Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?

അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായ് ജയിലിൽ കഴിയുന്ന അറ്റ്ലസ് ജൂവലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്രന്റെ (76) ആരോഗ്യ നില തീർത്തും വഷളായി. മോചനം സാധ്യമാക്കാനുള്ള ഒത്തുതീർപ്പ് നീക്കങ്ങൾ പൊളിഞ്ഞതായാണ് സൂചന. യുഎഇയിൽ ഉന്നത സ്വാധീനമുള്ള മലയാളി വ്യവസായിയുടെ ഇടപെടലാണ് അറ്റ്‌ലസ് രാമചന്ദ്രന് വിനയാകുന്നത്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാത്തതും ഈ വ്യവസായിയുടെ സ്വാധീനത്തിന്റെ ഫലമാണ്. രാമചന്ദ്രന്റെ ആസ്തികൾ അടിച്ചെടുക്കാമെന്ന മോഹം പൊളിഞ്ഞതാണ് ഇപ്പോഴത്തെ ശത്രുതയ്ക്ക് കാരണം. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആശുപത്രികൾ മതിയായ തുകയ്ക്ക ഏറ്റെടുക്കാൻ ബിആർ ഷെട്ടി തയ്യാറായിരുന്നു. ഇതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രൻ മോചിതനാകുമെന്ന ശുഭ പ്രതീക്ഷ എത്തിയത്.

അതിനിടെ രാമചന്ദ്രൻ മോചിതനായെന്ന വാർത്ത പോലും പ്രചരിച്ചു. എന്നാൽ മോചിതനായെന്ന വാർത്ത തെറ്റാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശരിയായ വാർത്തയല്ല. പണം നൽകാനുള്ള ബാങ്കുകളുമായി ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ടെന്നത് ശരിയാണ്.എന്നാൽ അദ്ദേഹം ജയിൽ മോചിതനായിട്ടില്ല. ഉടൻ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ആത്മവിശ്വാത്തിന് മങ്ങലേറ്റിരിക്കുന്നു. ജയിലിൽ അതീവ ദുഃഖിതനാണ് രാമചന്ദ്രൻ. പലവിധ അസുഖങ്ങളും ബാധിച്ചിട്ടുണ്ട്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂർ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ 2015 ഡിസംബർ 11ന് ദുബായ് കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിനൊപ്പം വിചാരണ നേരിടുന്ന മറ്റ് പല കേസുകളുമുണ്ട്. ഇതിലും ശിക്ഷ വിധിച്ചാൽ നാൽപതുകൊല്ലത്തിൽ അധികം രാമചന്ദ്രന് ജയിലിൽ കിടക്കേണ്ടിവരും.

സാമ്പത്തിക കുറ്റമായതു കൊണ്ട് തന്നെ ബാങ്കിൽ പണം അടച്ച് നിയമ നടപടി ഒഴിവാക്കാം. ഇതിന് കുടുംബം തയ്യാറാണ്. എന്നാൽ ചില പ്രവാസി മലയാളികൾ അറ്റ്‌ലസ് അകത്തു കിടന്നാൽ മതിയെന്ന നിലപാടിലാണ്. രാമചന്ദ്രന് അനുകൂലമായി നിലപാട് എടുത്താൽ ബാങ്കിലെ നിക്ഷേപം പിൻവലിക്കുമെന്ന ഭീഷണി പോലും അവർ മുന്നോട്ട് വച്ചെന്നാണ് സൂചന. ഇതോടെ രാമചന്ദ്രന്റെ കുടുംബം നടത്തുന്ന ഒത്തുതീർപ്പ ശ്രമങ്ങൾ താളം തെറ്റി. ഇത് അറിഞ്ഞതോടെ മാനസികമായും ശാരീരികമായും അറ്റ്‌ലസ് രാമചന്ദ്രൻ ഏറെ തളർന്നു. ജയിൽ മോചിതനായാൽ ബാങ്കുമായുള്ള കട ബാധ്യതകൾ തീർക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രിപ്രമുഖ വ്യവസായി ഡോ. ബി.ആർ.ഷെട്ടിക്ക് വിറ്റ പണം കടം വീട്ടാനുപയോഗിക്കും. എന്നാൽ കട ബാധ്യത തീർത്ത ശേഷം മാത്രമേ രാമചന്ദ്രനെതിരായ കേസ് തീർക്കൂവെന്നാണ് ചില ബാങ്കുകളുടെ നിലപാട്. കുടിശിഖ അടച്ച് പുറത്തിറങ്ങിയാൽ രാമചന്ദ്രൻ രാജ്യം വിട്ടേക്കുമെന്നാണ് ഇവർ പറയുന്നത്.

സത്യസന്ധമായി കച്ചവടം നടത്തിയ വ്യക്തിയാണ് രാമചന്ദ്രൻ. ആരേയും ചതിച്ചിട്ടില്ല. ഇത് ബാങ്കുകൾക്ക് അറിയാം. പറഞ്ഞ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്യും. ഇത് ബാങ്കുകളും അംഗീകരിച്ചു. എന്നാൽ പെട്ടെന്ന് ഏവരും നിറം മാറി. ഇതിന് പിന്നിൽ ഉന്നത ഇടപെടലുകൾ ഉണ്ടാകാം-രാമചന്ദ്രന്റെ വിശ്വസ്തൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. പതിനഞ്ചിലേറെ ബാങ്കുകളിൽനിന്നാണ് അറ്റ്ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിർഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തത്. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതിൽ ഒന്ന് 3.4 കോടി ദിർഹത്തിന്റെ ചെക്കാണത്രേ. യുഎഇ ബാങ്കുകൾക്കു പുറമെ, ദുബായിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽനിന്നും വായ്പയെടുത്തിരുന്നു. ഇതിൽ യുഎഇയിലെ രണ്ട് ബാങ്കുകളാണ് രാമചന്ദ്രന് തീർത്തും എതിരു നിൽക്കുന്നത്.

രാമചന്ദ്രന്റെ മകളും ഭർത്താവും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഭാര്യ മാത്രമാണ് പുറത്തുള്ളത്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതിൽ 19 ബാങ്കുകൾ സമവായത്തിന് തയ്യാറായിട്ടുണ്ട്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ബാങ്കുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദുബായ് പൊലീസ് രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധകൃതർ യോഗം ചേർന്ന്, യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേർന്ന് പ്രശ്‌ന പരിഹാരത്തിന് അറ്റ്‌ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.

മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകൾ. ഇവയുടെ ആസ്തിയെല്ലാം വിറ്റാൽ കാശെല്ലാം കൊടുത്തു തീർക്കാനാകും. എന്നാൽ അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിൽ ആയതിനാൽ കൃത്യമായ നിലപാട് എടുക്കാൻ ഭാര്യയ്ക്ക് ആകുന്നില്ല. ചുളുവിലയ്ക്ക് സ്വത്ത് തട്ടാൻ നിരവധി പേർ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് ബി ആർ ഷെട്ടിയുടെ സഹായത്തോടെ കുടിശിഖ അടച്ച് രാമചന്ദ്രനെ പുറത്തിറക്കാൻ നീക്കം തുടങ്ങിയത്. പുറത്തിറങ്ങിയ ശേഷം രാമചന്ദ്രൻ നേരിട്ട് വസ്തുക്കൾ വിറ്റ് കടം തീർക്കാനായിരുന്നു തീരുമാനം. ഇതാണ് ഉന്നതരുടെ ഇടപെടലിൽ അട്ടിമറിക്കപ്പെടുന്നത്. ഇതോടെ എല്ലാ വസ്തുവും എങ്ങനേയും വിറ്റ് രാമചന്ദ്രനെ പുറത്തെത്തിക്കേണ്ട അവസ്ഥയിലാണ് ഭാര്യ.തന്റെ ഭർത്താവിന് മനുഷ്യത്വപരമായ നീതി ലഭിച്ചില്ലെന്ന് ഇന്ദിര തിരിച്ചറിയുകയാണ്. രാമചന്ദ്രൻ ജയിലിലായ ശേഷം ആദ്യമായി ഇന്ദിരയുടെ മുഖം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഓജസോടെ രാമചന്ദ്രനൊപ്പം നിന്ന ഇന്ദിര ഇന്നാകെ മാറിയിരിക്കുന്നു. ആ മുഖത്തിലുണ്ട് അനുഭവിക്കുന്ന പീഡകളുടെ യഥാർത്ഥ ചിത്രം.

സുരക്ഷാ ഉദ്യോഗസ്ഥർ കൊണ്ടു പോകുമ്പോൾ മണിക്കൂറുകൾക്കകം ഭർത്താവ് തിരിച്ചെത്തുമെന്നാണ് കരുതിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാഡജഡിയാണ് സംഭവിക്കാൻ പോകുന്നതിന്റെ ഒരു സൂചനയും അന്ന് ഉണ്ടായിരുന്നില്ല-ഖലീജ് ടൈംസിനോട് അവർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. താനും അറസ്റ്റിന്റെ ഭീതിയിലാണെന്നും ഒരു ബിസിനസ്സിലും ബന്ധപ്പെട്ടിട്ടില്ലാത്ത തന്നേയും ബാങ്കുകൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവർ പറയുന്നു. വാടകൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ദിര ഇന്ന്. എങ്ങനേയും ഭർത്താവിനെ പുറത്തിറക്കണം. അതിന് ആരുടെ സഹായം എവിടെ നിന്ന് കിട്ടുമെന്ന് അറിയാതെ വേദനിക്കുകയാണ് ശതകോടീശ്വരനായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യയിന്ന്. പുറത്തിറങ്ങിയാൽ ഇന്ത്യയിൽ അറ്റ്‌ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോൾ പലമടങ്ങു വില വർധിച്ചതുമായ ചില വസ്തുക്കൾ വിറ്റാൽ പോലും രാമചന്ദ്രന് ബാധ്യത തീർക്കാം. എന്നാൽ ഈ സ്വത്തിൽ കണ്ണുള്ളവർ അതിന് വിഘാതം സൃഷ്ടിക്കുകയാണ്. ഇതോടെ രാമചന്ദ്രന് അനുകൂലമായ നിയമ നടപടികൾ പോലും അട്ടിമറിക്കപ്പെടുകയാണ്.

ഇതിൽ ഗൾഫിലുള്ള മലയാളികളെല്ലാം നിരാശരാണ്. രാമചന്ദ്രന്റെ കാരുണ്യത്തിന്റെ ഫലം അനുഭവിച്ചവരാണ് മലയാളികൾ ഏറെയും. ആശുപത്രികളിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുമെല്ലാം മനുഷ്യത്വത്തിന്റെ ഇടപെടൽ വ്യക്തമായിരുന്നു. മുതലാളിയെന്നതിൽ അപ്പുറം സഹജീവികളുടേതെന്ന പോലെ അദ്ദേഹം ഇടപെട്ടു. എന്നാൽ സാധാരണക്കാർ എത്രക്കൂട്ടിയാലും രാമചന്ദ്രന്റെ ബാധ്യത തീർക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. യുഎഇ ഭരണകൂടവുമായും ചർച്ചകൾ നടത്താനുള്ള സ്വാധീനം സാധാരണക്കാർക്കില്ലെന്നതും രാമചന്ദ്രന് വിനയാകുന്നത്. ഈ നിസ്സഹായത തന്നെയാണ് ഇന്ദിരയെ ഒറ്റപ്പെടുത്തുന്നതും. വായ്പാതട്ടിപ്പിന് പിന്നാലെ ഈ ജൂവലറികളിലെ ടൺ കണക്കിന് സ്വർണം ഇന്ത്യയിലേയ്ക്ക് കടത്തിയെന്നും ദുബായ് പൊലീസ് കണ്ടെത്തി. ഹാൾമാർക്ക് ചെയ്യാൻ സ്വർണം കൊണ്ടുപോയി എന്നായിരുന്നു ശൂന്യമായ ആഭരണശാലയിലെ ജീവനക്കാർ നൽകിയ വിശദീകരണം. ഇതോടെയാണ് കുരുക്കുകൾ മുറുകിയത്. രാമചന്ദ്രന്റെ ജനകീയ ഇടപെടലുകളെ കുറിച്ച് യുഎഇയ്ക്കും മതിപ്പാണ്. അവർക്കും രാമചന്ദ്രനെ ദ്രോഹിക്കണമെന്നില്ല. എന്നാൽ നിയമം കടുകട്ടിയാതിനാൽ പണം തിരിച്ചടച്ചാൽ മാത്രമേ മോചനം സാധ്യമാക്കാനാകൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഉറപ്പു നൽകിയാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വ്യവസായിയെ മറന്ന മട്ടാണ്. അതും സ്വത്ത് മോഹികളായ വമ്പന്മാരുടെ ഇടപെടൽ മൂലമെന്ന വാദം സജീവമാണ്. സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായിരിക്കുന്നത്.

കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗൾഫിൽ മാത്രമായി അറ്റ്ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂർവ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളർത്തിയ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവർക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാർക്കെതിരെയും അനവധി ആരോപണങ്ങളുയർന്നപ്പോഴും അറ്റ്ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല.

നിർദ്ദോഷമായ ഒരു പൊങ്ങച്ചം ഒഴിച്ചാൽ നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു രാമചന്ദ്രൻ എന്നും പറയുന്നവർ കുറവല്ല. എന്നാൽ രാമചന്ദ്രൻ മറ്റ് സ്വർണ്ണകടകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടങ്ങൾ മൂലം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ സ്വയം ശബ്ദം നൽകി രാമചന്ദ്രൻ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു. സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്ലസ് രാമചന്ദ്രൻ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താൽപ്പര്യമായിരുന്നു. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്ലസ് രാമചന്ദ്രൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP