Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇത് തരംതാഴ്‌ത്തലല്ല; തരംതിരിക്കൽ; സർക്കാർ ചെയ്യുന്നത് പൗരന്മാർക്ക് അനുസരിക്കുകയേ നിവൃത്തിയുള്ളൂ; എസ്‌ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്; സ്രാവുകൾക്കൊപ്പം നീന്തുന്നത് സുഖകരമല്ല; രേഖാമൂലം അറിയിപ്പൊന്നും തനിക്ക് കിട്ടിയിട്ടില്ല'; ഡിജിപി സ്ഥാനത്തു നിന്നും എഡിജിപിയായി തരംതാഴ്‌ത്താനുള്ള പിണറായി സർക്കാർ നീക്കത്തോടെ ജേക്കബ് തോമസിന്റെ പ്രതികരണം ഇങ്ങനെ; സർക്കാർ ശിപാർശയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര പേഴ്ണൽ മന്ത്രാലയം; ജേക്കബ് തോമസ് നിയമ നടപടിയിലേക്ക് നീങ്ങുമെന്ന് സൂചന

'ഇത് തരംതാഴ്‌ത്തലല്ല; തരംതിരിക്കൽ; സർക്കാർ ചെയ്യുന്നത് പൗരന്മാർക്ക് അനുസരിക്കുകയേ നിവൃത്തിയുള്ളൂ; എസ്‌ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്; സ്രാവുകൾക്കൊപ്പം നീന്തുന്നത് സുഖകരമല്ല; രേഖാമൂലം അറിയിപ്പൊന്നും തനിക്ക് കിട്ടിയിട്ടില്ല'; ഡിജിപി സ്ഥാനത്തു നിന്നും എഡിജിപിയായി തരംതാഴ്‌ത്താനുള്ള പിണറായി സർക്കാർ നീക്കത്തോടെ ജേക്കബ് തോമസിന്റെ പ്രതികരണം ഇങ്ങനെ; സർക്കാർ ശിപാർശയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര പേഴ്ണൽ മന്ത്രാലയം; ജേക്കബ് തോമസ് നിയമ നടപടിയിലേക്ക് നീങ്ങുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'തന്നോടുള്ളത് തരംതാഴ്‌ത്തലല്ല, തരംതിരിക്കലെന്ന് ഡിജിപി ജേക്കബ് തോമസ്. സർക്കാർ ചെയ്യുന്നത് പൗരന്മാർക്ക് അനുസരിക്കുകയേ നിവൃത്തിയുള്ളൂ. എസ്‌ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്. തനിക്കെതിരായ നടപടിയെ കുറിച്ച് രേഖാമൂലം അറിയിപ്പൊന്നും കിട്ടിയിട്ടില്ല'- ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി സ്ഥാനത്തേക്ക് തരംതാഴ്‌ത്താനുള്ള സർക്കാർ തീരുമാനത്തോട് ഡിജിപി ജേക്കബ് തോമസ് പ്രതികരിച്ചത് ഇങ്ങനെയാണ്. അതേസമയം സ്രാവുകൾക്കൊപ്പം നീന്തുന്നത് സുഖകരമല്ലെന്നും ഡി.ജി.പി ജേക്കബ് തോമസ് പ്രതികരിച്ചു

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ തരം താഴ്‌ത്താൻ സർക്കാർ നടപടി ആരംഭിച്ചത്. ചട്ട ലംഘനം നടത്തി എന്ന് കാണിച്ച് ആൾ ഇന്ത്യാ സർവീസ് റൂൾ പ്രകാരം എ.ഡി.ജി.പിയായി തരം താഴ്‌ത്താനാണ് സർക്കാർ ശിപാർശ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര പേഴ്ണൽ മന്ത്രാലയമാണ്. അതേസമയം തനിക്കെതിരെ പ്രതികാര നടപടി കൈക്കൊണ്ടാൽ നിയമ നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്.

തുടർച്ചയായി സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നു, കേസുകളിൽ പെടുന്നു എന്നിവ ചൂണ്ടിക്കാട്ടി ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നത്. ആൾ ഇന്ത്യ സർവീസ് റൂൾ പ്രകാരം ചട്ടലംഘനത്തിന് ജേക്കബ് തോമസിനെതിരെ നടപടി എടുക്കാൻ സർക്കാരിന് ശിപാർശ ചെയ്യാം. ഇത് പ്രകാരം അദ്ദേഹത്തെ എ.ഡി.ജി.പിയായി തരംതാഴ്‌ത്താനാണ് സർക്കാർ തീരുമാനം. ഇതിനായി ജേക്കബ് തോമസിനോട് സർക്കാർ വിശദീകരണം ചോദിക്കും.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഈ മെയ് 31 ന് വിരമിക്കും. 2017 മുതലാണ് സർക്കാരിന് ജേക്കബ് തോമസ് അനഭിമതനാകുന്നത്. വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി പരാതിയിൽ രണ്ട് മന്ത്രിമാർക്കെതിരെ അദ്ദേഹം ക്യുക്ക് വേരിഫിക്കേഷന് ഉത്തരവിട്ടിരുന്നു.

സർക്കാറുമായി ഉടക്കി നിൽക്കുന്ന ജേക്കബ് തോമസ് വിരമിക്കാൻ ഇനി നാല് മാസം മാത്രം ബാക്കി നിൽക്കേയാണ് അദ്ദേഹത്തിനെതിരെ സർക്കാറിന്റെ പകപോക്കൽ. ജേക്കബ് തോമസിനെതിരെ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിന്റെ പേരു പറഞ്ഞു കൊണ്ട് അദ്ദേഹത്തെ തരംതാഴ്‌ത്താനാണ് ശ്രമം. ചട്ടവിരുദ്ധമായി പുസ്തകം എഴുതി, സർക്കാറിനെതിരെ പ്രതികരിച്ചു തുടങ്ങിയ കാര്യത്തിൽ ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇത് അനുസരിച്ചുള്ള നടപടിയാണ് ഇപ്പോഴത്തേതെന്ന് വാദിക്കുമ്പോഴും പകപോക്കലാണെന്നത് വ്യക്തമാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി സ്ഥാനത്തേക്ക് തരംതാഴ്‌ത്തുന്നത്.

സംസ്ഥാനത്തെ ഒരു ഐപിഎസ് ഉദോഗസ്ഥനെ തരംതാഴ്‌ത്താൻ തീരുമാനം കൈക്കൊള്ളുന്നത് ഇതാദ്യമായാണ്. 1969ലെ സർവീസ് ചട്ടങ്ങൾ ജേക്കബ് തോമസ് ലംഘിച്ചു എന്നാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അധ്യക്ഷനായ സമിതി കണ്ടെത്തിയത്. നിരന്തരമായി സർവീസ് ചട്ടങ്ങൾ അദ്ദേഹം ലംഘിക്കുന്നു എന്നായുന്നു സമിതിയുടെ കണ്ടെത്തൽ. ജേക്കബ് തോമസ് എഴുതിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം, സർവീസ് ചട്ടങ്ങളനുസരിച്ച് ആവശ്യമുള്ള അനുമതികൾ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്ന് ഇത് സംബന്ധിച്ച് അന്വേഷണം രാജീവ് സദാനന്ദൻ കണ്ടെത്തിയത്. ഈ കണ്ടെത്തൽ സർക്കാർ സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ജേക്കബ് തോമസിന്റെ ആത്മകഥായാണ്സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ പൊലീസ് ഫോഴ്‌സ് ( റസ്ട്രീക്ഷൻസ് ഓഫ് റൈറ്റസ്) ലെ 3(1) (ര) വകുപ്പുകൾ അനുസരിച്ച് ജേക്കബ് തോമസിന്റെ നടപടി തെറ്റാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഇതനുസരിച്ച് ഇത്തരം ഒരു പുസ്തകം എഴുതുന്നതിന് കേന്ദ്ര സർക്കാരിൽനിന്ന് മുൻകൂട്ടി അനുമതി ലഭ്യമാക്കണം. ഇത് ജേക്കബ് തോമസ് ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാഹിത്യ, ശാസ്ത്ര, രചനകൾ മാത്രമാണ് മുൻകൂർ അനുമതി ഇല്ലാതെ പ്രസിദ്ധീകരിക്കാൻ ചട്ട പ്രകാരം പ്രസിദ്ധീകരിക്കാൻ സാധിക്കുക. എന്നാൽ ജേക്കബ് തോമസിന്റെ പുസ്തകം ഈ വിഭാഗത്തിൽപെടുന്നതല്ല. അതേസമയം അദ്ദേഹം ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പുസ്തകത്തിൽ ഉപയോഗിച്ച വിവരങ്ങൾ രഹസ്യ നിയമത്തിന്റെ പരിധിയിൽ പെടുന്നതല്ലെന്നാണ് കമ്മീഷന്റെ നിഗമനം.

1985ലെ ഐപിഎസ് ബാക്കിലെ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരനാണ് അദ്ദേഹം. ഈ വരുന്ന മെയ് മാസം 31ന് അദ്ദേഹം വിരമിക്കാൻ ഇരിക്കെയാണ് സർക്കാർ തരംതാഴ്‌ത്തൽ നടപടിയുമായി പകപോക്കുന്നത്. 2015 ജനുവരിയാണ് ഡിജിപി പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തുന്നത്. എന്നാൽ പൊലീസ് മേധാവി പദവിക്ക് യോഗ്യനാണെങ്കിലും പിണറായി അതിന് തയ്യാറായില്ല. തുടർന്ന് വിജിലൻസ് മേധാവി പദവി നൽകി. മുഖം നോക്കാതെ അഴിമതിക്കാർക്കെതിരെ അദ്ദേഹം നടപടി സ്വീകരിച്ചതോടെ സർക്കാറിന്റെ തന്നെ കണ്ണിലെ കരടായി മാറുകയായിരുന്നു. നിലവിൽ ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയാണ് തസ്തികയിലാണ് ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്.

അടുത്തിടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ബിനാമി പേരിൽ ജേക്കബ് തോമസ് തമിഴ്‌നാട്ടിൽ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ മാസം 31ന് മുമ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചതും സ്റ്റേ വാങ്ങുന്നതും.

നിലവിൽ മെറ്റൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറായ ജേക്കബ് തോമസിനെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സർക്കാരുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലാകുകയും സസ്പെൻഷനിലാകുകയും ചെയ്തിരുന്നു. ഇദ്ദേഹം പിന്നീട് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയെ തുടർന്നാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പേരിലായിരുന്നു സസ്പെൻഷൻ.

സംസ്ഥാന സർക്കാറിന്റെ അവഗണയിൽ മനം മടുത്ത് സ്വയം വിരമിക്കാൻ ഒരുങ്ങിയെങ്കിലും അതിനും അനുവദിക്കാത്ത വിധത്തിലാണ് സർക്കാറിന്റെ നേട്ടയാടൽ. രണ്ടു വർഷം നീണ്ട സസ്‌പെൻഷന് ശേഷമാണ് കേന്ദ്ര അഡ്‌മിനിസട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ പിൻബലത്തിൽ ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. തീർത്തും അപ്രധാനമായ ഈ തസ്തികയിൽ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ നിയമിക്കപ്പെടുന്നത്.

ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച ചില അഭിപ്രായ പ്രകടനം വൻ വിവാദമായിരുന്നു. 'നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു' വിവാദ പരാമർശം. സ്വയം വിരമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം മേയിൽ ജേക്കബ് തോമസ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ അപേക്ഷയെ എതിർത്തു. മാത്രമല്ല, ജേക്കബ് തോമസിനെതിരെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു നൽകുകയും ചെയ്തിരുന്നു. സർവീസിലിരിക്കെ മൂന്നുമാസം മുമ്പ് നോട്ടീസ് നൽകിയില്ലെന്ന കാരണത്താൽ കേന്ദ്രം അപേക്ഷ തള്ളുകയായിരുന്നു. സർവീസിൽ തിരിച്ചെടുക്കണമെന്ന ഹർജി നിലനിൽക്കെ കഴിഞ്ഞ ഓഗസ്റ്റിൽ സ്വയം വിരമിക്കൽ അപേക്ഷയുമായി അദ്ദേഹം അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP