Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഎയ്ക്ക് പഠിക്കുമ്പോൾ കെ എസ് യുക്കാരൻ; ഹർഷദ് മേത്തയുടെ തട്ടിപ്പുകൾ മടുത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബ്രോക്കർ പണി വിട്ടു; അവിചാരിതമായി തെഹൽക്കയിലൂടെ പയനിയറിലെത്തി; ജയ്ഹിന്ദ് ടിവിയിലെ സ്ഥലം മാറ്റം ഡൽഹിയെ തട്ടകമാക്കിച്ചു; സ്വാൻ, യൂണിടെക് ഓഹരി വിൽപ്പനയെ കുറിച്ചെഴുതരുതെന്ന രാജയുടെ ആവശ്യം സംശയമുണ്ടാക്കി; ടുജിയിലെ തുറന്നെഴുത്തലുകളിലൂടെ കൈയടി നേടി; പട്യാലക്കോടതിയുടെ വിധി കൂടുതൽ നിരാശനാക്കുന്നത് മലയാളി മാധ്യമ പ്രവർത്തകനായ ജെ ഗോപീകൃഷ്ണനെ

ബിഎയ്ക്ക് പഠിക്കുമ്പോൾ കെ എസ് യുക്കാരൻ; ഹർഷദ് മേത്തയുടെ തട്ടിപ്പുകൾ മടുത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബ്രോക്കർ പണി വിട്ടു; അവിചാരിതമായി തെഹൽക്കയിലൂടെ പയനിയറിലെത്തി; ജയ്ഹിന്ദ് ടിവിയിലെ സ്ഥലം മാറ്റം ഡൽഹിയെ തട്ടകമാക്കിച്ചു; സ്വാൻ, യൂണിടെക് ഓഹരി വിൽപ്പനയെ കുറിച്ചെഴുതരുതെന്ന രാജയുടെ ആവശ്യം സംശയമുണ്ടാക്കി; ടുജിയിലെ തുറന്നെഴുത്തലുകളിലൂടെ കൈയടി നേടി; പട്യാലക്കോടതിയുടെ വിധി കൂടുതൽ നിരാശനാക്കുന്നത് മലയാളി മാധ്യമ പ്രവർത്തകനായ ജെ ഗോപീകൃഷ്ണനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കഥ, 2 ജി സ്‌പെക്ട്രം,-ഇത് പുറത്തു കൊണ്ടു വന്നത് മലയാളിയായ മാധ്യമ പ്രവർത്തകനാണ്. ആകെ 1.76 ലക്ഷം കോടി രൂപ (47 ബില്യൻ ഡോളർ) ഗവൺമെന്റിന് നഷ്ടം വരുത്തിയ ഇടപാട് പയനിയറിലൂടെ ചർച്ചായാക്കിയത് ജെ ഗോപീകൃഷ്ണനാണ്. കേസിൽ എ രാജയും കനിമൊഴിയും കുറ്റവിമുക്തരാകുന്നു. പക്ഷേ അപ്പോഴും ഗോപീകൃഷ്ണൻ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.

സ്വാൻ, യൂണിടെക് എന്നീ മൊബൈൽ ഫോൺ കമ്പനികൾ 4500 കോടിയു ടെയും 6200 കോടിയുടെയും ഓഹരികൾ പെട്ടെന്നു വിൽക്കുന്നതിന്റെ കാരണം കണ്ടെത്താനുള്ള നിയോഗമായിരുന്നു ഗോപീകൃഷ്ണന്റേത്. ഇതാണ് ടു ജി സപെക്ട്രം അഴിമതിയെ പുറംലോകത്ത് എത്തിച്ചത്. റിപ്പോർട്ട് തയാറാക്കുന്നതിനു മുമ്പ് മന്ത്രി രാജായെ തന്നെ എഡിറ്ററുടെ നിർദ്ദേശപ്രകാരം ഗോപീകൃഷ്ണൻ കണ്ടു. ഇതേപ്പറ്റി എഴുതരുതെന്നായിരുന്നു അവരുടെയൊക്കെ അഭ്യർത്ഥന. ഇതായിരുന്നു വഴിത്തിരിവായത്. അതുകൊണ്ട് തന്നെ ഈ കേസിൽ അഴിമതിയുണ്ടെന്ന് ഗോപീകൃഷ്ണൻ കരുതുന്നു. ഒത്തുകളിൽ നടന്നുവെന്നും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ വിചാരണയിൽ പിഴച്ചതെവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലേക്ക് മാറുകയാണ്.

എന്തായാലും ഒടുവിൽ 2 ജി സ്‌പെക്ട്രം വീണ്ടും ലേലം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. 3 ജി സ്‌പെക്ട്രം ലേലം ചെയ്തപ്പോൾ 1.06 ലക്ഷം കോടി രൂപ ലഭിച്ചപ്പോൾ 2 ജി സ്‌പെക്ട്രത്തിന് ചുരുങ്ങിയ സംഖ്യയായിരുന്നു കിട്ടിയത്. ഇവ തമ്മിൽ താരതമ്യപ്പെടുത്തിയാണ് 1.76 ലക്ഷം കോടി എന്ന തുകയിൽ എത്തിയത്. കൃത്യമായ റിപ്പോർട്ടുകളെത്തി. കംപ്‌ട്രോളർ ഓഡിറ്റർ ജനറലായിരുന്നത് വിനോദ് റായി ആയിരുന്നു. അതും ഗോപീകൃഷ്ണന്റെ പോരാട്ടത്തിന് കരുത്ത് പകർന്നു. അങ്ങനെയാണ് ടുജിയിൽ നിരന്തര വാർത്തകളെത്തിയത്. രാജയ്ക്ക് മന്ത്രിപദം പോയി. കനിമൊഴിയും രാജയും അഴിക്കുള്ളിലും കിടന്നു. ഇത്തരമൊരു കേസിലെ ട്വിസ്റ്റ് ഗോപീകൃഷ്ണൻ പ്രതീഷിച്ചതുമില്ല.

തിരുവനന്തപുരം സ്വദേശിയാണ് ഗോപീകൃഷ്ണൻ. അവിചാരിതമായി പത്രലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു ഗോപീകൃഷ്ണൻ. ജയ്ഹിന്ദ് ടിവിയുടെ തുടക്കകാലം മുതൽ അവിടെ ഉണ്ടായിരുന്നു. ഡൽഹിയിലേക്ക് സ്ഥലം മാറ്റി കിട്ടിയ ഗോപീകൃഷ്ണൻ തന്റെ തട്ടകം ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലേക്ക് മാറ്റി. ഇതോടെ ഡൽഹിയിൽ പയനിയറിനൊപ്പം എത്തി. അവിടെ നിന്നാണ് ടുജിയിലെ റിപ്പോർട്ടിങ് നടത്തുന്നതും. ലോകശ്രദ്ധ നേടുന്നതും. പക്ഷേ ഈ കേസിലെ വിധി ഗോപീകൃഷ്ണന് തിരിച്ചടിയാണ്.

ഇത്രക്ക് ശ്രദ്ധ നേടിയിട്ടില്ലെങ്കിലും പ്രധാനമായ മറ്റു റിപ്പോർട്ടുകളും ഗോപീകൃഷ്ണൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്്. ആരോഗ്യമന്ത്രിയായിരുന്ന എ. രാമദാസ് പൊതുമേഖലയിലെ വാക്‌സിൻ നിർമ്മാണ ഫാക്ടറികൾ പൂട്ടാൻ തീരുമാനിച്ചതായിരുന്നു അത്. മന്ത്രിയുടെ ഉറ്റ അനുചരർ വാക്‌സിൻ ഫാക്ടറി രംഗത്തേക്ക് വ രികയാണെ ന്നും അവരെ സഹായിക്കാനാണിതെന്നും അന്വേഷണത്തിൽ വ്യക്തമായി. രണ്ടാഴ്ചത്തെ റിപ്പോർട്ടിങ് കഴിഞ്ഞപ്പോൾ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദാക്കി. പക്ഷേ ഫാക്ടറികൾ ഒരുവർഷം അടച്ചിട്ടതിനാൽ വാക്‌സിന് വില കയറി.

ബോംബെയിലെ ഭീകരാക്രമണത്തിൽ പരുക്കേറ്റ എൻ.എസ്.ജി കമാൻഡോകളെ അവഗണിക്കുന്നതിന് എതിരെയുള്ളതായിരുന്നു മറ്റൊരു റിപ്പോർട്ട്. ധനമന്ത്രി ചിദംബരത്തിന്റെ കുടുംബം സ്ഥലം കൈയേറുന്നത് സംബന്ധിച്ചായിരന്നു മറ്റൊന്ന്. ഭാര്യയുടെ സ്വത്ത് സംബന്ധിച്ച മന്ത്രിയുടെ പ്രഖ്യാപനം പരസ്പര വിരുദ്ധമായിരുന്നു. അങ്ങനെ ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന പലതും ഗോപീകൃഷ്ണൻ റിപ്പോർട്ട് ചെയ്തു. പണത്തോട് താൽപ്പര്യമില്ലാത്തതാണ് ഗോപികൃഷ്ണനെ ഇത്തരം റിപ്പോർട്ടിംഗിന് സഹായിക്കുന്നത്. അഴിമതിയെ ഒരിക്കലും അംഗീകരിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് മാധ്യമ സുഹൃത്തുക്കളും പറയുന്നു. അതു തന്നെയാണ് ടുജിക്ക് പിറകേയും ഗോപീകൃഷ്ണനെ സഞ്ചരിപ്പിച്ചത്.

തിരുവനന്തപുരത്തായിരുന്നു ഗോപീകൃഷ്ണന്റെ പത്രപ്രവർത്തനത്തിന്റെ തുടക്കവും. പിതാവ് പരേതനായ പ്രൊഫ.കെ ജയചന്ദ്രനും മാതാവ് പ്രൊഫ. ലക്ഷ്മിക്കുട്ടിയും തലശേരി ബ്രണ്ണൻ കോളജിൽ പഠിപ്പിച്ചിരുന്നു. പിതാവ് മാത്സും അമ്മ ഇംഗ്ലീഷും അദ്ധ്യാപകരായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്ത് ഗവൺമെന്റ് ആർട്‌സ് കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബി.എ ബിരുദം. യൂണിറ്റ് കെ.എസ്.യു പ്രസിഡന്റായിരുന്നു. ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദം.

അവിചാരിതമായി പത്രരംഗത്തേക്ക് വരികയായിരുന്നു ഗോപീകൃഷ്ണൻ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സബ് ബ്രോക്കർ അയിട്ടായിരുന്നു തുടക്കം. ഹർഷദ് മേത്തയുടെ തട്ടിപ്പുകൾ പുറത്തായ കാലം. തനിക്ക് പറ്റിയ പണിയല്ല ഇതെന്നു തോന്നി. കയറ്റുമതി, ഇറക്കുമതി രംഗത്തേക്ക് സുഹൃത്തുക്കളോടൊപ്പം ഇറങ്ങിപ്പുറപ്പെടുകയായിരുന്നു അടുത്തത്. പക്ഷേ തികഞ്ഞ പരാജയം. അതിനിടക്ക് കമ്പനി സെക്രട്ടറി കോഴ്‌സ് പഠിച്ചു. അഞ്ചു ശതമാനം പേർ മാത്രം പാസാകുന്ന കഠിനമായ പരീക്ഷയാണത്. ഇവയെല്ലാം ബിസിനസ് രംഗത്തെപ്പറ്റി അവഗാഹമുണ്ടാക്കാൻ സഹായിച്ചു. 1995ൽ ടി.വി രംഗത്തേക്ക് വന്നു. ബിസിനസ് രംഗവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളായിരുന്നു കൂടുതലും. അതിനുപുറമെ മാധവിക്കുട്ടി, എ. അയ്യപ്പൻ, അബു എബ്രഹാം തുടങ്ങിയവരെപ്പറ്റിയുള്ള ഡോക്യുമെന്ററികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ഇതാണ് ജേർണലിസത്തിലേക്കുള്ള തന്റെ ചുവടുവയ്‌പ്പ് എന്ന് ഗോപീകൃഷ്ണൻ പറയുന്നു. 1998ൽ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ ജേർണലിസം ക്ലാസിൽ ചേർന്നു. തുടർന്ന് ഏഷ്യാനെറ്റ് കേബിളിൽ സ്റ്റുഡിയോ മാനേജർ. അവിടെ നിന്ന് സി ഡിറ്റ്. തുടർന്ന് ഫ്രീലാൻസറായി തെഹൽകയിൽ. 2005 ൽ പയനിയറിന്റെ കേരള എഡിഷനിൽ ചേർന്നു. പക്ഷേ അതു വൈകാതെ പൂട്ടി. തുടർന്ന് ജയ്ഹിന്ദിന്റെ ഡെസ്‌കിലായി പിന്നീടുള്ള ജോലി. സ്ഥലം മാറ്റം കിട്ടി ഡൽഹി ബ്യൂറോയിൽ എച്ചി. അവിടെനിന്ന് 2008 ൽ പയനിയർ പത്രത്തിൽ. 2 ജി സംബന്ധിച്ചുള്ള അനുഭവങ്ങളെപ്പറ്റി ഇപ്പോൾ ഒരു ആത്മകഥ തയാറാക്കുന്നുണ്ട്. ശത്രുക്കളുണ്ടെങ്കിലും താൻ പേടിക്കുന്നൊന്നുമില്ലെന്ന് ഗോപീകൃഷ്ണൻ പറയുന്നു.

പയനിയർ പത്രം, എഡിറ്റർ ചന്ദൻ മിശ്ര, സുബ്രമണ്യം സ്വാമി, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരൊക്കെയാണ് ഗോപീകൃഷ്ണന് ടുജി അഴിമതി പുറത്തുകൊണ്ടു വരുന്നതിന് താങ്ങും തണലുമായി. ഏറെ കാലത്തെ തന്റെ പാടുപെടലാണ് പട്യാല കോടതി നിഷ്പ്രഭമാക്കിയതെന്ന് ഗോപീകൃഷ്ണൻ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കരുത്തോടെ അതിലെ സത്യം പുറത്തുകൊണ്ടു വരാനാണ് ഗോപീകൃഷ്ണന്റെ ശ്രമമെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP