Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ആലപ്പുഴക്കാർക്കായി തോമസ് ഐസക്കിന്റെ കിടുക്കാച്ചി ഐഡിയ; ജില്ലയിലെത്തുന്ന ആരും വിശന്ന് വലയാതിരിക്കാൻ ജനകീയ ഭക്ഷണ ശാല പ്രവർത്തനം തുടങ്ങിയത് പണം പോലും വാങ്ങാതെ; ലോക്ക് ഡൗണിന് പിന്നാലെ സർക്കാർ പദ്ധതി ഏറ്റെടുത്തപ്പോൾ സംസ്ഥാനത്ത് തുടക്കമിട്ടത് 100 ഭക്ഷണശാലകൾ; കുടുംബശ്രീയും കൈകോർത്തപ്പോൾ ഇരട്ടി വിജയം; സംസ്ഥാനത്ത് വിജയം കണ്ടത് 215 ഭക്ഷണ ശാലകൾക്ക്; 20രൂപയ്ക്ക് മീൻ കറിയും സദ്യയും; ജനകീയ ഭക്ഷണശാല വിജയം കൊയ്യുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: സംസ്ഥാന കുടുംബശ്രീ മിഷന്റെ ജനകീയ ഹോട്ടലുകൾക്ക് പിന്തുണ വർധിക്കുന്നു. 1000 ജനകീയ ഹോട്ടലുകൾ പദ്ധതി ഓഗസ്റ്റോടെ പൂർത്തിയാകും. സംസ്ഥാനമൊട്ടാകെ ഇപ്പോൾ 491 ഹോട്ടലുകൾ ആരംഭിച്ചിട്ടുണ്ട്. കോവിഡിനുശേഷം ആവശ്യം വർധിച്ചിരിക്കുകയാണ്.406 ഗ്രാമീണ യൂണിറ്റുകളും 85 നഗര കേന്ദ്രീകൃത യൂണിറ്റുകളുമാണുള്ളത്. ഇവിടെനിന്നെല്ലാം 49,000-ത്തോളം ഊണുകൾ പ്രതിദിനം പാഴ്‌സലായും വീടുകളിലെത്തിച്ചും നൽകുന്നുണ്ട്. നിലവിൽ 25 രൂപയാണ് ഊണിന്.ഏറ്റവുമധികം ജനകീയ ഹോട്ടലുകൾ എറണാകുളം ജില്ലയിലാണ്. 73 എണ്ണം. കുറവ് കാസർകോടാണ്. 10 എണ്ണം.

ഏപ്രിൽ നാലിനാണ് ഇവ പ്രവർത്തനമാരംഭിച്ചത്. വിവിധ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ 180-ഉം നഗരങ്ങളിൽ 35-ഉം ആയി 215 ഹോട്ടലുകളുമാണ് ആരംഭിച്ചത്.കാസർകോട്, ഇടുക്കി, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ പുതുതായി ഹോട്ടലുകൾ പ്രവർത്തനമാരംഭിക്കും. നഗരങ്ങളിൽ പ്രവർത്തിക്കുന്നവ കുറവാണ്. കാസർകോട് നഗരത്തിൽ ജനകീയ ഹോട്ടൽ ഒന്നുംതന്നെയില്ല. ഇടുക്കി, വയനാട് ജില്ലകളിലെ നഗര പ്രദേശങ്ങളിൽ ഒന്ന് വീതമാണുള്ളത്. ഇത്തരം നഗരങ്ങൾ കേന്ദ്രീകരിച്ചാകും ആദ്യപ്രവർത്തനം.

ആഗസ്റ്റോടെ ആയിരം ഹോട്ടലുകൾക്ക് പ്രവർത്തനം കുറിക്കാനാണ് കുടുംബശ്രി ലക്ഷ്യമിടുന്നത്.പഞ്ചായത്തുകളാണ് ഇതിനുള്ള സൗകര്യങ്ങൾ കണ്ടെത്തേണ്ടത്. ലോക്ക് ഡൗൺ കാലയളവിൽ സാമൂഹിക അടുക്കളയായി പ്രവർത്തിച്ചിരുന്നവയിൽ ചിലത് ജനകീയ ഹോട്ടലുകളായി മാറിയിട്ടുണ്ട്. ഓഗസ്റ്റോടെ ആയിരം ഹോട്ടലുകൾ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയക്ടർ എസ് ഹരികിഷോർ വ്യക്തമാക്കുന്നത്. നിലവിൽ തിരുവനന്തപുരം ജില്ലയിൽ 55, കൊല്ലം 55, പത്തനംതിട്ട 32, ആലപ്പുഴ 33, കോട്ടയം 32,
ഇടുക്കി 22, എറണാകുളം 74, തൃശ്ശൂർ 43, പാലക്കാട് 35, മലപ്പുറം 28, വയനാട് 14, കോഴിക്കോട് 33, കണ്ണൂർ 25, കാസർകോട് 10, എന്നിങ്ങനെയാണ്. ലോക്് ഡൗണിന് പിന്നാലെയാണ് കമ്യൂണിറ്റി കിച്ചനും ജനകീയ അടുക്കളും തുടക്കമിടാൻ സർക്കാർ പദ്ധതി തയ്യാറാക്കിയത്.

കോവിഡ് പ്രത്യാഘാതങ്ങൾക്കിടെ, സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ അന്നമൊരുക്കി കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ശ്രദ്ധേയമായത്. തോമസ് ഐസക്ക് ആലപ്പുഴയിൽ ആരംഭിച്ച ജനകീയ ഹോട്ടൽ എന്ന ആശയം മീൻ കറി അടക്കമുള്ള വിഭവങ്ങൾ ഒരുക്കിയാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഇവിടെ ആദ്യഘട്ടത്തിൽ പണം ഈടാക്കിയിരുന്നില്ല. സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള ജനകീയ ഹോട്ടലുകൾ, അടച്ചിടലിൽ കുടുങ്ങിയവർക്ക് 20 രൂപക്ക് ഊൺ നൽകിയാണ് പ്രവർത്തനം തുടങ്ങിയത്.
തദ്ദേശ സ്ഥാപന ഫണ്ടും കുടുംബശ്രീ ഫണ്ടും ഉപയോഗിച്ചാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.

സബ്‌സിഡി ഇനത്തിൽ റേഷനരിയുംജനകീയ ഹോട്ടലുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തിന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് 600 ടൺ അരി നീക്കിവെക്കും. തൊട്ടടുത്തുള്ള റേഷൻകടയിൽനിന്ന് 10.90 രൂപ നിരക്കിലായിരിക്കും ജനകീയഹോട്ടലുകൾക്ക് അരി അനുവദിക്കുക.കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് ജില്ലാ സപ്ലൈ ഓഫീസർമാർ അപേക്ഷ നൽകുന്ന മുറയ്ക്ക് അരിക്ക് പെർമിറ്റ് നൽകാനാണ് നിർദ്ദേശം. സംസ്ഥാനത്ത് 1000 ജനകീയ ഹോട്ടലുകളാണ് തുറക്കാൻ തീരുമാനിച്ചിരുന്നത്. പുതുതായി തുറന്ന ജനകീയ ഹോട്ടലുകൾ വീടുകളിലും ഭക്ഷണമെത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടലുകൾക്ക് ആവശ്യമായ ഭക്ഷ്യധാന്യം നൽകും. എന്നാൽ, ഇത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കും.

ആലപ്പുഴയിലെ ജനകീയ ഹോട്ടൽ

ഇരുപത്തിയഞ്ച് രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന കേരള സർക്കാരിന്റെ ആദ്യ ഭക്ഷണശാലയ്ക്ക് ആലപ്പുഴയിൽ തുടക്കം. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലാണ് ബജറ്റ് പ്രഖ്യാപനമായ ജനകീയ ഹോട്ടലിന് തുടക്കമായത്. ഓണത്തിന് മുമ്പ് ഹോട്ടലുകൾ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.മണ്ണഞ്ചേരി പഞ്ചായത്തും കുടുംബശ്രീയുമായി ചേർന്നാണ് സംസ്ഥാനത്തെ ആദ്യ ജനകീയ ഹോട്ടൽ തുറന്നത്.

ഇവിടേക്ക് ഭക്ഷണം പാചകം ചെയ്ത് എത്തിക്കുന്നത് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയിൽ നിന്നാണ്. 25 രൂപയുടെ ഊണിനൊപ്പം മീൻചാർ, സാമ്പാർ, മോര്, തോരൻ, അച്ചാർ എന്നിവയും ഉണ്ടാകും. ഊണിന് 25 രൂപ നൽകാൻ കയ്യിൽ ഇല്ലാത്തവർക്ക് സൗജന്യമായും ഊണ് കഴിക്കാം. ഇതിനായി ഹോട്ടലിലെ ബോർഡിൽ നിന്ന് ഷെയർ മീൽസ് ടോക്കൺ എടുത്ത് നൽകിയാൽ മതി. മറ്റൊരാളുടെ വിശപ്പ് അകറ്റാൻ 25 രൂപ നൽകി ഷെയർ മീൽസ് ടോക്കൺ വാങ്ങി ബോർഡിൽ സ്ഥാപിക്കാം. ഓരോ ആഴ്ചയിലും ഓരോ പുതിയ ഭക്ഷണശാലകൾ തുറക്കാനാണ് പദ്ധതിയെന്നും മന്ത്രി ഐസക്ക് വ്യക്തമാക്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP