Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

വിശദീകരണം നൽകാനെത്താൻ ജേക്കബ് തോമസിന് നോട്ടീസ് നൽകിയിരിക്കുന്നത് ജൂനിയർ ഉദ്യോഗസ്ഥർ; ജേക്കബ് തോമസിനെതിരെ നീക്കം നടത്തിയ ഉദ്യോഗസ്ഥരും അന്വേഷണ സമിതിയിൽ; സർക്കാറിന്റെ വൈര നിര്യാതന ബുദ്ധിയിൽ തളരാതെ മുൻ വിജിലൻസ് ഡയറക്ടർ; ഡിജിപി നോട്ടീസ് അവഗണിക്കുമെന്ന് റിപ്പോർട്ട്

വിശദീകരണം നൽകാനെത്താൻ ജേക്കബ് തോമസിന് നോട്ടീസ് നൽകിയിരിക്കുന്നത് ജൂനിയർ ഉദ്യോഗസ്ഥർ; ജേക്കബ് തോമസിനെതിരെ നീക്കം നടത്തിയ ഉദ്യോഗസ്ഥരും അന്വേഷണ സമിതിയിൽ; സർക്കാറിന്റെ വൈര നിര്യാതന ബുദ്ധിയിൽ തളരാതെ മുൻ വിജിലൻസ് ഡയറക്ടർ; ഡിജിപി നോട്ടീസ് അവഗണിക്കുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്കാർക്ക് ഓശാന പാടുന്ന സർക്കാറിനെ സംബന്ധിച്ചിടത്തോളം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥർ വലിയൊരു ബാധ്യതയാണ്. അങ്ങനെയുള്ളവരെ ഒതുക്കാൻ രാഷ്ട്രീയം മറന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒരുമിക്കുകയും ചെയ്യും. അത്തരമൊരു കാഴ്‌ച്ചയാണ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ കാര്യത്തിൽ ഇപ്പോൾ കാണുന്നത്. സർക്കാറിന് വേണ്ടി കേസുകളിൽ വിട്ടുവീഴ്‌ച്ച നടത്താൻ തയ്യാറകാത്ത ഉദ്യോഗസ്ഥരെ പുകച്ചു പുറത്തു ചാടിച്ച ശേഷം പ്രതികാരം ചെയ്യുന്ന നിലപാടാണ് പിണറായി സർക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

ഓഖി ദുരിതത്തിലെ അടക്കം വീഴ്‌ച്ച ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സസ്‌പെൻഷനിലായ ജേക്കബ് തോമസിനെ കീഴുദ്യോഗസ്ഥർക്ക് മുന്നിലിരുത്തു വിചാരണ ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അച്ചടക്ക സമിതിക്ക് മുമ്പിൽ ഹാജരാകാൻ ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസിന് സർക്കാർ നോട്ടീസ് നൽകിയതോടയാണ് മുതിർന്ന ഉദ്യോസ്ഥരെ മെരുക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമായി നടക്കുന്നത്. സസ്‌പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായി സർക്കാർ നിയോഗിച്ച സമിതിക്കു മുന്നിൽ ഹാജരാകാനാണു നോട്ടിസ്. വെള്ളിയാഴ്ച സമിതിക്കു മുൻപാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അദ്ദേഹം ഹാജരാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തക കൈവന്നിട്ടില്ല.

Stories you may Like

ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നുവെന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡു ചെയ്തത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ജേക്കബ് തോമസ് വിമർശനം ഉന്നയിച്ചത്. പിന്നാലെ കൂടുതൽ പോസ്റ്റുകളും അദ്ദേഹമിട്ടു. കൂടുതൽ വീഴ്‌ച്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെയാണ് കാരണം കാണിക്കൽ ചോദിച്ച് സർക്കാർ നോട്ടീസ് നൽകിയത്. ഇതിന് അദ്ദേഹം നൽകിയ വിശദീകരണം തള്ളിയ സർക്കാർ തള്ളുകയായിരുന്നു.

തുടർന്ന് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിൽ അച്ചടക്കസമിതിയും രൂപീകരിച്ചു. ഈ സമിതിക്കു മുന്നിൽ ജേക്കബ് തോമസിനു തന്റെ നിലപാടു വ്യക്തമാക്കാനും വാദിക്കാനും അവസരമുണ്ട്. എന്നാൽ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി പരാതിയിൽ രഹസ്യ അന്വേഷണം നടത്തിയ വ്യക്തി അടക്കം സമിതിയിൽ ഉണ്ട്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ മുന്നിൽ താനെന്തിന് ഹാജരാകണം എന്ന വികാരമാണ് ജേക്കബ് തോമസിനുള്ളത്.

ഒരു മാസത്തിനകം തെളിവെടുപ്പു പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണു സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജേക്കബ് തോമസിന്റെ വിശദീകരണം സമിതി തള്ളുകയാണെങ്കിൽ സർക്കാരിനു കൂടുതൽ കടുത്ത നടപടികളിലേക്കു നീങ്ങാൻ കഴിയും. നേരത്തെ ചീഫ് സെക്രട്ടറി വിശദീകരണം തള്ളിയ സാഹചര്യത്തിൽ സമിതിയിൽ നിന്നും കൂടുതൽ അനുകൂല തീരുമാനം ജേക്കബ് തോമസ് പ്രതീക്ഷിക്കുന്നില്ല.

അഡീ.ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ കൂടാതെ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയും സമിതിയിലുണ്ട്. സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ബിശ്വനാഥ് സിൻഹയുടെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. മുൻപു തനിക്കെതിരെ പ്രമേയം പാസാക്കുകയും തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഐഎഎസ് അസോസിയേഷനിൽ ഉൾപ്പെട്ട സമിതി അംഗങ്ങളിൽ നിന്നു നീതി ലഭിക്കില്ലെന്ന നിലപാടിലാണു ജേക്കബ് തോമസ്. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനു നൽകിയ രണ്ടാമത്തെ കുറ്റപത്രത്തിനു ജേക്കബ് തോമസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.

അതിനിടെ കോടതി നടപടികളെ വിമർശിച്ചതിന്റെ പേരിൽ ജേക്കബ് തോമസിനെതിരായി കേരളാ ഹൈക്കോടതി കൈക്കൊണ്ട കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയത് സർക്കാർ സംവിധാനത്തിലെ തകരാറുകളാണ്. പ്രോസിക്യൂഷന് കോടതികളിൽ നിന്ന് തിരിച്ചടിയുണ്ടായപ്പോഴാണ് പ്രതികരിച്ചത്. അതെങ്ങനെ കോടതിയലക്ഷ്യമാകുമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി അഭിഭാഷകന്റെ വാദങ്ങൾ സുപ്രീംകോടതി തള്ളി.

ജേക്കബ് തോമസിന്റെ കത്ത് ജഡ്ജിമാർക്കെതിരായ വിമർശനമായി കാണാനാകില്ല. ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാമോ എന്നും സുപ്രീംകോടതി വിമർശിച്ചു. വിജിലൻസിനെതിരായ ഹൈക്കോടതി പരാമർശങ്ങളെ അഴിമതിയായി ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടികൾക്ക് ആധാരം. പാറ്റൂർ കേസ് പരിഗണിച്ച ഘട്ടത്തിൽ ജസ്റ്റീസുമാരായ പി ഉബൈദും എബ്രഹാം മാത്യുവും നടപടിക്രമങ്ങളിലെ വീഴ്ചകൾ എടുത്തുകാണിക്കുകയും വിജിലൻസ് ഡയറക്ടർക്കെതിരെയും അന്വേഷണസംഘത്തിനെതിരെയും കടുത്ത പരാമർശങ്ങൾ നടത്തുകയും െചയ്തിരുന്നു.

ഈ രണ്ടുജഡ്ജിമാർക്കുമെതിരെ കേന്ദ്രവിജിലൻസ് കമ്മിഷന് നൽകാനുള്ള പരാതി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. പരാതി വിജിലൻസ് കമ്മിഷന് കൈമാറിയിട്ടില്ലെന്ന് ഹർജി പരിഗണിച്ച ഘട്ടത്തിൽ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ജഡ്ജിമാർക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് കമ്മിഷൻ അധികാരം ഇല്ലന്നിരിക്കെ ജേക്കബ് തോമസ് അത്തരമൊരു നടപടിക്ക് മുതിർന്നത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP