Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനിൽ നമ്പ്യാർ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രം; കോർഡിനേറ്റിങ് എഡിറ്ററാണ്, ഓഹരിയുടമയല്ല; സ്വർണ്ണക്കടത്തു വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നമ്പ്യാർ മാറി നിൽക്കുന്നത്; ആരോപണങ്ങളിൽ നിന്ന് മുക്തനാകുമ്പോൾ അദ്ദേഹം തിരിച്ചെത്തും; ജനം ടിവിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം; അനിൽ നമ്പ്യാർ വിഷയത്തിൽ വിശദീകരണവുമാായി ജനം എം.ഡി പി വിശ്വരൂപൻ

അനിൽ നമ്പ്യാർ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രം; കോർഡിനേറ്റിങ് എഡിറ്ററാണ്, ഓഹരിയുടമയല്ല; സ്വർണ്ണക്കടത്തു വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നമ്പ്യാർ മാറി നിൽക്കുന്നത്; ആരോപണങ്ങളിൽ നിന്ന് മുക്തനാകുമ്പോൾ അദ്ദേഹം തിരിച്ചെത്തും; ജനം ടിവിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം; അനിൽ നമ്പ്യാർ വിഷയത്തിൽ വിശദീകരണവുമാായി ജനം എം.ഡി പി വിശ്വരൂപൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ ജനം ടിവിയുടെ കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ചാനലിന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞിരുന്നു. സ്വർണ്ണക്കടത്തു വിഷയത്തിൽ ജനം ടിവിയും ബിജെപിയും പ്രതിരോധത്തിലായതിന് പിന്നാലെയാണ് നമ്പ്യാർ താൻ ചുമതലകളിൽ നിന്നും താൽക്കാലികമായി ഒഴിയുന്നതായി വ്യക്തമാക്കിയത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ജനം ടിവിയും രംഗത്തെത്തി. അനിൽ നമ്പ്യാർ ജനം ടിവി മേധാവിയാണ് എന്ന വിധത്തിൽ സൈബർ ലോകത്തു നടക്കുന്ന പ്രചരണങ്ങളെ ചെറുത്തു കൊണ്ടാണ് ജനം ടിവി എംഡി തന്നെ രംഗത്തത്തിയത്.

ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രമാണ് അനിൽ നമ്പ്യാരെന്നും വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ജനം ടിവിയുടെ നിലവിലുള്ള ചുമതലകളിൽ നിന്ന് അനിൽ നമ്പ്യാർ മാറി നിൽക്കുമെന്നും ജനം ടിവി എം.ഡി പി. വിശ്വരൂപൻ അറിയിച്ചു. നമ്പ്യാർ ജനം ടിവിയുടെ ഓഹരി ഉടമ അല്ല , കോർഡിനേറ്റിങ് എഡിറ്റർ മാത്രമാണ്. ജനം ടിവി വെബ്സൈറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണവും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനം ടിവിയുടെ നേരത്തെ ഉണ്ടായിരുന്ന ഒരു വെബ്സൈറ്റും പിൻവലിച്ചിട്ടില്ല. ജനംടിവിയിൽ ആരൊക്കെ ഓഹരിയെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങൾ എല്ലാം രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് സാമൂഹ്യമാധ്യമങ്ങളിൽ ദുഷ്പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അനിൽ നമ്പ്യാരെ വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം മാറി നിൽക്കും. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുക്തനാകുമ്പോൾ അദ്ദേഹം തിരിച്ചെത്തുമെന്നും എം.ഡി പി.വിശ്വരൂപൻ കൂട്ടിച്ചേർത്തു.

വിഷയത്തിൽ തന്നെപ്പറ്റിയുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതു വരെ ജനം ടിവി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന് അനിൽ നമ്പ്യാരും നേരത്തെ വ്യക്തമാക്കിയിരുന്നു. കസ്റ്റംസ് മണിക്കൂറുകൾ ചോദ്യം െചയ്തതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനിൽ നമ്പ്യാർക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ സ്വർണക്കടത്തുകേസിൽ ബിജെപി പ്രതിരോധത്തിലായിരുന്നു.

വി.മുരളീധരൻ പ്രതികൾക്ക് പരോക്ഷനിർദ്ദേശം നൽകുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു കൊണ്ടു രംഗത്തുവരികയും ചെയ്തു. സ്വർണക്കടത്തുകേസിൽ ശരിയായ അന്വേഷണം നടന്നാൽ പലരുടെയും നെഞ്ചിടിപ്പുകൂടുമെന്ന നിലപാട് ഇപ്പോൾ കൂടുതൽ ശരിയായെന്ന് അവർ പറഞ്ഞു. കള്ളക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന നിലപാടാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും തുടക്കം മുതൽ സ്വീകരിച്ചത്.

പ്രതികൾക്ക് പരോക്ഷ നിർദ്ദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴിപകർപ്പുകൾ. ജനം ടിവിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന നുണപ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് വ്യക്തമായെന്നും സിപിഎം പ്രതികരിച്ചു.

അനിൽ നമ്പ്യാർ പരൽമീനാണെന്നും വമ്പൻ സ്രാവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രശ്‌നമാണ് ഇത്. വി.മുരളീധരന്റെ ഇടപെടൽ പകൽ പോലെ വ്യക്തം. അനിൽ നമ്പ്യാർ സ്വന്തം ഇഷ്ടപ്രകാരമല്ല വിളിച്ചത്. വി.മുരളീധരൻ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എ.എ.റഹീം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP