Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഎസ്എസിനെ അടുത്തറിഞ്ഞാൽ ബുദ്ധിജീവികൾ കൂട്ടത്തോടെ അങ്ങോട്ട് പോകും; മുണ്ടുടുത്ത് മുന്നോട്ട് പോണോ സർവ്വീസിൽ തിരിച്ച് വരണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രം; അനുകൂല വിധി വ്യക്തിപരമല്ലെന്നും അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള അംഗീകാരമെന്നും ജേക്കബ് തോമസ്; സ്വയം വിരമിക്കലിന് മറുപടി തരാത്ത സംസ്ഥാന സർക്കാർ എന്ത് വേണമെന്നും കേന്ദ്രം പറയുമെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ; ജേക്കബ് തോമസ് രണ്ടും കൽപ്പിച്ച് തന്നെ

ആർഎസ്എസിനെ അടുത്തറിഞ്ഞാൽ ബുദ്ധിജീവികൾ കൂട്ടത്തോടെ അങ്ങോട്ട് പോകും; മുണ്ടുടുത്ത് മുന്നോട്ട് പോണോ സർവ്വീസിൽ തിരിച്ച് വരണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രം; അനുകൂല വിധി വ്യക്തിപരമല്ലെന്നും അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള അംഗീകാരമെന്നും ജേക്കബ് തോമസ്; സ്വയം വിരമിക്കലിന് മറുപടി തരാത്ത സംസ്ഥാന സർക്കാർ എന്ത് വേണമെന്നും കേന്ദ്രം പറയുമെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ; ജേക്കബ് തോമസ് രണ്ടും കൽപ്പിച്ച് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലങ്ങളായി സംസ്ഥാന സർക്കാർ പുറത്ത് നിർത്തിയിരിക്കുന്ന വിധി റദ്ദാക്കണമെന്ന അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ വിധിക്ക് പിന്നാലെ എല്ലാം കേന്ദ്രത്തിന് വിട്ട് പിണറായിക്കെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ് ഐപിഎസ്. സർവ്വീസിൽ നിന്ന് പിരിഞ്ഞാൽ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ആവർത്തിച്ചിരിക്കുകയാണ് സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ. വിധിക്ക് ശേഷം നടത്തിയ പ്രസ്താവനയിൽ വിജയം തന്റേതല്ലെന്നും അഴിമതിക്ക് എതിരെ പോരാടുന്ന എല്ലാവർക്കുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പി്ന്നാലെയാണ് ആർഎസ്എസിനെ പുകഴ്‌ത്തി വീണ്ടും രംഗത്ത് എത്തിയത്.

ആർഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ അല്ല. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. ആർഎസ്എസിനെ അറിയാൻ ശ്രമിച്ചാൽ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ആർഎസ്എസിന്റെ പേരിൽ തന്നെ സന്നദ്ധ സേവനമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണത്. ആർഎസ്എസ് ഭാരത സംസ്‌കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.

പിണറായി സർക്കാരിന് വലിയ തിരിച്ചടിയാണ് ജേക്കബ് തോമസ് ഐപിഎസിന് അനുകൂലമായ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്നുള്ള ഉത്തരവ്. കേരളാ കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസിലെ ഉയർന്ന പദവിയിൽ നിയമിക്കേണ്ട സാഹചര്യമാണ് വിധിയുണ്ടാക്കുന്നത്. ടിപി സെൻകുമാർ കേസിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതാണ് ഇത്. സെൻകുമാറിന്റെ നിയമനം അപ്പീലിലൂടെ പരമാവധി വൈകിപ്പിച്ച് റിട്ടയർ ചെയ്യാൻ ആഴ്ചകൾ മാസമുള്ളപ്പോൾ തിരികെ നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. എന്നാൽ ഇവിടെ ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇതിനെ മറികടക്കാനുള്ള കുതന്ത്രങ്ങൾ പിണറായി സർക്കാർ എങ്ങനെ കണ്ടു പിടിക്കുമെന്നതാണ് ഉയരുന്ന ചോദ്യം

അതിനിടയിലാണ് താൻ ഇനി ജോലിയിൽ പ്രവേശിക്കണമോ, വിആർഎസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കും എന്ന് പറഞ്ഞ് തന്റെ ആർഎസ്എസ് അനുകൂല നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കിയത്.സസ്‌പെൻഷൻ കാലയളവിൽ നിരവധി പാഠങ്ങൾ പഠിച്ചു. പിന്നിൽ നിന്ന് വലിച്ചവരെ മനസിലാക്കാനായി, അതുകൊണ്ട് സസ്‌പെൻഷൻ കാലം നഷ്ടമായി കാണുന്നില്ല. പൊതുസേവനരംഗത്തേക്ക് തന്നെ ആവശ്യമുണ്ടെങ്കിൽ ജനം പറയട്ടേ.എന്നെ ഉപദ്രവിച്ചവരെ തലയിലെടുത്ത് നടന്നാൽ എനിക്ക് മുന്നോട്ടു പോകാനാവില്ല. അതിനെല്ലാം അപ്പുറത്തേക്ക് വളർന്നയാളാണ് ഞാൻ. പകയും വിദ്വേഷവും എനിക്കില്ല. തെറ്റ് കണ്ടാൽ തുറന്ന് പറയും. അഴിമതിയോ സ്വജനപക്ഷപാതമോ കണ്ടാൽ സാധാരണക്കാരന് വേണ്ടി തുറന്ന് പറഞ്ഞ് തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി ജൂനിയറായ ലോക്നാഥ് ബെഹ്റയെ നിയോഗിച്ചത് ജിഷാ കേസിലെ കുറവുകൾ പറഞ്ഞായിരുന്നു. രണ്ട് കൊല്ലം ഡിജിപി സ്ഥാനത്ത് ഒരാൾക്ക് നൽകിയേ മതിയാകൂവെന്ന സുപ്രീംകോടതി നിർദ്ദേശമാണ് ലംഘിച്ചത്. ഈ കേസിൽ ജയം ഉറപ്പായ സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെയാണ് കേസ് കൊടുത്തത്. ഇത് ട്രിബ്യൂണലും ഹൈക്കോടതിയും സുപ്രീംകോടതിയും കടന്ന് അപ്പീലിലൂടെ വിജയത്തിലേക്ക് എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു പാട് കാലം സെൻകുമാറിന് നഷ്ടമായി. സെൻകുമാർ ഈ സമയത്തും സർവ്വീസിലുണ്ടായിരുന്നു. സസ്പെൻഷനിലായിരുന്നില്ലെന്നത് മാത്രമായിരുന്നു മെച്ചം. എന്നാൽ വിവിധ കേസുകളുടെ പേരു പറഞ്ഞ് ജേക്കബ് തോമസിനോട് പിണറായി പക തീർത്തത് സസ്പെൻഷനിലൂടെയായിരുന്നു. ഇവിടെ കരുതലോടെ ജേക്കബ് തോമസ് കളിച്ചു. ഇതാണ ്പിണറായിക്ക് വലിയ തിരിച്ചടിയാകുന്നത്.

തന്റെ കേസിൽ പ്രധാന പ്രതികളാക്കിയത് കേന്ദ്ര സർക്കാരിന് കീഴിലെ ആഭ്യന്തര വകുപ്പിനേയും പേഴ്സണൽ മന്ത്രാലയത്തേയുമാണ്. ഐപിഎസുകാരുടെ നിയന്ത്രണാധികാരം കേന്ദ്ര സർക്കാരിനാണ്. തന്നെ അന്യായമായി സസ്പെൻഷനിൽ നിർത്തിയെന്നും സംസ്ഥാന സർക്കാർ തിരിച്ചെടുത്തില്ലെങ്കിൽ കേന്ദ്രം അത് ചെയ്യണമെന്നുമായിരുന്നു ആവശ്യം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മനസ്സ് തനിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ജേക്കബ് തോമസിന്റെ ഇടപെടൽ. ഇതോടെ ജേക്കബ് തോമസ് വിഷയത്തിൽ കേസിലെ ആദ്യ രണ്ട് പേരും കടുത്ത നിലപാട് എടുത്തില്ല. സംസ്ഥാന സർക്കാരിന് ദുർബലമായ വാദങ്ങളേ ഉണ്ടായുള്ളൂ. അനുകൂല വിധിയും കിട്ടി. ഈ വിധി ഫലത്തിൽ കേന്ദ്ര സർക്കാരിന് എതിരാണ്. പിണറായി സർക്കാർ വെറും മൂന്നാം കക്ഷി മാത്രമല്ല. ഇതോടെ ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിലും വന്നു ചേർന്നു.

കേസിലെ മൂന്നാം കക്ഷിയായ സംസ്ഥാന സർക്കാർ അപ്പീലുമായി പോയാലും കേന്ദ്ര സർക്കാരിന് ജേക്കബ് തോമസിനെ നിയമിക്കേണ്ട സാഹചര്യമുണ്ട്. കേന്ദ്രത്തിലെ ഉന്നത പദവിയിൽ ജേക്കബ് തോമസ് എത്തുന്നത് വെല്ലുവിളിയാകുന്നത് സംസ്ഥാന സർക്കാരിനുമാകും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പല അഴിമതിക്കേസുകളും പൊടി തട്ടിയെടുക്കാനും ലാവ്ലിനിലും മറ്റും നിർണ്ണായക തീരുമാനങ്ങളെടുക്കാനും കഴിയും. ഇത് മനസ്സിലാക്കി കേരളത്തിൽ തന്നെ എടുക്കാനാകും പിണറായി ശ്രമിക്കുക. അവിടേയും പ്രശ്നമുണ്ട്. പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ അതിന് അനുയോജ്യമായ പദവിയിൽ നിയമിക്കണമെന്നാണ് കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ പൊലീസ് മേധാവിയായി നിയമിക്കേണ്ട അവസ്ഥയുണ്ട്. അല്ലെങ്കിൽ സീനയറായ ജേക്കബ് തോമസിനെ വിജിലൻസിൽ നിയമിക്കേണ്ടി വരും. ഇതാണ് പിണറായി വിജയനെ വെട്ടിലാക്കുന്നത്.

നിരവധി പ്രശ്നങ്ങളിൽ ഉഴലുന്ന പിണറായിക്ക് അതുകൊണ്ട് തന്നെ പുതിയ തലവേദനയാണ് ജേക്കബ് തോമസ് വിഷയം. പിണറായിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് എന്ന് സിപിഎമ്മും വിലയിരുത്തുന്നു. കേന്ദ്ര സർക്കാരുമായി സംസ്ഥാനത്തിന് അത്ര നല്ല ബന്ധവുമില്ല. അതുകൊണ്ട് തന്നെ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷയിൽ കേന്ദ്ര തീരുമാനം എടുക്കാനും സാധ്യതയുമില്ല. ഈ അപേക്ഷ ജേക്കബ് തോമസ് പിൻവലിക്കാനും സാധ്യതയുണ്ട്. വിരമിക്കലിന് അപേക്ഷ നൽകിയത് ചാലക്കുടിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു. ഇത് തടയാനായി തൊടു ന്യായങ്ങൾ നിരത്ത് കാര്യങ്ങൾ വൈകിച്ചു. അന്ന് അത് അംഗീകരിച്ച് അതിവേഗ നടപടി എടുത്തിരുന്നുവെങ്കിൽ ഈ വിധി വരുമ്പോൾ ജേക്കബ് തോമസ് സർവ്വീസിന് പുറത്താകുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP