Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയെ വട്ടം ചുറ്റിക്കാൻ ജേക്കബ് തോമസ്; തനിക്കെതിരെ രണ്ട് കള്ളക്കേസെടുത്തെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി; യാതൊരു അടിസ്ഥാനവുമില്ലാതെ ഏറ്റവും മുതിർന്ന ഡിജിപിക്കെതിരെ കേസെടുത്ത സർക്കാർ കോടതിയിൽ ഉത്തരം പറയേണ്ടി വരും; കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്നും നീതി കിട്ടിയതോടെ വിജിലൻസ് ഡയറക്ടർ പദവി നൽകണമെന്ന് ആവശ്യം; സംഘിയെന്ന് വിളിച്ച് വീണ്ടും മാറ്റി നിർത്താനുള്ള ശ്രമങ്ങൾക്കെതിരെ ജേക്കബ് തോമസ് തുറന്നടിക്കാൻ ഒരുങ്ങുന്നു

പിണറായിയെ വട്ടം ചുറ്റിക്കാൻ ജേക്കബ് തോമസ്; തനിക്കെതിരെ രണ്ട് കള്ളക്കേസെടുത്തെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി; യാതൊരു അടിസ്ഥാനവുമില്ലാതെ ഏറ്റവും മുതിർന്ന ഡിജിപിക്കെതിരെ കേസെടുത്ത സർക്കാർ കോടതിയിൽ ഉത്തരം പറയേണ്ടി വരും; കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്നും നീതി കിട്ടിയതോടെ വിജിലൻസ് ഡയറക്ടർ പദവി നൽകണമെന്ന് ആവശ്യം; സംഘിയെന്ന് വിളിച്ച് വീണ്ടും മാറ്റി നിർത്താനുള്ള ശ്രമങ്ങൾക്കെതിരെ ജേക്കബ് തോമസ് തുറന്നടിക്കാൻ ഒരുങ്ങുന്നു

പി വിനയചന്ദ്രൻ

തിരുവനന്തപുരം: ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് സർക്കാരുമായി പുതിയ പോർമുഖം തുറക്കുകയാണ് ഡി.ജി.പി ഡോ.ജേക്കബ് തോമസ്. ഒറ്റ ആവശ്യമാണ് അദ്ദേഹത്തിനുള്ളത്. ഏറ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ പൊലീസ് മേധാവിയാക്കണം. അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച മറ്റൊരു കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവി നൽകണം. അല്ലാതെ, ഐ.എം.ജി ഡയറക്ടർ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ തുടങ്ങിയ പദവികളൊന്നും തനിക്ക് വേണ്ടെന്നാണ് ജേക്കബ് തോമസ് പറയുന്നത്. 2020മെയ്‌ വരെ സർവീസുണ്ടെങ്കിലും അപ്രധാന കസേരയിലിരുന്ന് വിരമിക്കാൻ ജേക്കബ്‌തോമസിന് താത്പര്യമില്ല. വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബിലെ മീറ്റ് ദി പ്രസ് പരിപാടിയിൽ തനിക്കെതിരെ സർക്കാർ നടത്തിയ ഗൂഢാലോചന തുറന്നടിക്കാനിരിക്കുകയാണ് ജേക്കബ് തോമസ്. സർക്കാരും ഈ പരിപാടിയെ ആശങ്കയോടെയാണ് നോക്കുന്നത്.

19 മാസമായി സസ്‌പെൻഷനും അതിന്റെ പുറത്ത് സസ്‌പെൻഷനുമായി ജേക്കബ്‌തോമസിനെ സർക്കാർ സർവീസിന് പുറത്ത് നിർത്തിയിരിക്കുകയാണ്. അനുമതിയില്ലാതെ പുസ്‌കതമെഴുതി, സർക്കാരിനെതിരെ പ്രസംഗിച്ചു ഇങ്ങനെയൊക്കെയാണ് കുറ്റങ്ങൾ. ഈ കുറ്റങ്ങൾ സാധൂകരിക്കാനുള്ള തെളിവുകൾ പോലും സർക്കാരിന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ജേക്കബ്‌തോമസിനെ ഉടനടി സർവീസിൽ തിരിച്ചെടുക്കാൻ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. 19മാസമായി ജേക്കബ് തോമസിനെ സസ്‌പെൻഷനിൽ സേനയ്ക്ക് പുറത്തുനിറുത്തിയതിനെതിരെ ട്രിബ്യൂണൽ അതിനിശിതമായ വിമർശനം ഉന്നയിച്ചു.

ജേക്കബ് തോമസിന്റെ തുടർച്ചയായ സസ്‌പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്‌പെൻഷൻ സംബന്ധിച്ച് കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിനായില്ലെന്നും സിഎടി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെ ഉടനടി തിരിച്ചെടുക്കുന്നതിന് പകരം അപ്പീലുമായി സുപ്രീം കോടതിയിലേക്ക്പോവാനാണ് സർക്കാരിന്റെ ആലോചന. എന്നാൽ സുപ്രീംകോടതിയിൽ പോയാൽ സർക്കാരിന് അടുത്ത തിരിച്ചടി കിട്ടുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്.

കേസിൽ സർക്കാർ മാത്രമല്ല, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം, പേഴ്‌സണൽ മന്ത്രാലയം എന്നിവരും കക്ഷികളാണ്. സർക്കാർ ജേക്കബ് തോമസിനെതിരെ നിലപാടെടുത്താൽ രണ്ട് കേന്ദ്രമന്ത്രാലയങ്ങൾ അനുകൂല നിലപാടെടുക്കും. സർക്കാർ തോൽക്കുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് ജേക്കബ് തോമസിന്റെ നീക്കങ്ങൾ. അഖിലേന്ത്യാ സർവീസുകാരെ ആറുമാസം സസ്‌പെൻഡ് ചെയ്യാനേ സംസ്ഥാനസർക്കാരിന് അധികാരമുള്ളൂവെന്നതിനാൽ ആറുമാസം തികയുന്നതിന്റെ തലേന്ന് അടുത്ത സസ്‌പെൻഷൻ ഉത്തരവിറക്കിയാണ് ശിക്ഷ ഇത്രയും കാലം നീട്ടിയത്.

സസ്‌പെഷനു പുറമേ ക്രിമിനൽ കേസെടുക്കാൻ സാമുദായികസംഘർഷമുണ്ടാക്കുന്ന വിദ്വേഷപ്രസംഗം നടത്തിയെന്നുകാട്ടി ഐ.പി.സി-153(എ)വകുപ്പ് കുറ്റാരോപണ മെമോയിൽപ്പെടുത്തിയിരുന്നു. അഖിലേന്ത്യാസർവീസ് ചട്ടത്തിലെ 31(എ)വകുപ്പുചുമത്തി. സർവീസ്ചട്ടങ്ങൾ ലംഘിച്ച് പുസ്തകമെഴുതിയതിന് രണ്ടുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റംചുമത്തി കേസെടുക്കാനും ശുപാർശയുണ്ടായിരുന്നു. പിന്നീടാണ് ജേക്കബ്‌തോമസ് തുറമുഖഡയറക്ടറായിരിക്കെ കട്ടർസക്ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96കോടി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിൽ വിജിലൻസ് കേസെടുപ്പിച്ചത്. ഇതിനു പുറമേ സർവീസിലിരിക്കെയെഴുതിയ പുസ്തകത്തിൽ സർക്കാരിനെ വിമർശിച്ചതിന് ജേക്കബ്‌തോമസിനെതിരെ ക്രൈംബ്രാഞ്ച് ക്രിമിനൽകേസുമെടുത്തു. ജേക്കബ്‌തോമസിനെതിരെ ക്രമക്കേട്, വഞ്ചന എന്നിവയ്ക്ക് ക്രിമിനൽ കേസെടുക്കാനായിരുന്നു ശുപാർശ.

എന്നാൽ ഈ കേസുകളെല്ലാം കള്ളക്കേസുകളാണെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജേക്കബ് തോമസ് പറയുന്നു. രണ്ട് കേസുകളും റദ്ദാക്കണമെന്നാണ് ആവശ്യം. പുസ്‌കമെഴുതിയതിലെ നടപടിക്രമം പാലിക്കാത്തതിന്, രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റംചുമത്തി ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുത്തത് വിവാദമായിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ 2016 നവംബറിൽ സർക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും നിബന്ധനകൾ പാലിച്ചിട്ടില്ലെന്നാണ് ആഭ്യന്തരസെക്രട്ടറിയായിരുന്ന സുബ്രതോബിശ്വാസിന്റെ അന്വേഷണസമിതി കണ്ടെത്തിയത്. അന്നത്തെ ചീഫ്‌സെക്‌റട്ടറി നളിനിനെറ്റോ രണ്ടുവട്ടം കത്തു നൽകിയിട്ടും പുസ്തകം പ്രകാശനം ചെയ്യുന്നതുവരെ അതിന്റെ പകർപ്പ് ഹാജരാക്കിയില്ലെന്നാണ് മറ്റൊരുകുറ്റം.

അഖിലേന്ത്യാ സർവീസ് ചട്ടലംഘനത്തിന് അച്ചടക്കനടപടിയേ പാടുള്ളൂ. ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ക്രിമിനൽ വിചാരണയ്ക്ക് വിധേയനാക്കണമെന്ന് ലോകായുക്തയാണ് അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്. എന്നാൽ ലോകായുക്തയുടെ ശുപാർശപ്രകാരം കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ പൊലീസിന് അധികാരമില്ല. കോടതിയലക്ഷ്യ നടപടികൾ കോടതി സ്വമേധയാ സ്വീകരിക്കേണ്ടതാണ്. എഴുതിയത് സർവീസ് സ്റ്റോറിയല്ല, ആത്മകഥയാണെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP