Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ബാറുകൾക്ക് വേണ്ടി ബീവറേജസ് കോർപ്പറേഷനെ കൊല്ലുന്ന സർക്കാർ നയത്തിനെതിരെ ജീവനക്കാരും; ബെവ് ക്യൂ ടോക്കൺ ബാറുകളിലേക്ക് പോകുമ്പോൾ ബെവ്‌കോയ്ക്ക് കോടികൾ നഷ്ടം; സർക്കാർ ചെലവിൽ ചീർക്കുന്നത് മദ്യമുതലാളിമാർ; ആപ്പിന്റെ പേര് 'ബാർ ക്യൂ' എന്നാക്കി മാറ്റണമെന്ന് ജീവനക്കാരുടെ പരിഹാസം; പൊന്മുട്ടയിടുന്ന താറാവിനെ സർക്കാർ കൊല്ലുന്നു; ആപ്പു വെച്ച് ഒരു പൊതു മേഖലയെ കൂടി തകർക്കുന്നു; ആപ്പിലെ കള്ളക്കളിയും അഴിമതിയും വ്യക്തമായതോടെ പിൻവലിച്ചു സർക്കാർ മാപ്പു പറയണമെന്ന് ചെന്നിത്തല

ബാറുകൾക്ക് വേണ്ടി ബീവറേജസ് കോർപ്പറേഷനെ കൊല്ലുന്ന സർക്കാർ നയത്തിനെതിരെ ജീവനക്കാരും; ബെവ് ക്യൂ ടോക്കൺ ബാറുകളിലേക്ക് പോകുമ്പോൾ ബെവ്‌കോയ്ക്ക് കോടികൾ നഷ്ടം; സർക്കാർ ചെലവിൽ ചീർക്കുന്നത് മദ്യമുതലാളിമാർ; ആപ്പിന്റെ പേര് 'ബാർ ക്യൂ' എന്നാക്കി മാറ്റണമെന്ന് ജീവനക്കാരുടെ പരിഹാസം; പൊന്മുട്ടയിടുന്ന താറാവിനെ സർക്കാർ കൊല്ലുന്നു; ആപ്പു വെച്ച് ഒരു പൊതു മേഖലയെ കൂടി തകർക്കുന്നു; ആപ്പിലെ കള്ളക്കളിയും അഴിമതിയും വ്യക്തമായതോടെ പിൻവലിച്ചു സർക്കാർ മാപ്പു പറയണമെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന് പിന്നിലെ അഴിമതി ആരോപിച്ചു കൊണ്ടു രംഗത്തുവന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഈ ആപ്പിറക്കുന്നത് സർക്കാറിന് ബാർ മുതലാളിമാരെ സഹായിക്കാൻ വേണ്ടിയാണെന്നും അഴിമതി ലക്ഷ്യമിട്ടാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണം. ഈ ആരോപണങ്ങളെ ശരിവെക്കും വിധത്തിലാണ് ആപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതലുള്ള പ്രശ്‌നങ്ങൾ കടന്നു പോയത്. സാങ്കേതിക തകരാർ മൂലം ബീവറേജസ് കോർപ്പറേഷന് മദ്യവിൽപ്പനയിൽ അടക്കം കനത്ത നഷ്ടം സംഭവിച്ചു. ആപ്പിനെ ചൊല്ലി സർക്കാറും പൊല്ലാപ്പിലായി. ഇപ്പോഴിതാ ബെവ്ക്യൂ ആപ്പിനെതിരെ വീണ്ടും ആരോപണം ഉയർന്നിരിക്കയാണ്.

ബെവ് ക്യൂ ആപ് ഇതേ രീതിയിൽ തുടർന്നാൽ ഔട്ലറ്റുകൾ പൂട്ടേണ്ടി വരുമെന്നാണ് ബീവ്‌റിജസ് കോർപറേഷൻ പറയുന്നത്. കാരണം ബാറുകളെ സഹായിക്കുന്ന വിധത്തിലാണ് ആപ്പിന്റെ പ്രവർത്തനം എന്നതാണ് ഇതിൽ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്ലറ്റിനു കിട്ടിയത് 49,000 മാത്രമാണ്. ബവ്‌കോ ഔട്ട്ലറ്റുകളിലെ മദ്യവിൽപന കുത്തനെ കുറഞ്ഞതിനാൽ കോർപറേഷൻ വൻ നഷ്ടത്തിലാണ്. ആപ്പിന്റെ പേര് 'ബാർ ക്യൂ' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബവ്‌കോയിലെ സംഘടനകളും ജീവനക്കാരും രംഗത്തെത്തി.

ആപ്പിനൊപ്പം പുനരാംരംഭിച്ച മദ്യ വിൽപ്പനയിൽ ഓരോ ദിവസവും കോർപറേഷനു പറയാനുള്ളത് നഷ്ടകണക്ക് മാത്രം. മാർച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോർപറേഷൻ ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രം. ഇന്ന് അവധി ദിവസമായതിനാൽ ഇന്നലെ കൂടുതൽ മദ്യ വിൽപന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോർപറേഷൻ രംഗത്തെത്തിയത്.

ആപ്പിൽ വിൽക്കുന്ന ടോക്കൺ കൂടുതലും എത്തുന്നത് ബാറിലേക്കാണ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്ത് പതിനൊന്നു മണി വരെ എത്തിയത് രണ്ടു ടോക്കൺ മാത്രം. എന്നാൽ സമീപത്തുള്ള ബാറുകളിൽ നീണ്ട നിരയും ഉണ്ടായിരുന്നു. ഇതോടെ ഔട്ട്‌ലറ്റ് മാനേജർമാർ തന്നെ പരാതിയുമായി കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ബവ്‌കോ എംഡി സ്പർജൻ കുമാർ ആപ് അധികൃതരോടും സ്റ്റാർട്ട് അപ് മിഷനോടും വിശദീകരണം ചോദിച്ചു.

ഉപഭോക്താവ് രജിസ്റ്റർ ചെയ്യുന്ന പിൻ കോഡ് സെർച്ച് ചെയ്യുമ്പോൾ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കൺ, സിസ്റ്റം തന്നെ ജനറേറ്റു ചെയ്യുന്നുവെന്നാണ് ആപ്പ് അധികൃതർ നൽകിയ മറുപടി. ആപ്പ് നിർമ്മാണ കമ്പനിയായ ഫെയർ കോഡിനോടു കോർപറേഷൻ ആവശ്യപ്പെട്ടത് ആദ്യം ഔട്ട്‌ലറ്റിൽ ടോക്കൺ നൽകുക, അതിനു ശേഷം ബാർ എന്നതാണ്. ഇപ്പോൾ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്നാണു സംഘടനകൾ ആരോപിക്കുന്നത്. ആപ്പിന്റെ പേര് ബവ്ക്യൂവിനു പകരം ബാർ ക്യൂ എന്നാക്കണമെന്നും സംഘടനകൾ എംഡിക്ക് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം ആപ്പിനെതിരെ വീണ്ടും പരാതി ഉയർന്നതോടെ അഴിമതി ആരോപണം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആപ്പ് പിൻവലിച്ചു എക്‌സൈസ് മന്ത്രി മാപ്പു പറയണം എന്നാണ് ചെന്നിത്തലയുടെ ആവശ്യം. അഴിമതിയിൽ മാത്രം കണ്ണുവച്ച് സാങ്കേതിക മികവില്ലാത്ത സ്വന്തക്കാർക്ക് ബെവ്കോ അപ്പ് നിർമ്മിക്കാൻ കരാർ നൽകിയതാണ് രണ്ടാഴ്ച കഴിഞ്ഞിട്ടും അത് ദുരന്തമായി തുടരുന്നതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബിവറേജസ് ഒട്ട് ലെറ്റുകളെ തകർക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷം തുടക്കത്തിൽ തന്നെ ചൂണ്ടിക്കാട്ടിയത് ശരിയായി വന്നിരിക്കുകയാണ്. ആപ്പ് വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിനകം ബിവറേജസ് കോർപ്പറേഷന് ഉണ്ടായിരിക്കുന്നതെന്ന് കോർപ്പറേഷൻ തന്നെ സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെവ്കോ ആപ്പിനെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അതിന്റെ പ്രവർത്തനം. സിപിഎം സഹയാത്രികൻ നിർമ്മിച്ചു നൽകിയ ആപ്പു വഴി ടോക്കണുകളെല്ലാം പോകുന്നത് ബാറുകൾക്കാണ്. ബാറുകൾക്ക് മുന്നിൽ വൻതിരക്ക് അനുഭവപ്പെടുമ്പോൾ സാർക്കാരിന്റെ കീഴിലുള്ള ബിവറേജസ് ഔട്ടലെറ്റുകൾ വിജനമായി കിടക്കുകയാണ്. ഇത് ബോധപൂർവ്വം ചെയ്തതാണ്. ഈ ആപ്പിന് പിന്നിലെ കള്ളക്കളിയും അഴിമതിയും ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ബിവറേജസ് ഒട്ടലെറ്റുകൾ അടച്ചു പൂട്ടാൻ തക്കവണ്ണം രൂപ കല്പന ചെയ്തതാണ് ഈ ആപ്പ്. കോവിഡിന്റെ മറവിൽ രണ്ടു ദശാബ്ദത്തിന് ശേഷം മദ്യത്തിന്റെ ചില്ലറ വില്പന സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്ത സർക്കാർ പൊതു മേഖലയെ തകർക്കുക കൂടി ചെയ്യുകയാണ്.

12400 കോടി രൂപയാണ് കഴിഞ്ഞ വർഷം ബിവറേജസ് കോർപ്പറേഷനിന്റെ വരുമാനം. ഇത് നഷ്ടപ്പെടുത്തിക്കൊണ്ട് ബിവറേജസ് കോർപ്പറേഷനെ തകർക്കുന്ന സർക്കാർ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയാണ്. തുടർച്ചയായി മദ്യദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് മദ്യത്തിന്റെ വിതരണം സർക്കാർ പൊതുമേഖലയ്ക്ക് കീഴിൽ കൊണ്ടു വന്നത്. അത് തകർക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഈ ആപ്പ് ദുരന്തമായി മാറിയിട്ടും, സർക്കാരിന് വൻസമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടും നാണമില്ലാതെ അതിനെ തുടരാൻ മന്ത്രി അനുവദിക്കുകയാണ്. ഇത് സ്വന്തം പാർട്ടിക്കാരെ സഹായിക്കുന്നതിനാണ്. ഇനിയെങ്കിലും ഈ ആപ്പ് പിൻവലിച്ച് എക്സൈസ് മന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP