Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്കും ആർഎസ്എസിനുമല്ല എന്റെ പിന്തുണ.. മോദി എടുക്കുന്ന നല്ല കാര്യങ്ങൾക്ക്; മുത്തലാഖ് ബില്ലും ഏകസിവിൽകോഡും മുസ്ലിം സമുദായത്തിന് ഗുണം ചെയ്യും; ശബരിമല വിഷയത്തിലും പ്രളയം നേരിട്ടതിലുമൊക്കെ പിന്തുണ കൊടുത്തത് പിണറായിക്ക്; ഒരു യുക്തിവാദിക്ക് ഒരിക്കലും ചേരാൻ പറ്റാത്ത ന്യൂനപക്ഷ പ്രീണനം നടത്തുന്ന പാർട്ടിയാണ് സിപിഎം; ഒരുപാർട്ടിയിലേക്കുമില്ലെന്നും സ്വതന്ത്രചിന്തകയായി തുടരുമെന്നും ജാമിദ ടീച്ചർ

ബിജെപിക്കും ആർഎസ്എസിനുമല്ല എന്റെ പിന്തുണ.. മോദി എടുക്കുന്ന നല്ല കാര്യങ്ങൾക്ക്; മുത്തലാഖ് ബില്ലും ഏകസിവിൽകോഡും മുസ്ലിം സമുദായത്തിന് ഗുണം ചെയ്യും; ശബരിമല വിഷയത്തിലും പ്രളയം നേരിട്ടതിലുമൊക്കെ പിന്തുണ കൊടുത്തത് പിണറായിക്ക്; ഒരു യുക്തിവാദിക്ക് ഒരിക്കലും ചേരാൻ പറ്റാത്ത ന്യൂനപക്ഷ പ്രീണനം നടത്തുന്ന പാർട്ടിയാണ് സിപിഎം; ഒരുപാർട്ടിയിലേക്കുമില്ലെന്നും സ്വതന്ത്രചിന്തകയായി തുടരുമെന്നും ജാമിദ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്കുവന്ന സാമൂഹിക പ്രവർത്തക ജാമിദ ടീച്ചർ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും വിമർശിക്കപ്പെട്ടത് അവർ സംഘപരിവാറിനെ അനുകൂലിക്കുന്നു എന്നതിന്റെ പേരിലാണ്. മുസ്ലീങ്ങൾക്ക് ഏറ്റവും വിശ്വസിക്കാവുന്ന നേതാവ് നരേന്ദ്ര മോദിയാണെന്ന ജാമിദ ടീച്ചറുടെ പ്രസ്താവന സോഷ്യൽ മീഡിയയിലടക്കം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. യുക്തിവാദി മൂത്ത് സംഘിയാവുമെന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകൾ വലിയ ആഘോഷത്തോടെയാണ് ഈ പ്രസ്താവന പ്രചരിപ്പിച്ചത്. എന്നാൽ താൻ ബിജെപിക്കും ആർഎസ്എസിനും ഒന്നും ഒപ്പമല്ലെന്നും മോദി സർക്കാർ നടപ്പാക്കുന്ന നല്ല കാര്യങ്ങൾക്ക് മാത്രമാണ് തന്റെ പിന്തുണയെന്നും ജാമിദ ടീച്ചർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും സ്വതന്ത്ര ചിന്തകയായിത്തന്നെ തുടരുമെന്നും അവർ പറയുന്നു. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ തിരൂർ ടൗൺഹാളിൽ നടന്ന സെമിനാറിൽ എഴുത്തുകാരനും പ്രഭാഷകനും ചലച്ചിത്ര സംവിധായകനുമായ സജീവൻ അന്തിക്കാടുമായുള്ള സംവാദത്തിലാണ് ജാമിദ ടീച്ചർ നിലപാട് വ്യക്തമാക്കിയത്.

മുത്തലാഖ് ബിൽ, എകസിവിൽ കോഡ്, ഹജ്ജ് സബ്സിഡി നിർത്തലാക്കൽ എന്നിവ കൊണ്ടൊക്കെ ഗുണമുണ്ടാകുന്നത് മുസ്ലിം സമുദായത്തിന് തന്നെയാണ്. മുത്തലാഖിന്റെയൊക്കെ കാര്യത്തിൽ കോൺഗ്രസ് സർക്കാറുകൾ ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ മോദി മാത്രമാണ് അതിന് മുന്നിട്ട് ഇറങ്ങിയത്. മുത്തിലാഖ് ബിൽ വന്നപ്പോൾ മുസ്ലിം ലീഗിനൊപ്പം കൂടുകയാണ് സിപിഎം പോലും ചെയ്തത്. അതുപോലെ തന്നെ ഏക സിവിൽകോഡ് വന്നാലും അതിന്റെ ഗുണം ഉണ്ടാവുക മുസ്ലിം സ്ത്രീകൾക്കാണ്. ഇസ്ലാമിൽ സ്ത്രീയെന്നാൽ അരപ്പുരുഷനാണ്.

മതനിയമ പ്രകാരം ഒരു മുസ്ലിം പുരുഷന് തന്റെ ഭാര്യയെ ഒഴിവാക്കാൻ ഒരു കാരണവും വേണ്ട. മുത്തലാഖ് പ്രശ്നത്തിൽ എത്രയോ മുസ്ലിം സ്ത്രീകളുടെ കണ്ണീരു കണ്ടയാളാണ് ഞാൻ. മുസ്ലിം പുരുഷൻ ഭാര്യയെ ഒഴിവാക്കിയാൽ അവനു നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാൽ ഒരു ഹിന്ദുപുരുഷനാണ് ഇതുപോലെ ചെയ്യുന്നതെങ്കിൽ അയാൾ ജയിലിലാവും.

അതുപോലെ തന്നെ സ്വത്തവകാശം. പിതാവിന്റെ സ്വത്തുക്കൾ പെൺമക്കൾക്ക് പകുതിയാണ് ഇസ്ലാമിൽ കിട്ടുക. പിതാവിന്റെ ബാപ്പ ജീവിച്ചിരിക്കെ, പിതാവ് മരിച്ചുപോയാൽ ഒന്നും കിട്ടില്ല. അതായത് ഇസ്ലാമിക നിയമങ്ങൾ തന്നെയാണ് അനാഥരെ സൃഷ്ടിക്കുന്നത്. ഈ സമുദായത്തിൽ മാത്രം ഇത്രയും യത്തീംഖാനകൾ തുടങ്ങണ്ടേി വരുന്നതും അതുകൊണ്ടാണ്. ഈ അവസ്ഥക്കെല്ലാം മാറ്റം വരുത്താൻ എക സവിൽ കോഡിന് കഴിയും. സമ്പത്തും കഴിവും ആരോഗ്യവുമുള്ളവർ മാത്രം ഹജ്ജിനു പോയാൽ മതി. അല്ലാത്തവർ പോകേണ്ടതില്ല. ഈ ഘട്ടത്തിലാണ് 170 കോടിയോളം വരുന്ന ഹജ്ജ് സബ്‌സിഡി തുക, സാധാരണ ആളുകൾക്ക് വേണ്ടി, അവരുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ചിലവഴിക്കാം എന്ന തീരുമാനം മോദി സർക്കാർ കൈക്കൊള്ളുന്നത്. ഇതും ഗുണകരമാണ്- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.

തന്റെ നിലപാട് എക്കാലവും പ്രശ്നാധിഷ്ഠിതമായിരുന്നെന്നും ജാമിദ ടീച്ചർ വ്യക്തമാക്കി. മുമ്പ് അതിവേഗം ബഹുദൂരം പദ്ധതിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയപ്പോൾ, ഞാൻ അദ്ദേഹത്തിന് പിന്തുണ കൊടുത്തിരുന്നു. അതുപോലെ ശബരിമല വിഷയത്തിലും, പ്രളയം നേരിട്ടതിലും പിണറായി വിജയന് പരസ്യ പിന്തുണയാണ് കൊടുത്ത്. മുസ്ലിം പള്ളികളിലും, ശബരിമലയിലും മാത്രമല്ല പുരുഷൻ പോകുന്ന എവിടെയും സ്ത്രീക്കും പോകാൻ അനുമതിവേണമെന്നാണ് എന്റെ നിലപാട്. ശബരിമലയിൽപോയ കനകദുർഗക്കും ബിന്ദു അമ്മിണിക്കുമെല്ലാം ഞാൻ പിന്തുണ കൊടുത്തതും അവരെ കാണാൻ ശ്രമിച്ചതുമാണ് - ടീച്ചർ വ്യക്തമാക്കി.

ഒരു യുക്തിവാദിക്ക് ഒരിക്കലും ചേരാൻ പറ്റാത്ത പാർട്ടിയാണ് സിപിഎം എന്നും ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. ന്യൂനപക്ഷ പ്രീണനമാണ് ഇടതുപാർട്ടികളുടെ അടിസ്ഥാന രീതി. നാലുവോട്ടിനുവേണ്ടി ഇസ്ലാമിക തീവ്രവാദികളെപ്പോലും വളർത്തുന്ന രീതിയാണ് അവർ സ്വീകരിക്കാറ്. മുത്തലാഖ് ബില്ലിന്റെ കാര്യം തന്നെ ഉദാഹരണം. ലീഗിന്റെ കൂടെയാണ് അവർ നിന്നത്. അഖിലയുടെ പിതാവ് അശോകൻ ഒരു സിപിഎം പ്രവർത്തകനായിരുന്നെന്ന് ഓർക്കണം. മറുഭാഗത്ത് മതംവരുമ്പോൾ സിപിഎം സ്വന്തം പ്രവർത്തകരെയും കൈവിടും. സമാനമായ സ്ഥിതിയാണ് കോൺഗ്രസിലും.

ഇസ്ലാം വിട്ടതിനെ തുടർന്ന് തനിക്കുനേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായതായും ജാമിദ ടീച്ചർ വെളിപ്പെടുത്തി. സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന എന്നെ ടിപ്പറിടിച്ചു കൊല്ലാൻ ശ്രമിച്ചു. പല തവണ വീട് ആക്രമിച്ചു. '13 മക്കളുള്ള കുടംബത്തിലാണ് ഞാൻ ജനിച്ചത്. ഇപ്പോഴും ഞാൻ കാരണം എന്റെ സഹോദരങ്ങളെ ഊരുവിലക്കുന്നുണ്ട്. പല കല്യാണ വീടുകളിൽനിന്നും എന്റെ സഹോദരങ്ങൾ കണ്ണീരോടെ മടങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. രണ്ട് സഹോദരന്മാരുടെ മക്കളുടെയും കല്യാണത്തിന് മഹല്ല് കമ്മറ്റി മുന്നോട്ടുവെച്ച നിബന്ധന ഞാൻ ആ ചടങ്ങിൽ പങ്കെടുക്കരുതെന്നായിരുന്നു.തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കങ്ങൾ ഇപ്പോഴും ഇസ്ലാമിസ്റ്റുകൾ നടത്തുന്നുണ്ട്. താൻ ഒരു ടീച്ചറല്ലെന്നും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലെന്നും പ്രചരിപ്പിക്കുന്നു. . ജാമിദ ടീച്ചർ വ്യക്താമാക്കി

കൊപ്പേ ( കൊതിപ്പിക്കൽ പേടിപ്പിക്കൽ ) 2019 എന്ന് പേരിട്ട സെമിനാറിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ഉൾപ്പെടെ ആറുപേരാണ് പ്രഭാഷണം നടത്തിയത്. 'ഫാസ്റ്റിസം' ( ഫാസിസം പ്ലസ് സ്റ്റാലിനിസം) എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിൽ, കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാൾ ഭീകരമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിഷ്‌ക്കരുണംആളുകളെ കൊന്നൊടുക്കാൻ സ്റ്റാലിന് പ്രേരണയായത് ലെനിന്റെ നിർദ്ദേശങ്ങൾ തന്നെയാണെന്നും ഇതിന്റെ അടിസ്ഥാനം മാർക്സിന്റെ ആശയങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉള്ളവൻ ഇല്ലാത്തവൻ എന്ന രീതിയിൽ സമൂഹത്തെ ഭിന്നിപ്പിച്ച്, ബലപ്രയോഗത്തിലൂടെ തൊഴിലാളി വർഗ സർവാധിപത്യം നടപ്പാക്കണമെന്ന അശാസ്ത്രീയമായ ആശയമാണ് മാർക്വിസം മുന്നോട്ടുവെക്കുന്നത്. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

മനൂജാ മൈത്രി, കൃഷ്ണപ്രസാദ്, പിഎം അയൂബ്, നാസർ മാവൂരാൻ, പ്രസാദ് വേങ്ങര എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP