Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ ആത്മീയഗുരു; സംഘപരിവാറിന്റെ മനസ്സറിയുന്ന സന്യാസി; ദിഗംബര സന്യാസി പരമ്പരയിലെ ജീവിച്ചിരിക്കുന്ന പ്രധാനി; ഹരിയാന നിയമസഭയിൽ എന്തുകൊണ്ട് പൂർണ്ണ നഗ്നനായി സന്യാസി എത്തി?വീരേന്ദ്രകുമാറിന്റെ വംശപരമ്പരയെ കുറിച്ച് നമുക്ക് എന്തറിയാം

മുഖ്യമന്ത്രിയുടെ ആത്മീയഗുരു; സംഘപരിവാറിന്റെ മനസ്സറിയുന്ന സന്യാസി; ദിഗംബര സന്യാസി പരമ്പരയിലെ ജീവിച്ചിരിക്കുന്ന പ്രധാനി; ഹരിയാന നിയമസഭയിൽ എന്തുകൊണ്ട് പൂർണ്ണ നഗ്നനായി സന്യാസി എത്തി?വീരേന്ദ്രകുമാറിന്റെ വംശപരമ്പരയെ കുറിച്ച് നമുക്ക് എന്തറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കാം പൂർണ നഗ്‌നനായ സന്യാസി വര്യൻ ഒരു നിയമസഭയിൽ സംസാരിക്കുന്നത്. ഹരിയാനയിൽ വെള്ളിയാഴ്ചയാണ് സംഭവം. ജൈന സന്യാസി തരുൺ സാഗറാണ് ഹരിയാന മന്ത്രിസഭയുടെ മൺസൂൺ സെഷനിൽ അതിഥിയായെത്തിയത്. സർവ്വ വിഷയങ്ങളേയും സ്പർശിച്ചായിരുന്നു പ്രസംഗം. ഉപദേശവും നിർദ്ദേശവും നിറച്ച് താരമായി. ആരാമ് ജൈന സന്യാസി തരുൺ സാഗർ? ഹരിയാനാ മുഖ്യമന്ത്രിയുടെ മനോഹർലാൽ ഖണ്ഡറിന്റെ ആത്മീയ ഗുരുനാഥൻ. എന്നും ആർഎസ്എസിനോടും സംഘപരിവാറിനൊപ്പവും ചേർന്ന് നടന്ന സന്യാസിയാണ് തരുൺ സാഗർ. ദിഗംബര സന്യാസി പരമ്പരയിലെ ജീവിച്ചിരിക്കുന്ന പ്രധാനികളിൽ ഒരാൾ.

മഹാവീരന്റെയും ഗൗതമ ബുദ്ധന്റെയും കാലം മുതൽ തുടങ്ങിയ സന്ന്യാസിമാരുടെ നഗ്‌നത്വം ഇന്നും തുടരുന്നുവെന്നതാണ് ദിഗംബര സ്വാമികളുടെ രീതിയിലുടെ തെളിയുന്നത്. 'ശ്വേതംബര' ജൈന്മാർ വെളുത്ത വസ്ത്രം ധരിക്കുമ്പോൾ ദിഗംബരന്മാർ ചില സമയങ്ങളിൽ മാത്രമേ വസ്ത്രം ധരിക്കുകയുള്ളൂ. പ്രകൃതിയുമായി ഒത്തുചേർന്നുകൊണ്ട് പ്രകൃതിയുടെ പുത്രനായി ജീവിക്കുകയെന്ന തത്വമാണ് നഗ്‌നസന്ന്യാസികൾ അവലംബിച്ചിരിക്കുന്നത്. കേരളത്തിലും ജൈനമതക്കാരുണ്ട്. 1400 ൽപ്പരം ജൈനമതക്കാർ വയനാട്ടിൽ മാത്രം ഉണ്ടെന്നാണ് സൂചന. ജനതാദൾ നേതാവും മാതൃഭൂമി എംഡിയുമായി വീരേന്ദ്രകുമാറും കുടുംബവും ജൈനമതക്കാരാണ്. ഇവർക്ക് വയനാട്ടിൽ ക്ഷേത്രവുമുണ്ട്.

ജൈന മതത്തിന്റെ രണ്ടു വിഭാഗങ്ങളാണ് ദിഗംബരന്മാരും ശ്വേതംബരന്മാരും. ഐതിഹ്യം പറയുന്നത് പണ്ട് ഉത്തരേന്ത്യയിൽ ഒരു ക്ഷാമം വ്യാപിച്ചപ്പോൾ ഒരു കൂട്ടം ജെയ്‌ന വിശ്വാസികൾ ദക്ഷിണേന്ത്യയിലേക്ക് അഭയം പ്രാപിച്ചു. ക്ഷാമം മാറി അവർ തിരിച്ചെത്തിയപ്പോൾ കണ്ടത്, അവിടെ തങ്ങിയവരുടെ വിശ്വാസപ്രമാണങ്ങൾക്ക് അയവു സംഭവിക്കുകയും, മത വിശ്വാസത്തിനു വിപരീതമായി, വസ്ത്രങ്ങൾ(വെള്ള ) ധരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. അങ്ങനെ ആശയത്തിലും വിശ്വാസത്തിലും പിളർപ്പ് സംഭവിച്ച അവർ രണ്ടു കൂട്ടരായി തിരിഞ്ഞു. ദിഗംബരന്മാർ ഇന്നും പൂർണ്ണ നഗ്‌ന സന്യാസികളായി തുടർന്നു പോരുന്നു. ദിക്കിനെ വസ്ത്രമാക്കി തികച്ചും നഗ്‌നരായി നടക്കുന്നവരായിരുന്നു ദിഗംബരന്മാർ. പരിമിതമായ വെള്ളവസ്ത്രം സ്വീകരിച്ചിരുന്നവരായിരുന്നു ശ്വേതംബരന്മാർ. ആത്മീയതയിൽ അഗാധമായ അറിവ് ദിഗംബരന്മാർക്കുണ്ടാകും.

ഇത്തരത്തിൽ ജൈനമത തത്വങ്ങൾ പ്രചരിപ്പിക്കുന്ന പ്രധാനിയാണ് മുനി തരുൺ സാഗർ. കദ്വേ പ്രവാചൻ എന്ന കഥാസമാഹാരം എഴുതിയിട്ടുണ്ട്. ജൈനമച വിശ്വാസികൾ ഉള്ള 100 രാജ്യങ്ങളിൽ അവ പ്രസ്തീകരിച്ചിട്ടുണ്ട്. അഹിംസ മഹാകുംഭയ്ക്ക് തുടക്കം കുറിച്ചത് മുനി തരുൺ സാഗർ ആണ്. ഇന്ത്യയിൽ നിന്നും മാംസങ്ങളും മൃഗങ്ങളുടെ തോലു കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തടയുകയാണ് അഹിംസ മഹാകുംഭ എന്നു കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ആർഎസ്എസുകാർക്ക് ലെതറുകൊണ്ടുള്ള ബെൽറ്റ് ഉപയോഗിക്കാമെന്നാണ് സ്വാമിയുടെ നിലപാട്. രാഷ്ട്രീയ സ്വയം സേവക് ലെതർ ബെൽട്ടുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും മുനി 2011 ൽ ചൂണ്ടിക്കാട്ടിയിരുന്നു. ലെതർ യഥേഷ്ടം ലഭിക്കുകയും മറ്റു ഉത്പന്നങ്ങളെക്കാളും വില എന്നതുമാണ് ലെതറിന് മുൻഗണ കൊടുക്കുന്നത് എന്നും മുനി പറഞ്ഞു. എന്നാൽ ലെതർ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നതിനെ എതിർക്കുകയും ചെയ്യുന്നു.

സാൽഖേന എന്ന അവസ്ഥയെ നിരോധിക്കണം എന്ന ഹൈക്കോടതി വിധിയെ മുനി തരുൺ സാഗർ എതിർത്തിരുന്നു. ജൈന സന്യാസികൾ അവസാന നാളുകളിൽ ജലപാനമില്ലാതെ ഉപവസിക്കുന്ന രീതിയാണ് സാൽഖേന. മദ്യപ്രദേശിലെ ദാമോ ഗ്രാമത്തിൽ 1967 ജൂൺ 26നാണ് മുനമി തരുൺ സാഗർ ജനിച്ചത്. ജൈന മത പ്രചരണത്തിനിടെ ആത്മീയ അറിവ് നേടി. രാഷ്ട്രീയ-സാസ്‌കാരിക തലത്തിലെ പല പ്രമുഖരും അദ്ദേഹത്തിന്റെ ശിഷ്യരുമായി. ഈ ശിഷ്യക്കരുത്ത് തന്നെയാണ് ഹരിയാന നിയമസഭയിലേക്ക് മുനി തുരൺ സാഗറിനെ എത്തിച്ചത്. ആദരവോടെയാണു നിയമസഭ അദ്ദേഹത്തിന്റെ പ്രസംഗം വീക്ഷിച്ചത്. പൂർണ നഗ്‌നനായി തന്നെയായിരുന്നു അദ്ദേഹമെത്തിയത്. ആരും ഒരു പ്രശ്‌നവുമില്ലാതെ എല്ലാം കേട്ടിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മാത്രമല്ല ഗവർണറും സ്വാമിയുടെ പ്രസംഗം കേൾക്കാനെത്തി. എല്ലാവരും അനുഗ്രഹം വാങ്ങി. ബീഫ് നിരോധനവും ഗീത പഠനവുമൊക്കെ നിർബന്ധമാക്കി ഹരിയാനയിലെ ബിജെപി സർക്കാർ ഏറെ വിവാദങ്ങളിൽ ചെന്നുപെട്ടിരുന്നു. ഇതിനു പിന്നാലെയാണു ദിഗംബര സന്ന്യാസിയുടെ പ്രസംഗം.

തീവ്രവാദം, പെൺഭ്രൂണഹത്യ, ഭാര്യമാരുടെ കർത്തവ്യം, ഭർത്താക്കന്മാരുടെ ഉത്തരവാദിത്വം, പാക്കിസ്ഥാൻ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് നാൽപ്പത് മിനിറ്റ് നീണ്ട പ്രസംഗത്തിൽ അദ്ദേഹം ഉൾപ്പെടുത്തി. ഹരിയാന ഗവർണറും പ്രസംഗം കേൾക്കാൻ എത്തിയിരുന്നു. ഗവർണറുടെ ഇരിപ്പിടത്തിന് തൊട്ടുമുകളിൽ സജീകരിച്ച പ്രത്യേക പീഠത്തിലിരുന്നായിരുന്നു സന്യാസിയുടെ പ്രസംഗം. ധർമം ഭർത്താവിനെ പോലെയും രാഷ്ട്രീയം ഭാര്യയെപ്പോലെയുമാണ്. ഭാര്യയെ സംരക്ഷിക്കേണ്ടത് ഓരോ ഭർത്താവിന്റെയും കടമയാണ്. ഭർത്താവിന്റെ നിർദ്ദേശങ്ങളെ അനുസരിക്കേണ്ടത് ഒരോ ഭാര്യയുടെയും കടമയാണ്. രാഷ്ട്രീയത്തെ കുറിച്ച് സന്യാസി പറഞ്ഞതിങ്ങനെ.

പെൺഭ്രൂണഹത്യ രാഷ്ട്രീയ തലത്തിലും മതപരമായ തലത്തിലും സാമൂഹ്യ തലത്തിലും തടയണമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി അദ്ദേഹത്തിന്റെ ഫോരർമുലയും അദ്ദേഹം നിർദ്ദേശിച്ചു. പെൺമക്കളില്ലാത്തവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്. പെൺകുട്ടികളില്ലാത്ത കുടുംബങ്ങളിലേക്ക് പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കരുത്. പെൺകുട്ടികളില്ലാത്ത വീടുകളിൽ നിന്ന് മതാചാര്യന്മാർ ഒന്നും സ്വീകരിക്കരുത് അദ്ദേഹം നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശം അനുസരിക്കുകയാണെങ്കിൽ അതിന്റെ ഫലവും ഉണ്ടാകും. നമ്മൾ 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. എന്നിട്ടും സ്ത്രീപുരുഷ വിവേചനം ഇവിടെ ഉണ്ട്. ഇതൊക്കെ കാണുമ്പോൾ നമ്മൾ പതിനാലാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതതെന്ന് തോന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനെ അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു. പാക്കിസ്ഥാൻ തീവ്രവാദം കയറ്റി അയക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദത്തിന് മതമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്യാസിയുടെ പ്രസംഗത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.

ഹരിയാന നിയമസഭയിലെ മുനിയുടെ പ്രസംഗത്തിലൂടെ ജൈന സന്യാസിമാരെ കുറിച്ച് ചർച്ചകൾ തുടരുകയാണ്. നിയമസഭയിൽ നഗ്ന സന്യാസിയെ എത്തിച്ചത് ശരിയായില്ലെന്ന് ഒരു കൂട്ടർ വാദിക്കുന്നു. ഇവർക്ക് ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും വരെ നഗ്ന സന്യാസിമാർക്ക് മുമ്പിൽ ആദരവോടെ ഇരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മറുപടി നൽകുന്നവരുമുണ്ട്. അങ്ങനെ ചർച്ച കൊഴുക്കുമ്പോൾ പുറത്തുവരുന്നത് ജൈനമതം നിഷ്‌കർഷിച്ച ലളിത ജീവിതത്തിന്റെ നേർ ചിത്രമാണ്. തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ് ജൈനമതവിശ്വാസികൾക്ക് നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ളത്.

ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന് നിഷ്‌കർഷിക്കപ്പെട്ടിരിക്കുന്നു. ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്. അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ.

നാഗ സന്ന്യാസിമാർ എന്നും ദിഗംബരർക്ക് പേരുണ്ട്. ഇവരുടെ നഗ്നത ഒരു പ്രദർശന വസ്തുവായി അവരും കാഴ്ചക്കാരും കരുതാറില്ല എന്നതാണ് പ്രത്യേകത. ഹിമാലയത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് കുംഭമേളക്കാലത്തു മാത്രമാണ് അവർ സമതലഭൂമിയിലേക്കു വരുന്നത്. ഭിക്ഷയായി ആളുകൾ നല്കുന്നത് മാത്രമാണ് അവരുടെ ഭക്ഷണം. ദിഗംബരർ ആത്മീയശക്തിയുടെ പ്രതീകമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മരം കോച്ചുന്ന തണുപ്പത്ത് സാധാരണക്കാർ ഒന്നിൽ കൂടുതൽ കമ്പിളി വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു കഷണം തുണി പോലും ധരിക്കാതെ തണുത്തവെള്ളത്തിൽ മുങ്ങിക്കുളിക്കാനെത്തുന്ന ദിഗംബരരെ അത്ഭുതത്തോടെയാണ് നോക്കുന്നത്.

ദിഗംബരന്മാർ കർശനബുദ്ധികളമാണ്. ആചര്യാക്രമങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇക്കൂട്ടർ തയ്യാറാകില്ല. സന്ന്യാസികൾ ഉടുവസ്ത്രമുൾപ്പെടെ സർവവും ത്യജിക്കേണ്ടവരായതിനാൽ ഇവർ വസ്ത്രം ധരിക്കാൻ കൂട്ടാക്കാറില്ല. ആധ്യാത്മിക പുരോഗതിയുടെ ഉത്തുംഗശ്രേണിയിലെത്തുന്നവർക്ക് ആഹാരംപോലും വർജ്യമാണ്. ഇവരിൽ സ്ത്രീകൾക്ക് മോക്ഷാധികാരമില്ല എന്നതും പ്രത്യേകതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP