Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരസ്യമില്ലാതെ വെള്ളം കുടിക്കുന്ന മലയാളം ദിനപത്രങ്ങൾക്ക് ഒന്നാം പേജിൽ മുഴുവൻ പരസ്യം നൽകി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ മാസ്സ് എൻട്രി; നിയമ വിരുദ്ധമായി കൊച്ചിയിൽ നടത്തുന്ന കോഴ്‌സിനെ ജന്മഭൂമി ഒഴികെ സകല പത്രങ്ങൾക്കും ഒന്നാംപേജ് പരസ്യം; ചാനലുകളിൽ നിൽക്കാത്ത സ്‌ക്രോളുകളും; ഓഫ് കാമ്പസിന് അനുമതിയില്ലെന്ന കാര്യം മറച്ചുവെച്ചു ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി കേരളത്തിൽ വല വിരിക്കാൻ ഇറങ്ങിയ കഥ

പരസ്യമില്ലാതെ വെള്ളം കുടിക്കുന്ന മലയാളം ദിനപത്രങ്ങൾക്ക് ഒന്നാം പേജിൽ മുഴുവൻ പരസ്യം നൽകി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ മാസ്സ് എൻട്രി; നിയമ വിരുദ്ധമായി കൊച്ചിയിൽ നടത്തുന്ന കോഴ്‌സിനെ ജന്മഭൂമി ഒഴികെ സകല പത്രങ്ങൾക്കും ഒന്നാംപേജ് പരസ്യം; ചാനലുകളിൽ നിൽക്കാത്ത സ്‌ക്രോളുകളും; ഓഫ് കാമ്പസിന് അനുമതിയില്ലെന്ന കാര്യം മറച്ചുവെച്ചു ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി കേരളത്തിൽ വല വിരിക്കാൻ ഇറങ്ങിയ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് കാലത്ത് ഏറ്റവും തിരിച്ചടിയേറ്റ വ്യവസായങ്ങളുടെ കൂട്ടത്തിലാണ് പത്രവ്യവസായവും. മലയാളം ദിനപത്രങ്ങൾക്ക് അടക്കം പരസ്യ വരമാനം നിലച്ചതോടെ ഈ മാസങ്ങളിൽ നഷ്ടത്തിലോടുന്ന അവസ്ഥയിലാണ്. മലയാളത്തിലെ പത്രമുത്തശ്ശികളായ മലയാള മനോരമയും മാതൃഭൂമിയും അടക്കം പരസ്യങ്ങൾ ഇല്ലാതെ സർക്കാർ പരസ്യങ്ങളുടെ പിൻ ബലത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മലയാളം ചാനലുകളാകട്ടെ വരുമാനക്കുറവ് മൂലം ശമ്പളം വെട്ടിക്കുറക്കുന്ന അവസ്ഥയിലുമാണ്. ഇതിനിടെയാണ് മാധ്യമങ്ങൾക്ക് ലോട്ടറി പോലെ ഒരു വമ്പൻ പരസ്യം ഇന്നത്തെ പത്രങ്ങളിൽ എത്തിയത്. ജെയിൻ യൂണിവേഴ്‌സിറ്റി എന്ന ഡീംഡ് യൂണിവേഴ്‌സിറ്റി കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ പത്രങ്ങളിലും ലക്ഷങ്ങൾ മുടക്കി പരസ്യം നൽകിയത്. ജന്മഭൂമി ഒഴികെയുള്ള പത്രങ്ങളിൽ എല്ലാം ഈ പരസ്യം എത്തുകയുണ്ടായി.

ചെറുതെന്നും വലുതെന്നും നോക്കാതെ എന്താണ് ഇങ്ങനെ പരസ്യം നൽകുന്നതിനെ ഗുട്ടൻസ് എന്നു പരിശോധിക്കുമ്പോളാണ് ഇതിന് പിന്നിൽ മറഞ്ഞിരിക്കുന്ന വിവരം പുറത്തു വരിക. ജെയിൻ യൂണിവേഴ്‌സിറ്റിക്ക് കേരളത്തിൽ ഓഫ് കാമ്പസ് തുടങ്ങാൻ അനുമതി ഇതുവരെ യുജിസിയിൽ നിന്നും ലഭിച്ചിട്ടില്ല. ഇതാണ് വസ്തുത എന്നിരിക്കേയാണ് ഇക്കാര്യം മറച്ചു വെച്ചുകൊണ്ട് പത്രധർമ്മത്തിന് വേണ്ടി പടവാളുയർത്തുന്നവർ എന്നവകാശപ്പെടുന്ന മലയാളം പത്രങ്ങൾ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പരസ്യം നൽകിയിരിക്കുന്നത്.

ഡീംഡ് യൂണിവേഴ്‌സിറ്റികൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാനങ്ങളിൽ മാത്രമാണെന്നാണ് വ്യവസ്ഥ അവർക്ക് ഓഫ് ക്യാമ്പസ് അനുമതിയില്ല. എന്നിട്ടും ജെയിൻ ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് അനധികൃതമായി കൊച്ചിയിൽ പ്രവർത്തിക്കുന്നു. ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസിന് അനുമതി നൽകിയിട്ടില്ലെന്ന് സർക്കാരിനു നൽകിയ കത്തിൽ യുജിസി തന്നെ വ്യക്തമാക്കുന്നുമുണ്ട്. ഇത് മലയാളത്തിലെ വർത്തമാന പത്രങ്ങൾക്ക് അറിയാവുന്നതുമാണ്. യുജിസിയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഈ ഓഫ് ക്യാമ്പസിന് മലയാളത്തിലെ മുൻനിര പത്രങ്ങൾ ചൂട്ടുപിടിക്കുകയാണ്. ഇത് അനധികൃതമാണെന്ന് മനസിലാക്കി തന്നെയാണ് ഇവരുടെ പരസ്യങ്ങൾ വർത്തമാന പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ജെയിൻ ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഫുൾ പേജ് കളർ പരസ്യങ്ങളാൽ അലംകൃതമായാണ് മലയാളത്തിലെ മിക്ക മുൻ നിര പത്രങ്ങളും ഇന്നു പുറത്തിറങ്ങിയിരിക്കുന്നത്.

ഉണരുക, ലോകം വിളിക്കുന്നു എന്നാണ് ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്. പുതുയുഗത്തിലെ ഹെൽത്ത് കെയർ കോഴ്‌സുകൾ വഴി കരിയർ കെട്ടിപ്പടുക്കാനാണ് ആഹ്വാനം. ഈ പരസ്യം കേട്ട് എടുത്ത് ചാടുന്നവർ ശ്രദ്ധിക്കുക. യുജിസിയുടെ അംഗീകാരമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഓഫ് കാമ്പസാണ് ജെയിനിന്റെ കൊച്ചിയിലേത്. കേരള സർക്കാർ എഴുതി ചോദിച്ചപ്പോഴാണ് ജെയിനിന്റെ കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് യുജിസി അറിയിച്ചത്. ഇതിനു ഔദ്യോഗിക ലെറ്ററും യുജിസി നൽകിയിട്ടുണ്ട്. ഡീംഡ് യൂണിവേഴ്‌സിറ്റികൾക്ക് ഓഫ് ക്യാമ്പസ് അനുമതി നൽകുക യുജിസിയുടെ പതിവല്ല. അനധികൃതമായാണ് ഈ ക്യാമ്പസ് കൊച്ചി ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്നത് എന്ന് മുൻപ് തന്നെ ആരോപണം ഉയർന്നതാണ്. ഇത് മറച്ചുവച്ചാണ് കൊച്ചിയിലെ ഓഫ് ക്യാമ്പസിന്റെ നമ്പറും വിവരങ്ങളും നൽകി പരസ്യം പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗം തട്ടിപ്പുകളുടെ വിളനിലമാണ്. എന്നിട്ടും തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കും വിധമാണ് ഒന്നാം പേജ് പരസ്യമായി ജെയിൻ യൂണിവെഴ്‌സിറ്റി പരസ്യം ഒന്നാം പേജ് ഫുൾ പേജ് പരസ്യമായി പത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ജയിൻ യൂണിവേഴ്‌സിറ്റി, കൊച്ചി കേന്ദ്രമായ കാമ്പസിൽ നിന്നാണ് കേരളത്തിലെ വിദ്യാർത്ഥികൾക്കായി വിവിധ ടെക്നിക്കൽ, നോൺ ടെക്നിക്കൽ, ഐടി, സയൻസ് പ്രോഗ്രാമുകൾ നടത്തുന്നത്. യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കേന്ദ്രം തന്നെ അനധികൃതമാണ്. അതുകൊണ്ടാണ് പരസ്യങ്ങൾക്ക് നേരെ വിമർശനം ഉയരുന്നത്.

കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമെന്ന് യുജിസി

കൊച്ചിയിലെ ജെയിൻ ഓഫ് ക്യാമ്പസാണ് അനധികൃതമെന്ന് യുജിസി തന്നെ ഔദ്യോഗികമായി വിശദീകരിച്ചിടുണ്ട്. ജെയിനിന്റെ കൊച്ചിയിലെ ഈ ക്യാമ്പസ് അനധികൃതമെന്ന് പരസ്യം നൽകിയ മലയാളത്തിലെ മുഴുവൻ വർത്തമാന പത്രങ്ങൾക്കും അറിയാം. എന്നിട്ടും പരസ്യത്തിന്റെ പേരിൽ ഈ വസ്തുത പത്രങ്ങൾ മറച്ചുവെയ്ക്കുകയാണ്. കൊച്ചിയിലെ ഓഫ് ക്യാമ്പസ് നമ്പർ തന്നെയാണ് പത്രത്തിൽ നൽകിയിരിക്കുന്നത്. കൊച്ചിയിലെ ക്യാമ്പസിൽ ബിഎസ് സി, ബികോം, ബിബിഎ, ബിഎ കോഴ്‌സുകൾ നടത്തുന്നുണ്ട്. ജെയിൻ ഓഫ് ക്യാമ്പസ് എന്ന് പറഞ്ഞാണ് ലക്ഷങ്ങൾ അഡ്‌മിഷൻ ഫീസ് വാങ്ങി (ബികോമിന് വരെ മൂന്നു ലക്ഷത്തിലധികമാണ് ഇവരുടെ ഫീസ്) ഇവർ അഡ്‌മിഷൻ നടത്തുന്നത്. ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസ് അനധികൃത്രമാണ്. അഥോറിറ്റിയുടെ അതായത് യുജിസിയുടെ അനുമതി ലഭിക്കാതെയാണ് ഇവർ കൊച്ചിയിൽ റെഗുലർ ക്ലാസുകൾ നടത്തുന്നത്. ഇത് ജെയിൻ കൊച്ചി ക്യാമ്പസ് അധികൃതർ തന്നെ മറുനാടൻ മലയാളിയോട് സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി യുജിസി ടീം ഇൻസ്‌പെക്ഷൻ നടത്തി പോയി എന്നാണ് കൊച്ചി ക്യാമ്പസ് അധികൃതർ മറുനാടനോട് പറഞ്ഞത്. അവർ അംഗീകാരം കാത്തിരിക്കുകയാണ്. പക്ഷെ ഓഫ് ക്യാമ്പസ് അംഗീകാരം ഒന്നും ലഭിക്കാതെ ഡിഗ്രി ക്ലാസുകൾ ലക്ഷങ്ങൾ അഡ്‌മിഷൻ ഫീസ് വാങ്ങി ഇവർ ആരംഭിച്ചിരിക്കുന്നത്.

ക്യാമ്പസ് വിവാദമായാൽ വെള്ളത്തിലാകുന്നത് വിദ്യാർത്ഥികളുടെ ഭാവി

പരസ്യത്തിൽ പറഞ്ഞിരിക്കുന്ന പ്രാധാന കോഴ്‌സുകൾ ഒന്നും കേരളത്തിലില്ല. എല്ലാം ബംഗളൂരുവിലാണ്. ബംഗളൂരുവിൽ പഠനത്തിനില്ല എന്ന് പറഞ്ഞാൽ കൊച്ചിയിലെ കോഴ്‌സുകളുടെ കാര്യം പറയും. മൂന്നു വർഷ സ്ഥിരം ക്ലാസുകൾ ഉള്ള കോഴ്‌സുകൾ. രണ്ടു ലക്ഷം മുതൽ മുകളിലോട്ടാണ് ഡിഗ്രി കോഴ്‌സുകൾക്ക് ഇവർ ഫീസ് ഈടാക്കുന്നത്. അനുമതിയില്ലാത്ത ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിൽ ആടാൻ സാധ്യതയുണ്ട് എന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതർ മറുനാടനോട് പ്രതികരിച്ചത്. ക്യാമ്പസിന് അനുമതിയില്ല എന്ന് അവർ തന്നെ പറയുന്നു. എന്നിട്ട് അവിടെ റെഗുലർ ക്ലാസും. പ്രശ്‌നം വിവാദമായാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി തന്നെ വെള്ളത്തിലാകും. സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യാൻ യുജിസി അനുമതി നൽകിയില്ലെങ്കിൽ ഇവരുടെ ഭാവി ചോദ്യചിഹ്നമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതർ പ്രതികരിക്കുന്നത്.

അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ക്യാമ്പസ് അധികൃതരും

ഡീംഡ് യൂണിവേഴ്‌സിറ്റി ആണെങ്കിലും യുജിസി സിസ്റ്റം അനുസരിച്ച് ഏതു സ്റ്റേറ്റിൽ ആണെങ്കിലും ഓഫ് ക്യാമ്പസ് തുടങ്ങാം. ഈ ജനുവരിയിൽ യുജിസി ടീം വന്നു ഇൻസ്‌പെക്ഷൻ നടത്തി പോയിട്ടുണ്ട്. ഞങ്ങൾ ഓഫ് ക്യാമ്പസ് തുടങ്ങിയത് യുജിസി നിയമം അനുസരിച്ച് തന്നെയാണ്-ജെയിൻ കൊച്ചി ക്യാമ്പസ് അധികൃതർ മറുനാടനോട് പറഞ്ഞു. ജനുവരിയിൽ ഇൻസ്‌പെക്ഷൻ കഴിഞ്ഞെങ്കിലും റിപ്പോർട്ട് വന്നിട്ടില്ല. ജെയിൻ യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസ് യുജിസിയുടെ അംഗീകാരമനുസരിച്ചല്ല അനധികൃതമായാണ് എന്ന് യുജിസി സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് അറിയില്ലെന്നാണ് ജെയിൻ ഓഫ് ക്യാമ്പസ് അധികൃതർ പ്രതികരിച്ചത്.

ജെയിൻ മുൻപ് തന്നെ വിവാദ വിഷയം

ജെയിൻ സർവകലാശാലയുടെ കൊച്ചിയിലെ വിദൂര പഠന കേന്ദ്രം യുജിസി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് മുൻപ് തന്നെ വ്യക്തമായതാണ്. കല്പിത സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാന കാമ്പസുകളിൽ ആയിരിക്കണമെന്നും വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി വേണമെന്നുമാണ് ചട്ടം. കൊച്ചിയിലെ ഏതെങ്കിലും കല്പിത സർവകലാശാലക്ക് സ്വന്തമായി വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ലെന്ന് യുജിസി മുൻപ് തന്നെ അറിയിച്ചത്. ഇത് സർക്കാരിനു നൽകിയ കത്തിലും അവർ വ്യക്തമാക്കിയിട്ടുണ്ട്. .ചില പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് മാത്രമാണ് കല്പിത സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരമുള്ളത്. അത് തന്നെ ഔദ്യോഗിക ഗസറ്റിൽ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് മാത്രമേ അംഗീകാരം ഉണ്ടാകുകയുള്ളൂ. യുജിസിക്ക് പോലും വിദൂരപഠന കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇല്ല. ഈ അവസ്ഥയിലാണ് ജെയിൻ കല്പിത സർവ്വകലാശാല കൊച്ചിയിൽ പ്രവർത്തിക്കുന്നത്. കാറ്റഗറി 2 ഇൽ മാത്രം വരുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പോലും ഒരേയൊരു വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനുള്ള അംഗീകാരം മാത്രമേയുള്ളു.

വിവാദത്തിലായത് ഷൈലജ ടീച്ചറും

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും ജെയിൻ സർവ്വകലാശാലയുമായി ബന്ധപ്പെട്ടു വിവാദത്തിൽ ചാടിയിരുന്നു. എറണാകുളത്ത് പ്ലസ്ടുവിൽ മികച്ച വിജയം നേടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികൾക്ക് കൊച്ചിയിലെ ഈ ജെയ്ൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നൽകുമെന്നും ഇത് സംബന്ധിച്ച് ആ സ്ഥാപനവുമായി ധാരണാപത്രത്തിൽ ഒപ്പിടുമെന്നുമാണ് മുൻപ് മന്ത്രി പറഞ്ഞത്. എന്നാൽ വാർത്ത ശ്രദ്ധയിൽ പെട്ട മാധ്യമപ്രവർത്തകൻ യുജിസി അംഗീകാരം ഇല്ലാത്ത യൂണിവേഴ്‌സിറ്റിയിൽ ആണോ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ചോദിച്ചതിനെ തുടർന്ന് കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. ആകെ മൂന്ന് കൽപിത സർവ്വകലാശാലകൾ മാത്രമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. എന്നിട്ടും ഇതു പോലൊരു തട്ടിപ്പ് മനസിലാക്കാൻ സാധിക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ചോദ്യം ഉയർന്നത്.

ഇതു കൂടാതെ ജെയ്ൻ യൂണിവേഴ്‌സിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തെപ്പറ്റിയും വിവാദ ആരോപണങ്ങൾ ഉയർന്നിരുന്നു. 2012 ൽ ഷെയ്‌ഡ്വെൽ എന്ന പേരിൽ കാക്കനാട് നിർമൽ ഇൻഫോപാർക്കിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം യു എസിലേക്ക് 34 പേരെ മനുഷ്യക്കടത്ത് നടത്തിയ കേസിൽ അതിന്റെ സി ഇ ഒ ആയിരുന്ന ടോം ബേബി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഈ സ്ഥാപനം പൂട്ടുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതേ കെട്ടിടത്തിൽ തന്നെയാണ് ജെയ്ൻ കൽപിത സർവകലാശാല പ്രവർത്തിക്കുന്നത്. കൂടാതെ ഇതിന് പരസ്യം നൽകുന്ന ഐഎസ്ഡിസി എന്ന സ്ഥാപനം ടോം ബേബിയുടേത് തന്നെയാണ് എന്നും വ്യക്തമായിരുന്നു. ഇതിന് പുറമേ ജെയിന്റെ കേരളത്തിലെ മേധാവി കുസാറ്റിന്റെ മുൻ വൈസ് ചാൻസലർ ലതയാണ്. നേരത്തേ മറ്റൊരു വിവാദത്തിൽ ജെയ്ൻ കൽപിത സർവകലാശാല പെട്ടിരുന്നു. സർവകലാശാല എന്ന പദവി ലഭിക്കുന്നതിന് മുൻപ് തന്നെ ജെയ്ൻ സർവകലാശാല എന്ന് സ്വയം പ്രഖ്യാപിച്ചതിനായിരുന്നു അത്. തുടർന്ന് യുജിസി യുടെ നിർദ്ദേശ പ്രകാരം ജെയ്ൻ എന്ന പേരിലേക്ക് അത് മാറ്റി. വിദ്യാഭ്യാസ രംഗത്തു മുപ്പതു വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന ജെയിൻ കോളേജിനെ 2018ലാണ് യുജിസി കൽപിത സർവ്വകലാശാലയായി അംഗീകരിച്ചത്.

ജെയിൻ ഓഫ് ക്യാമ്പസ് നിയമസഭയിലും

ജെയിൻ ഓഫ് ക്യാമ്പസ് സംബന്ധമായി നിയമസഭയിലും ചോദ്യം ഉയർന്നിട്ടുണ്ട്. ലീഗ് എംഎൽഎ കെഎൻഎ ഖാദറാണ് അനധികൃത ഓഫ് ക്യാമ്പസ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 2018ലാണ് മന്ത്രി കെ.ടി.ജലീലിനോട് ചോദ്യം ഉന്നയിച്ചത്. ഡീംഡ് യൂണിവേഴ്‌സിറ്റിക്ക് ഓഫ് ക്യാമ്പസ് നടത്താൻ ഏതു രീതിയിലുള്ള അനുവാദമാണ് വേണ്ടത് എന്നാണ് ഖാദർ ചോദിച്ചത്. ഡീംഡ് യൂണിവേഴ്‌സിറ്റിക്ക് അവരുടെ സ്വന്തം ക്യാമ്പസ് എവിടെയാണ് അവിടെ മാത്രമാണ് കോഴ്‌സുകൾക്ക് അനുമതി. ഓഫ് ക്യാമ്പസിന് അനുമതിയില്ലെന്നാണ് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നത്. ബിരുദാനന്തര-ബിരുദ കോഴ്‌സുകളും ഗവേഷണങ്ങളും നടത്തുന്ന മുൻനിര സർവകലാശാലകൾക്ക് മാത്രമാണ് ഓഫ് ക്യാമ്പസ് അനുമതി. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ൻ സർക്കാരിനു അപേക്ഷ നൽകിയിട്ടുണ്ട്. ചട്ടങ്ങൾക്കെതിരാണ് പ്രവർത്തനം എന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും മറുപടിയിൽ മന്ത്രി ജലീൽ വ്യക്തമാക്കുന്നുണ്ട്.

പത്രങ്ങൾ നൽകുന്നത് കണ്ണുംപൂട്ടിയുള്ള പരസ്യം

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രമുഖ മലയാള പത്രങ്ങളിൽ ജെയിൻ കല്പിത സർവകലാശാലയുടെ കൊച്ചിയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ പുതിയ കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ വന്നിരുന്നു. കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, ലൈഫ് സയൻസ്, അപ്പ്‌ളൈഡ് സയൻസ്, സോഷ്യൽ സയൻസ് എന്നിങ്ങനെ മുപ്പതോളം കോഴ്സുകളിൽ ആയിരുന്നു ജെയിൻ കല്പിത സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്.

ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ കടന്ന് വരവ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു നിലവാര തകർച്ച ഉണ്ടാക്കുമെന്നും അധികാരികൾ ഇത്തരം വിദ്യാഭ്യാസ മാഫിയകളെ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസരംഗം കൂടുതൽ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്്. കേരളത്തിൽ ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രാധാന്യം നേടിയിരുന്നില്ല. സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിൽ നിറഞ്ഞുവെങ്കിലും അവയെല്ലാം കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങളില്ലാതെയുള്ള ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് പറയുന്നത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് പത്രങ്ങൾ ജെയിൻ യൂണിവേഴ്‌സിറ്റിയേയും കൊച്ചിയിലെ അനധികൃത ഓഫ് ക്യാമ്പസിനേയും വെള്ളപൂശി പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP