Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുത്തക മൂലധനത്തിന്റെ മൂക്കുകയറില്ല; മലയാളത്തിൽ ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ പത്രമായി ജനയുഗം എന്ന് പ്രഖ്യാപനം നടത്തിയത് പിണറായി വിജയൻ; ജനയുഗം നടപ്പിലാക്കുന്നത് മാതൃകാപരമായ കാര്യമെന്ന് മുഖ്യമന്ത്രി; മുതലാളിത്ത മൂലധനത്തിനെതിരായ പോരാട്ടത്തിൽ സോഫ്റ്റ് വെയർ മാത്രമല്ല മലയാള ലിപിയേയും വീണ്ടെടുത്തു എന്ന് കാനം രാജേന്ദ്രൻ

കുത്തക മൂലധനത്തിന്റെ മൂക്കുകയറില്ല; മലയാളത്തിൽ ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ പത്രമായി ജനയുഗം എന്ന് പ്രഖ്യാപനം നടത്തിയത് പിണറായി വിജയൻ; ജനയുഗം നടപ്പിലാക്കുന്നത് മാതൃകാപരമായ കാര്യമെന്ന് മുഖ്യമന്ത്രി; മുതലാളിത്ത മൂലധനത്തിനെതിരായ പോരാട്ടത്തിൽ സോഫ്റ്റ് വെയർ മാത്രമല്ല മലയാള ലിപിയേയും വീണ്ടെടുത്തു എന്ന് കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനയുഗം പത്രം സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് പുറത്തിറങ്ങുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മാതൃകാപരമായ കാര്യമാണ് ജനയുഗം ഇത്തരം ഒരു സംരംഭത്തിലൂടെ മുന്നോട്ട് വെച്ചിരിക്കുന്നത് എന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അച്ചടിക്കുൾപ്പെടെ ലോകവ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ കുത്തകകൾ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. അതിന് മാറ്റം വരുകയാണ്. മാധ്യമ പ്രവർത്തന രംഗത്ത് പല പുത്തൻ സങ്കേതങ്ങളും കൊണ്ടുവന്ന ജനയുഗമാണ് കേരളത്തിൽ ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർത്തമാന പത്രങ്ങളുടെ ചരിത്രത്തിൽ ഒരു പുതു യുഗത്തിന് തുടക്കം കുറിക്കുകയാണ് ജനയുഗം എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ചെറു പത്രമെങ്കിലും ഇത്തരം ഒരു അവസരത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും കാനം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ലോകത്തെ ജനതക്കാകെ അവകാശപ്പെട്ട ശാസ്ത്ര-സാങ്കേതിക പുരോഗതി കൈവശപ്പെടുത്തി വെക്കാൻ ആർക്കും അവകാശമില്ല. അതിനാലാണ് ഒരു സംഘം ആളുകൾ ഫ്രീ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. മൂലധനത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട കാലഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ് വെയർ മാത്രമല്ല, മലയാള ലിപിയെയും വീണ്ടെടുത്താണ് ജനയുഗം ജനങ്ങളിലേക്ക് എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. രാജാജി മാത്യു തോമസ്, ബിനോയ് വിശ്വം എംപി, ജോസ് പ്രകാശ്, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഒമാൻ പൗരനും സ്വതന്ത്ര സോഫ്റ്റ് വെയർ വിദഗ്ധനുമായ ഫഹദ് അമർ അൽ സെയ്ദി, മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, ഡെപ്യുട്ടി സ്പീക്കർ വി ശശി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

1947ൽ കൊല്ലത്ത് നിന്ന് വാരികയായിട്ടായിരുന്നു ജനയുഗത്തിന്റെ തുടക്കം. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. 1993ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മെയ്‌ 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. സിപിഐയുടെ മുഖപത്രത്തിന്റെ ചീഫ് എഡിറ്റർ കാനം രാജേന്ദ്രനാണ്.

കേരളത്തിൽ ആദ്യമായാണ് ഒരു പത്രം സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് പുറത്തിറങ്ങുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു പത്രം പുറത്തിറക്കുന്നതെന്ന് ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് ചൂണ്ടിക്കാട്ടി. ലോകത്ത് ഒരിടത്തും പത്രം പുറത്തിറക്കാൻ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതായി അറിവില്ല. അച്ചടി മേഖലയിൽ യൂറോപ്യൻ രാജ്യങ്ങളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ട എങ്കിലും പത്ര അച്ചടി മേഖലയിൽ ഇതിന്റെ സാധ്യതകൾ ആരും പരീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ജനങ്ങളുടെ കൈകളിൽ എത്തുക പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് അച്ചടിക്കുന്ന പത്രമായിരിക്കും.

പേജ് മേക്കറിനും ഇൻഡിസൈനും ഫോട്ടോഷോപ്പിനും പകരം സ്‌ക്രൈബ്സ് എന്ന ഒറ്റ സ്വതന്ത്ര സോഫ്റ്റ് വെയറാകും പത്രം ഇനി ഉപയോഗിക്കുക. പത്രത്തിന്റെ ലേ ഔട്ടിനും ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിനും ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ഉപയോഗിക്കാനാകും. വർഷംതോറും സോഫ്റ്റ് വെയറുകൾക്ക് നൽകേണ്ടിവരുന്ന സബ്സ്‌ക്രിപ്ഷൻ തുക ഇനിമുതൽ നൽകേണ്ടി വരില്ല.

സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം പ്രസംഗത്തിൽ മാത്രമല്ല, പ്രവർത്തിയിലും കൊണ്ടുവരാനാകും എന്നാണ് പുതിയ മാറ്റത്തെ കുറിച്ച് രാജാജി പറയുന്നത്. ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയത് പോലുള്ള ഒരു നീക്കമാണിത്. പണം നൽകിയാലും കുത്തക കമ്പനികൾ ഡിസൈൻ ചെയ്തിരിക്കുന്ന മൗലിക സ്വഭാവങ്ങളിൽ മാറ്റം വരുത്താൻ കഴിയാത്ത സോഫ്റ്റ് വെയറുകൾ ആയിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത്. ആ സ്ഥാനത്തേക്ക് പണം നൽകി സ്വന്തമാക്കുന്ന സോഫ്റ്റ് വെയർ പൂർണ അർത്ഥത്തിൽ ഉടമയുടെ കൈവശം എത്തുകയും മൗലിക ഘടനയിൽ പോലും മാറ്റം വരുത്താനുള്ള അധികാരം സ്വന്തമാകുകയും ചെയ്യുന്നു.

ഇതിനൊപ്പം, പൂർണമായും തനത് മലയാളം ലിപി ഉപയോഗിക്കാനാകും എന്നതും സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രത്യേകതയാണ് എന്നും രാജാജി ചൂണ്ടിക്കാട്ടുന്നു. ടൈപ്പ് റൈറ്ററിന്റെ വരവോടെ കൂട്ടക്ഷരങ്ങളിലും ചില്ലക്ഷരങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാണ് അച്ചടിച്ചിരുന്നത്. ടൈപ്പ് റൈറ്ററിന്റെ പരിമിതി മൂലമായിരുന്നു അത്. എന്നാൽ, പിന്നീട് ആ പരിമിതികൾ ഒന്നുമില്ലാതെ അനന്ത സാധ്യതകളുമായി കമ്പ്യൂട്ടർ എത്തിയപ്പോഴും ഘടനാ മാറ്റം വരുത്തിയ അക്ഷരങ്ങൾ തന്നെ തുടർന്നു. ഇപ്പോൾ മലയാളം ലിപിയുടെ ജൈവികത നിലനിർത്തി തന്നെ ജനയുഗം പുറത്തിറങ്ങാൻ പോകുകയാണ്.

ഒക്ടോബർ രണ്ട് മുതൽ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പത്രം ഇറക്കുന്നത് എങ്കിലും ഒദ്യോഗികമായ ഉദ്ഘാടനം കേരളപ്പിറവി ദിനത്തിന് മതി എന്ന് തീരുമാനിക്കുകയായിരുന്നു. ഒരു മാസത്തെ ട്രയൽ റണ്ണിന് ശേഷം നവംബർ ഒന്നിന് സ്വതന്ത്ര സോഫ്റ്റ് വെയർ പത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയും ചെയ്തു.

സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്‌റ്റ്‌വെയറുകളാണ് സ്വതന്ത്രസോഫ്‌റ്റ്‌വെയർ. സാധാരണയായി സ്വതന്ത്രസോഫ്‌റ്റ്‌വെയർ സൗജന്യമായി ലഭ്യമാണ്. സ്വതന്ത്രസോഫ്‌റ്റ്‌വെയർ ചിലപ്പോൾ സൗജന്യമായി ലഭിക്കണമെന്നില്ല എന്നാൽ അത് ഉപയോഗിക്കുന്നതിന് പണം നൽകേണ്ടതില്ല. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നൽകേണ്ടിവരികയുള്ളു. കൂടാതെ സോഫ്‌റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്‌റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്‌റ്റ്‌വെയർ അനുമതി പത്രം സാധാരണയായി ഉൾപ്പെടുത്തിയിരിക്കും.

കൂടാതെ അത് ഏതൊരുപയോക്താവിനും സോഫ്‌റ്റ്‌വെയർ സ്വാതന്ത്ര്യം നൽകുന്നവയായിരിക്കും. സൗജന്യമായി ലഭിക്കുന്ന ഒരു സോഫ്‌റ്റ്‌വെയർ സ്വതന്ത്രസോഫ്‌റ്റ്‌വെയർ ആകണമെന്നില്ല. സൗജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്‌റ്റ്‌വെയറുകളെ ഫ്രീവെയർ (സൗജന്യസോഫ്‌റ്റ്‌വെയർ) എന്നു് വിളിക്കുന്നു. സൗജന്യസോഫ്‌റ്റ്‌വെയർ അതിന്റെ പകർപ്പവകാശം നിർമ്മാതാക്കളിൽതന്നെ നിലനിറുത്തുന്നു. കൂടാതെ ഇവയുടെ സോഴ്സ് ലഭ്യമായിരിക്കുകയില്ല. ഇവയുടെ കൂടുതൽപകർപ്പുകൾ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയില്ല.

1986 ഫെബ്രുവരിയിൽ സ്വതന്ത്രസോഫ്‌റ്റ്‌വെയർ നിർവ്വചനം പ്രസിദ്ധീകരിച്ചു.അത് തയ്യാറാക്കിയത് റിച്ചാഡ് സ്റ്റാൾമാനാണ്. അതിൻപ്രകാരം സ്വതന്ത്രസോഫ്‌റ്റ്‌വെയർ ഉപയോക്താവിന് താഴെപറയുന്ന തരം സ്വാതന്ത്ര്യങ്ങൾ ഉണ്ട് ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം, സോഫ്‌റ്റ്‌വെയർ എങ്ങനെ പ്രവൃത്തിക്കുന്നു എന്ന് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം, പ്രോഗ്രാമിന്റെ പകർപ്പുകൾ പുനർവിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം, പ്രോഗ്രാമിനെ നവീകരിക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം. സ്വാതന്ത്ര്യം 1 സ്വാതന്ത്ര്യം 3 എന്നിവ ലഭിക്കുവാൻ സോഫ്‌റ്റ്‌വെയറിന്റെ സോഴ്സ് ലഭ്യമായിരിക്കണം. സോഴ്സ് ഇല്ലാതെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രസോഫ്‌റ്റ്‌വെയർ ഉപയോക്താവിന് സോഫ്‌റ്റ്‌വെയറിന്മേലുള്ള പൂർണ്ണ നിയന്ത്രണം ലഭ്യമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP