Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ചവിട്ടി പുറത്താക്കിയ ഗ്രൂപ്പ് മാനേജർമാർക്ക് ജയ്ഹിന്ദിലൂടെ പണി കൊടുത്ത് വി എം സുധീരൻ; രാഹുലിന്റെ ഇടപെടലിലൂടെ വിശ്വസ്തനെ പാർട്ടി ചാനലിന്റെ തലപ്പത്ത് എത്തിച്ച് കരുനീക്കം; കെപി മോഹനനും ഇന്ദുകുമാറിനും പൂട്ടിട്ട അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി ഹസ്സൻ; കോൺഗ്രസ് ചാനലിലെ സമവാക്യങ്ങൾ മാറി മറിയുമ്പോൾ

ചവിട്ടി പുറത്താക്കിയ ഗ്രൂപ്പ് മാനേജർമാർക്ക് ജയ്ഹിന്ദിലൂടെ പണി കൊടുത്ത് വി എം സുധീരൻ; രാഹുലിന്റെ ഇടപെടലിലൂടെ വിശ്വസ്തനെ പാർട്ടി ചാനലിന്റെ തലപ്പത്ത് എത്തിച്ച് കരുനീക്കം; കെപി മോഹനനും ഇന്ദുകുമാറിനും പൂട്ടിട്ട അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി ഹസ്സൻ; കോൺഗ്രസ് ചാനലിലെ സമവാക്യങ്ങൾ മാറി മറിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ് ഹിന്ദ് ചാനലിലെ സമവാക്യങ്ങളെ മാറ്റിമറിച്ച് വി എം സുധീരന്റെ പൂഴിക്കടകൻ. കെപിസിസി അധ്യക്ഷനായിരിക്കെ ജയ് ഹിന്ദ് ടിവിയിൽ മാറ്റം കൊണ്ടുവരാൻ സുധീരൻ ശ്രമിച്ചിരുന്നു. എന്നാൽ ചാനൽ എംഡി കൂടിയായ എംഎം ഹസ്സൻ നടത്തിയ നീക്കങ്ങൾ ഇതെല്ലാം അപ്രസക്തമാക്കി. ഇതോടെ ചാനലിന്റെ പ്രസിഡന്റ് പദം പോലും സുധീരൻ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ എ-ഐ ഗ്രൂപ്പുകൾ നടത്തിയ സംയുക്ത നീക്കം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. തുടർന്ന് ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനുമായി. ഇതോടെ ജയ്ഹിന്ദ് ടിവിയിൽ എല്ലാം തന്റെ വഴിക്ക് വന്നുവെന്ന പ്രതീതിയും ഹസൻ സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ ഡൽഹി റിപ്പോർട്ടറായ ബി.എസ് ഷിജുവിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചാനൽ തപ്പത്തെത്തിച്ച് ഹസ്സന് പണി കൊടുക്കുകയാണ് സുധീരൻ.

കോൺഗ്രസ് ചാനലിൽ കെപി മോഹനനും ജെ എസ് ഇന്ദുകുമാറുമായിരുന്നു ഹസ്സന്റെ വിശ്വസ്തർ. സിഇഒയും എക്‌സിക്യൂട്ടീവ് എഡിറ്ററുമായി ഇവർ നടത്തി പോന്ന ഇടപെടലുകളിൽ സുധീരൻ അതൃപ്തനായിരുന്നു. ചാനൽ ഫണ്ട് വകമാറ്റിയതും മറ്റും സുധീരൻ കണ്ടെത്തി. ഇതോടെയാണ് ഇരുവർക്കുമെതിരെ സുധീരൻ ശക്തമായ നിലപാട് എടുത്തത്. ഇവരെ പുറത്താക്കുകയോ അധികാരം കുറയ്ക്കുകയോ വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ഇതിന് ഹസൻ വഴങ്ങിയില്ല. അങ്ങനെ കെപിസിസി ചാനലിന് സാമ്പത്തിക സഹായം നൽകുന്നത് സുധീരൻ അവസാനിപ്പിച്ചു. ഇത് ചാനലിനെ വലിയ പ്രതിസന്ധയിലേക്കാണെത്തിച്ചത്. ഹസൻ കെപിസിസിയുടെ തലപ്പത്തെത്തിയെങ്കിലും ജയ്ഹിന്ദിലേക്കുള്ള ഫണ്ട് സാധാരണ ഗതിയിലായില്ല. നിലവിൽ മൂന്ന് മാസമായി ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തെ സമർത്ഥമായി ഉപയോഗിച്ചാണ് കെപി മോഹനനും ജെ എസ് ഇന്ദുകുമാറിനും സുധീരൻ പണി കൊടുത്തത്. എ കെ ആന്റണിയും സുധീരനൊപ്പം നിന്നു.

ജയ്ഹിന്ദ് ടിവിയുടെ തടുക്കകാലത്ത് ഡൽഹി റിപ്പോർട്ടറായിരുന്നു ബിഎസ് ഷിജു. വീക്ഷണത്തിന്റെ ലേഖകനായിരുന്ന ഷിജു ജയ്ഹിന്ദിന് വേണ്ടിയും പ്രവർത്തിക്കുകയായിരുന്നു. കെ എസ് യു പ്രവർത്തകനായിരുന്ന ഷിജു അറിയപ്പെടുന്ന മൂന്നാ ഗ്രൂപ്പുകാരനായിരുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ ബലത്തിലാണ് ഷിജു വീക്ഷണം റിപ്പോർട്ടറായി ഡൽഹിയിലെത്തിയത്. പതിയെ ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഷിജുവിന് അടുത്ത ബന്ധമുണ്ടായി. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ കെപിസിസി നിർവ്വാഹക സമിതി അംഗമായി ഷിജു മാറി. സുധീരൻ കെപിസിസി അധ്യക്ഷനായെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശ്വസ്തനുമായി. ഡൽഹിയിലുള്ള എകെ ആന്റണിയുമായി ആത്മബന്ധം പുലർത്താനായതും ഷിജുവിന് തുണയായി. ഈ ഡൽഹി ബന്ധങ്ങളുടെ കരുത്തിലാണ് ജയ്ഹിന്ദിന്റെ പ്രധാന ചുമതലക്കാരനായി ഷിജുവെത്തുന്നത്.

കേരളത്തിലെ ഇടതുപക്ഷം നിരന്തരം വിവാദത്തിൽ പെടുന്നു. ഇതിനെ മുതലെടുക്കാൻ കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് കഴിയുന്നില്ല. ഈ സാഹചര്യം രാഹുൽ ഗാന്ധിയെ സുധീരൻ ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് കെപിസിസി അധ്യക്ഷ പദവിയിലുള്ള ഹസ്സനോട് ഉടൻ മാറ്റങ്ങൾ വരുത്തി ചാനലിനെ ശരിയായ ദിശയിലാക്കാൻ രാഹുൽ നിർദ്ദേശിച്ചു. ഷിജുവിനെ നിർണ്ണായക പദവയിൽ നിയോഗിക്കാനും നിർദ്ദേശമുണ്ടായി. അങ്ങനെയാണ് ചാനലിന്റെ ഡയറക്ടർ ഓപ്പറേഷൻസായി ഷിജുവെത്തുന്നത്. കെ പി മോഹനൻ സിഇഒയാണ്. ഇന്ദുകുമാർ എക്‌സിക്യൂട്ടീവ് എഡിറ്ററും. ഓപ്പറേഷൻസ് ഡയറക്ടറായി ഷിജു എത്തുന്നതോടെ മോഹനനും ഇന്ദുകുമാറും രണ്ടു മൂന്നും സ്ഥാനക്കാരാകും. ഷിജുവിന്റെ നിയമനത്തോടെ ഇരുവരും ചാനൽ വിട്ടുപോകുമെന്നാണ് സുധീരൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷ. പുറത്താക്കിയെന്ന പേരു ദോഷം ഇല്ലാതാവുകയും ചെയ്യും. അടുത്തിടെ സുധീരൻ കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചപ്പോൾ ജയ്ഹിന്ദിന്റെ ആസ്ഥാനത്ത് ചാനലിലെ പ്രമുഖർ ലഡുവിതരണം നടത്തിയെന്ന് ആക്ഷേപമുയർന്നിരുന്നു.

ജയ്ഹിന്ദ് ചാനലിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ പ്രമുഖ വ്യവസായിയായ ഷംസീർ വയലിനെ രംഗത്തിറക്കാൻ എം എം ഹസ്സൻ നടത്തിയ നീക്കം സുധീരന്റെ ഇടപെടലിനെ തുടർന്ന് പാളിയിരുന്നു. പൊതുവിൽ മീഡിയ ഫ്രണ്ട്ലി ആയ ഷംസീറിൽ നിന്നും 30 കോടിവാങ്ങാനാണ് ഹസ്സൻ പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഇത് ഫലം കണ്ടില്ല. മൂന്നുമാസമായി ശമ്പളം മുടങ്ങിയതോടെ ചാനലിലെ കൊഴിഞ്ഞു പോക്കും കൂടിയിട്ടുണ്ട്്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് കൂടി താൽപ്പര്യമുള്ള ഷിജുവിനെ ചാനലിന്റെ തലപ്പത്ത് നിയോഗിക്കുന്നത്. ശക്തമായ ഒരു പ്രതിപക്ഷ ചാനലായി ജയ്ഹിന്ദിനെ ഉയർത്തി കൊണ്ടു വരുന്നതിൽ ചാനൽ നേതൃത്വം പരാജയപ്പെട്ടുവെന്നാണ് കോൺഗ്രസുകാരുടെ വിലയിരുത്തൽ.

കോർപ്പറേഷൻ ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽ നിന്നും മൂന്ന് കോടി പത്തൊൻപത് ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി നാന്നൂറ്റി അമ്പത്തിരണ്ട് രൂപ ജയ്ഹിന്ദ് ടിവി ലോൺ എടുത്തിരുന്നു. ഇതിൽ 15ശതമാനമാണ് പലിശ. ഈ പലിശ കുടിശിക അടക്കം അറുപത് ദിവസത്തിനുള്ളിൽ അഞ്ച് കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന്റെ ജപ്തി നോട്ടീസ് അധികൃതർക്ക് ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ ജയ്ഹിന്ദ് ടിവിയിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതു കൊണ്ട് സ്ഥാവര ജംഗമ വസ്തുകൾ പിടിച്ചെടുക്കുമെന്ന് കാണിച്ച് ബാങ്ക് പത്രപരസ്യം നൽകുകയും ചെയ്തു. ഇതും കോൺഗ്രസുകാർക്ക് ഏറെ നാണക്കേടായി. കൈരളി ചാനൽ സിപിഐ എം ന്റെ വളർച്ചക്ക് വേണ്ടി നടത്തുന്ന ഇടപെടലുകളുടെ വിലമനസിലാക്കിയപ്പോഴാണ് ഏറെ പ്രതക്ഷയോടെ ജയ്ഹിന്ദ് ചാനലുമായി കോൺഗ്രസ് എത്തിയത്. അനിയൻകുട്ടിയെന്ന പ്രവാസി വ്യവസായിയുടെ ഭാരത് ബ്രോഡ് കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴിലായിരുന്നു തുടക്കം. പതിയെ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷനായിരുന്നു ചാനലിന്റെ പരമാധികാരി. മാനേജിങ് ഡയറക്ടറായി എംഎം ഹസ്സനുമെത്തി. രമേശ് ചെന്നിത്തലായിരുന്നു ആദ്യ പ്രസിഡന്റ്. അക്കാലത്ത് ഹസ്സനും ചെന്നിത്തലയും ഒരേ മനസ്സോടെ പോയതിനാൽ പ്രശ്നമൊന്നുമുണ്ടായില്ല. എന്നാൽ കെപിസിസിയുടെ തലപ്പത്ത് വി എം സുധീരനെത്തിയപ്പോൾ എല്ലാം തകിടം മറിഞ്ഞു. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ സുധീരൻ രാജിയും പ്രഖ്യാപിച്ചു. ജയ്ഹിന്ദ് ടി.വിയിൽ സംപ്രേഷണം ചെയ്ത ശ്രീകുമാരൻ തമ്പിയുടെ ചട്ടമ്പിക്കല്യാണി എന്ന സീരിയൽ ഒരുക്കിയതിന്റെ പേരിൽ ചാനൽ പണം നൽകാതിരുന്നതോടെ പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പി കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു.

കടത്തിന്റെ പേരിൽ താൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന് ഉത്തരവാദികൾ എംഎം ഹസനും വി എം സുധീരനുമായിരിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. സുധീരനിടപെട്ടായിരുന്നു ശ്രീകുമാരൻ തമ്പിയെ അനുനയിപ്പിച്ചത്. അതിന് ശേഷം നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സുധീരൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP