Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല എങ്കിൽ ശബരിമല! പള്ളി പിടിച്ചെടുക്കാൻ ഓർത്തഡോക്‌സുകാരെ സഹായിക്കാത്ത പിണറായി വിജയൻ പറഞ്ഞാൽ റെഡി; ഒരു ലക്ഷം സ്ത്രീകളെ എങ്കിലും വനിതാ മതിലിൽ എത്തിക്കാൻ കർശന നിർദ്ദേശം നൽകി യാക്കോബായ സഭ; ഇടവകകൾ കേന്ദ്രീകരിച്ച് വനിതാ സമാജത്തിന്റെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വൻ പ്രചരണ പരിപാടി തുടങ്ങി; സഭ പരിപാടിയിൽ പങ്കെടുക്കുന്നതെങ്കിൽ മികവോടെ ആളെത്തക്കാൻ വൈദികരും മെത്രാന്മാരും തന്നെ രംഗത്ത്

ശബരിമല എങ്കിൽ ശബരിമല! പള്ളി പിടിച്ചെടുക്കാൻ ഓർത്തഡോക്‌സുകാരെ സഹായിക്കാത്ത പിണറായി വിജയൻ പറഞ്ഞാൽ റെഡി; ഒരു ലക്ഷം സ്ത്രീകളെ എങ്കിലും വനിതാ മതിലിൽ എത്തിക്കാൻ കർശന നിർദ്ദേശം നൽകി യാക്കോബായ സഭ; ഇടവകകൾ കേന്ദ്രീകരിച്ച് വനിതാ സമാജത്തിന്റെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വൻ പ്രചരണ പരിപാടി തുടങ്ങി; സഭ പരിപാടിയിൽ പങ്കെടുക്കുന്നതെങ്കിൽ മികവോടെ ആളെത്തക്കാൻ വൈദികരും മെത്രാന്മാരും തന്നെ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനം നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാർ എന്തുകൊണ്ട് സഭാ തർക്ക കേസിലെ വിധിയുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്ന ചോദ്യം ഉയർത്തിയത് സംഘപരിവാറുകാരായിരുന്നു. രണ്ടും രണ്ട് കേസാണെന്ന് പറഞ്ഞ് അന്ന് വിശദീകരിച്ച സർക്കാർ ഫലത്തിൽ സഭാ തർക്കത്തിലും രാഷ്ട്രീയ നേട്ടമുണ്ടാക്കി. ഓർത്തഡോക്‌സുകാർക്ക് അനുകൂലയമായി കോടതി വിധി നടപ്പിലാക്കാതെ സർക്കാർ യാക്കോബായ വിഭാഗത്തെ പിന്തുണച്ചു. ഇവിടെ പൊലീസിനെ നിരത്തി തന്ത്രപരമായ ഗെയിമായിരുന്നു സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതോടെ ഇനി കോടതി വിധി നടപ്പിലാക്കാതിരിക്കാൻ സർക്കാർ സഹായം ആവശ്യമുള്ള യാക്കോബായ സഭ സിപിഎം പക്ഷത്തേക്ക് പൂർണമായും നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി നാളെ നടക്കുന്ന വനിതാ മതിലിൽ സഭായിലെ സ്ത്രീകൾ പങ്കെടുക്കു.

വനിതാ മതിലിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. വനിതാ സമാജം, യുവജന സംഘടന എന്നിവയാണ് ഇതിന് ചുക്കാൻ പിടിക്കുകയെന്ന് സഭാ വക്താവ് കുര്യാക്കോസ് മാർ തെയോഫിലോസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന സുന്നഹദോസാണ് ഇതിന് അനുമതി നൽകിയത്. വനിതകളുടെ അവകാശങ്ങൾ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനാണ് വനിതാ മതിൽ നടത്തുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പോസിറ്റീവായ നീക്കമായതിനാൽ ഇതിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് തെയോഫിലോസ് പറഞ്ഞു. ഓരോ പള്ളിയും കേന്ദ്രീകരിച്ചാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുക. സഭയിലെ വനിതകളുടെ ഭാഗത്തുനിന്നാണ് ഇങ്ങനെയൊരു ആവശ്യമുയർന്നതെന്ന് സഭാ പിതാക്കന്മാർ പറഞ്ഞു.

അതേസമയം യാക്കോബായ സഭയുടെ നീക്കം വ്യക്തമാണ്. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നു കഴിഞ്ഞു അത് നടപ്പിലാക്കാൻ സർക്കാർ സഹായം ഓർത്തഡോക്‌സ് സഭക്ക് വേണം. എന്നാൽ, സർക്കാർ വിചാരിച്ചാൽ വിധി നടപ്പിലാക്കാതെ വിഷയം നീട്ടിക്കൊണ്ടു പോകാം. ഈ അവസരത്തിന് വേണ്ടി സർക്കാറിനൊപ്പം നിൽക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. ഓർത്തഡോക്‌സ് സഭയുമായി തട്ടിച്ചു നോക്കുമ്പോൾ അംഗബലം കൂടുതൽ യാക്കോബായ സഭക്കാണെന്നതും സർക്കാർ തീരുമാനത്തിന് പിന്നിലുണ്ട്.

സഭാ തർക്കത്തിൽ സുപ്രീംകോടതിയിൽനിന്ന് തിരിച്ചടി നേരിട്ടി യാക്കോബായ സഭ ഈ സാഹചര്യത്തിൽ വനിതാ മതിലിൽ അവർ പങ്കെടുക്കുന്നതിൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോടതിവിധിയുടെ വെളിച്ചത്തിൽ പിറവം പള്ളിയിൽ കയറാനുള്ള ഓർത്തഡോക്‌സ് പക്ഷത്തിന്റെ ശ്രമം യാക്കോബായ വിശ്വാസികൾ തടഞ്ഞിരുന്നു. പൊലീസും വലിയ ശുഷ്‌കാന്തി കാണിച്ചില്ല. പള്ളിയിൽ കയറ്റാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പൊലീസ് നാടകം കളിക്കുകയാണ് ചെയ്തതെന്ന് അന്ന് ഓർത്തഡോക്‌സ് പക്ഷം കുറ്റപ്പെടുത്തിയിരുന്നു. സർക്കാരിനെയും അവർ രൂക്ഷമായി വിമർശിച്ചു. അതേസമയം, പൊലീസിനെ കുറ്റപ്പെടുത്തിയെങ്കിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും നോവിക്കാതെയാണ് അന്ന് യാക്കോബായ പക്ഷം പ്രതികരിച്ചത്. ഏറ്റവും മാന്യമായ നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചതെന്ന് പറയുകയും ചെയ്തു. കോതമംഗലം ചെറിയ പള്ളിയിൽ കയറാനുള്ള ഓർത്തഡോക്‌സ് റമ്പാന്റെ ശ്രമവും ചെറുത്തുനില്പു മൂലം നടന്നില്ല.

രണ്ട് സഭകൾ തമ്മിൽ അനുരഞ്ജനമുണ്ടാക്കാൻ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ജസ്റ്റിസ് ബാലകൃഷ്ണനുമായുള്ള വ്യക്തിപരമായ ബന്ധം മൂലമാണ് അദ്ദേഹത്തെ കാണാൻ പോയതെന്ന് ഓർത്തഡോക്‌സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ അത്താനാസിയോസ് വ്യക്തമാക്കി. യാക്കോബായ പക്ഷവുമായി നേരിട്ട് ചർച്ച നടത്തിയില്ല. കോടതിവിധിക്ക് ഉള്ളിൽനിന്നുകൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. സഭാ മേലധ്യക്ഷന്മാരുമായി ചർച്ച ചെയ്ത് പറയാം എന്ന് പറഞ്ഞു. ഇതിനെ അനുരഞ്ജന ചർച്ച എന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നും മാർ അത്താനാസിയോസ് പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് യാക്കോബായ പക്ഷം ആവശ്യപ്പെടുന്നത്. മലബാറിലെ മാതൃകയും അവർ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച തന്നെ ഡൽഹിയിലേക്ക് മടങ്ങിയ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ പ്രതികരണം ലഭിച്ചില്ല.

അതേസമയം കോടതി വിധി നടപ്പിലാക്കാത്ത സമീപനം സ്വീകരിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ ഓർത്തഡോക്‌സ് സഭയും നീങ്ങുന്നുണ്ട്. സിപിഎം വിരുദ്ധരായ കേന്ദ്രസർക്കാറിന്റെ നിലപാടുകളെ തങ്ങൾക്ക് ഗുണകരമാക്കി മാറ്റാമെന്ന ധാരണയിലാണ് ഓർത്തഡോക്സ് സഭ കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായുണ്ടായ സുപ്രീംകോടതിവിധി നടപ്പാക്കിക്കിട്ടുന്നതിന് സഭാനേതൃത്വം കേന്ദ്രസർക്കാരിന്റെ സഹായം തേടുയാണ്. സാധ്യതകൾ പരിശോധിക്കാൻ സഭയുടെ അസോസിയേഷൻ അംഗങ്ങളുടെ അടിയന്തരയോഗം ജനുവരി മൂന്നിന് ദേവലോകം അരമനയിൽ കൂടും.

പള്ളിപ്രശ്നത്തിൽ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവർക്കു നിവേദനം നല്കുന്നതിന്റെ സാധ്യതകളും ചർച്ചചെയ്യും. നേരത്തേ സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ നടത്തിയത്. കോടതിവിധി നടപ്പാക്കാൻ സംസ്ഥാനസർക്കാരിനു കഴിഞ്ഞില്ലെങ്കിൽ അതു തുറന്നുപറഞ്ഞാൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് കാതോലിക്കാബാവ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സഭയുടെ പ്രതിനിധിസംഘം ഗവർണറെക്കണ്ടു പരാതി നല്കാനും തീരുമാനിച്ചിരുന്നു. അസോസിയേഷൻ ചേരുന്ന വിവരം അറിയിച്ചുകൊണ്ട് സഭാധ്യക്ഷൻ പ്രതിനിധികൾക്കു നല്കിയ കത്തിലും രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിക്കുന്നുണ്ട്.

നീതിന്യായസംവിധാനങ്ങളുടെ അന്തസ്സത്തയെ ചോദ്യംചെയ്യുന്നതരത്തിലുള്ള വഞ്ചനാപരവും നിഷേധാത്മകവുമായ നിലപാടാണ് സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 1934-ലെ സഭാ ഭരണഘടന അനുസരിച്ച് തർക്കത്തിലിരിക്കുന്ന എല്ലാ പള്ളികളും ഭരിക്കപ്പെടണം എന്ന സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ സംസ്ഥാനസർക്കാർ മൈല്ലപ്പോക്കു നിലപാടാണു സ്വീകരിക്കുന്നതെന്നും കത്തിൽ പറയുന്നു. യാക്കോബായസഭയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാനസർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനുപിന്നിൽ സിപിഎമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ സമ്മർദമാണെന്നുമുള്ള ആരോപണവുമായി ഓർത്തഡോക്സ് സഭാനേതൃത്വം നേരത്തേ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP