Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ

പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇതുകൊറോണക്കാലമാണ്. എല്ലാ ദിവസവും ഭരണാധികാരികൾ ഉണർന്ന് ഇരിക്കേണ്ട ദിവസം. കേരളത്തിലെ കൊറോണ പ്രതിരോധത്തെ മുമ്പിൽ നിന്ന് നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എല്ലാ ദിവസവും അവലോകന യോഗവും പിന്നെ പത്ര സമ്മേളനവും. എന്നാൽ ഞായറാഴ്ച മാത്രം അവലോകനവുമില്ല.... പത്ര സമ്മേളനവുമില്ല.... ഇത് കേരളത്തിൽ ഉയർന്ന വിവാദങ്ങളിൽ ഒന്നാണ്. എന്നും മുഖ്യമന്ത്രി ഇത്തരം ചർച്ചകളിൽ സജീവമാണെന്നാണ് ഈ വിവാദത്തിനുള്ള ഉത്തരം. ഇവിടെ ഇതാ ഒരു ഉദ്യോഗസ്ഥൻ. വിരമിക്കൽ തീയതി ഞായറാഴ്ച ആയിട്ടും ജോലി നോക്കാൻ പോവുകയാണ്. അതിന് വേണ്ടി സ്വന്തം ഓഫീസിൽ കിടന്നുറങ്ങുന്നു. ഈ ചിത്രം പിണറായിക്കുള്ള ഉത്തരമാണ്. അങ്ങനെ വിരമിക്കൽ ദിവസവും ജേക്കബ് തോമസ് ഐപിഎസ് ചർച്ചകളിൽ നിറയുകയാണ്.

മെയ്‌ 31 വരെയാണ് ജേക്കബ് തോമസിന്റെ സർവ്വീസ് കാലാവധി. ഇന്ന് ഞായറാഴ്ചയായതിനാൽ ഒപ്പം വിരമിക്കുന്നവരെല്ലാം ഇന്നലെ തന്നെ യാത്ര അയപ്പും വാങ്ങി പോയി. ഐപിഎസ് അസോസിയേഷനും പൊലീസും നൽകിയ യാത്ര അയപ്പിലൊന്നും ജേക്കബ് തോമസ് ഇന്നലെ പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണം കൂടി വ്യക്തമാക്കുന്നതാണ് ഇന്ന് രാവിലെ ജേക്കബ് തോമസ് ഇട്ട പോസ്റ്റ്. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫീസർ സൗകര്യങ്ങൾ തീരെ കുറഞ്ഞ തന്റെ ഓഫീസിലാണ് ഇന്നലെ ഉറങ്ങിയത്. രാവിലെ എണ്ണീൽക്കുകയും ചെയ്തു. അതിന് ശേഷം ഇന്നും ജോലി നോക്കും. ഞായറാഴ്ചയും ജോലി ചെയ്ത് ജേക്കബ് തോമസ് പടിയിറങ്ങുമ്പോൾ ഈ ചിത്രം ചെന്നു കൊള്ളുന്നത് പിണറായിയുടെ നെഞ്ചിലേക്കാണ്. കേരളത്തിലെ കരുത്തനായ മുഖ്യമന്ത്രി എന്ന് അവകാശപ്പെടുന്ന പിണറായിക്ക് ജീവിതകാലം മുഴുവൻ തലതാഴ്‌ത്താൻ പോകുന്ന നാണം കെട്ട ചിത്രമാണ് ഇത്.

എല്ലാ അർത്ഥത്തിലും സത്യസന്ധനായ ജേക്കബ് തോമസിനോട് നീതി കേട് കാട്ടുകയായിരുന്നു പിണറായി സർക്കാർ. അധികാരമേൽക്കുമ്പോൾ വിജിലൻസ് ഡയറക്ടറായി ഒപ്പം നിർത്തിയ ജേക്കബ് തോമസ് അഴിമതിക്കെതിരെ വാളെടുത്തപ്പോൾ ഒന്നും ഇല്ലാത്തവനായി. സസ്‌പെൻഷൻ.. പിന്നെ അപമാന കാലം. ശമ്പളമില്ല... കാറില്ല... ജീവനക്കാരില്ല... ഓഫീസില്ല.... കടലാസ് വാങ്ങാനും പണമില്ല.... പിണറായി വിജയന്റെ പ്രതികാര വാഞ്ചയിൽ പീഡിപ്പിക്കപ്പെട്ട സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ സസ്പെൻഷനിൽ സർവ്വീസിന് പുറത്തു നിന്നപ്പോൾ അവസ്ഥ ഇതായിരുന്നു. പിണറായി സർക്കാരിന്റെ പകയുടെ ഇരയായ ജേക്കബ് തോമസ് ഷൊർണൂരിൽ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷവും ജേക്കബ് തോമസിന് ഒന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. അതായത് സസ്പെൻഷൻകാലത്തെ സൗകര്യങ്ങൾ മാത്രമേ ജേക്കബ് തോമസിന് നൽകിയുള്ളൂൂ. ശമ്പളവും ഇരിക്കാൻ ഒരു ഓഫീസും മാത്രമാണ് നിയമ പോരാട്ടത്തിൽ ജയിച്ച ജേക്കബ് തോമസിന് സർക്കാർ നൽകിയത്. ഒരു ഐപിഎസുകാരൻ കേരളത്തിൽ അനുഭവിക്കുന്ന ആനുകൂല്യമൊന്നും ഷൊർണ്ണൂരിലെ ഓഫീസിൽ ജേക്കബ് തോമസിന് ഇല്ലായിരുന്നു.

ഇത് വ്യക്തമാക്കുന്നതിന് കൂടിയാണ് പുതിയ ചിത്രം ഫെയ്‌സ് ബുക്കിൽ ജേക്കബ് തോമസ് ഇടുന്നത്. ഓഫീസിൽ പോകാൻ കാറില്ല. അതുകൊണ്ട് തന്നെ ഡ്രൈവറുമില്ല. ഓഫീസ് മുറിയിൽ ആരെയെങ്കിലും വിളിക്കാൻ ലാൻഡ് ഫോണുമില്ല. വെറും മേശയും കസേരയും മാത്രം. ചായ കൊടുക്കാനോ മേശ തുടക്കാനോ പ്യൂണുമില്ല. അതായത് ചായ കുടിക്കണമെങ്കിൽ പുറത്ത് പോകണം. ഓഫീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞ് ചെയ്യിക്കാൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമില്ല. റിസപ്ഷൻ പോലും ഇല്ലാത്തതിനാൽ ആർക്കും എത് സമയവും ആരോടും ചോദിക്കാതെ കേരളത്തിലെ മുതിർന്ന ഡിജിപിക്ക് അടുത്തേക്ക് കയറി ചെല്ലാം. ഇവിടെയായിരുന്നു ജേക്കബ് തോമസ് വിരമിക്കൽ കാലം കഴിച്ചു കൂട്ടിയത്. പരിമിതമായ സൗകര്യങ്ങളുള്ള മുറിയിലായിരുന്നു ഇന്നലത്തെ രാത്രി ഉറക്കവും. എണ്ണീറ്റ ശേഷം ഫെയ്‌സ് ബുക്കിൽ ഇട്ട ചിത്രമാണ് വൈറലാകുന്നത്. അഴിമതിക്കെതിരെ ജേക്കബ് തോമസിനൊപ്പം നിന്ന് പൊരുതിയവർ പോലും ഷൊർണ്ണൂരിലെ അദ്ദേഹത്തിന്റെ അവസ്ഥയോട് പ്രതികരിക്കാൻ പോലും ഇല്ലായിരുന്നു. തീർത്തും ഫാസിസ്റ്റ് സമീപനത്തിന്റെ സർക്കാർ ഇരയായിരുന്നു ജേക്കബ് തോമസ്.

101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തികളും അരിവാളും കോടാലിയുമൊക്കെ കർഷകർക്കും മറ്റ് ആവശ്യക്കാർക്കും ഉണ്ടാക്കിക്കൊടുത്തു കേരളത്തെ വികസിപ്പിക്കലാണു തന്റെ ലക്ഷ്യമെന്നും കത്തിക്കു മൂർച്ച കൂടിയതിന്റെ പേരിൽ മാത്രമേ തന്നെ മാറ്റാൻ സാധ്യതയുള്ളൂ എന്നും ജേക്കബ് തോമസ് ഷൊർണ്ണൂരിൽ ചുമതലയേറ്റ ശേഷം പരിഹസിച്ചിരുന്നു. ഈ പരിഹാസത്തിന്റെ അർത്ഥം വ്യക്തമാക്കുന്ന തരത്തിലാണ് വിരമിക്കലും. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലൻസ് മേധാവിയുടേതിനു തുല്യമാക്കിയതു സർക്കാരിന്റെ നയപരമായ തീരുമാനവും ചർച്ചയായിരുന്നു. ജേക്കബ് തോമസ് കൃത്യസമയത്ത് ഓഫീസിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓഫീസ് സമയം പാലിച്ചില്ലെങ്കിൽ അതിന്റെ പേരിൽ നടപടി എടുക്കാം. ഈ സ്ഥാപനത്തിൽ ജേക്കബ് തോമസ് ഒന്നും ചെയ്തില്ലെന്ന് വരുത്തി സർവ്വീസ് ബുക്കിൽ കളങ്കം രേഖപ്പെടുത്താനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം കരുതലോടെ പ്രവർത്തിച്ച് ജേക്കബ് തോമസ് മറികടന്നു.

വിജിലൻസ് കേസിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡി.ജി.പി. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർക്കു തുല്യമായ തസ്തികയിൽ തിരിച്ചെടുത്ത് വിവാദം അവസാനിപ്പിക്കുന്ന തട്ടിപ്പ് രീതിയാണ് സർക്കാർ കൈക്കൊണ്ടത്. സസ്‌പെൻഷനെതിരേ ജേക്കബ് തോമസ് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ, അദ്ദേഹത്തെ ഡി.ജി.പി. പദവിക്കു തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു വിധി. തുടർന്ന്, താരതമ്യേന ചെറിയസ്ഥാപനമായ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ട്രിബ്യൂണൽ വിധി പാലിക്കുന്നതിനായി ഈ തസ്തിക വിജിലൻസ് ഡയറക്ടറുടേതിനു തുല്യമായ കേഡർ തസ്തികയാക്കി. ഇങ്ങനെ പലവിധ തമാശകൾ പിണറായി സർക്കാർ ചെയ്തു.

സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ് എല്ലാം തകിടം മറിച്ചു. സ്പോർട്സ് കൗൺസിൽ അഴിമതി കൂടി വിജിലൻസ് ഡയറക്ടറുടെ മുന്നിൽ എത്തിയപ്പോൾ ജേക്കബ് തോമസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അധികാര കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനം പോയി. ആദ്യം അവധി. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടർ സ്ഥാനം. അതിലും തീർന്നില്ല പക. അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തു. ഓഖിയിലെ പ്രസംഗമായിരുന്നു ഇതിന് കാരണം. പിന്നീട് വീണ്ടും സസ്പെൻഷൻ. അത് ആത്മകഥ എഴുതിയതിന്റെ പേരിൽ. ജേക്കബ് തോമസിനെ ആവേശത്തോടെ കൊണ്ടു നടന്ന അഴിമതി വിരുദ്ധരെന്ന് അവകാശപ്പെടുന്ന സാമൂഹ്യ നേതാക്കൾ പോലും ന്നും മിണ്ടിയില്ല. അങ്ങനെ കൂട്ടിലടയ്ക്കാനാവാത്ത തത്ത ഏകനായി. പിന്നെ ജേക്കബ് തോമസിന്റെ നിയമ പോരാട്ടം. ഒടുവിൽ സർക്കാർ മുട്ടുമടക്കി തിരിച്ചെടുത്തു. അപ്പോഴും നിറഞ്ഞത് പിണറായിയുടെ മനസ്സിലെ പ്രതികാരമാണ്.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയായിരുന്നു ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിച്ചത്.

ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്താക്കലുകൾ. ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം.

പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞാണ് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ജേക്കബ് തോമസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP