Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കബഡിയേയും ഖൊഖൊയും നെഞ്ചിലേറ്റിയ നവശക്തിയുടെ പ്രിയപ്പെട്ടവൻ മലേഷ്യയ്ക്ക് പോയത് സ്വന്തം വീടെന്ന സ്വപ്‌നം മനസ്സിൽ സൂക്ഷിച്ച്; വിമാനം കയറും വരെ ക്ലബ്ബ് സെക്രട്ടറി ഓടി നടന്നത് നാട്ടുകാർക്ക വേണ്ടിയും; അജ്ഞാത പനിയുമായി കൊച്ചിയിൽ വിമാനം ഇറങ്ങിയത് മരണത്തിലേക്കും; പ്രിയപ്പെട്ടവന്റെ സംസ്‌കാരത്തിന് ധൈര്യപൂർവ്വം മുമ്പോട്ട് വന്നത് മാരക വൈറസുകളെ ഭയമില്ലെന്ന് വിളിച്ചു പറഞ്ഞ ആറു യുവാക്കളും; നിപ്പയെ ഓർമ്മിപ്പിച്ച് വീണ്ടും സംസ്‌കാരം; ജൈനേഷിന് വെള്ളൂര് യാത്രമൊഴി നൽകിയത് കണ്ണീരുമായി

കബഡിയേയും ഖൊഖൊയും നെഞ്ചിലേറ്റിയ നവശക്തിയുടെ പ്രിയപ്പെട്ടവൻ മലേഷ്യയ്ക്ക് പോയത് സ്വന്തം വീടെന്ന സ്വപ്‌നം മനസ്സിൽ സൂക്ഷിച്ച്; വിമാനം കയറും വരെ ക്ലബ്ബ് സെക്രട്ടറി ഓടി നടന്നത് നാട്ടുകാർക്ക വേണ്ടിയും; അജ്ഞാത പനിയുമായി കൊച്ചിയിൽ വിമാനം ഇറങ്ങിയത് മരണത്തിലേക്കും; പ്രിയപ്പെട്ടവന്റെ സംസ്‌കാരത്തിന് ധൈര്യപൂർവ്വം മുമ്പോട്ട് വന്നത് മാരക വൈറസുകളെ ഭയമില്ലെന്ന് വിളിച്ചു പറഞ്ഞ ആറു യുവാക്കളും; നിപ്പയെ ഓർമ്മിപ്പിച്ച് വീണ്ടും സംസ്‌കാരം; ജൈനേഷിന് വെള്ളൂര് യാത്രമൊഴി നൽകിയത് കണ്ണീരുമായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നിപ്പയെ ഓർമിപ്പിച്ച് വീണ്ടുമൊരു സംസ്‌കാരം. ലോക ആരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ എല്ലാം പാലിച്ചായിരുന്നു കണ്ണൂരിലെ ജൈനേഷിന്റെ സംസ്്കാരം നടത്തിയത്. മലേഷ്യയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28നു പുലർച്ചെയാണു കൊറോണ ലക്ഷണങ്ങളോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് എറണാകുളം ഗവ.ആശുപത്രിയിലെ ഐസലേറ്റഡ് വെന്റിലേറ്ററിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ജൈനേഷിന് കൊറോണ ഇല്ലെന്ന് തെളിഞ്ഞെങ്കിലും സംസ്‌കാര ചടങ്ങിൽ പരമാവധി കരുതലെടുക്കുകയായിരുന്നു ആരോഗ്യ വകുപ്പ്.

''അഞ്ചു ദിവസം മുൻപു വരെ എന്നോടു സംസാരിച്ച എന്റെ മോനേ, ഈ അഞ്ചു ദിവസം കൊണ്ട് നിനക്കെന്തു പറ്റിയെടാ..'ജൈനേഷിന്റെ അമ്മ സൗമിനിയുടെ ചോദ്യം ഏവരേയും കരയിപ്പിച്ചു. സൗമിനി കാലിനു പരുക്കേറ്റു കിടക്കുമ്പോഴാണു ജൈനേഷ് മലേഷ്യയിലേക്കു പോയത്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും അമ്മയുടെ സുഖവിവരങ്ങൾ വിളിച്ച് അന്വേഷിക്കും. നല്ല ജോലി കിട്ടി നല്ല വീടുവച്ചു സന്തോഷമായി ജീവിക്കണമെന്ന് എപ്പോഴും ആഗ്രഹം പറയും. വീട് പണി പൂർത്തിയാക്കാനായി ഇറക്കിയ നിർമ്മാണ സാമഗ്രികൾക്ക് അടുത്താണ് ജൈനേഷിനെ അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാനായി കിടത്തിയത്. പിന്നീട് സംസ്‌കാരവും.

മാരകവൈറസുകളെ ഭയപ്പെടാതെ ആദ്യാവസാനം വരെ നിന്നു ചടങ്ങുകൾക്കു നേതൃത്വം നൽകിയതു നാട്ടുകാരായ യുവാക്കളായിരുന്നു. അപകട സാധ്യത മുന്നിൽ കണ്ടു പലരും മടിച്ചു നിന്നപ്പോൾ, മൃതദേഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ചുമതല ഇവർ ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു. ആംബുലൻസിൽ നിന്ന് ഇറക്കി പൊതുദർശനത്തിനു വച്ചതും തുടർന്നു വീട്ടിലേക്കും ശ്മശാനത്തിലേക്കും മൃതദേഹം എത്തിച്ചതും ഇവരായിരുന്നു. നാട്ടുകാരായ കൃപേഷ് കണിയേരി, ഒ.രമേശൻ, ടി.കൃഷോബ്, വി.കെ.രാജീവൻ, എം.അനുരാജ്, രാജേഷ് എന്നിവരാണ് സുരക്ഷാ വസ്ത്രം ധരിച്ചു സംസ്‌കാര ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.

വൈറസ് ഭീതിയുള്ളതിനാൽ ജൈനേഷിന് പ്രിയപ്പെട്ടവർക്ക് അന്ത്യചുംബനം പോലും നൽകാനായില്ല. അമ്മയും സഹോദരങ്ങളും അടക്കമുള്ളവർ ജൈനേഷിനു വിട നൽകി ഏറെ ദൂരെ നിലയുറപ്പിച്ചായിരുന്നു. കൊറോണയെന്നു സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന് കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിച്ചെങ്കിലും, മരണകാരണം വ്യക്തമായി കണ്ടെത്താത്തതിനാൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണു മൃതദേഹം നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതും.

10 വെള്ളത്തുണിയിലും തുടർന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന മൃതദേഹം 10 മിനിറ്റ് വീട്ടിൽ പൊതുദർശനത്തിനു വച്ചു. ആരേയും അടുത്തേക്കു വരാനോ തൊടാനോ അനുവദിച്ചില്ല. ഏറ്റവും അവസാനത്തെ പ്ലാസ്റ്റിക് ബാഗ് അൽപം നീക്കി മുഖം മാത്രം പുറത്തു കാണിച്ചു. മൃതദേഹം വച്ച മേശയിൽ നിന്നു 2 മീറ്റർ അകലത്തിൽ കസേരകൾ നിരത്തി അതിനു വെളിയിലൂടെയാണ് അന്തിമോപചാരമർപ്പിക്കാൻ അവസരം നൽകിയത്. അങ്ങനെ പരമാവധി കരുതൽ ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തി.

നാട്ടുകാരായ ആറംഗ സംഘമാണ് അതീവസുരക്ഷാ വസ്ത്രങ്ങളും പ്രത്യേക മുഖംമൂടിയും കയ്യുറയും ധരിച്ചു സംസ്‌കാരച്ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. വീടിനു സമീപത്തെ സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സംസ്‌കാരത്തിനു സംഘത്തിന്റെ സുരക്ഷാ വസ്ത്രങ്ങളും കയ്യുറകളും മറ്റും സംസ്‌കാരത്തിനു ശേഷം ശ്മശാനത്തിൽ തന്നെ കത്തിച്ചു.

കൊച്ചിയിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ ഇന്നലെ പുലർച്ചെയോടെയാണു മൃതദേഹം വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചത്. വെള്ളൂർ നവശക്തി ക്ലബിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നാട്ടുകാരും സുഹൃത്തുക്കളും വിവിധ കായിക സംഘടനകളും ദൂരെ മാറി നിന്ന് അന്ത്യാഞ്ജലി അർപ്പിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംസ്‌കാര ചടങ്ങുകൾക്കു മേൽനോട്ടം വഹിക്കാനെത്തിയിരുന്നു. ജൈനേഷിനു കൊറോണ, എച്ച്1എൻ1 വൈറസുകൾ ഇല്ലയെന്നു വിദഗ്ധ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്താത്തതിനാൽ മറ്റെന്തെങ്കിലും രോഗാണു മരണകാരണമായിട്ടുണ്ടോ എന്നു വ്യക്തമായിരുന്നില്ല. നേരിയ അപകട സാധ്യത പോലും ഒഴിവാക്കാനാണു ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്ന പ്രത്യേക സുരക്ഷാ മുൻകരുതലുകളോടെ മൃതദേഹം സംസ്‌കരിച്ചത്.

കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ 3നു പയ്യന്നൂർ വെള്ളൂരിലേക്കു മൃതദേഹം എത്തിച്ചതു പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ആംബുലൻസിൽ. വെള്ളൂർ നവശക്തി ക്ലബിനു മുന്നിൽ ആംബുലൻസ് എത്തിയതോടെ ചടങ്ങുകൾ തീരും വരെ കൂടെ നിൽക്കാൻ സുരക്ഷാ വസ്ത്രങ്ങൾ അണിഞ്ഞ 6 പേരെ ചുമതലപ്പെടുത്തി. വെളുപ്പും നീലയും നിറങ്ങളിലുള്ള ഗൗൺ, അതീവ സുരക്ഷയുള്ള എൻ95 മാസ്‌ക്, കണ്ണുകൾ മൂടിക്കെട്ടാൻ പ്രത്യേക കണ്ണാടി, ഗ്ലൗസ്, കാലുറ എന്നിവ ഇവരെ ധരിപ്പിച്ചിരുന്നു. ന്മവീട്ടിൽ 10 മിനിറ്റ് പൊതുദർശനത്തിനു ശേഷം , സുരക്ഷാ വസ്ത്രം ധരിച്ചവരാണു മൃതദേഹം ചിതയിലേക്ക് എടുത്തത്. സഹോദരൻ രാജേഷ് ചിതയ്ക്കു തീ കൊളുത്തി. മൃതദേഹം പൂർണമായി ദഹിച്ചു കഴിയുന്നതു വരെ മറ്റാരെയും അകത്തേക്കു പ്രവേശിപ്പിച്ചില്ല

ന്മസംസ്‌കാരം കഴിഞ്ഞതോടെ കൂടെയുണ്ടായിരുന്ന ആറു പേരുടെയും സുരക്ഷാ വസ്ത്രങ്ങളും ഗ്ലൗസും കണ്ണാടിയും കാലുറകളും ശ്മമശാനത്തിൽ തന്നെ തീയിട്ടു നശിപ്പിച്ചു. ഇവർ ധരിച്ചിരുന്ന വസ്ത്രം ചൂടുവെള്ളവും അണുനാശിനിയും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി. ജൈനേഷ് ഏറെക്കാലം സെക്രട്ടറിയായ വെള്ളൂർ നവശക്തി ക്ലബിന്റെ മുറ്റത്ത് മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഒന്നര വർഷം മുൻപു മലേഷ്യയിൽ ജോലി തേടി പോകും വരെ നാട്ടുകാരുടെ കാര്യങ്ങൾക്കായി മുൻപന്തിയിലുണ്ടായിരുന്നു ജൈനേഷ്. കബഡി, ഖൊഖൊ ഇനങ്ങളിൽ സർവകലാശാല താരമായിരുന്നു, ഒപ്പം നവശക്തി ക്ലബ്ബിന്റെ പ്രധാന കളിക്കാരനും.

കേരളത്തിനകത്തും പുറത്തും പ്രധാന കബഡി ടൂർണമെന്റുകളിലെല്ലാം ജൈനേഷിന്റെ നേതൃത്വത്തിലുള്ള ടീം മത്സരിച്ചിട്ടുണ്ട്. മലേഷ്യയിലേക്ക് പോകും വരെ ക്ലബ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ജൈനേഷ് ഈ സ്ഥാനം മൂത്ത സഹോദരൻ രാജേഷിനെ ഏൽപിച്ചാണ് മലേഷ്യയിലേക്ക് പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP