Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമ്മു കാശ്മീർ സിവിൽ സെക്രട്ടറിയേറ്റിൽ നിന്നും ആ സംസ്ഥാന പതാക നീക്കം ചെയ്തു; ഇനി പാറിപ്പറക്കുക ഇന്ത്യയുടെ ത്രിവർണ പതാക മാത്രം; ആളുകൾ മരിക്കുന്നതിനേക്കാൾ നല്ലതാണ് വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാൾ പോലും കാശ്മീരിൽ മരിച്ചിട്ടില്ലെന്ന് ഗവർണർ സത്യപാൽ; കാശ്മീരിൽ ഇന്ത്യ കളിക്കുന്നത് തീ കളിയാണെന്ന പതിവു കരച്ചിലുമായി പാക്കിസ്ഥാൻ; ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ ശാന്തമായി ജമ്മുകാശ്മീർ

ജമ്മു കാശ്മീർ സിവിൽ സെക്രട്ടറിയേറ്റിൽ നിന്നും ആ സംസ്ഥാന പതാക നീക്കം ചെയ്തു; ഇനി പാറിപ്പറക്കുക ഇന്ത്യയുടെ ത്രിവർണ പതാക മാത്രം; ആളുകൾ മരിക്കുന്നതിനേക്കാൾ നല്ലതാണ് വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാൾ പോലും കാശ്മീരിൽ മരിച്ചിട്ടില്ലെന്ന് ഗവർണർ സത്യപാൽ; കാശ്മീരിൽ ഇന്ത്യ കളിക്കുന്നത് തീ കളിയാണെന്ന പതിവു കരച്ചിലുമായി പാക്കിസ്ഥാൻ; ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ ശാന്തമായി ജമ്മുകാശ്മീർ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മൂന്നാഴ്‌ച്ചത്തെ സമയം പിന്നിട്ടു. എന്നിട്ടും കർശന നിയന്ത്രണങ്ങളാണ് കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ വിനിമയ സംവിധാനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. ഇത് മാത്രമല്ല, കാര്യങ്ങൾ പഴയതു പോലെയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടിയിൽ നിന്നുമടക്കം കടുത്ത വിമർശനമാണ് ഉയരുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ പാക്കിസ്ഥാനും പെടാപ്പാട് പെടുന്നു. ഇതിനിടെ ജമ്മു കാശ്മീരി ജമ്മുകശ്മീർ സിവിൽ സെക്രട്ടറിയേറ്റിൽ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തു.

ശ്രീനഗറിലെ സെക്രട്ടറിയേറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാക മാത്രമാണ് ഇപ്പോൾ പാറിപ്പറക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മുകശ്മീരിന്റെ സംസ്ഥാന പതാക നിയമപരമല്ലാതാവുകയായിരുന്നു. ഇതോടെ സർക്കാർ ഓഫീസുകളിൽ നിന്നും ഔദ്യോഗിക വാഹനങ്ങളിൽ നിന്നുമെല്ലാം സംസ്ഥാന പതാക നീക്കം ചെയ്തിരുന്നു. എന്നാൽ സിവിൽ സെക്രട്ടറിയേറ്റിന് മുകളിൽ അപ്പോഴും സംസ്ഥാന പതാക നിലനിന്നിരുന്നു. ഇതും ഒടുവിൽ നീക്കം ചെയ്യുകയായിരുന്നു.

അതേസമയം കാശ്മീരിൽ നിയന്ത്രണങ്ങൾ തുടരുന്നതിനെതിരെ വിമർശനം ഉയരുമ്പോൾ നിയന്ത്രണങ്ങളെ ന്യായീകരിച്ചു കൊണ്ട് ഗവർണർ സത്യപാൽ മാലിക്ക്. ആളുകൾ മരിക്കുന്നതിനെക്കാൾ നല്ലതാണ് വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാൾ പോലും കശ്മീരിൽ മരിച്ചിട്ടില്ല. ആർക്കും ജീവഹാനിയുണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും ഗവർണർ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ വാർത്താവിനിമയ സംവിധാനങ്ങളും ഇന്റർനെറ്റും ഇല്ലാതാക്കിയിരുന്നു. പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മൂന്ന് ആഴ്ചയോളമായി ഈ സാഹചര്യം തുടരുകയാണ്. കാശ്മീരിൽ അവശ്യവസ്തുക്കൾക്കോ മരുന്നുകൾക്കോ ക്ഷാമം ഇല്ലെന്നും ഗവർണർ പറഞ്ഞു. ഈദ് ദിവസം ഇറച്ചിയും പച്ചക്കറികളും വീടുകളിൽ വിതരണം ചെയ്തിരുന്നു. മറ്റ് നിയന്ത്രണങ്ങൾ നീക്കി സാഹചര്യങ്ങൾ ഉടൻ പൂർവസ്ഥിതിയിലാക്കുമെന്നും ഗവർണർ പറഞ്ഞു.

62 ജീവൻ രക്ഷാ മരുന്നുകളും 376 അവശ്യമരുന്നുകളും ജമ്മു കാശ്മീരിൽ ലഭ്യമാണ്. പകുതിയിലധികം മെഡിക്കൽ ഷോപ്പുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം കാശ്മീരിലെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധതയും രാഷ്ട്രീയവും മറ്റൊന്നിലുമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീരിൽ നിയന്ത്രണങ്ങളെ തുടർന്ന് വലിയ മരുന്നു ക്ഷാമമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദിവസവും മരുന്നു വേണ്ട പ്രമേഹം, അസ്തമ തുടങ്ങിയ രോഗികളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരാഴ്ച കൂടി മരുന്നു ക്ഷാമം നീണ്ട് നിന്നാൽ സാഹചര്യം ഗുരുതരമായേക്കുമെന്നാണ് മരുന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നാണ് ജമ്മു കാശ്മീർ അധികൃതരുടെ നിലപാട്.

അതേസമയം കാശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാടിനെതിരെ ആഞ്ഞടിച്ച് പാക് പ്രസിഡന്റ് ആരിഫ് അൽവി രംഗത്തെത്തി. കാശ്മീരിൽ ഇന്ത്യ കളിക്കുന്നത് തീ കളിയാണ്. കാശ്മീരിലെ കേന്ദ്രസർക്കാർ നടപടി മതേതരത്വത്തെ ഇല്ലാതാക്കി കളയുമെന്നും ആരിഫ് അൽവി പറഞ്ഞു. കനേഡിയിൽ അമേരിക്കൻ മീഡിയ ഔട്ട്‌ലെറ്റായ വൈസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാശ്മീർ വിഷയത്തിൽ ആരിഫ് അൽവി ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. കാശ്മീർ പിടിച്ചെടുക്കാമെന്ന് ഇന്ത്യ കരുതുന്നുണ്ടെങ്കിൽ അത് തെറ്റിയെന്നും യുദ്ധം തുടങ്ങിയാൽ പ്രതിരോധിക്കാൻ തയ്യാറാണെന്നും ആരിഫ് അൽവി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാശ്മീർ വിഷയം സംബന്ധിച്ച് ഇനി ഇന്ത്യയുമായി ചർച്ചയ്ക്ക് ഇല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അൽവിയുടെ പ്രതികരണം.

കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യ സൈനീക നീക്കം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തീവ്രവാദികൾ കടന്നെന്ന വാർത്തയേയും ഇമ്രാൻ ഖാൻ തള്ളിയിരുന്നു. മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാൻ ഇന്ത്യ കശ്മീരിൽ നടത്തുന്ന നടപടികളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നായിരുന്നു ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തത്. കാശ്മീർ വിഷയത്തിൽ ഇന്ത്യയോട് ഇനി സമാധാന ചർച്ച ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ നിരന്തരം സമാധാന ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്.അവരോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാനിതുവരെ സമാധാനത്തിനായി നടത്തിയ നീക്കങ്ങളൊക്കെ വെറുതെയായി. ഇനി ഇക്കാര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു ഇമ്രാൻ പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് പാക് പ്രസിഡന്റ് ആരിഫ് അൽവി രംഗത്തെത്തിയത്. ആർട്ടിക്കിൾ 370ഉം 35 എയും റദ്ദാക്കിയതിലൂടെ കാശ്മീരിലെ സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് ഇന്ത്യ കരുതുന്നതെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണ് കഴിയുന്നത്. ഭരണഘടനയിൽ മാറ്റം വരുത്തി ഇന്ത്യ കാശ്മീരിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതിന് പാക്കിസ്ഥാൻ ഉത്തരവാദികൾ അല്ലെന്നും അൽവി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം കാശ്മീർ വിഷയത്തിൽ പ്രസ്താവനയൊന്നും ഇറക്കാത്തതിൽ പാക്കിസ്ഥാൻ നിരാശരാണോ എന്ന ചോദ്യത്തിന് ഇതിനോടകം നിരവധി ചർച്ചകൾ കഴിഞ്ഞെന്നും നേരത്തെ തന്നെ അന്തർ ദേശീയവത്ക്കരിക്കപ്പെട്ട ഒരു പ്രശ്നമാണ് കാശ്മീർ വിഷയം എന്നും ആൽവി പ്രതികരിച്ചു.കശ്മീരുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ സമിതി പ്രമേയങ്ങൾ ഇന്ത്യ അവഗണിച്ചിട്ടുണ്ട്. അതേസമയം തർക്കം പരിഹരിക്കാൻ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും അൽവി കുറ്റപ്പെടുത്തി.

തർക്ക പരിഹാരത്തിന് ഒരു കക്ഷി തയ്യാറാകാത്ത സാഹചര്യത്തിൽ എത്രകാലം അന്താരാഷ്ട്ര സമൂഹത്തിന് വിഷയത്തിൽ മൗനം പാലിക്കാൻ സാധിക്കുമെന്നും അൽവി ചോദിച്ചു. കാശ്മീരിനെ പിടിച്ചെടുക്കാനുള്ള ഒരു ശ്രമം ഇന്ത്യ നടത്തുന്നുണ്ടെന്ന് വേണം കരുതാൻ. എന്നാൽ അത് പാക്കിസ്ഥാൻ അനുവദിക്കില്ല. വിഷയം അന്താരാഷ്ട്രവത്കരിച്ചുകൊണ്ടേയിരിക്കും. പുൽവാമ ആക്രമണം പോലെ ഒരു ആക്രമണം നടത്തി പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യാമെന്നൊരു സാധ്യത ഇന്ത്യ തേടുന്നുണ്ടാകാം. പക്ഷേ പാക്കിസ്ഥാൻ യുദ്ധം നടത്തില്ല. അതേസമയം ഇന്ത്യ യുദ്ധമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രതിരോധിക്കാനുള്ള അവകാശം പാക്കിസ്ഥാനുമുണ്ട്. ഇന്ത്യ അപകടകരമായ ഒരു പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അൽവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP