Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

152 ഫ്‌ളാറ്റുകളുള്ള 19 നില കെട്ടിടത്തിൽ 90 എണ്ണം വിറ്റഴിച്ചത് കോടികൾക്ക്; അഗ്നിശമന ക്ലിയറൻസ് ഇല്ലാതെ ആളുകളെ താമസിപ്പിച്ചതും മാർക്കറ്റിങ് തന്ത്രം; കെട്ടിട നമ്പർ ഇല്ലാതെ മെയിന്റനൻസ് ഏറ്റെടുക്കില്ലെന്ന് താമസക്കാർ പറഞ്ഞപ്പോൾ ലിഫ്റ്റിന്റെ വൈദ്യുതി ഊരി ആദ്യ പ്രതികാരം; നിർമ്മാണവഷ്ടിങ്ങൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പുകളും സാമൂഹികവിരുദ്ധരും ഒളിച്ചിരിക്കുന്നു; ഒടുവിൽ ചതിക്കപ്പെട്ടവർക്ക് കോടതിയിൽ നിന്ന് ആശ്വാസം; കാക്കനാട്ടെ തട്ടിപ്പിൽ ജയിൻ ഹൗസിംഗിനെതിരെ കേസെടുക്കും

152 ഫ്‌ളാറ്റുകളുള്ള 19 നില കെട്ടിടത്തിൽ 90 എണ്ണം വിറ്റഴിച്ചത് കോടികൾക്ക്; അഗ്നിശമന ക്ലിയറൻസ് ഇല്ലാതെ ആളുകളെ താമസിപ്പിച്ചതും മാർക്കറ്റിങ് തന്ത്രം; കെട്ടിട നമ്പർ ഇല്ലാതെ മെയിന്റനൻസ് ഏറ്റെടുക്കില്ലെന്ന് താമസക്കാർ പറഞ്ഞപ്പോൾ ലിഫ്റ്റിന്റെ വൈദ്യുതി ഊരി ആദ്യ പ്രതികാരം; നിർമ്മാണവഷ്ടിങ്ങൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പുകളും സാമൂഹികവിരുദ്ധരും ഒളിച്ചിരിക്കുന്നു; ഒടുവിൽ ചതിക്കപ്പെട്ടവർക്ക് കോടതിയിൽ നിന്ന് ആശ്വാസം;  കാക്കനാട്ടെ തട്ടിപ്പിൽ ജയിൻ ഹൗസിംഗിനെതിരെ കേസെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അനധികൃത നിർമ്മാണത്തിന്റെ പേരിൽ സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട എറണാകുളത്തെ അഞ്ച് ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ ഒന്നായ ജയിൻ ഹൗസിങ് എന്ന ബിൽഡർ കമ്പനിക്കെതിരെ തട്ടിപ്പിനും വഞ്ചനയ്ക്കും കേസ്സെടുത്തു അന്വേഷണം നടത്താൻ കോടതി ഉത്തരവ്. കാക്കനാട് ജയിൻ ഹൗസിങ് നിർമ്മിച്ച ജെയിൻ ടഫ്നാൽ ഗാർഡൻസ് എന്ന ഫ്‌ളാറ്റിലെ ഉടമസ്ഥർ നൽകിയ പരാതിയിലാണ് കാക്കനാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.

ചിറ്റേത്തുകരയിൽ ഇൻഫോ പാർക്കിനോട് ചേർന്നുള്ള എട്ട് ഏക്കർ സ്ഥലത്ത് 152 ഫ്‌ളാറ്റുകൾ വീതമുള്ള എട്ടുടവറുകൾ നിർമ്മിച്ച് ടൗൺഷിപ്പ് പദ്ധതിയായി പൂർത്തിയാക്കി നൽകുമെന്ന് വാഗ്ദാനംചെയ്ത കമ്പനി നൂറുകണക്കിനാളുകളിൽ നിന്നും മുൻകൂർ പണം വാങ്ങി നിർമ്മാണം തുടങ്ങിയത് 2007 ലാണ്. എന്നാൽ വർഷം 12 കഴിഞ്ഞിട്ടും നിർമ്മാണം പേരിനെങ്കിലും പൂർത്തിയായത് ഒരു ടവർ മാത്രം. രണ്ടാമത്തെ ഒരു ടവർ നിർമ്മാണം പാതി വഴിയിൽ പൂർത്തിയാക്കി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മുൻപിൽ കമ്പനി കൈമലർത്തി. ആദ്യം പണി പൂർത്തിയാക്കിയ ടവറിനാകട്ടെ നിയമപ്രകാരമുള്ള ഒരു അനുമതിയും ഇല്ല.

Stories you may Like

152 ഫ്‌ളാറ്റുകളുള്ള 19 നില കെട്ടിടത്തിൽ 90 ഫ്‌ളാറ്റുകൾ ഇതിനോടകം വിറ്റഴിച്ചു. ശരാശരി 3000 -4000 രൂപയാണ് ഒരു സ്‌ക്വയർ ഫീറ്റിന് ഈടാക്കിയ വില. പാർക്കിങ്ങിനും ക്ലബ്ബിനും പാർക്കിങ് സ്ഥലത്തിനും ലക്ഷങ്ങൾ വേറെയും നൽകിയാണ് ഉപഭോക്താക്കൾ ഫ്‌ളാറ്റ് വാങ്ങിയത്. എല്ലാ അനുമതികളും നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നു വിശ്വസിപ്പിച്ചു ഉപഭോക്താക്കളെ കമ്പനി നിർബന്ധിച്ച് താമസവും തുടങ്ങാൻ നിർബന്ധിച്ചു. പക്ഷെ താമസം അനധികൃതമാണെന്ന് അറിയാൻ ഉടമസ്ഥർ വൈകി. അഗ്‌നിശമനസേനയുടെ എൻഒസി ഇതുവരെ ലഭിക്കാത്തതിനാൽ കെട്ടിട നമ്പർ, വൈദ്യുതി കണക്ഷൻ, ജല വിതരണ കണക്ഷൻ എന്നിങ്ങനെ നിയമാനുസൃതമുള്ള ഒരു ക്ലിയറൻസും ഇല്ലാത്ത ഫ്‌ളാറ്റിലാണ് വില്പന ഊർജ്ജിതമാക്കാൻ മാർക്കറ്റിങ് തന്ത്രമെന്ന നിലയിൽ കമ്പനി, ആളുകളെ താമസിപ്പിച്ചത്.

താമസമാരഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മേൽപ്പറഞ്ഞ നിയമപ്രകാരമുള്ള കൈമാറ്റം ചെയ്യപ്പെടാത്ത ഫ്‌ളാറ്റിന്റെ മെയിന്റനൻസ് ഉടമകൾ ഏറ്റെടുക്കണമെന്ന് കാട്ടി കമ്പനി നോട്ടീസ് നൽകി. നിയമപ്രകാരം അനുമതികളോ കെട്ടിട നമ്പറോ ലഭിക്കാത്ത ഫ്‌ളാറ്റിന്റെ മെയിന്റനൻസ് ഏറ്റെടുക്കാനാവില്ലെന്നു ഉടമകൾ നിലപാടെടുത്തതോടെ കമ്പിനി പ്രതികാര നടപടികളും തുടങ്ങി. വൃദ്ധരും രോഗികളും കുഞ്ഞുങ്ങളും ഉൾപ്പടെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന 19 നിലയുള്ള ഫ്‌ളാറ്റിലെ ലിഫ്റ്റുകളും വൈദ്യുതിയും ഓഫ് ചെയ്തായിരുന്നു ആദ്യ പ്രതികാരം. പ്രശ്‌നം മാധ്യമങ്ങളിൽ വന്നതോടെ പി.ടി.തോമസ് എംഎ‍ൽഎ അടക്കമുള്ള ജനപ്രതിനിധികൾ ഉൾപ്പെട്ട് ലിഫ്റ്റ് താത്കാലികമായി പുനഃസ്ഥാപിച്ച് നൽകി.

സർവീസ് ലിഫ്‌റ്റോ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ ലിഫ്‌റ്റോ ഇല്ലാത്ത 19 നിലകളുള്ള കെട്ടിടത്തിലെ താമസക്കാരുടെ ജീവൻ പന്താടുന്ന പ്രതികാര നടപടികളാണ് ജെയിൻ ഹൗസിങ് തുടർന്നും നടത്തിവരുന്നത്. ജലവിതരണം മുടക്കിയായിരുന്നു അടുത്ത പ്രതികാരം. ഇതിനിടെ താമസക്കാർ ഉപഭോക്തൃകോടതിയെ സമീപിച്ചു. പരാതിയിലെ ഗൗരവം മനസ്സിലാക്കിയ കോടതി നിയമപ്രകാരമുള്ള അനുമതികളും നടപടി ക്രമങ്ങളും പൂർത്തിയാക്കി ഫ്ളാറ്റുകൾ ഔദ്യോഗിക കൈമാറ്റം നടക്കുന്നതുവരെ താമസക്കാർക്ക് ലിഫ്റ്റ്, വൈദ്യുതി,കുടിവെള്ളം,ക്ലീനിങ്, സുരക്ഷാ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നല്കാൻ ഉത്തരവിട്ടു. എന്നാൽ കുടിവെള്ളം.ലിഫ്റ്റ് എന്നീ സൗകര്യങ്ങൾ കമ്പിനി മുടക്കി. താമസക്കാർ സ്വന്തം നിലയ്ക്കാണ് ഇപ്പോൾ കുടിവെള്ളം വാങ്ങുന്നത്. മെയിന്റനൻസില്ലാത്ത ലിഫ്റ്റ് കഴിഞ്ഞയാഴ്ച പണിമുടക്കി. മൂന്ന് വിദ്യാർത്ഥികൾ രണ്ട് മണിക്കൂറോളം കഴിഞ്ഞയാഴ്ച ലിഫ്റ്റിൽ കുടുങ്ങി. ഫയർ ഫോഴ്സും പൊലീസും എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.

തുടർന്ന് ഒരാഴ്ചയായി ഈ 19 നില കെട്ടിടത്തിൽ ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല. അംഗപരിമിതരും രോഗികളും ഉൾപ്പെടെയുള്ള താമസക്കാർ ഒരാഴ്ചയായി ഫ്‌ളാറ്റിൽ കുടുങ്ങികിടന്നിട്ടും നിർമ്മാണ കമ്പിനി അനങ്ങിയിട്ടില്ല. ലക്ഷങ്ങൾ മുടക്കി ഫ്‌ളാറ്റ് വാങ്ങിയവർ വിളിച്ചാൽ കമ്പിനി അധികൃതരോ ഉദ്യോഗസ്ഥരോ ഫോൺ എടുക്കാറില്ല. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച ആറു കെട്ടിടങ്ങളുടെ നിർമ്മാണവഷ്ടിങ്ങൾക്കിടയിൽ നിന്നും ഉഗ്രവിഷമുള്ള പാമ്പുകളും സാമൂഹികവിരുദ്ധരും അടക്കം താമസക്കാർ നേരിടുന്ന ഭീഷണികൾ വേറെയുമുണ്ടായിട്ടും കമ്പനി ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ്.

പ്രശ്‌നം സംബന്ധിച്ച് നിരവധി പരാതികൾ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടും ഒരു പരാതിയിൽ പോലും പൊലീസ് കേസ് എടുത്തിട്ടില്ല. പരാതി പറയാനെത്തിയ സ്ത്രീകളെ ഉൾപ്പടെ ഇൻഫോ പാർക്ക് സിഐ.അധിക്ഷേപിച്ചതായും പരാതിയുണ്ട്. 20ൽ അധികം താമസക്കാർ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. അവസാനം കോടതി ഇടപെടലിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താമസക്കാർ. പക്ഷെ ലിഫ്റ്റില്ലാതെ പല നിലകളിലായി കുടുങ്ങിക്കിടക്കുന്നവരെ എങ്ങനെ പുരത്തെത്തിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP