Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് പിണറായി പിടിച്ചത് പുലിവാല്; ജേക്കബ് തോമസിനെതിരെ കള്ളക്കേസെടുത്തത് കോടതിയിൽ കുരുക്കാവും; സെൻകുമാറിനെപ്പോലെ തന്നെയും പൊലീസ് മേധാവി കസേരയിൽ നിന്ന് പുറത്താക്കാൻ ക്രിമിനൽ കേസെടുത്തെന്ന് ജേക്കബ് തോമസ്. ക്രിമിനൽ കേസിനു പിന്നിലെ ഗൂഢാലോചന തെളിഞ്ഞാൽ ബെഹ്‌റയുടെ പൊലീസ് മേധാവി കസേര നഷ്ടമാവും. ആർ.എസ്.എസുകാരനെന്ന് വിളിച്ച് പിണറായിയും സിപിഎമ്മും ആക്ഷേപിക്കുന്ന ജേക്കബ് തോമസ് ശക്തനാവുന്നത് ഇങ്ങനെ

ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് പിണറായി പിടിച്ചത് പുലിവാല്; ജേക്കബ് തോമസിനെതിരെ കള്ളക്കേസെടുത്തത് കോടതിയിൽ കുരുക്കാവും; സെൻകുമാറിനെപ്പോലെ തന്നെയും പൊലീസ് മേധാവി കസേരയിൽ നിന്ന് പുറത്താക്കാൻ ക്രിമിനൽ കേസെടുത്തെന്ന് ജേക്കബ് തോമസ്. ക്രിമിനൽ കേസിനു പിന്നിലെ ഗൂഢാലോചന തെളിഞ്ഞാൽ ബെഹ്‌റയുടെ പൊലീസ് മേധാവി കസേര നഷ്ടമാവും. ആർ.എസ്.എസുകാരനെന്ന് വിളിച്ച് പിണറായിയും സിപിഎമ്മും ആക്ഷേപിക്കുന്ന ജേക്കബ് തോമസ് ശക്തനാവുന്നത് ഇങ്ങനെ

പി.വിനയചന്ദ്രൻ

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് ഡി.ജി.പി ഡോ. ജേക്കബ് തോമസിനെതിരേ കള്ളക്കേസെടുത്ത പിണറായി സർക്കാർ പിടിച്ചത് പുലിവാല്. വിജിലൻസ് പലവട്ടം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനാവാത്തതും തെളിവില്ലെന്ന് കണ്ട് കോടതികൾ തള്ളിക്കളഞ്ഞതുമായ ആരോപണത്തിന്റെ പുറത്താണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ കേസെടുത്തത്. ജേക്കബ് തോമസിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തതല്ലാതെ ഇതുവരെ കുറ്റപത്രം നൽകാനായിട്ടില്ല. അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചെന്ന് കാട്ടിയെടുത്ത ക്രൈംബ്രാഞ്ച് കേസിന്റെയും സ്ഥിതി ഇതുതന്നെയാണ്. പുറ്റിങ്ങൽ ദുരന്തം, ജിഷാ കേസ് എന്നിവയിലെ വീഴ്ച ആരോപിച്ച് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് പുറത്താക്കിയ ടി.പി. സെൻകുമാർ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൊലീസ് മേധാവി കസേര തിരിച്ചുപിടിച്ചിരുന്നു. അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്നാണ് അന്ന് കോടതി പറഞ്ഞത്. സമാനമായ സ്ഥിതിയാണ് ഇപ്പോഴും.

ജേക്കബ് തോമസ് പൊലീസ് മേധാവിയാകുന്നത് തടയാൻ സർക്കാരും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് കോടതിയിൽ് ബോധിപ്പിച്ചിട്ടുണ്ട്. ഇത് തെളിയിക്കാനായാൽ പിണറായി പൊലീസ് മേധാവിയായി നിയമിച്ച ലോക്‌നാഥ് ബെഹറയുടെ കസേര പോകും. ജേക്കബ് തോമസ് സെൻകുമാറിനെപ്പോലെ പൊലീസ് മേധാവിയായി മടങ്ങിവരികയും ചെയ്യും. പിണറായിയുടെ മുഖത്തടിക്കുന്നത് പോലെയാവും ഇത്. മൂന്ന് വിജിലൻസ് അന്വേഷണങ്ങൾ നടത്തിയിട്ടും ഒന്നിൽപോലും പ്രതി ചേർക്കാനോ കുറ്റപത്രം നൽകാനോ കഴിയാതിരുന്നപ്പോഴാണ് അഴിമതിക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന ജേക്കബ് തോമസിനെ പുകച്ചുചാടിക്കാൻ നീക്കം സജീവമായത്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് തനിക്കെതിരായ കേസുകൾ റദ്ദാക്കി കിട്ടാൻ ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് മേധാവി കസേര നിഷേധിക്കാൻ തന്നെ ക്രിമിനൽ കേസിൽ പ്രതിയാക്കിയെന്ന ഗുരുതരമായ ആരോപണവും ജേക്കബ്‌തോമസ് ഉന്നയിച്ചിട്ടുണ്ട്.

മൂന്ന് വിജിലൻസ് അന്വേഷണങ്ങൾ നടത്തിയിട്ടും ഒന്നിൽ പോലും പ്രതിചേർക്കാനോ കുറ്റപത്രം നൽകാനോ കഴിയാതിരുന്നിട്ടും പിണറായിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിനെതിരേ കേസെടുപ്പിക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാരുമായി ഇടഞ്ഞുനിന്ന ജേക്കബ്‌തോമസിനെ പൂട്ടാൻ അക്കാലത്ത്, വിജിലൻസ് ഡയറക്ടറുടെ മേൽനോട്ടത്തിൽ ഒരു കോൺഫിഡൻഷ്യൽ എൻക്വയറിയും (രഹസ്യാന്വേഷണം) രണ്ട് ത്വരിത അന്വേഷണങ്ങളും നടത്തിയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ല. പരാതികളിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തി മൂന്ന് അന്വേഷണങ്ങളും അവസാനിപ്പിക്കാൻ വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകുകയായിരുന്നു.

'അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന' സർക്കാർനയം നടപ്പാക്കാനിറങ്ങിയ ജേക്കബ്‌തോമസിന് ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ശത്രുക്കളായി. എ.ഡി.ജി.പി പദവിയുള്ള ഉദ്യോഗസ്ഥ ജേക്കബ്‌തോമസിന്റെ ഫോണും ഇ-മെയിലും ചോർത്തി. ഒപ്പിടുന്ന ഓരോ ഫയലും വിവരാവകാശപ്രകാരം ശേഖരിച്ച് സർക്കാരിന് കൈമാറിയത് മറ്റൊരു എ.ഡി.ജി.പി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് വനിതാ ഉദ്യോഗസ്ഥ വിവരങ്ങൾ കൈമാറിയത്. തന്റെ നീക്കങ്ങൾ മനസിലാക്കാനുള്ള സഹപ്രവർത്തകരുടെ ഫോൺചോർത്തൽ മനസിലാക്കിയതോടെയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനമൊഴിയാനുള്ള പൊടുന്നനേയുള്ള തീരുമാനം ജേക്കബ്‌തോമസ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.

തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ ജേക്കബ് തോമസ് 2009ൽ സ്ട്രാറ്റജിക ്മാനേജ്‌മെന്റിൽ ഗവേഷണത്തിനായി അവധിയെടുത്തിരുന്നു. മൂന്നുമാസത്തേക്ക് ഗവേഷണകാലാവധി നീട്ടിച്ചോദിച്ചെങ്കിലും സർക്കാർ അനുവദിച്ചില്ല. ഈ കാലയളവിൽ സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഫോറത്തിൽ നിന്നുള്ള ഗ്രാന്റും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഓണറേറിയവും സർക്കാരിൽ നിന്ന് ശമ്പളവും കൈപ്പറ്റിയെന്നായെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം. സർക്കാർ അനുമതിയില്ലാത്തതിനാൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കൈപ്പറ്റിയ ഗ്രാന്റും ഓണണേറിയവും ജേക്കബ്‌തോമസ് തിരിച്ചടച്ചതായി കണ്ടെത്തിയതോടെ ഈ ആരോപണത്തിന്റെ മുനയൊടിഞ്ഞു. വരവിൽകവിഞ്ഞ് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന പരാതിയിൽ നടത്തിയ ത്വരിത അന്വേഷണവും കഴമ്പില്ലെന്ന് കണ്ടെത്തി വിജിലൻസ് അവസാനിപ്പിച്ചു.

കേരളാ ട്രാൻസ്‌പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(കെ.ടി.ഡി.എഫ്.സി) മാനേജിങ് ഡയറക്ടറായിരിക്കേ തീരപരിപാലനനിയമം ലംഘിച്ച് നീണ്ടകരയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പണിതുയർത്തി സർക്കാരിന് വൻ അധികചിലവുണ്ടാക്കിയെന്ന പരാതിയിൽ വിജിലൻസ് എസ്‌പി വി.എൻ.ശശിധരനാണ് ത്വരിതഅന്വേഷണം നടത്തിയത്. ഹാർബർ എൻജിനീയറിങ്, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. തുറമുഖവകുപ്പിന് ആസ്ഥാനമന്ദിരം നിർമ്മിച്ചതും ചട്ടങ്ങൾ പാലിക്കാതെയാണെന്നും വിജിലൻസിന് പരാതികിട്ടിയിരുന്നു. കെട്ടിടനിർമ്മാണ, തീരപരിപാലന ചട്ടങ്ങളും സാമ്പത്തികഇടപാടുകളും ടെൻഡർ-പർച്ചേസ് രേഖകളും പരിശോധിച്ച വിജിലൻസ് പരാതികളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. 58 ലക്ഷംരൂപയ്ക്ക് സ്റ്റീൽ ഫർണിച്ചർ വാങ്ങിയത് സ്വകാര്യകമ്പനിയിൽ നിന്നല്ലെന്നും സർക്കാർ സ്ഥാപനമായ സിഡ്‌കോയിൽനിന്നാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

ജേക്കബ് തോമസും ഭാര്യ ഡെയ്‌സിയും തമിഴ്‌നാട് രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 100 ഏക്കർ മാവിൻതോട്ടം വാങ്ങിയെന്ന പരാതിയിൽ കഴമ്പില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കണ്ണൂർ ഡിസിസി സെക്‌റട്ടറി സത്യൻ നരവൂരിന്റെ പരാതി തള്ളണമെന്ന് നിർദ്ദേശിക്കുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് എസ്‌പി കെ.ജയകുമാർ, വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. പരാതിക്കാരൻ സമർപ്പിച്ചത് ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുത്ത ഏതാനും പ്രിന്റ് ഔട്ടുകൾ മാത്‌റമായിരുന്നു. ഭൂമി രജിസ്റ്റർ ചെയ്തെന്നു വ്യക്തമാക്കുന്ന രേഖയിൽ ഏതെങ്കിലും ഓഫിസിന്റെ സീലോ മറ്റ് ആധികാരികമായ രേഖകളോ ഇല്ലായിരുന്നു. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നേരത്തെ തള്ളിയ കേസിനു വിരുദ്ധമായി ഒരു തെളിവു പോലും കൂടുതലായി ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചിട്ടില്ലെന്നും എസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു.

രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50 ഏക്കറിലെ അൽഫോൻസാ മാവിൻതോട്ടം വാങ്ങിയത് ജേക്കബ് തോമസ് സ്വത്തുവിവരത്തിൽ മറച്ചുവച്ചെന്നായിരുന്നു നേരത്തേയുള്ള ആരോപണം. അഗ്‌റോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഉടമസ്ഥന്മാർ വിദേശത്തായിരുന്നതിനാൽ അവരുടെ പണമുപയോഗിച്ച് അടിയന്തര സാഹചര്യത്തിൽ സ്വന്തം പേരിൽ ജേക്കബ് തോമസ് ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് നേരത്തെയുള്ള വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 1997 മുതൽ 2007 വരെ കാലയളവിലെ ജേക്കബ് തോമസിന്റെ സ്വത്തുക്കൾ വിജിലൻസ് പരിശോധിച്ച് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP