായ പാശ്ചാത്യ മാതൃകകളെ അപ്പാടെ പകർത്താൻ ശ്രമിക്കുന്നത് വൻ ദുരന്തങ്ങൾക്കായിരിക്കും വഴിതെളിക്കുക. എൻഡോസൾഫാനും കൊക്കോക്കോളയും അതാണ് നമുക്ക് കാണിച്ചുതരുന്നത്. അത്തരം ദുരന്തങ്ങളുടെ മറുപുറമാണ് സിംഗൂരും നന്ദിഗ്രാമും. അവയിൽ നിന്ന് പാഠമുൾക്കൊള്ളാൻ നാം തയാറാവണമെന്നും ജനയുഗം ആവശ്യപ്പെടുന്നു.

Stories you may Like

പ്രക്ഷോഭകരെ ഇതുവരെ പൊലീസ് നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. ഇടതുപക്ഷ ഭരണത്തിൽ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പൊലീസ് പെരുമാറുമെന്ന വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാൻ മുഖ്യമന്ത്രി തയാറാവണം.

മനുഷ്യാവകാശ ലംഘനങ്ങൾക്കും ക്രിമിനൽ അതിക്രമങ്ങൾക്കും ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥരുടെ മേൽ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജനയുഗം എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

എഡിറ്റോറിയലിന്റെ പൂർണരൂപം:

പുതുവൈപ്പിൽ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ തദ്ദേശവാസികളുടെ സമരം വികസന സംരംഭങ്ങളെപ്പറ്റിയും വികസന സംസ്‌കാരത്തെപ്പറ്റിയും കേരള സമൂഹത്തെ ഇരുത്തിചിന്തിപ്പിക്കാൻ നിർബന്ധിതമാക്കുന്നു. ഉയർന്ന ജനസാന്ദ്രതയും ഇടുങ്ങിയ പാതകളടക്കം പരിമിതമായ ഗതാഗത സൗകര്യവും പരിഗണിക്കുമ്പോൾ നിർദ്ദിഷ്ട എൽപിജി സംഭരണി വലിയൊരു ജനവിഭാഗത്തിന് തികച്ചും ആകർഷകവും സ്വീകാര്യവുമാണ്. വൈപ്പിൻ നിവാസികളടക്കം ജനസംഖ്യയിൽ മഹാഭൂരിപക്ഷവും പാചകവാതക ഉപഭോക്താക്കളാണെന്നതും പദ്ധതിക്ക് ഏറെ അനുകൂലമായ ഘടകമാണ്. പാചകവാതകം ജനങ്ങൾക്ക് അവരുടെ ഭവനങ്ങളിൽ കുഴൽവഴി എത്തിച്ചേരുമെന്നും അതിന്റെ തടസംകൂടാതെയുള്ള ലഭ്യത ഉറപ്പുവരുത്തുമെന്നതും ആശ്വാസകരമാണ്. അതുകൊണ്ട് തന്നെ പദ്ധതി അതിവേഗം സാധ്യമാകുമെന്ന പൊതുധാരണയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

പദ്ധതിയെ എതിർക്കുന്ന ആബാലവയോധികം ജനങ്ങൾക്കിടയിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയിരിക്കുന്നതായി പൊലീസ് ഉന്നതരിൽ നിന്നും ആരോപണം ഉയർന്നിരിക്കുന്നു. പ്രക്ഷോഭകരെ ഇതുവരെ പൊലീസ് നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത് എൽഡിഎഫിന്റെ വിശ്വാസ്യതയ്ക്കുമേലാണ് കളങ്കം ചാർത്തിയിരിക്കുന്നത്. ആരുഭിച്ചാലും പൊലീസ് പഴയപടിയെ പ്രവർത്തിക്കൂ എന്ന തോന്നൽ ജനങ്ങളിൽ ബലപ്പെടുത്താൻ അതിടയാക്കി. ഇടതുപക്ഷ ഭരണത്തിൽ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പൊലീസ് പെരുമാറുമെന്ന വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം സംബന്ധിച്ച പ്രഖ്യാപനത്തെ പുതുവൈപ്പ് പൊലീസ് നരനായാട്ടുമായി കൂട്ടിവായിക്കാൻ പല കേന്ദ്രങ്ങളും കാട്ടിയ തിടുക്കം ശ്രദ്ധേയമാണ്. എൽഡിഎഫ് സർക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാൻ മുഖ്യമന്ത്രി തയാറാവണം. സർക്കാരിന്റെ പൊലീസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാർഗം. പുതുവൈപ്പിൽ ഉയർന്നുവന്നിരിക്കുന്ന ജനകീയ പ്രതിരോധത്തിന് പരിഹാരം കാണാനും അതിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാനും അതുവഴിമാത്രമേ കഴിയു.

വികസനമെന്നാൽ പത്തുവരിപ്പാതകളും വമ്പൻ തുറമുഖങ്ങളും ലോകോത്തര വിമാനത്താവളങ്ങളും വാതകക്കുഴൽ ശൃംഖലകളും വ്യവസായ സമുച്ചയങ്ങളും അണക്കെട്ടുകളും ആഡംബര മാളുകളുമുൾപ്പെട്ട നിർമ്മിതികളായി കാണുന്ന പാശ്ചാത്യ മുതലാളിത്ത സംസ്‌കാരം ലോകമെങ്ങും ചോദ്യം ചെയ്യപ്പെടുകയാണ്. മനുഷ്യ ജീവിതത്തിന് ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ലഭ്യമാവണം. പക്ഷെ മഹാഭൂരിപക്ഷം വരുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെയും ജീവിതനിലനിൽപിനെ അപ്പാടെ നിഷേധിച്ചുകൊണ്ടാവരുത് അത്.

അവനും അവന്റെ ജീവിതവും അവൻ ജീവിക്കുന്ന ജൈവപ്രകൃതിയും കേന്ദ്രമായുള്ള ഒരു വികസനം മാത്രമേ അവന് സ്വീകാര്യമാവു. വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യ മാതൃകകളെ അപ്പാടെ പകർത്താൻ ശ്രമിക്കുന്നത് വൻ ദുരന്തങ്ങൾക്കായിരിക്കും വഴിതെളിക്കുക. എൻഡോസൾഫാനും കൊക്കോക്കോളയും അതാണ് നമുക്ക് കാണിച്ചുതരുന്നത്. അത്തരം ദുരന്തങ്ങളുടെ മറുപുറമാണ് സിംഗൂരും നന്ദിഗ്രാമും. അവയിൽ നിന്ന് പാഠമുൾക്കൊള്ളാൻ നാം തയാറാവണം. പുതുവൈപ്പ് പദ്ധതിയെപ്പറ്റി പുറത്തുവന്ന വസ്തുതകൾ വെളിപ്പെടുത്തുന്നത് വികസന പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച സമസ്ത മാനദണ്ഡങ്ങളുടെയും നിരാസമാണ്.

തീരദേശ പരിപാലനം സംബന്ധിച്ച എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും അവിടെ അട്ടിമറിക്കപ്പെട്ടു. ഒരു ബൃഹദ് പദ്ധതിക്ക് അനിവാര്യമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാത പഠനങ്ങൾ യാതൊന്നും തൃപ്തികരമായോ ജനങ്ങൾക്ക് ബോധ്യപ്പെടുംവിധമോ നിർവഹിക്കപ്പെട്ടില്ല. പദ്ധതി പ്രദേശത്തെ തദ്ദേശ ഭരണകൂടത്തിന്റെ അഭിപ്രായത്തിനോ എതിർപ്പിനോ പുല്ലുവില കൽപിക്കപ്പെട്ടില്ല. വികസനത്തിന്റെ പേരിൽ പാവങ്ങളെ എങ്ങനെയും നേരിടാമെന്ന ഉദ്യോഗസ്ഥ പ്രമാണിമാരുടെ അഹന്തയാണ് പുതുവൈപ്പിൽ ചോദ്യം ചെയ്യപ്പെടുന്നത്.

പുതുവൈപ്പിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം യാതൊരു മുൻവിധിയും കൂടാതെ പ്രക്ഷുബ്ധരായ അവിടത്തെ ജനങ്ങളുമായി ചർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. അതുവരെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണം. പൊലീസ് അതിക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങളും കാരണങ്ങളും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിന് വിധേയമാവണം. മനുഷ്യാവകാശ ലംഘനങ്ങൾക്കും ക്രിമിനൽ അതിക്രമങ്ങൾക്കും ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥരുടെ മേൽ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണം. അതിലൂടെ മാത്രമേ കേരളത്തിനു പൊതുവിൽ പ്രയോജനകരമായേക്കാവുന്ന പദ്ധതിയുടെ ഭാവിയെപ്പറ്റി സമവായത്തിനും മുന്നോട്ടുള്ള മാർഗത്തിനും വഴിയൊരുങ്ങു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP