Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ചൈനീസ് സർക്കാർ വീട്ടു തടങ്കലിലാക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ജാക്ക് മാ ലൈവിൽ പ്രത്യക്ഷപ്പെട്ടു; അദ്ധ്യാപകരുടെ ഓൺലൈൻ കോൺഫറൻസിൽ മാ തത്സമയം പ്രത്യക്ഷപ്പെട്ടെന്ന് ചൈനീസ് മാധ്യമങ്ങൾ; വീഡിയോ ചിത്രീകരിച്ചത് എവിടെ നിന്നെന്നോ മാ എവിടെയാണ് ഉള്ളതെന്നോ വ്യക്തതയില്ല

ചൈനീസ് സർക്കാർ വീട്ടു തടങ്കലിലാക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ജാക്ക് മാ ലൈവിൽ പ്രത്യക്ഷപ്പെട്ടു; അദ്ധ്യാപകരുടെ ഓൺലൈൻ കോൺഫറൻസിൽ മാ തത്സമയം പ്രത്യക്ഷപ്പെട്ടെന്ന് ചൈനീസ് മാധ്യമങ്ങൾ; വീഡിയോ ചിത്രീകരിച്ചത് എവിടെ നിന്നെന്നോ മാ എവിടെയാണ് ഉള്ളതെന്നോ വ്യക്തതയില്ല

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി കാണാതായിരുന്ന ചൈനീസ് ശതകോടീശ്വരനും അലിബാബ ഗ്രൂപ്പ് സ്ഥാപകനുമായ ജാക് മാ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു പ്രാദേശിക ബ്‌ളോഗിലാണ് ആദ്യമായി മായുടെ തിരിച്ചുവരവ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് സർക്കാർ അനുകൂല മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

അദ്ധ്യാപകരുടെ ഓൺലൈൻ കോൺഫറൻസിലാണ് മായുടെ തൽസമയ വീഡിയോ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. പ്രാദേശിക അദ്ധ്യാപകരുടെ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന യോഗത്തിലായിരുന്നു മായുടെ സന്ദേശം എത്തിയത്. മായുടെ വീഡിയോ ചിത്രീകരിച്ചത് എവിടെനിന്നെന്ന് വ്യക്തമല്ല. ചൈനയിലെ ബിസിനസ് നിയന്ത്രണങ്ങളെ വിമർശിച്ച ജാക്ക് മാ ബാങ്കുകളെ പണയം വയ്ക്കുന്നതിനുള്ള കടകളെന്നും പരിഹസിച്ചിരുന്നു. രാജ്യത്ത് ഇപ്പോഴുള്ള സമ്പ്രദായങ്ങൾ അടുത്ത തലമുറയ്ക്ക് വേണ്ടി പൊളിച്ചെഴുതണമെന്ന് മാ പറഞ്ഞതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വല്ലാതെ പ്രകോപിപ്പിച്ചത്.

മായുടെ ഉടമസ്ഥതയിലുള്ള ആൻഡ് ഫിനാൻസ് എന്ന ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഫിനാൻസ് കമ്പനിയുടെ ഓഹരികൾ വിപണിയിൽ ക്രയവിക്രയം ചെയ്യുന്നത് സർക്കാർ തടഞ്ഞു.മാത്രമല്ല ഓൺലൈൻ ധനകാര്യ സ്ഥാപനമായ ടൈറ്റാൻ ആൻഡ് ഗ്രൂപ്പിനും അലിബാബ ഹോൾഡിംഗിനും എതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അന്വേഷണം നടത്തുകയും ചെയ്തു ചൈനീസ് സർക്കാർ.

ഇരു കമ്പനികളും ജാക്ക് മായുടെ ഉടമസ്ഥതയിലുള്ളതാണ്. മായുടെ കമ്പനികൾ നേടിയ അതിഭീമമായ വളർച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് രാഷ്ട്രീയപരമായും സാമ്പത്തികമായും ഭീഷണിയായി മാറുമെന്ന് ചൈനീസ് സർക്കാർ ഭയക്കുന്നതാണ് അദ്ദേഹത്തിനെതിരെ സർക്കാർ തിരിയാൻ കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം നവംബർ മുതലാണ് ജാക്ക് മായെ കാണാതായതായത്.

ചൈനീസ് സർക്കാറിനെ വിമർശിച്ചതോടയാണ് ആലിബാബ സ്ഥാപകന്റെ കഷ്ടകാലം തുടങ്ങിയത്. രണ്ടുമാസമായി അദ്ദേഹം പൊതു വേദികളിൽനിന്നു വിട്ടുനിന്നതോടെ വ്യാവസായിക ലോകത്ത് സംശയങ്ങൾ ഉയരാൻ തുടങ്ങി. ഇതോടെ ചൈനീസ് സർക്കാർ അദ്ദേഹത്തെ തടവിലാക്കിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒക്ടോബറിൽ ഷാങ്ഹായ്യിൽ നടന്ന പരിപാടിയിൽ ജാക്ക് മാ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചു പ്രസംഗിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം.

'ചൈനക്കാർ പറയുന്നതു പോലെ, നിങ്ങൾ 100,000 യുവാൻ ബാങ്കിൽനിന്നു കടമെടുത്താൽ നിങ്ങൾക്ക് ചെറിയ പേടിയുണ്ടാകും. നിങ്ങൾ 10 ലക്ഷം യുവാനാണ് കടമെടുക്കുന്നതെങ്കിൽ നിങ്ങൾക്കും ബാങ്കിനും പേടിയുണ്ടാകും. അതേസമയം നിങ്ങൾ 1 ബില്ല്യൻ ഡോളറാണ് കടമെടുക്കുന്നതെങ്കിൽ നിങ്ങൾക്കു ഭയമേ കാണില്ല, മറിച്ച് ബാങ്കിനു പേടിയുണ്ടാകും'- എന്നു പറഞ്ഞതാണ് ജാക്ക് മായെ കെണിയിലാക്കിയത്.

ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതി ഇല്ലാ എന്നു പറഞ്ഞത് അധികാരികൾ ഗൗരവത്തിലെടുക്കുകയായിരുന്നു. ഇത് ചൈനക്കുള്ളിലെ സാമ്പത്തിക പരാധീനതകളിലേക്ക് വിരൽചൂണ്ടുന്നതായെന്നാണ് ഉയരുന്ന വിലയിരുത്തലുകൾ. ചൈനീസ് ബാങ്കുകൾ പണയം വയ്ക്കൽ കടകളാണെന്നും മാ പറഞ്ഞു. ഇതിനാൽ ചിലർ വൻ തുക കടമെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫറിങ്) അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനു രണ്ടാഴ്ച മുൻപാണ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെക്കുറിച്ച്, ചൈനയെ ചൊടിപ്പിച്ച, ഈ വാചകം മാ തന്റെ ഒരു പ്രസംഗത്തിൽ പറഞ്ഞത്.

ഈ പ്രസംഗത്തിന് ശേഷമാണ് ആലിബാബക്കെതിരെ ഷീയുടെ പകപോക്കൽ ആരംഭിച്ചത്. ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായ തിരിച്ചടി. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആൻഡ് ഗ്രൂപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം പ്രസിഡന്റ് ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. ഷാങ്ഹായ്, ഹോങ്കോങ് സ്റ്റോക് എക്‌ചേഞ്ചുകളിലായി 35 ബില്ല്യൻ ഡോളർ മൂല്യത്തിലുള്ള, ലോകം ഇന്നേവരെ കണ്ടിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ഐപിഒ മാറ്റിവയ്ക്കപ്പെടുകയായിരുന്നു. നിയമത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട ശേഷം മതി ഐപിഒ എന്നാണ് അധികാരികൾ പറഞ്ഞത്. ഈ വാർത്ത വന്നതോടെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചിലും ആലിബാബയുടെ ഓഹരികൾ മൂക്കു കുത്തി.

ധാരാളം ലാഭമുണ്ടാക്കുന്ന ഒന്നായിരുന്നു ആൻഡ് കമ്പനി. ഐപിഒ വഴി 34.5 ബില്ല്യൻ ഡോളർ ഉണ്ടാക്കാനാണ് കമ്പനി ശ്രമിച്ചത്. ഈ തുകയുടെ വലിയൊരു പങ്കും ചെറുകിട ലോണുകളായി നൽകാനാണ് മാ നീക്കം നടത്തിയത്. അതേസമയം, ചൈനീസ് ബാങ്കുകൾക്ക് ലോൺ നൽകാൻ അധികം ആസ്തിയുമില്ല. ചെറുകിട ലോൺ ബിസിനസ് അതിവേഗമാണ് ചൈനയിൽ വളരുന്നത്. ആന്റിന്റെ ഉപയോക്താക്കൾ ധാരാളമായി ചെറുകിട ലോണുകൾ എടുത്തു കൂട്ടുന്നുമുണ്ട്. കൂടുതൽ മൂലധനവുമായി ആൻഡ് ഇറങ്ങിയാൽ തങ്ങൾക്കു തട്ടുകിട്ടുമെന്ന തോന്നൽ തന്നെയായിരിക്കാം ബെയ്ജിങ്ങിനെക്കൊണ്ട് ഇതു ചെയ്യിച്ചതെന്നു കരുതുന്നു.

ലോകപ്രശസ്തമായ ആയിരത്തൊന്ന് രാവുകളിലെ ആലിബാബ എന്ന കഥാപാത്രത്തിൽ നിന്നാണ് കമ്പനിയുടെ ആലിബാബ എന്ന പേര് എടുത്തിട്ടുള്ളത്. സാൻഫ്രാൻസിസ്‌കോയിലുള്ള ഒരു കോഫി ഷോപ്പിൽ വച്ചാണ് ആലിബാബ സ്ഥാപകനായ ജാക്ക് മാ ഈ പേരിൽ ആകൃഷ്ടനാകുന്നതും അതിന്റെ ലോകവ്യാപകമായ തിരിച്ചറിയപ്പെടൽ മൂലം തന്റെ കമ്പനിക്ക് ആ പേര് മതി എന്ന് തീരുമാനിക്കുന്നതും. കമ്പനിയുടെ പേരു സൂചിപ്പിക്കുന്നത് പോലം അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഏതൊരു ബിസിനസ് വിദ്യാർത്ഥികൾക്കും അത്ഭുതം നിറയ്ക്കുന്നതായിരുന്നു ആലിബാബ സ്ഥാപകൻ ജാക്ക് മേയുടെ ജീവിതം. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സ്റ്റോറുകളിൽ ഒന്നായി ആലിബാബയെ കെട്ടിപ്പെടുത്തതിൽ ഈ മനുഷ്യന്റെ അധ്വാനം ചില്ലറയല്ല. കേവലം 800 രൂപ ശമ്പളമുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് ലോകം കീഴടക്കിയ സ്ഥാപന ഉടമയായി അദ്ദേഹം മാറിയത്. വെറും 20 വർഷം കൊണ്ട് 29 ലക്ഷം കോടി രൂപ മൂല്യമുള്ള സ്ഥാപനം കെട്ടിപ്പടുത്താണ് ജാക്ക് മായുടെ അത്ഭുതം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ. വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അദ്ധ്യാപക ജോലി ചെയ്തിരുന്ന മാ യുൻ എന്ന യുവാവ് കെഎഫ്സിയിൽ തൊഴിലവസരം ഉണ്ടെന്നറിഞ്ഞ് അപേക്ഷ അയക്കുന്നു. അപേക്ഷിച്ച 24 പേരിൽ 23 പേർക്കും ജോലി ലഭിച്ചു. മാ യുൻ മാത്രം ഒഴിവാക്കപ്പെട്ടു. ജോലിക്കായി മാ യുൻ അയച്ച 30 അപേക്ഷകളും നിരസിക്കപ്പെട്ടു. ആ മായുൻ പിന്നീട് മറ്റാർക്ക് മുന്നിലും തല കുനിച്ചില്ല. സ്വന്തമായി ബിസിനസ് തുടങ്ങി ലക്ഷങ്ങൾക്ക് തൊഴിൽ നൽകുന്ന വ്യക്തിയായി അദ്ദേഹം മാറി.

1999 ൽ തന്റെ 18 സഹൃത്തുക്കളുമായി ചേർന്ന് ആരംഭിച്ച ആലിബാബ എന്ന ഓൺലൈൻ സ്റ്റോർ ലോകം അറിയപ്പെടുന്ന സ്ഥാപനമാക്കി അദ്ദേഹം വളർത്തുകയാിരുന്നു. മാ യുൻ എന്ന ജാക്ക് മാ എന്ന് ലോകം വിളിക്കുന്ന ആലിബാബയുടെ ഉടമയുടെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇന്റർനെറ്റിന്റെ സാധ്യത തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തിയതാണ് ജാക്ക് മായെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാക്കിയത്. ഇന്ന് ഒരു ലക്ഷത്തിലേറെ പേർ ആലിബാബയിൽ ജോലി ചെയ്യുന്നു.ഒരു ദിവസം ആലിബാബയുടെ വെബ്സൈറ്റിലെത്തി ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം 10 കോടിയാണ്.

55 വയസാകുമ്പോൾ വിരമിക്കുമെന്ന് നേരത്തെ തന്നെ ജാക്ക് മാ പ്രഖ്യാപിച്ചിരുന്നു. സഹപ്രവർത്തകനായ ഡാനിയൽ സാങിന് ചെയർമാൻ സ്ഥാനം കൈമാറിയാണ് ജാക്ക് മാ പടിയിറങ്ങുകയും ചെയ്തു. എന്നാൽ അദ്ദേഹം ആലിബാബയുടെ ബോർഡിൽ അദ്ദേഹം തുടർന്നു വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP