Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നിലും ജയലളിതയുടെ മരണമോ? അടിച്ചമർത്താൻ പോന്ന ആരും ഇനിയില്ലെന്ന് വ്യക്തമായതോടെ സ്വാതന്ത്ര്യ ബോധമുള്ള യുവതീയുവാക്കൾ തെരുവിലേക്ക്; കാളപ്പോരിന്റെ പേരിൽ ആർക്കും നിയന്ത്രിക്കാനാവാത്ത പ്രക്ഷോഭ ഭൂമിയായി മാറി തമിഴ്‌നാട്

ജെല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നിലും ജയലളിതയുടെ മരണമോ? അടിച്ചമർത്താൻ പോന്ന ആരും ഇനിയില്ലെന്ന് വ്യക്തമായതോടെ സ്വാതന്ത്ര്യ ബോധമുള്ള യുവതീയുവാക്കൾ തെരുവിലേക്ക്; കാളപ്പോരിന്റെ പേരിൽ ആർക്കും നിയന്ത്രിക്കാനാവാത്ത പ്രക്ഷോഭ ഭൂമിയായി മാറി തമിഴ്‌നാട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലാകെ ഇപ്പോൾ ജെല്ലിക്കെട്ടിനെതിരായ സുപ്രീം കോടതി വിധിയെച്ചൊല്ലിയുള്ള പ്രതിഷേധമാണ്. ജെല്ലിക്കെട്ട് തമിഴ്‌നാട്ടിൽ എല്ലായിടത്തും ഇല്ലെങ്കിലും പ്രതിഷേധം അനുനിമിഷം സംസ്ഥാനമാകെ പടരുകയാണ്. കമൽഹാസനും എ.ആർ.റഹ്മാനും വിജയ്യും അജിത്തുമുൾപ്പെടെ സിനിമാ മേഖലയിലെ പ്രമുഖർ കൂടി ജെല്ലിക്കെട്ടിനെ അനുകൂലിച്ച് രംഗത്തിറങ്ങുന്നതോടെ, പണ്ടത്തെ ഭാഷാ സമരത്തെപ്പോലെ ജെല്ലിക്കെട്ട് സമരവും തമിഴകത്തെ പ്രക്ഷോഭഭൂമിയാക്കി മാറ്റുന്നു.

ജെല്ലിക്കെട്ട് തമിഴ്‌നാട്ടിൽ മധുരയിലും പരിസരപ്രദേശത്തും മാത്രമാണുള്ളത്.. പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നവർക്കും അതിനെ അനുകൂലിക്കുന്നവർക്കും ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും വളരെ അപകടം നിറഞ്ഞതാണെന്നുമുള്ള കാര്യത്തിൽ തർക്കമില്ല. എന്നാൽ, സമരത്തിലേക്ക് ജനങ്ങളെ നയിക്കുന്ന മാനസികാവസ്ഥ ഇതൊന്നുമല്ലെന്നാണ് സൂചനകൾ. ജയലളിതയെപ്പോലെ, ജനങ്ങളെ അടക്കിനിർത്താൻ ശേഷിയുള്ള ഒരു നേതാവ് തമിഴകത്തില്ലാത്തതാണ് സമരം ഇത്രയേറെ വ്യാപിക്കാൻ കാരണമെന്നാണ് സൂചന.

ജെല്ലിക്കെട്ടിന് അനുമതി നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ വിധിയാണ് പ്രക്ഷോഭങ്ങൾക്ക് അടിസ്ഥാനം. സുപ്രീം കോടതി വിധിക്കെതിരെ ഒരു സംസ്ഥാനമൊന്നടങ്കം പ്രക്ഷോഭനത്തിനിറങ്ങുന്നത് ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ, ക്ലാസ്സുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികളും ജോലി സ്ഥലങ്ങളിൽനിന്ന് യുവതീ യുവാക്കളും തെരുവിലേക്കിറങ്ങുന്നത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. കാമ്പസ്സുകളിലെ അരാഷ്ട്രീയ പ്രവണതകളും ജനങ്ങളെ നിയന്ത്രിക്കാൻ ശേഷിയുള്ള നേതാക്കളുടെ അപര്യാപ്തതയുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ ജനങ്ങളെ തെരുവിലിറക്കിയ രാഷ്ട്രീയക്കാർക്ക് ഇക്കുറി സമരത്തിൽ ഇടെപാടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രി പനീർ ശെൽവത്തിനോ ഡി.എം.കെ. നേതാവ് സ്റ്റാലിനോ ജനങ്ങൾക്കിടയിൽ ആജ്ഞാശക്തിയുള്ള നേതാവാകാൻ സാധിച്ചിട്ടില്ല. എഴുപതുകളിൽ രണ്ട് വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയിട്ടുള്ള എം.ജി.ആറിന്റെയും കരുണാനിധിയുടെയും ചരിത്രം തമിഴ്‌നാട്ടുകാർ ഇപ്പോഴും ഓർമിക്കുന്നുണ്ടാവും. എന്നാൽ, അതുപോലൊരു നേതാവ് ഇനിയില്ലെന്ന് സമരക്കാർക്കറിയാം.

ഹിന്ദി വിരുദ്ധ സമരത്തെക്കാൾ ശക്തമായി ജെല്ലിക്കെട്ട് സമരം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെല്ലിക്കെട്ടിന്റെ പേരിലാണ് സമരമെങ്കിലും ഇത് കാളപ്പോരിനുവേണ്ടിയുള്ള പ്രക്ഷോഭമല്ലെന്നും എല്ലാവർക്കുമറിയാം. തമിഴ് സംസ്‌കാരത്തിനുവേണ്ടിയുള്ളതല്ല, തമിഴന്റെ കരുത്ത് പുറംനാട്ടുകാരെ അറിയിക്കുന്നതിനുവേണ്ടിയുള്ള മാർഗമായാണ് ജെല്ലിക്കെട്ടിനെ പലരും സ്വീകരിച്ചിരിക്കുന്നത്. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാത്ത കേന്ദ്രത്തിനെതിരെയാണ് പ്രധാന സമരക്കാരുടെ രോഷം. എന്നാൽ കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ ഇടപെടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്.

ഇത് തമിഴ്‌നാട് സർക്കാരിനെ വെട്ടിലാക്കുന്നുമ്ട്. തമിഴ്‌നാട്ടിൽ ഉടനീളം യുവജനങ്ങൾ ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ നടത്തുന്ന പ്രതിഷേധം തലസ്ഥാനമായ ചെന്നൈയിലേക്കും പടർന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാകുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മറീന ബീച്ചിൽ തുടരുന്ന പ്രക്ഷോഭത്തിൽ അണിചേർന്നത്. മധുരയിൽ ജെല്ലിക്കെട്ട് പ്രക്ഷോഭം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. അതിനിടെ നാമക്കൽ ജില്ലയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ച് സമരത്തിൽ അണിനിരന്നു. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താൻ അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂർ, കോയമ്പത്തൂർ, മധുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്.

നാലുവർഷം മുൻപു യുപിഎ സർക്കാരാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. അന്ന് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ മാർഗനിർദ്ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ ജെല്ലിക്കെട്ട് നടത്തുകയുമായിരുന്നു. പിന്നീട് 2014ൽ പെറ്റയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി സ്ഥിരമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

ജെല്ലി, കെട്ട് എന്നീ വാക്കുകളിൽനിന്നുള്ള പേര്. കാളയുടെ കൊമ്പിൽ കെട്ടിവച്ച സവ്രണം /വെള്ളി നാണയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. തമിഴ് ക്ലാസിക്കുകളിൽ യോദ്ധാക്കളുടെ കായികവിനോദം ആണിത്. ബിസി 400-100 മുതൽ പ്രചാരത്തിൽ. പൊങ്കലിനോടനുബന്ധിച്ചു കൊണ്ടാടുന്നു. ചെറിയ ഇടവഴിയിലൂടെ മൈതാനത്തേക്കു കുതിച്ചെത്തുന്ന കാളയെ മുതുകിൽ പിടിച്ചു കീഴ്പ്പെടുത്തുകയോ ഫിനിഷിങ് ലൈൻ കടക്കുന്നതുവരെ കാളയുടെ മുതുകിൽപിടിച്ചു തൂങ്ങി നിൽക്കുകയോ ചെയ്യുന്നവർ ജേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP