Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക വർഗീയവാദത്തെ എങ്ങനെ വളർത്താം എന്ന പഠനത്തിലാണ് സിപിഎം; വേട്ടക്കാർ മുസ്ലീങ്ങളാണെന്ന് കണ്ടാൽ അവർ മൗനം പാലിക്കും; ടി ജെ ജോസഫ് മാഷും അഖിലയുടെ പിതാവ് അശോകനുമൊക്കെ കമ്യൂണിസ്റ്റുകാരായിരുന്നു; മുത്തലാഖ് വിഷയം വന്നപ്പോൾ പോലും സിപിഎം ചെയ്തത് എന്താണ്; മുസ്ലിം സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ അഡ്രസ് ചെയ്തതുപോലും നരേന്ദ്ര മോദിയാണ്; ജാമിദ ടീച്ചറുടെ 'വെളിപാടിന്റെ പടവുകൾ' സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ

ഇസ്ലാമിക വർഗീയവാദത്തെ എങ്ങനെ വളർത്താം എന്ന പഠനത്തിലാണ് സിപിഎം; വേട്ടക്കാർ മുസ്ലീങ്ങളാണെന്ന് കണ്ടാൽ അവർ മൗനം പാലിക്കും; ടി ജെ ജോസഫ് മാഷും അഖിലയുടെ പിതാവ് അശോകനുമൊക്കെ കമ്യൂണിസ്റ്റുകാരായിരുന്നു; മുത്തലാഖ് വിഷയം വന്നപ്പോൾ പോലും സിപിഎം ചെയ്തത് എന്താണ്; മുസ്ലിം സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ അഡ്രസ് ചെയ്തതുപോലും നരേന്ദ്ര മോദിയാണ്; ജാമിദ  ടീച്ചറുടെ 'വെളിപാടിന്റെ പടവുകൾ' സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇസ്ലാമിക മൗലികവാദികളുടെ കണ്ണിലെ കരടാണ് ജാമിദ ടീച്ചർ എന്ന ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്ക് വന്ന സാമൂഹിക പ്രവർത്തക. ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅക്ക് നേതൃത്വം കൊടുത്ത് വിപ്ലവം സൃഷ്ടിച്ച ജാമിദ ടീച്ചർ, ഘട്ടം ഘട്ടമായുള്ള തന്റെ പരിണാമത്തിന്റെ കഥ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കയാണ്. ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ തിരൂരിൽ നടത്തിയ സെമിനാറിലാണ് ജാമിദ ടീച്ചർ തന്റെ മത-രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്. 'വെളിപാടിന്റെ പടവുകൾ' എന്ന് പേരിട്ട, ചലച്ചിത്ര സംവിധായകനും പ്രഭാഷകനുമായ സജീവൻ അന്തിക്കാടിന് അനുവദിച്ച അഭിമുഖത്തിൽ, തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും അനുഭാവമില്ലെന്നും, നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് മാത്രമാണ് തന്റെ പിന്തുണയെന്നും ജാമിദ ടീച്ചർ വ്യക്തമാക്കുന്നു.

സിപിഎമ്മിനെ നിശിതമായി വിമർശിക്കുന്ന ടീച്ചർ അവർ ഇസ്ലാമിക വർഗീയവാദത്തെ വളർത്തുന്നതിനാണ് ശ്രമിക്കുന്നത് എന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു. നാലുവോട്ടിനുവേണ്ടി മൗനം പാലിക്കുന്ന പ്രസ്ഥാനമായിട്ടാണ് സിപിഎമ്മിനെ കാണാൻ കഴിയുകയുള്ളൂവെന്നും ഒരു യുക്തിവാദിക്ക് ഒരിക്കലും സിപിഎമ്മിൽ ചേരാൻ കഴിയില്ലെന്നും അവർ പറയുന്നു. മുസ്ലിം തീവ്രാവാദ സംഘടകളുടെ ആക്രമണം ഉണ്ടായാൽ സ്വന്തം പാർട്ടിക്കാരെപ്പോലും സിപിഎം തള്ളിപ്പറയുമെന്നും അവർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. അതേസമയം മുത്തലാഖ് അടക്കമുള്ള നിരവധി പ്രശ്നങ്ങളിൽ മുസ്ലിം സ്ത്രീകളുടെ കണ്ണീര് കണ്ടത് മോദി മാത്രമാണെന്നും അവർ ചണ്ടിക്കാട്ടുന്നു. താൻ എങ്ങനെയാണ് മതം ഉപേക്ഷിച്ചതെന്നും തുടർന്ന് തനിക്കുണ്ടായ തിക്താനുഭവങ്ങുമെല്ലാം അവർ അഭിമുഖത്തിൽ വിശദീകരിക്കുന്നു. വിവാദ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

സിപിഎം ഇസ്ലാമിക വർഗീയത വളർത്തുന്നു

സിപിഎം രാഷ്ട്രീയത്തോട് തനിക്ക് അനുഭാവമില്ലെന്ന് സജീവൻ അന്തിക്കാടിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ജാമിദ ടീച്ചർ വ്യക്തമാക്കി. 'ചില ആശയങ്ങൾ ഞാൻ അനുകൂലിക്കുന്നുണ്ടെങ്കിലും ഒരു യുക്തിവാദിക്ക് ഒരിക്കലും ചേരാൻ പറ്റാത്ത പാർട്ടി തന്നെയാണ് സിപിഎം. കാരണം നാലുവോട്ടിനുവേണ്ടി മൗനം പാലിക്കുന്ന പ്രസ്ഥാനമായിട്ടാണ് എനിക്ക് ഇതിനെ കാണാൻ കഴിഞ്ഞത്. ടി ജെ ജോസഫ് മാഷ് ഒരു കമ്യൂണിസ്ററ് പ്രവർത്തകനായിരുന്നു. വേട്ടക്കാർ മുസ്ലീങ്ങളാണെന്ന് കണ്ടാൽ സിപിഎം അവിടെ മൗനമാണ് പാലിക്കാറ്. അതുപോലെ കണ്ണൂരിൽ ഞങ്ങളുടെ ഒരു സുഹൃത്ത് ഉണ്ട്. റഫീക്ക് തളിപ്പറമ്പ്. അയാളുടെ ഏഴു ലക്ഷം രൂപ വിലവരുന്ന ഒരു സ്റ്റുഡിയോ കത്തിച്ചു. അദ്ദേഹം നല്ല സിപിഎം പ്രവർത്തകനായിരുന്നു. ഒറ്റയൊരാൾ പ്രതികരിച്ചില്ല. ആരും പിന്തുണ പ്രഖ്യാപിച്ചില്ല. അതുപോലെ അഖിലയുടെ അച്ഛൻ അശോകൻ അന്നൊരു സിപിഎം പ്രവർത്തകനായിരുന്നു. ഇതൊക്കെ സമാനമായ പാഠങ്ങളാണ് നമുക്ക് തരുന്നത്. മുത്തലാഖിന്റെ വിഷയം വന്നപ്പോൾ അവർ ലീഗിനോടൊപ്പം ചേരുകയാണ് ചെയ്തത്. ഇന്ന് സിപിഎം കേരളത്തിൽ ചെയ്യുന്നത്, ഇസ്ലാമിക വർഗീയവാദത്തെ എങ്ങനെ വളർത്താം എന്നതിനെ സംബന്ധിച്ച് അവർ കൂലങ്കഷമായ ചർച്ചയിലും പഠനത്തിലുമാണ്. മുത്തലാഖ് വിഷയത്തിൽനിന്ന് അത് മനസ്സിലാക്കാം. ഏറ്റവും അപരിഷ്‌കൃത ഗോത്രസമൂഹത്തിന്റെ ആചാരമായ മുത്തലാഖ് വിഷയം വന്നപ്പോൾ പോലും ഇവർ എടുക്കുന്ന നിലപാട് എന്താണ്. അവർ എപ്പോഴും മുസ്ലീങ്ങളെ പ്രീണിപ്പിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ട് തൽക്കാലം എൽഡിഎഫിനോട് അനുഭാവമില്ല.' -ജാമിദ ടീച്ചർ വ്യക്താമക്കി

മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ അഡ്രസ് ചെയ്തത് മോദി

മുത്തലാഖ് പോലുള്ള സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ അഡ്രസ് ചെയ്തതുപോലും നരേന്ദ്ര മോദിയാണെന്ന് ജാമിദ ടീച്ചർ വ്യക്തമാക്കി. ' എഴുപതുവർഷം കോൺഗ്രസ് അധികാരത്തിലിരുന്നു. 1973ൽ ഇന്ദിരാഗാന്ധി ഒരു നിയമം കൊണ്ടുവന്നു. വിവാഹമുക്തയായ സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട് എന്ന്. പിന്നീട് പുറത്തുനിന്നുള്ള സമ്മർദം കാരണം അതിനകത്ത് എഴുതിച്ചേർക്കേണ്ടിവന്നു. മതപരമായി എന്തെങ്കിലും നൽകിയാൽ മതി എന്ന്. ഒഴിവാക്കിയ സ്ത്രീകൾക്കൊക്കെ നബി കൊടുത്തത് ഒരു ഉറുമാലാണ്. കണ്ണുനീർ തുടക്കാൻ ഒരു കർച്ചീഫ്. അതുപോലെ എന്തെങ്കിലും മതിയെന്ന് എഴുതിവെച്ചു.

പിന്നീട് രാജീവ്ഗാന്ധി നിയമം പരിഷ്‌ക്കരിച്ചു. ഷാബാനുകേസ് ഒക്കെ നമുക്ക് അറിയാം. ഷബാനുവിനെ മുഹമ്മദ് അഹമ്മദ് ഖാൻ എന്ന ഒരു വക്കീൽ ആണ് വിവാഹം കഴിച്ചത്. കുറെക്കാലം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു കൊച്ചുപെണ്ണിനെ കണ്ടപ്പോൾ അയാൾക്ക് കെട്ടണമെന്ന് തോന്നി. നാലുകുട്ടികളുള്ള ഈ സ്ത്രീയെ തലാഖ് പറഞ്ഞ് ഒഴിവാക്കി. ഇവർ ഒരു ഒമ്പത് വർഷത്തോളം കോടതി വരാന്ത കയറിയിറങ്ങി. ഇയാളിൽ നിന്നും ജീവനാംശം കിട്ടാൻ. ആ സമയത്താണ് രാജീവ്ഗാന്ധി നിയമ പരിഷ്‌ക്കാരം കൊണ്ടുവരുന്നത്. ഈ ജീവനാംശം ഒരു സംഖ്യയായി കൊടുക്കാം. എല്ലാ മാസവുമായിട്ട് കൊടുക്കാതെ. പക്ഷേ മോദി ശ്രമിച്ചത് ഈ പ്രശ്നത്തെ ഉന്മൂലനം ചെയ്യാനായിരുന്നു. മുഹമ്മദൻ ലോയിൽ കൃത്യമായി പറയുന്നുണ്ട്. സ്വയബുദ്ധിയുള്ള ഏത് മുഹമ്മദീയനും ഒരു കാരണവുമില്ലാതെ അവന്റെ ഭാര്യയെ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം. അതാണ് മുത്തലാഖ്. അതിനെ ഉന്മൂലനം ചെയ്യാനാണ് നരേന്ദ്ര മോദി ശ്രമിച്ചത്. അതുപോലെ പൊതു സിവിൽ കോഡ് കൊണ്ടുവരാൻ അദ്ദേഹമാണ് ശ്രമിച്ചത്. ഹജ്ജ് സബ്സിഡികൊണ്ട് ആർക്കാണ് നേട്ടം ലഭിച്ചുകൊണ്ടിരുന്നത്. സ്വർഗം കിട്ടേണ്ടവർ പോയിക്കോട്ടെ, അത് അത് സർക്കാരിന്റെ ചെലവിൽ പോകേണ്ട. അതുപോലെ ഇപ്പോൾ മദ്രസാ വിദ്യാർത്ഥികൾക്ക് മോദി സർക്കാർ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. യുഎഇ ഗവൺമെന്റ് എറ്റവും നല്ല നേതാവായി മോദിക്ക് അവാർഡ് കൊടുത്തിട്ടില്ലേ. ഇദ്ദേഹം ഇസ്ലാമിനോട് ഇത്രയും ശത്രുത ഉള്ള ആളായിരുന്നെങ്കിൽ ഇങ്ങനെ അംഗീകരിക്കപ്പെടില്ലായിരുന്നല്ലോ. ഞാൻ ബിജെപി എന്ന പാർട്ടിയോടോ ആർഎസ്എസ് എന്ന പാർട്ടിയോടോ അല്ല അനുഭാവം പ്രകടിപ്പിച്ചത്. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന വ്യക്തിയെ മുസ്ലീങ്ങൾക്ക് വിശ്വസിക്കാം. ഒരു സ്ത്രീയെ, അവരുടെ ഭർത്താവ് ഒരുകാരണവുമില്ലാതെ ഉപേക്ഷിച്ചാൽ തലാഖ് എന്ന പദം പറഞ്ഞ് ഒഴിവാക്കുന്നത് ക്രിമിനൽ കുറ്റമായി കണ്ടാൽ എന്താണ് തെറ്റ്?'- ജാമിദ ടീച്ചർ ചോദിച്ചു.

തന്റെ നിലപാട് എക്കാലവും പ്രശ്നാധിഷ്ഠിതമായിരുന്നെന്നും ജാമിദ ടീച്ചർ വ്യക്തമാക്കി. മുമ്പ് അതിവേഗം ബഹുദൂരം പദ്ധതിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയപ്പോൾ, ഞാൻ അദ്ദേഹത്തിന് പിന്തുണ കൊടുത്തിരുന്നു. അതുപോലെ ശബരിമല വിഷയത്തിലും, പ്രളയം നേരിട്ടതിലും പിണറായി വിജയന് പരസ്യ പിന്തുണയാണ് കൊടുത്തൂ. മുസ്ലിം പള്ളികളിലും, ശബരിമലയിലും മാത്രമല്ല പുരുഷൻ പോകുന്ന എവിടെയും സ്ത്രീക്കും പോകാൻ അനുമതിവേണമെന്നാണ് എന്റെ നിലപാട്. ശബരിമലയിൽപോയ കനകദുർഗക്കും ബിന്ദു അമ്മിണിക്കുമെല്ലാം ഞാൻ പിന്തുണ കൊടുത്തതും അവരെ കാണാൻ ശ്രമിച്ചതുമാണ് - ടീച്ചർ വ്യക്തമാക്കി.

ഖുർആനിലെ വൈരുധ്യങ്ങൾ മനസ്സ് മാറ്റി

ഖുർആൻ കൂടുതൽ പഠിച്ചപ്പോൾ അതിൽ കണ്ട വൈരുധ്യങ്ങളും മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളും തന്നെ വല്ലാതെ മാറ്റി മറിച്ചുവെന്നും ടീച്ചർ വ്യക്തമാക്കുന്നു. 'ഖുർആൻ 114 ചാപ്റ്റുകളാണുള്ളത്. ഏത് അധ്യായം എടുത്താലും വൈരുധ്യം ഞാൻ കാണിച്ചുതാരാം. ഒന്നുകിൽ ആ വാചകത്തിൽ ഉണ്ട് വൈരുധ്യം. അല്ലെങ്കിൽ അതിന്റെ മുകളിലുണ്ട്. തൊട്ടു താഴെയുണ്ട്. ഒന്നിന്റെ നേർ വിപരീതമാണ് മറ്റേത്. ഇപ്പോൾ ഒരു വാചകം. സത്യനിഷേധികളെ കണ്ടാൽ കണ്ടിടത്ത്‌വെച്ച് നിങ്ങൾ വെട്ടിക്കൊല്ലുക. ഒമ്പതാം അധ്യായം സൂറത്തുൽതൗബയിലെ അഞ്ചാമത്തെ വാചകം. പതിയിരുന്നിട്ടാണെങ്കിലും വെട്ടിക്കൊല്ലാനാണ് പറയുന്നത്. യുദ്ധമാണെങ്കിൽ നേർക്കുനേരെ ആണെല്ലോ. അതിന് ഇവർ കൊടുക്കുന്ന വ്യാഖ്യാനം യുദ്ധസന്ദർഭത്തിൽ പറഞ്ഞതാണെന്നാണ്. യുദ്ധത്തിൽ പതിയിരിക്കേണ്ട കാര്യം എന്താണ്. കണ്ടിടത്തുവെച്ച് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ കണ്ടൈടുത്ത് വെച്ച് വെട്ടിക്കൊല്ലുക എന്ന് പറയുന്നതിന്റെ അവസാനം പറയുന്നു' അള്ളാഹു എത്രയോ കാരുണ്യവാൻ'. ഇതാണ് ഇതിന്റെ കാര്യം. ഇസ്ലാം സാഹോദര്യത്തിന്റെ മതമാണെന്ന് പറയുന്നത് മുസ്ലീങ്ങൾ തമ്മിൽ പരസ്പരമുള്ള സഹോദര്യം മാത്രമാണ്. സത്യനിഷേധിയുമായുള്ള സഹവർത്തിത്വം ഒരിക്കലും ഖുർആൻ അംഗീകരിക്കുന്നില്ല.

ട്രാൻസ് ജെൻഡർ എന്ന ഒരു വിഭാഗം ഉണ്ടാകുമെന്ന് സ്രഷ്ടാവിനുപോലും അറിയില്ലായിരുന്നു. അതുപോലെ അംഗവൈകല്യമുള്ള ആളുകൾ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാൻ പാടില്ലായിരുന്നു. സ്രഷ്ടാക്കന്മാരിൽവെച്ച് ഏറ്റവും നന്നായി സൃഷ്ടിക്കുന്നവൻ ഞാൻ ആണെന്നാണ് ദൈവം പറയുന്നത്. ഇത് ശരിയല്ലെന്ന് നമുക്ക് അറിയാം. രണ്ടുതലയും ഒരു ഉടലും, രണ്ട് ഉടലും ഒരു തലയും, എന്നിങ്ങനെയാക്കെയായി കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പടച്ചവൻ കഞ്ചാവ് ആണോ എന്ന്. കാരണം ഒരിക്കൽ പറയുന്നതല്ല പടച്ചവൻ പിന്നെ പറയുന്നത്. ഒരിക്കൽ പറയും മദ്യത്തിൽ ഉപകാരം ഉണ്ട് എന്ന്. വേറൊരിക്കൽ പറയും വേണ്ട്. ഇതുപോലെയാണ് കാര്യങ്ങൾ. പിന്നെ ഇവർക്ക് വ്യഖ്യാനിച്ച് ഉണ്ടാക്കാൻ ആയത്തുകൾ ഒന്നും വേണ്ട.

ചേകന്നൂർ മൗലവി ഒരിക്കലും ഖുർആനിലേക്ക് വന്നിട്ടില്ല. അദ്ദേഹം പറഞ്ഞത് ഹദീസുകളെ കുറിച്ചാണ്. ഖുർആനിൽ കൈവെക്കാൻ അദ്ദേഹത്തെ ഇവർ അനുവദിച്ചില്ല. പക്ഷേ ഖുർആനിന് വിരുദ്ധമായ ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞത് അനന്തരാവകാശം മറ്റും വച്ചാണ്. പെണ്ണിന് ആണിന് കൊടുക്കുന്നതിന്റെ പകുതി അനന്തരാവകാശമാണ് ഖുർആൻ കൽപ്പിക്കുന്നത്. ചേകന്നൂർ മൗലവി പറഞ്ഞു, മൺവെട്ടിയെടുത്ത് പാടത്ത് പണിയെടുക്കാൻ പുരുഷൻ പോകുന്നു, ഇന്ന് സ്ത്രീകളും പോകുന്നു. അങ്ങനെയൊരു കാലഘട്ടം വന്നാൽ അതിൽ ആണിനും പെണ്ണിനും തുല്യ അവകാശങ്ങൾ കൊടുക്കണം. അപ്പോൾ ഇവർ മനസ്സിലാക്കി. ഇയാൾ ആളുപെശകാണ്. ഇയാൾ ഇനി കൈവെക്കുന്നത് ഖുർആനിലേക്കാണെന്ന്. എന്നതുകൊണ്ടാണ് ചേകന്നുർ മൗലവിയെ കൊന്നത്. മതത്തിൽ നിന്നുകൊണ്ട് വിമർശിച്ചതിനേക്കാൾ എനിക്ക് പ്രശ്നങ്ങൾ ഉണ്ടായത് മതം വിട്ടപ്പോൾ ആയിരുന്നു.'- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ അദ്ദേഹത്തിന്റെ സംഘടനയുടെ തലപ്പത്ത് വരണമെന്നും ജുമാനമസ്‌ക്കാരത്തിന് നേതൃത്വം നൽകണമെന്നും ചേകന്നൂർ മൗലവി തന്നെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നു. ഞാൻ അന്ന് ചെയ്തത് ഖുർആനികമായിട്ടാണ്. ഖുർആനിൽനിന്ന് വേറിട്ട് ഒന്നും അന്ന് ചെയ്തിട്ടില്ല.- ജാമിദ വ്യക്തമാക്കി.

മുജാഹിദ് ബാലുശ്ശേരിയൊക്കെ അപ്പോസ്തലായിരുന്നു

അധികം ആർക്കും അറിയാത്ത തന്റെ വ്യക്തി ജീവിതവും ഈ അഭിമുഖത്തിൽ ടീച്ചർ വെളിപ്പെടുത്തുന്നുണ്ട്. 'പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഞാൻ ജനിച്ചത്. അച്ചൻ പട്ടാളക്കാരനായിരുന്നു. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. ഞങ്ങളുടെ നാട്ടിൽ ഓരോ വ്യാഴാഴ്ച തോറും വീടുകളിൽ സംഘ മൗലൂദ് ഉണ്ടാകും. അത് ഞങ്ങളുടെ വീടുകളിലും ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന എല്ലാവർക്കും അന്ന് ഭക്ഷണം കൊടുക്കണമായിരുന്നു. ഞങ്ങൾ തന്നെ 13 മക്കളാണ്. ഞങ്ങൾ തന്നെ മുക്കാൽ പട്ടിണിയാണ്. അപ്പോൾ വാപ്പിച്ചി ഇതിനെ നഖശിഖാന്തം എതിർത്തു. അദ്ദേഹത്തിന്റെ പേര് ഷാഹുൽ ഹമീദ് എന്നാണ്. 1960-70 കാലഘട്ടങ്ങളിൽ കൊട്ടാരക്കരയിൽ യുക്തിവാദി സംഘത്തിൽ പ്രവർത്തിച്ചിരുന്ന മെമ്പർഷിപ്പുള്ള ആളാണ് എന്റെ പിതാവ്. കലാനാഥൻ മാഷിനൊക്കെ നന്നായി അറിയാം. ഉമ്മ അക്ഷരാഭ്യാസം ഇല്ലാത്ത ആളാണ്. അപ്പോൾ ഉമ്മയോടൊന്നും യുക്തിവാദം പറഞ്ഞാൽ എൽക്കില്ല എന്നതുകൊണ്ട് ബാപ്പ തന്റെ അഭിപ്രായം ഉള്ളിൽ ഒതുക്കുകയായിരുന്നു. ഉമ്മച്ചി മക്കളെ മതം പഠിപ്പിക്കുകയോ എന്തുവേണെമെങ്കിലും ചെയ്തോട്ടെ ബാപ്പ അതിൽ ഇടപെട്ടില്ല. അങ്ങനത്തെ ഒരു അന്തരീക്ഷത്തിലാണ് ഞാൻ ജനിക്കുന്നത്.

എന്നാൽ സഹോരങ്ങൾ എല്ലാവരും വിശ്വാസികൾ ആയിരുന്നു. മുജാഹിദ് ബാലുശ്ശേരി പറയുന്നു, 24 മണിക്കുർ മൂത്രമൊഴിക്കരുത് എന്നാൽ റഞ്ഞാൽ ഞങ്ങളുടെ വീട്ടിൽ ആരും മൂത്രം ഒഴിക്കില്ലായിരുന്നു. അത്രക്ക് വാഴ്‌ത്തപ്പെട്ട അപ്പോസ്തലനായിരുന്നു മുജാഹിദ് ബാലുശ്ശേരി എന്റെ വീട്ടുകാർക്ക്.

പെൺകുട്ടികളെ ഒതുക്കൽ പഠനകാലത്ത് പ്രകടമായിരുന്നു. ഒരിക്കൽ വാങ്കുവിളി കോമ്പറ്റീഷൻ വന്നപ്പോഴുള്ള മറുപടി പെൺകുട്ടികൾക്ക് പറ്റില്ല എന്നായിരുന്നു. പങ്കെടുത്തേ പറ്റൂ എന്ന് ഞാനും പറഞ്ഞു. അവസാനം തർക്കം പരിഹരിപ്പിക്കാനായി ബാത്ത് റൂമിന്റെ പിറകിൽ കൊണ്ടുപോയി എന്നെക്കൊണ്ട് വാങ്ക് വിളിപ്പിച്ചു. അപ്പോഴും ഞാൻ പറഞ്ഞു. കഴുപ്പമില്ല മൈക്ക് തന്നാൽ മതി. അത് പറ്റില്ലെന്നായി സംഘാടകർ. ഞാനും വിട്ടുകൊടുത്തില്ല. ഞാൻ ഇവിടെനിന്ന് വാങ്ക് വിളിക്കാം. പക്ഷേ ഇവരൊക്കെ ഇവിടെ വന്നിരിക്കണം. ഭയങ്കര നാറ്റമാണ് ഇവിടെ. എന്നിട്ടും ഞാൻ ഉറക്കെ വാങ്ക് വിളിച്ചു. പക്ഷേ എനിക്ക് മാർക്ക് ഇട്ടില്ല. പക്ഷേ ഞാൻ അത് ചോദ്യം ചെയ്തു. ഗത്യന്തരമില്ലാതെ ഇവർ എനിക്ക് ഫസ്റ്റ് പ്രൈസ് തന്നു. ഒരു മൊട്ടുസൂചി. പഠിക്കാനും മനസ്സിലാക്കാനും ചോദ്യം ചെയ്യാനും ഒരുങ്ങുന്നവരെ മാനസികമായി ഒറ്റപ്പെടുത്തുകയാണ് ഇസ്ലാമിക സംഘടനകളുടെ രീതി. മദ്രസയിലും ദർസിലുമൊക്കെ ഉസ്താദുമാരുടെ ലൈംഗിക പീഡന ശ്രമങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. അത് എതിർക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രീതിയാണ് ഉണ്ടാവാറ്. - ജാമദ ടീച്ചർ പറുഞ്ഞു.

ഓരോകാര്യം മനസ്സിലാക്കിയും വിമർശിച്ചും പതുക്കെ പതുക്കെയാണ് ഈ മാറ്റം ഉണ്ടായത്. മതത്തെ വിമർശിക്കാൻ തുടങ്ങിയതോടെ തന്നെ ഞാൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഓരോന്നോരോന്നായി എനിക്ക് ടെർമിനേഷൻ കിട്ടി. ആറുസ്ഥാപനങ്ങളിൽനിന്നും ടെർമിനേഷൻ കൈയിൽ കിട്ടി.

തനിക്കെതിരെയുള്ളത് ഹീനമായ കുപ്രചാരണങ്ങൾ

എന്റെ അദ്ധ്യാപകൻ ആയിരുന്നു ഷംസുദ്ദീൻ പാലത്ത്. അദ്ദേഹം പറയുന്നത്, ബഹുദൈവ ആരാധകരുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും ഹറാമാണ് എന്നാണ്. അതുപോലെ അവരെ നമ്മുടെ സ്ഥാപനങ്ങളിൽ പേഴ്സണൽ സ്റ്റാഫായി വെക്കുകയോ, അവർക്ക് ജോലികൊടുക്കുയോ പോലും പാടില്ല എന്നു പറയുമ്പോൾ, ഞാൻ അതിനെ വിമർശിച്ചു. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് നമ്മുടെ പണ്ഡിതന്മാരോട് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഒന്നുമറിയില്ല എന്നതായിരുന്നു അവരുടെ മറുപടി. ഞാൻ തിരുവനന്തപുരം ജില്ലയിലെ മണക്കാട് ലക്ഷ്മി പാർവതി ഭായി സ്‌കൂളിലെ ഹയർസെക്കൻഡറിയിലെ അറബിക്ക് അദ്ധ്യാപികയായിരുന്നു. പല പ്രമുഖ സ്ഥലങ്ങളലും പഠിപ്പിച്ചിട്ടുണ്ട്. സലഫി സെന്റർ അടക്കം പലയിടത്തും ഖുർആൻ പഠിപ്പിച്ചു. ഞാൻ ബിരുദധാരിയാണ്. പക്ഷേ ഇപ്പോൾ പ്രചാരണം നടക്കുന്നത് എനിക്ക് അടിസ്ഥാന വിദ്യാഭ്യാസമില്ലെന്നും ഞാൻ ടീച്ചർ അല്ല എന്നുമൊക്കെയാണ്- ജാമിദ ടീച്ചർ പറഞ്ഞു.

ഞാൻ ക്രിസ്ത്യൻ മതത്തിലേക്ക് പോയി പെന്തക്കോസ്ത് സ്വീകരിച്ചുവെന്നും പ്രചാരണം ഉണ്ട്. ഒരുകാലിൽ മന്ത് വെച്ച് മറ്റേക്കാലിലെ മന്തിനെ മുറകെ പിടിക്കേണ്ട കാര്യമില്ല. ഇസ്ലം മതംതന്നെ ഒരു പൊള്ളയാണെന്ന് എനിക്കറിയാം. പിന്നെ ക്രിസ്ത്യൻ മതത്തിന്റെ പിറകേ പോണോ.അവർക്ക് വേണ്ടത്് ഞാൻ ഒന്നുമല്ല എന്ന് ആക്കിത്തീർക്കലാണ്. ഇസ്ലാം വിട്ടതിനെ തുടർന്ന് തനിക്കുനേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായതായും ജാമിദ ടീച്ചർ വെളിപ്പെടുത്തി. സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന എന്നെ ടിപ്പറിടിച്ചു കൊല്ലാൻ ശ്രമിച്ചു. പല തവണ വീട് ആക്രമിച്ചു. 'ഇപ്പോഴും ഞാൻ കാരണം എന്റെ സഹോദരങ്ങളെ ഊരുവിലക്കുന്നുണ്ട്. പല കല്യാണ വീടുകളിൽനിന്നും എന്റെ സഹോദരങ്ങൾ കണ്ണീരോടെ മടങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. രണ്ട് സഹോദരന്മാരുടെ മക്കളുടെയും കല്യാണത്തിന് മഹല്ല് കമ്മറ്റി മുന്നോട്ടുവെച്ച നിബന്ധന ഞാൻ ആ ചടങ്ങിൽ പങ്കെടുക്കരുതെന്നായിരുന്നു.- ജാമിദ ടീച്ചർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP