Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും

റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും

പ്രകാശ് ചന്ദ്രശേഖർ

തിരുവനന്തപുരം: നൂറ്റാണ്ടുകളായി തുടരുന്ന സഭാ തർക്കത്തിൽ പുതിയ വഴിത്തിരിവ്. 1934ലെ സഭാ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി മന്ത്രിസഭാ ഉപസമിതിക്കും കോടതിക്കും കൈമാറി യാക്കോബായ സഭ. പാത്രിയാർക്കീസിന്റെയും കാത്തോലിക്കയുടെയും അധികാരങ്ങൾ വ്യക്തമായി പറയുന്നതാണ് ഭരണഘടനയുടെ യതാർത്ഥ കോപ്പി എന്നാണ് യാക്കോബായ സഭ അവകാശപ്പെടുന്നത്. റിട്ടയർ ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്റെ കയ്യിലായിരുന്നു ഈ രേഖ എന്നാണ് സഭാ നേതൃത്വം പറയുന്നത്. ഇത് സഭാ കേസിൽ നിർണ്ണായക വഴിത്തിരിവാകും.

ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ രീതിയിൽ സഭയും സ്വത്തുക്കളും 1934ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്നാണ് 2017 ജൂലൈ 3ന് സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ തുടർന്നാണ് സഭാ തർക്കം കൂടുതൽ രൂക്ഷമായത്. സഭകൾക്കിടയിൽ സമവായമുണ്ടാക്കാനായി സംസ്ഥാന സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതും പ്രശ്‌ന പരിഹാരം തേടിയാണ്.

എന്നാൽ 1934ൽ എഴുതിയുണ്ടാക്കിയതായി പറയപ്പെടുന്ന ഭരണഘടന രജിസ്റ്റർ ചെയ്യപെട്ടിട്ടില്ല. ഈ ഭരണഘടനയുടെ അസൽ ഹാജരാക്കാതെ ഓർത്തഡോക്‌സ് വിഭാഗം എകപക്ഷീയമായി ഭേദഗതി ചെയ്ത ഭരണഘടനയാണ് ഓർത്തഡോക്‌സ് വിഭാഗം ഹാജരാക്കുന്നതെന്നും അതിനാലാണ് അത് അംഗീകരിക്കാത്തതെന്നും യാക്കോബായ വിഭാഗം പ്രസ്താവിക്കുന്നു. അസൽ ഭരണഘടന കണ്ടെത്താൻ വേണ്ടി പല കോടതികളും ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഇപ്പോൾ 1934 ഭരണഘടനയുടെ അസൽ പകർപ്പ് മന്ത്രിസഭാ ഉപസമിതിയുടെ മുമ്പാകെ യാക്കോബായ വിഭാഗം ഹാജരാക്കിയിരിക്കുന്നു. മറ്റൊരു പള്ളി കേസിൽ പള്ളിക്കോടതി മുമ്പാകെ ഹാജരാക്കിയ 1934 ഭരണഘടയുടെ യഥാർത്ഥ കയ്യെഴുത്ത് പ്രതിയുടെ പകർപ്പാണ് ഹാജരാക്കിയിട്ടുള്ളത്.

മലങ്കരസഭാതലവനായി സഭാ ഭരണഘടനയിൽ പ്രഖ്യാപിച്ചിട്ടുള്ള അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിവക്ഷിച്ചിട്ടുള്ളതാണ് അസൽ ഭരണഘടന. അതിനാലാണ് ഓർത്തഡോക്‌സ് വിഭാഗം അസൽ ഭരണഘടനയുടെ കോപ്പി ഹാജരാക്കാത്തതെന്നും, വിശ്വാസികൾ കഷ്ടപ്പെട്ടുണ്ടാക്കിയ പള്ളികളും സ്വത്തുക്കളും പിടിച്ചെടുക്കാൻ വേണ്ടി കാലാകാലങ്ങളിൽ നിരവധി തിരുത്തലുകൾ ഭരണഘടനയിൽ വരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ 7ൽ പരം ഭരണഘടനയുടെ പകർപ്പുകൾ നിലവിലുണ്ടെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. 1934ലെ ഭരണഘടനയുടെ ഒർജിനൽ കണ്ടെത്തിയതോടെ സഭാതർക്കം പുതിയ തലങ്ങളിലേക്ക് വ്യാപിക്കും.

74 തുടങ്ങിയ കേസും തർക്കവും

യാക്കോബായ - ഓർത്തഡോക്‌സ് സഭാ തർക്കം എന്നു മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. തീർത്താലും തീർത്താലും തീരാത്ത പ്രശ്നമായി ഓർത്തഡോക്സ് - യാക്കോബായ വിഭാഗക്കാർ തമ്മിലുള്ള തർക്കം മാറുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യാക്കോബായ പള്ളികളുടെ അവകാസം ഓർത്തഡോകസ് സഭയ്ക്ക ലഭിക്കും വിധത്തിലാണ് കോടതി വിധി വന്നത്. വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നിർദ്ദേശിച്ചെങ്കിലും ഓർത്തഡോക്‌സ് വിഭാഗക്കാർക്ക് നിലവിൽ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ഇതാണ്  പിറവത്തും കണ്ടത്.

യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഈ വർഷം ഏപ്രിൽ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്. പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി, ഓർത്തഡോക്സ് സഭയുടെ ഹർജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ 2014ൽ സുപ്രീം കോടതിയിലെത്തിയത്.

ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി നിധിച്ചത്. ഇതോടെയാണ് ഓർത്തഡോക്സ് സഭക്കാർക്ക് കോടതിയുടെ ഭരണാധികാരം ലഭിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വന്നത്. ഈ വിധി അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി കേസുകളുടെ വിധി ആ പള്ളികൾക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. അതേസമയം 1995ൽ ഈ സുപ്രീംകേസിൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിപ്രകാരം ചില പള്ളികളിൽ യാക്കോബായക്കാർക്ക് കൈവശം വെക്കാൻ സാധിക്കുമായിരുന്നു. എന്നാൽ 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി അനുസരിച്ച് മുൻവിധികൾ എല്ലാം അപ്രസക്തമാകുകയും ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി മാറുകയുമായിരുന്നു.

മലബാർ ഭദ്രാസനത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലെ തർക്കങ്ങൾ പരിഹരിച്ചത് ഓർത്തഡോക്സ് കാതോലിക്കാ ബാവ മലബാർ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ആയിരുന്നപ്പോഴാണ്. ബാക്കിയുള്ള 22 പള്ളികളിൽ തർക്കം ഉണ്ടായിരുന്നതിൽ പത്തെണ്ണത്തിലെ തർക്കം ഇരുവിഭാഗങ്ങളും തമ്മിലെ ചർച്ചകളിലൂടെ പരിഹരിച്ചു. തർക്കങ്ങൾ പരിഹരിച്ചത് സഭാ നേതൃത്വങ്ങൾ നേരിട്ട് ഇടപെട്ടല്ല. അതാത് ഇടവകകളിലെ ജനങ്ങൾ തമ്മിൽ ചർച്ചകൾ നടത്തിയാണ് പ്രശ്നപരിഹാരം കണ്ടത്. അതിന് ഇരു സഭാ നേതൃത്വങ്ങളും അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, കോടതി വിധിയോടെ തർക്കപ്പള്ളികളുടെ എണ്ണം പിറവത്തും കോലഞ്ചേരിയിലും അടക്കം മാറുകയായിരുന്നു.

1934-ലെ സഭാ ഭരണഘടനയും 1995-ലെ സുപ്രീം കോടതി വിധിയും അനുസരിച്ചുള്ള സമാധാന ചർച്ചകൾക്കാണു ഓർത്തഡോക്സ സഭ മുൻഗണന നൽകിയിരുന്നത്. 2002-ൽ യാക്കോബായ സഭ സ്വന്തമായി ഭരണഘടനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർ അതുമായി മുന്നോട്ടു പോകട്ടെ, അതിനു ശേഷമുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും മാത്രമാണ് ആ ഭരണഘടനയിൽ വരുന്നത്. കോടതിവിധികളെയും നീതിന്യായ വ്യവസ്ഥകളെയും അംഗീകരിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നവരുമായി എങ്ങനെ സമാധാന ചർച്ചകൾ നടത്താനാവും. യാക്കോബായ സഭയിലെ ഭൂരിഭാഗം വിശ്വാസികൾക്കും സഭാ തർക്കം പരിഹരിക്കപ്പടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്നു ഭയക്കുന്ന ചിലരാണ് സഭാ സമാധാന നീക്കങ്ങൾ തടയുന്നതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.

74-ലാണ് പള്ളികൾ തമ്മിലുള്ള വ്യഹാരങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ മൊത്തം 34 പള്ളികളാണ് തർക്കത്തിൽ ഉണ്ടായിരുന്നത്. അതിൽ മലബാർ ഭദ്രാസനത്തിൽ 12 പള്ളികൾ ഉണ്ടായിരുന്നു. യോജിക്കുന്ന സഭയിൽ തങ്ങളുടെ സ്ഥാനമെന്തായിരിക്കുമെന്നുമുള്ള പുതുതായി വാഴിക്കപ്പെട്ട മെത്രാപ്പൊലീത്തമാരുടെ ആശങ്കകളാണ് പലപ്പോഴും എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുന്നത്.

ആഗോള തലത്തിലും ഒത്തുതീർപ്പ് ചർച്ച

മലങ്കര ഓർത്തഡോക്‌സ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ലോക ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ചർച്ച തുടങ്ങിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. ലബനോണിലെ പാത്രിയാർക്കാ സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാരുടെ 12-ാം സമ്മേളനത്തിലാണ് ഇന്ത്യയിലെ മലങ്കരസഭാ തർക്കം ചർച്ചയ്‌ക്കെടുത്തത്. ഓർത്തഡോക്‌സ് സഭയുമായുള്ള തർക്കത്തിൽ ഉപാധികളില്ലാത്ത ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധിയുടെ മറവിൽ പള്ളികൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.

1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കണമെന്ന നിർണായക സൂപ്രീംകോടതി വിധിക്ക് ശേഷം ഭൂരിപക്ഷമുള്ള പള്ളികളിൽ നിന്നടക്കം യാക്കോബായ വിശ്വാസികൾക്ക് ഇറങ്ങിക്കൊടുക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരുന്നു. പള്ളികൾ കോടതി വിധിയുടെ മറപിടിച്ച് ബലപ്രയോഗത്തിലൂടെ ഓർത്തഡോക്‌സ് പക്ഷം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. മധ്യസ്ഥശ്രമത്തിലൂടെയുള്ള പരിഹാരമുണ്ടാക്കാൻ ഓർത്തഡോക്‌സ് പക്ഷം തയ്യാറാകണം. യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷം വിശ്വാസികളുള്ള പള്ളികളിൽ നിന്ന് ഇറങ്ങിപ്പോകാനാവില്ലെന്നതാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ ആഗോള തലത്തിൽ നടന്നത്.

ആഗോളതലത്തിൽ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ ഭാഗമാണ് യാക്കോബായ സഭ. മലങ്കര ഓർത്തഡോക്‌സ് സഭയും പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽ ഒന്നാണ്. കേരളത്തിൽ യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് സർക്കാരും മുൻ കൈയെടുത്തിരുന്നു. ഇതിന് പിണറായി സർക്കാരിനോട് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരള സന്ദർശനത്തിനിടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാവ സംതൃപ്തി പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച തർക്കം പരിഹരിക്കാനുള്ള പ്രധാന ചുവടുവയ്പായി മാറുമെന്ന് മുഖ്യമന്ത്രിയും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതേ തുടർന്നുള്ള നീക്കങ്ങളിലാണ് ആഗോള തലത്തിൽ പ്രശ്‌ന പരിഹാരത്തിന് ചർച്ചകൾ തുടങ്ങാൻ സാധ്യത തേടിയത്. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽനിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞിരുന്നു. എന്നാൽ ആഗോള ചർച്ചകളും ഫലം കണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP