Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൃതദേഹം വെച്ച് കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല; ഇത്തരം വിലപേശൽ ശ്രമങ്ങളാണ് സഭാ തർക്കം രൂക്ഷമാക്കുന്നത്; കോടതി വിധിക്ക് അനുസൃതമായി ശവസംസ്‌കാര ശുശ്രൂഷ നടത്തിക്കൊടുക്കാൻ ഞങ്ങൾ സന്നദ്ധമാണെന്ന് ഓർത്തഡോക്‌സ് സഭ; പള്ളികളുടെ ഭരണം ഓർത്തഡോക്‌സ് സഭയ്ക്കും വിശ്വാസികളുടെ ശക്തി യാക്കോബായ സഭയ്ക്കുമാകുമ്പോൾ ആകെ വലയുന്നത് സാധാരണ വിശ്വാസികൾ: സംസ്‌കാര ചടങ്ങുകൾക്ക് പൊലീസ് അകമ്പടി സേവിക്കുമ്പോൾ ഖജനാവും ചോരുന്നു

മൃതദേഹം വെച്ച് കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല; ഇത്തരം വിലപേശൽ ശ്രമങ്ങളാണ് സഭാ തർക്കം രൂക്ഷമാക്കുന്നത്; കോടതി വിധിക്ക് അനുസൃതമായി ശവസംസ്‌കാര ശുശ്രൂഷ നടത്തിക്കൊടുക്കാൻ ഞങ്ങൾ സന്നദ്ധമാണെന്ന് ഓർത്തഡോക്‌സ് സഭ; പള്ളികളുടെ ഭരണം ഓർത്തഡോക്‌സ് സഭയ്ക്കും വിശ്വാസികളുടെ ശക്തി യാക്കോബായ സഭയ്ക്കുമാകുമ്പോൾ ആകെ വലയുന്നത് സാധാരണ വിശ്വാസികൾ: സംസ്‌കാര ചടങ്ങുകൾക്ക് പൊലീസ് അകമ്പടി സേവിക്കുമ്പോൾ ഖജനാവും ചോരുന്നു

എം മനോജ് കുമാർ

കോലഞ്ചേരി: പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കങ്ങളുമായി ബന്ധപ്പെട്ട സംഘർഷം ഈ മേഖലയിലെ ക്രമസമാധാന പാലനം അവതാളത്തിലാകുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പള്ളിത്തർക്കവുമായി ബന്ധപ്പെട്ടു വരുന്ന സംഘർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പൊതുജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ലെന്നാണ് കിഴക്കൻ മേഖലയിൽ നിന്നും ഉയരുന്ന പരാതികൾ. പള്ളിത്തർക്കത്തിൽ വിധി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വന്നതോടെ ഉടലെടുക്കുന്നത് ദിനംപ്രതി സംഘർഷങ്ങളാണ്. ഈ സംഘർഷം ശവമടക്കുകളെ ചൊല്ലിയാകുമ്പോൾ സംഘർഷത്തിനു വൈകാരിക അന്തരീക്ഷവും വരുന്നു.

സെമിത്തേരികളിൽ സംഘർഷം ഒഴിയാതെ വരുന്നതാണ് സഭാ വിശ്വാസികളെയും പൊലീസിനെയും ഒരുപോലെ അലട്ടുന്നത്. ചില പള്ളികളുടെ താക്കോൽ പൊലീസിന്റെ കൈവശം ആയതിനാൽ പള്ളികൾ തുറന്നു നൽകേണ്ട ഉത്തരവാദിത്തവും പൊലീസിനാണ്. സംഘർഷം വന്നാൽ അതുപരിഹരിക്കേണ്ട ചുമതല മാത്രമല്ല സംസ്‌ക്കാര ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കേണ്ട ചുമതല കൂടിയുണ്ട്. പള്ളികളുടെ ഭരണം ഓർത്തഡോക്‌സ് സഭയ്ക്കും വിശ്വാസികളുടെ ശക്തി യാക്കോബായ സഭയ്ക്കും ആകുമ്പോൾ സംഘർഷത്തിനു പിന്നെങ്ങും പോകേണ്ടിയും വരുന്നില്ല. അതിനാൽ പൊലീസ്-റവന്യൂ ശ്രദ്ധ മുഴുവൻ പള്ളികളെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളിലാണ്. പുത്തൻ കുരിശ് പോലുള്ള മേഖലകളിൽ ആഴ്ചയിൽ പത്തിലധികം സഭാ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്യുന്നത്. അതിനുള്ള മൊഴിയെടുപ്പും കാര്യങ്ങളും വരുമ്പോൾ പൊലീസും ഇതിൽ തളച്ചിടപ്പെടുന്ന അവസ്ഥയാണ്.

റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ കഴിയാതെ ജനങ്ങൾ വലയുമ്പോൾ ഖജനാവിനു വൻ നഷ്ടവും സഭാ തർക്കം കാരണം സൃഷ്ടിക്കപ്പെടുന്നു. ഓർത്തഡോക്‌സ്-യാക്കോബായ-സംഘർഷ സാധ്യതകൾ തിരിച്ചറിയുന്നതിനാൽ സംസ്‌ക്കാര ചടങ്ങുകൾക്ക് പൊലീസ് അകമ്പടി സേവിക്കുന്നുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്കോ കോടതി നിർദ്ദേശ പ്രകാരമോ പൊലീസ് അകമ്പടി സേവിക്കുമ്പോൾ, സംരക്ഷണം നൽകുമ്പോൾ വൻ ബത്തയാണ് ഈ കാര്യത്തിൽ സർക്കാർ നൽകേണ്ടത്. ഇങ്ങിനെ ലക്ഷക്കണക്കിന് രൂപ സഭാ തർക്കവുമായി ബന്ധപ്പെട്ട പൊലീസ് അകമ്പടിക്കായി സർക്കാറിന് പൊലീസിന് നൽകേണ്ടി വരുന്നുണ്ട്.

നാല് മണിക്കൂർ ഡ്യൂട്ടി ചെയ്താൽ സിഐയ്ക്ക് (3035) എസ്‌ഐ (2045) എഎസ്‌ഐ (1495). സീനിയർ സിപിഒ (555) എന്നിങ്ങനെ സർക്കാർ നൽകണം. ഒരു ശവസംസ്‌കാര ചടങ്ങിൽ സംഘർഷം വരുമ്പോൾ എത്തുന്നത് പത്തിലധികം സിഐമാരാണ്. ഇരുപതിലേറെ എസ്‌ഐമാരും നാല്പത്തിലധികം എഎസ്‌ഐമാരും മുന്നൂറിലധികം പൊലീസുകാരും ഇങ്ങിനെ സംഘർഷ സ്ഥലങ്ങളിൽ ഹാജരുണ്ടാകും. ഇവർക്ക് എല്ലാം ബത്ത നൽകേണ്ടത് സർക്കാരാണ്. ലക്ഷക്കണക്കിന് രൂപയാണ് ഇങ്ങിനെ സർക്കാരിനു പ്രതിദിനം നികുതിപ്പണമായി ചിലവഴിക്കേണ്ടി വന്നിരിക്കുന്നത്. വാഹനങ്ങളും മറ്റുമായി ബന്ധപ്പെട്ട ചെലവ് വേറെയും വരുന്നുണ്ട്.

ഏറ്റവുമധികം പ്രശ്‌നങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ശവസംസ്‌കാര ചടങ്ങുകളിലാണ്. വിശ്വാസികളുടെ എണ്ണം കൊണ്ട് യാക്കോബായ സഭ മുൻപിൽ നിൽക്കുമ്പോൾ പള്ളികൾ ഓർത്തഡോക്‌സ് സഭയുടെ അധികാര പരിധിയിലാണ്. അതുകൊണ്ട് തന്നെ യാക്കോബായ വിശ്വാസികൾക്കിടയിൽ മരണം സംഭവിക്കുമ്പോൾ ഓർത്തഡോക്‌സ് വൈദികനെക്കൊണ്ട് സംസ്‌കാര ശുശ്രൂഷകൾ നടത്തിപ്പിക്കാൻ ഇവർ താത്പര്യം കാട്ടുന്നില്ല. കൈക്കരുത്തിന്റെ ബലത്തിൽ ഇവർ പള്ളിയിലേക്ക് ഇടിച്ചു കയറുകയും സംസ്‌കാരം സെമിത്തേരിയിൽ നടത്തുകയും ചെയ്യും. ഇങ്ങിനെ സംസ്‌കാര ചടങ്ങുകൾ പൊലീസിന്റെ പിന്തുണയോടെ യാക്കോബായ വിഭാഗക്കാർ ചെയ്യുന്നതിൽ ഓർത്തഡോക്‌സ് പക്ഷം അസ്വസ്ഥരുമാണ്. പള്ളി ഇടവക വികാരിയുടെ അധീനതയിലാണ്.

അപ്പോൾ ശവസംസ്‌കാര ശുശ്രൂഷകൾ അടക്കം ഉത്തരവാദിത്തം വികാരിക്കാണ്. സെമിത്തേരിയിൽ ആരെ മറവ് ചെയ്യുന്നു എന്ന കാര്യം വികാരിക്ക് അറിയേണ്ടതുണ്ട്. അങ്ങിനെ പള്ളിക്കും അറിയണം. ഇടിച്ചു കയറി സംസ്‌ക്കരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നടക്കില്ല. അജ്ഞാത ജഡം മറവ് ചെയ്യുന്നതുപോലുള്ള മറവ് ചെയ്യൽ ആണ് പലപ്പോഴും നടക്കുന്നത്. പള്ളികൾ ഓർത്തഡോക്‌സ് സഭയുടെ അധീനതയിലാക്കി സുപ്രീംകോടതി വിധി നിലവിലുള്ളപ്പോൾ എല്ലാ കാര്യത്തിനും ഉത്തരം പറയേണ്ടി വരുക ഓർത്തഡോക്‌സ് സഭാ ഉന്നതരും ആകും. ഇത് ഓർത്തഡോക്‌സ് പക്ഷത്തെ അലട്ടുന്നുണ്ട്. സഭാ സെക്രട്ടറിയുടെ മറുനാടനോടുള്ള പ്രതികരണത്തിലും ഇത് വ്യക്തമാണ്.

'യാക്കോബായ വിഭാഗക്കാർ പൊലീസിന്റെ സഹായത്തോടെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിൽ ഓർത്തഡോക്‌സ് സഭയ്ക്ക് ആശങ്കയുണ്ട്. കാരണം പള്ളികൾ ഞങ്ങളുടെ അധീനതയിലാക്കി സുപ്രീംകോടതി വിധിയുണ്ട്. യാക്കോബായ സഭയുടെ ആളുകൾ മരിക്കുമ്പോൾ സംസ്‌കാര ചടങ്ങുകൾ അതേ ഇടവകയിൽ അല്ലെങ്കിൽ പോലും ചടങ്ങുകൾ നടത്തിക്കൊടുക്കാൻ ഓർത്തഡോക്‌സ് സഭ പ്രതിജ്ഞാബദ്ധമാണ്. ബാവാ തിരുമേനി ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.-ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ മറുനാടനോട് പറയുന്നു.

പൊലീസ് നിയമവിരുദ്ധ കാര്യങ്ങൾക്ക് ചിലയിടങ്ങളിൽ കൂട്ട് നിൽക്കുന്നു എന്ന കാര്യത്തിലും സഭയ്ക്ക് ആശങ്കയുണ്ട്. ചടങ്ങുകൾ നടത്തിക്കൊടുക്കാൻ ഓർത്തഡോക്‌സ് സഭ സന്നദ്ധമാണ്. കോടതി വിധിക്ക് അനുസൃതമായി ശവസംസ്‌കാര ശുശ്രൂഷ നടത്തിക്കൊടുക്കാൻ ഞങ്ങൾ സന്നദ്ധമാണ്. സഭാ നിയമപ്രകാരം പള്ളിയിലെ ശുശ്രൂഷകൾ സഭാ വികാരിക്ക് മാത്രമാണ് നടത്തിക്കൊടുക്കാൻ അനുവാദമുള്ളത്. അല്ലാതെ ഞങ്ങൾ ഒരു നിബന്ധനയും അടിച്ചേൽപ്പിക്കുകയോ അതിനായി നിർദ്ദേശം നൽകുകയോ ചെയ്തിട്ടില്ല. പള്ളിയുടെ മതിൽ ചാടിക്കടന്നോ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിച്ചോ ശവസംസ്‌കാര ശുശ്രൂഷ നടത്തേണ്ട ആവശ്യമില്ല.

സഭാ നിയമപ്രകാരം നിയമിക്കപ്പെട്ട വികാരി ശുശ്രുഷ നടത്തണം എന്നാണ് ഞങ്ങളുടെ മിതമായ ആവശ്യം. അത് സ്വാഭാവികമാണ്. പള്ളി വികാരിയുണ്ടെങ്കിൽ അദ്ദേഹം വേണം അടക്കാൻ. അത് നിർബന്ധമാണ്. അല്ലാതെ മൃതദേഹം അടക്കിക്കൊടുക്കില്ല എന്ന തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച നെച്ചൂർ പള്ളിയിൽ മരണമുണ്ടായി. മകൾ രേഖാമൂലം എഴുതി തന്നു. ഞങ്ങൾ അന്തസോടെ നടത്തിക്കൊടുത്തു. യാക്കോബായക്കാരെ ഞങ്ങൾ സഹോദരങ്ങൾ എന്ന രീതിയിൽ തന്നെയാണ് കാണുന്നത്. ശവം വെച്ച് വിലപറയരുത്. മൃതദേഹം വെച്ച് വിലപറയാനുള്ള നിലപാട് കാണിക്കുമ്പോഴാണ്,മൃതദേഹം വെച്ച് വിലപറഞ്ഞു കോടതി വിധികൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്.

മൃതദേഹം വെച്ച് കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല. ഇത് മാത്രമാണ് ഞങ്ങൾ പറയുന്നത്. പൊലീസിന്റെ ഒത്താശയോടെ സംസ്‌കാര ചടങ്ങുകളിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നു. ഇത് എത്രകാലം ഞങ്ങൾക്ക് കണ്ടു നിൽക്കാൻ സാധിക്കും. ഒരു പറ്റം പൊലീസ് ഉദ്യോഗസ്ഥരോ ഒരു പറ്റം രാഷ്ട്രീയക്കാരോ സ്വാർത്ഥ ലാഭത്തിനു വേണ്ടി സഭാ വിഷയങ്ങളെ വഷളാക്കുന്നു എന്ന് ഓർത്തഡോക്‌സ് സഭ സംശയിക്കുന്നു. പൊലീസ് ഇത്തരം കാര്യങ്ങളിൽ സംരക്ഷണം നൽകുമ്പോൾ സുപ്രീകോടതി വിധി ലംഘിക്കപ്പെടുകയാണ്. ക്രമസമാധാനം തകർന്നു പോയാൽ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കും. സഭാ കേസിൽ പതിറ്റാണ്ടുകൾക്ക് ശേഷം സുപ്രീംകോടതി മെറിറ്റോറിയസ് ആയി വിധി പ്രഖ്യാപിച്ചിരിക്കുന്നു. ആ വിധി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. ഈ വിധിയെ വെല്ലുവിളിക്കുന്നത് രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്- സഭാ സെക്രട്ടറി പറയുന്നു.

അതേസമയം സുപ്രീംകോടതി വിധിയനുസരിച്ച് സഭാ തർക്കം നിലനിൽക്കുന്ന പള്ളികളുടെ അധികാരങ്ങൾ ഓർത്തഡോക്‌സ് സഭയിലേക്ക് തന്നെ കൈമാറപ്പെടുന്നുണ്ട്. പള്ളിത്തർക്കവുമായി ബന്ധപ്പെട്ടു സംഘർഷം നിലനിന്ന കായംകുളം കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് സുപ്രീംകോടതി വിധിപ്രകാരം ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടു നൽകിയിട്ടുണ്ട്. ഈ പള്ളിയിൽ ഓർത്തഡോക്‌സ് സഭാ വൈദികരും വിശ്വാസികളും പ്രവേശിച്ച് ആരാധന നടത്തുകയും ചെയ്തു. ഒരു വർഷം മുൻപാണ് ഈ പള്ളി ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടു നൽകി സുപ്രീംകോടതി വിധി വന്നത്. സുപ്രീംകോടതിയുടെ മൂന്നംഗം ബെഞ്ചാണ് ഇത് സംബന്ധിച്ച അന്തിമവിധി പുറപ്പെടുവിച്ചത്.

ഇതോടെ യാക്കോബായ സഭ ആസ്തിത്വം നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. എറണാകുളം ജില്ലയിലെ തർക്കമുള്ള പള്ളികളും ഈയാഴ്ച ഓർത്തഡോക്‌സ് സഭയുടെ പിടിയിൽ അമർന്നേക്കും. സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ അകത്തിടുമെന്ന സുപ്രീം കോടതിവിധി പള്ളി തർക്കത്തിൽ ഓർത്തഡോക്‌സ് സഭയ്ക്ക് ഒരു കാലത്തും ഇല്ലാത്ത മേധാവിത്തമാണ് നൽകിയിരിക്കുന്നത്. പല തർക്ക പള്ളി കളിലും ഓർത്തഡോക്‌സ് സഭ ഇപ്പോൾ അംഗത്വ രജിസ്റ്റർ പുതുക്കുന്ന തിരക്കിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP