Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോളാർ പാനൽ ഏൽപ്പിച്ചത് സർക്കാർ ഏജൻസികളെ; വന്മുതൽമുടക്കുണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ലാഭം ഉണ്ടാക്കുമെന്നറിഞ്ഞ് ദീർഘവീക്ഷണത്തോടെ എടുത്ത നടപടി; നഷ്ടത്തിലായത് പിന്നീട് വന്നവർ കാട്ടിയ അലംഭാവം മൂലം; എങ്ങനേയും തളക്കാൻ നടന്ന ഉമ്മൻ ചാണ്ടി വിവാദം പേടിച്ച് വേണ്ടെന്ന് വച്ച റിപ്പോർട്ട് എടുത്ത് പുകച്ച് ചാടിച്ചത് ജയരാജനെ തൊട്ടപ്പോൾ

സോളാർ പാനൽ ഏൽപ്പിച്ചത് സർക്കാർ ഏജൻസികളെ; വന്മുതൽമുടക്കുണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ലാഭം ഉണ്ടാക്കുമെന്നറിഞ്ഞ് ദീർഘവീക്ഷണത്തോടെ എടുത്ത നടപടി; നഷ്ടത്തിലായത് പിന്നീട് വന്നവർ കാട്ടിയ അലംഭാവം മൂലം; എങ്ങനേയും തളക്കാൻ നടന്ന ഉമ്മൻ ചാണ്ടി വിവാദം പേടിച്ച് വേണ്ടെന്ന് വച്ച റിപ്പോർട്ട് എടുത്ത് പുകച്ച് ചാടിച്ചത് ജയരാജനെ തൊട്ടപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസിനെതിരേയുള്ള ധനകാര്യപരിശോധന റിപ്പോർട്ട് കുത്തിപ്പൊക്കിയത്് രാഷ്ട്രീയഐ എ എസ്മാദ്ധ്യമ ലോബിയെന്ന് വിലയിരുത്തൽ. ബന്ധുത്വ നിയമന വിവാദത്തിൽ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ കേസ് എടുത്തേ മതിയാകൂവെന്ന നിലപാട് ജേക്കബ് തോമസ് എടുത്തതായിരുന്നു ഇതിന് കാരണം. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കെ എം എബ്രഹാമിനെതിരെ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടതും ജേക്കബ് തോമസിന്റെ കളിയായി വിലയിരുത്തപ്പെട്ടു. ഇതു രണ്ടുമായപ്പോൾ യുഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ച അന്വേഷണ റിപ്പോർട്ട് വീണ്ടും ചർച്ചയായി. തനിക്കെതിരെ ഉറച്ച നിലപാട് എടുക്കുന്ന ജേക്കബ് തോമസിനെതിരെ ധനകാര്യ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളിൽ നടപടി വേണമെന്ന് കെ എം എബ്രഹാം നിലപാട് എടുത്തു. ഏത് സർക്കാരിന്റെ കാലത്തായ റിപ്പോർട്ടായാലും ജേക്കബ് തോമസിനെ വിജിലൻസ് സ്ഥാനത്ത് നിന്ന് മാറ്റിയേ മതിയാകൂവെന്ന് കെ എം എബ്രഹാം നിലപാട് എടുത്തതും ജയരാൻ മുതൽ മാണി വരെ അഴിമതിക്കുരുക്കിലുള്ളവർക്ക് തുണയായി.

ഒറ്റ നോട്ടത്തിൽ തന്നെ തള്ളിക്കളയാവുന്നതാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് ജേക്കബ് തോമസിനെതിരേ പ്രതികാരത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ പുതിയ റിപ്പോർട്ട് എന്ന നിലയിൽ ചർച്ചയായത്. കെ എം എബ്രഹാമുമായി ഏറെ അടുപ്പമുള്ള മനോരമ അടക്കമുള്ള എല്ലാ മുഖ്യധാര പത്രങ്ങളിലും ഇത് പ്രധാന വാർത്തയായി. പലവിധ അഴിമതിക്കുരുക്കുകളിൽ ജേക്കബ് തോമസിനെപ്പെടുത്താൻ മുമ്പും ശ്രമം നടന്നിരുന്നു. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാൻ പോലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗൂഢാലോചന നടന്നു. എന്നാൽ ജനരോഷം ഭയന്ന് അതൊന്നും നടപ്പാക്കാൻ ഉമ്മൻ ചാണ്ടി ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപി ജയരാജനെതിരായ കേസിലൂടെ സിപിഐ(എം) ജേക്കബ് തോമസിന് എതിരായി. തങ്ങൾ പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥാൻ വിജിലൻസിന്റെ തലപ്പത്ത് വരേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഇതോടെ ധനകാര്യ പരിശോദനാ വിഭാഗത്തിന്റെ റിപ്പോർട്ട് വീണ്ടും ചർച്ചയായി. യുഡിഎഫ് കാലത്ത് ഉയർന്ന പരാതിയും പരിശോധനയും വീണ്ടുമെത്തി. തുറമുഖ ഡയക്ടറായിരിക്കേ ജേക്കബ് തോമസ് സോളാർ പാനലുകൾ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. ജേക്കബ് തോമസിനെ അടിക്കാൻ വടികിട്ടിയ സന്തോഷത്തിൽ യുഡിഎഫിന് കീഴിലുള്ള ധനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സർക്കാറിന് നഷ്ടമുണ്ടായെന്ന് കണ്ടെത്തിയ ധനകാര്യപരിശോധനാവിഭാഗം മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ജേക്കബ് തോമസിനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. പക്ഷേ ഈ ശുപാർശ കൊണ്ട് അദ്ദേത്തിനെതിരേ നടപടി സ്വീകരിക്കാൻ യുഡിഎഫിന് ധൈര്യമില്ലായിരുന്നു. ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ ശരിപ്പെടുത്തുമെന്ന് പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഒന്നും ചെയ്യാനായില്ല.

പ്രവർത്തനരഹിതമായ സോളാർ പാനലുകൾ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ വാങ്ങിയതിലും കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ, ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം സർക്കാരിനോട് ശുപാർശ ചെയ്തു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ, വകുപ്പിന്റെ ഓഫിസുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് അനുവദിച്ചതിനേക്കാൾ 257 ശതമാനം അധികം തുക ചെലവിട്ടതായി പരിശോധനയിൽ കണ്ടെത്തി. 2.18 കോടി രൂപയാണ് പദ്ധതിക്കായി എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നത്. എന്നാൽ, പദ്ധതി പൂർത്തിയായപ്പോൾ 5.94 കോടി രൂപ കമ്പനിക്ക് നൽകി. ഫലത്തിൽ ആറു കോടി സർക്കാർ മുടക്കിയെങ്കിലും പ്രവർത്തനരഹിതമായതിനാൽ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ പ്രയോജനമുണ്ടായില്ല. പദ്ധതി പൂർണമായി തട്ടിപ്പെന്നു കണ്ടെത്തിയപ്പോൾ പണം തിരിച്ചുപിടിക്കാൻ ജേക്കബ് തോമസ് നടപടി സ്വീകരിച്ചില്ലെന്നും പരിശോധനയിൽ പറയുന്നു. എന്നാൽ വളരെ ദീർഘവീക്ഷണത്തോടെയാണ് പദ്ധതി ജേക്കബ് തോമസ് നടപ്പാക്കിയത്. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി സ്വന്തമായി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് തുറമുഖ വകുപ്പിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ജേക്കബ് തോമസിന്റെ പിൻഗാമികൾ ഇത് അട്ടിമറിച്ചു.

വലിയതുറ മുതൽ ബേപ്പൂർ വരെയുള്ള 15 ഓഫിസുകളിലാണ് സോളാർ പാനൽ സ്ഥാപിച്ചത്. ഇതിൽ നാല് ഓഫിസുകളിൽ സോളാർ പാനൽ പൂർണമായും പ്രവർത്തനരഹിതമാണെന്നു കണ്ടെത്തി. എന്നാൽ, ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മറ്റ് ഓഫിസുകളിലെ സോളാർ പാനലിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ അധികൃതർ തയ്യാറായില്ല. ഇവിടേയാണ് ജേക്കബ് തോമസല്ല കുറ്റക്കാരനെന്ന് വ്യക്തമാക്കുന്നത്. ജേക്കബ് തോമസ് സ്ഥാപിച്ച പാനലുകൾ പിന്നീട് വന്നവർ പ്രവർത്തിച്ചില്ല. ഇതുമൂലം അവയെല്ലാം പ്രവർത്തന രഹിതവുമായി. കെൽട്രോണിനെയും സിഡ്‌കോയെയും സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ ചുമതല ജേക്കബ് തോമസ് ഏൽപിച്ചതിനെയും റിപോർട്ടിൽ വിമർശിക്കുന്നുണ്ട്. അനർട്ടിനെ മറികടന്നായിരുന്നു സോളാർ പാനൽ സ്ഥാപിച്ചതെന്നായിരുന്നു വിമർശനം. എന്നാൽ യുഡിഎഫ് കാലത്ത് അനർട്ടിന്റെ പേരുപറഞ്ഞ് കോടികളാണ് സോളാർ പാനൽ ഇടപാടിൽ സരിതാ എസ് നായരുടെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഇത് മനസ്സിലാക്കിയാണ് സർക്കാർ ഏജൻസിയായ കെൽട്രോണിനേയും സിഡ്‌കോയേയും ജേക്കബ് തോമസ് കരാറിനായി തെരഞ്ഞെടുത്തത്. അങ്ങനെ അഴിമതി ഉണ്ടാകില്ലെന്ന് ജേക്കബ് തോമസ് ഉറപ്പിച്ചു.

എന്നാൽ ഈ ലക്ഷ്യങ്ങളെല്ലാം ജേക്കബ് തോമസിന്റെ പിൻഗാമികൾ അട്ടിമറിച്ചു. ഇതോടെ പദ്ധതി നഷ്ടവുമായി. ലാവ്‌ലിൻ കേസിലന്റെ വിധി പ്രസ്താവത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. നല്ല ഉദേശത്തോടെ പല തീരുമാനങ്ങളും ഉദ്യോഗസ്ഥരും മന്ത്രിമാരും എടുക്കും. അതിന് ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ശുഭകരമാകുമെന്ന് കരുതുന്ന പല തീരുമാനങ്ങളും ഭാവിയിൽ പിഴയ്ക്കാറുണ്ട്. അതിന് തീരുമാനമെടുക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. അതിനെ അഴിമതിയായും വ്യാഖ്യാനിക്കരുതെന്നായിരുന്നു നിരീക്ഷണം. സമാനമായ സംഭവമാണ് തുറമുഖ വകുപ്പിലെ സോളാർ പാനൽ സ്ഥാപനവും. നല്ല ഉദ്ദേശത്തോടെ ജേക്കബ് തോമസ് നടപ്പാക്കിയ പദ്ധതി തുടർന്നെത്തിയവരുടെ കെടുകാര്യസ്ഥയിൽ നശിച്ചു. അത് അറിയാവുന്നവർ തന്നെ ജേക്കബ് തോമസിനെതിരെ ആയുധവുമാക്കുകയാണ്.

ഏതായാലും അഴിമതിക്കേസിൽ ആരോപണ നിഴലിലാക്കിയതിനാൽ ഇനി വിജിലൻസിലേക്കില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇതോടെ അഴിമതിക്കേസിൽ കുടുങ്ങിയ പലരും ആശ്വാസത്തിലുമാകുന്നു. നിയമസഭയിൽ ജേക്കബ് തോമസിനെതിരേ പ്രതിപക്ഷം ശക്തമായ ആരോപണമുന്നയിച്ചിരുന്നു. 'തത്ത' തന്നെ അഴിമതിയാരോപണത്തിനു വിധേയനായ സാഹചര്യത്തിൽ അദ്ദേഹം എങ്ങനെ അഴിമതിക്കേസുകൾ അന്വേഷിക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. എന്നാൽ, മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടറെ ശക്തമായി ന്യായീകരിക്കുകയാണുണ്ടായത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ ഒന്നിനുപിറകെ ഒന്നായി അന്വേഷിച്ചുവരുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ അപ്രതീക്ഷിത സ്ഥാനമൊഴിയൽ തീരുമാനം. വിജിലൻസ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു ജേക്കബ് തോമസ് പറഞ്ഞു.

അഴിമതിക്കാർക്കു താൻ വിജിലൻസ് ഡയറക്ടറായി തുടരുന്നതിൽ താൽപര്യമില്ല. ഇനിയും തനിക്കെതിരേ അവർ അഴിമതിയാരോപണങ്ങൾ ഉന്നയിക്കും. ചില റിപ്പോർട്ടുകൾ അണിയറയിൽ തയാറായിക്കൊണ്ടിരിക്കുകയാണ്.കോടതിയിൽനിന്നു തനിക്കെതിരേ പരാമർശമുണ്ടാക്കാനാണു ചിലരുടെ ഗൂഢശ്രമം. തുറമുഖ വകുപ്പിലെ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് അഴിമതിക്കഥ മെനയാനും ഉന്നതതലത്തിൽ ശ്രമമുണ്ട് ജേക്കബ് തോമസ് പറഞ്ഞു. വിജിലൻസിൽ കാര്യമായ അഴിച്ചുപണി നടത്തിയ ജേക്കബ് തോമസ് ടൈറ്റാനിയം, കശുവണ്ടി അഴിമതി ഇടപാട്, ബാർക്കോഴ, റേഷൻ കടകളിലെ ക്രമക്കേട് എന്നിവയിൽ ശക്തമായ അന്വേഷണത്തിനു നിർദ്ദേശം നൽകിയിരുന്നു. ഉന്നതരായ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തതോടെ ഐ.എ.എസ് അസോസിയേഷൻ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP