Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിലെ രാത്രിയിൽ പിറന്ന പാട്ട്; പ്രവാസലോകത്തുള്ളവർ ഏറ്റുപാടിയപ്പോൾ ഹിറ്റായി; എംജി ശ്രീകുമാറും ചിത്രയും പാടി ജനങ്ങളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന 'ഇത്രത്തോളം യഹോവ സഹായിച്ചു' എന്ന പാട്ടെഴുതിയത് തിരുവനന്തപുരത്തെ സിഎസ്‌ഐ പുരോഹിതൻ അജിത്കുമാർ; പാട്ട് വന്ന വഴി ഇങ്ങനെ

പത്തനംതിട്ടയിലെ രാത്രിയിൽ പിറന്ന പാട്ട്; പ്രവാസലോകത്തുള്ളവർ ഏറ്റുപാടിയപ്പോൾ ഹിറ്റായി; എംജി ശ്രീകുമാറും ചിത്രയും പാടി ജനങ്ങളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന 'ഇത്രത്തോളം യഹോവ സഹായിച്ചു' എന്ന പാട്ടെഴുതിയത് തിരുവനന്തപുരത്തെ സിഎസ്‌ഐ പുരോഹിതൻ അജിത്കുമാർ; പാട്ട് വന്ന വഴി ഇങ്ങനെ

ത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു

 

ദൈവം ഇത്രത്തോളം കൃപ ചൊരിഞ്ഞൊരു ഗാനം രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. കെ.എസ് ചിത്രയും എം.ജി ശ്രീകുമാറും പാടിയ ഈ ക്രിസ്ത്രീയ ഭക്തിഗാനം എല്ലാ പിന്നണി ഗായകരും ഗാനമേളകളിലും സ്‌റ്റേജ് ഷോകളിലും പാടുന്നുണ്ട്. യു ട്യൂബിൽ ഏതാണ്ട് എട്ട് ലക്ഷത്തിലധികം പേർ ഈ പാട്ട് കേട്ടിട്ടുണ്ട്. ഷെയർ ചെയ്തവരും ഡൗൺലോഡ് ചെയ്തവരും അതിലേറെ. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഗാനം ഇപ്പോഴും നെഞ്ചിലേറ്റുന്നു. പക്ഷെ, പാട്ടെഴുതിയത് ആരാണെന്ന് അധികമാർക്കും അറിയില്ല.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഡോ. ഡി.ജെ അജിത് കുമാർ എന്ന സി.എസ്.ഐ പുരോഹിതൻ തന്റെ ഇടവകയിലെ ക്വയർ ഗ്രൂപ്പിന് വേണ്ടി എഴുതി, ട്യൂൺ ചെയ്ത് പാടിയ ഗാനമാണിത്. അച്ചന്റെ കൂടെ ഈ പാട്ട് പാടിയ കുരുന്നുകൾ ഇന്ന് അമ്മമാരായി. എന്നിട്ടും പാട്ടിന്റെ പോപ്പുലാരിറ്റി കുറയുന്നില്ല. പാട്ട് എഴുതുകയും സംഗീതം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും അച്ചന് കാസറ്റ് ബിസിനസിലൊന്നും താൽപര്യമില്ല. ഇത്രത്തോളം യഹോവ സഹായിച്ചു എന്ന ഭക്തിഗാന കാസറ്റിന്റെ കോപ്പി ലക്ഷക്കണക്കിന് വിറ്റുപോയി. ഇന്നിപ്പോ ഡിജിറ്റൽ കാലമായതോടെ നെറ്റിൽ ഈ പാട്ട് കേൾക്കുന്നവരുടെയും ഡൗൺലോഡ് ചെയ്യുന്നവരുടെയും എണ്ണം കൂടി. ജീവിതാനുഭവങ്ങളെ ബൈബിളുമായി കോർത്തിണക്കിയാണ് അച്ചൻ പാട്ടെഴുതുന്നത്. അതാണ് ഗാനങ്ങളുടെ ശക്തിയും. എഴുതിയ പല പാട്ടുകളും പലരും പല രീതികളിൽ പാടുന്നുണ്ട്. ചിലർ പാട്ടുകളുടെ രീതിയിൽ വേറെ പാട്ടുകൾ ഇറക്കുന്നുണ്ട്. അതിലൊന്നും അച്ചന് യാതൊരു പരാതിയുമില്ല, പരിഭവവുമില്ല. എല്ലാം കർത്താവിന് വേണ്ടിയാണ്.

അനുഭവങ്ങളിൽ നിന്ന് പിറന്ന പാട്ട്

1998 ജനുവരി 24ന് കോന്നിയിലുള്ള കെ.ജെ ചെറിയാന്റെ വീട്ടിൽ വച്ചാണ് 'ഇത്രത്തോളം യഹോവ സഹായിച്ചു'... എന്ന ഗാനം പിറന്നത്. പത്തനംതിട്ടയിൽ സുവിശേഷത്തിനെത്തിയതായിരുന്നു പുരോഹിതനായ അജിത് കുമാർ. അന്ന് രാത്രി ഇത്രത്തോളം യഹോവ സഹായിച്ചു എന്ന വിഷയത്തിലുള്ള സന്ദേശം തയ്യാറാക്കുകയായിരുന്നു. വിദേശ വൈദികന്റെ പ്രസംഗങ്ങൾ അതിനായി വായിച്ചപ്പോൾ അതിലെ ഒരു അധ്യായത്തിന്റെ തലക്കെട്ട് (ഏറെ സ്പർശിച്ചു ഇത്രത്തോളം യഹോവ സഹായിച്ചു) ഏറെ ആകർഷിച്ചു. ജീവിത്തിൽ പിന്നിട്ട വഴികളിൽ അനുഭവിച്ച കണ്ണുനീരും കഷ്ടപ്പാടും അപ്പോൾ മനസിൽ തെളിഞ്ഞ് വന്നു. മാനസിക പീഡനങ്ങളും തകർന്ന ജീവിതാനുഭവങ്ങളുമായി ലക്ഷ്യമില്ലാതെ നടന്ന നാളുകൾ, നിന്ദയുടെയും സാമ്പത്തികത്തകർച്ചയുടെയും പേരിൽ നിരാശനായി വീട്ടിൽ നിന്നും ഏകനായി , പരദേശിയായി ഇറങ്ങിപ്പോയ ദിനങ്ങൾ, ഇവിടെയെല്ലാം ദൈവം നടത്തിയ അനുഭവങ്ങൾ കൊടുങ്കാറ്റുപോലെ മനസിൽ ആഞ്ഞടിച്ചു. ആ നിമിഷമാണ് 'ഇത്രത്തോളം' എന്ന ഗാനം പിറന്നത്. പൂർത്തിയാക്കിയ ശേഷം ചെറിയാനെ പാടിക്കേൾപ്പിച്ചു. അടുത്ത ദിവസം സുവിശേഷത്തിന് ഈ ഗാനം പാടി. തിരുവല്ലയിലുള്ള റിവൈവൽ ചർച്ചുകാർ അത് റെക്കോഡ് ചെയ്ത് സി.ഡിയാക്കി. അതിന് ശേഷമാണ് തിരുവനന്തപുരത്ത് റെക്കോഡ് ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ ഭാഷകളിലേക്ക് ഈ പാട്ട് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ഹാഗറിനെ പോലെ കരഞ്ഞു

ബൈബിളിൽ അച്ചന് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങൾ ഹാഗറും യാക്കോബുമാണ്. 'ഹാഗനിറെ പോലെ ഞാൻ കരഞ്ഞു, യാക്കോബിനെ പോലെ കരഞ്ഞു' എന്നെഴുതിയത് അവരുടെ ജീവതത്തിലെ പ്രതിസന്ധികൾ മനസിലാക്കിയിട്ടാണ്. അവരെ പോലെ കഷ്ടതകൾ ഏറെ അനുഭവിച്ചയാളാണ് അച്ചൻ. യജമാനനാൽ ഗർഭം ധരിക്കേണ്ടി വന്ന വേലക്കാരിയായ ഹാഗർ ക്രൂരമായി വേട്ടയാടപ്പെടുകയാണ്. യജമാനൻ അവളെ ഉപേക്ഷിച്ച ശേഷം വീട്ടിൽ നിന്നും ആട്ടിപ്പായിക്കുന്നു. മൺഭരണിയിൽ കുറച്ച് വെള്ളവും കുറച്ച് അപ്പക്കഷണങ്ങളും കൊടുത്ത് അവളെ ദർസേബ മരുഭൂമിയിലേക്ക് ഇറക്കി വിടുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭക്ഷണവും വൈള്ളവും തീർന്നു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് മരുഭൂമിയിൽ അലയുന്ന അവളുടെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുന്നു.അവളോട് നീ എന്തിനീ മരുഭൂമിയിലലയുന്നു, വീട്ടിലേക്ക് തിരികെ പോകണം കർത്താവ് പറയുന്നു. തളർന്ന് വീണ ഹാഗറിന് മുന്നിൽ യേശു ജീവജലം തുറക്കുന്നു.

 

ജീവിതമാകുന്ന മരുഭൂമിയിൽ ഹാഗറിനെ പൊലെ വൈദികനായ അജിത് കുമാറും ഒരുപാട് അലഞ്ഞിട്ടുണ്ട്. എഞ്ചിനിയറിങ് ബിരുദവും ഡോക്ടറേറ്റും ഉണ്ടായിട്ടും ഒന്നുമാകാതെ, അവഗണനയുടെ പടുകുഴിയിൽ വീണിട്ടുണ്ട്. ഒൻപത് സഹോദരങ്ങളാണ് അദ്ദേഹത്തിനുള്ളത്. അവരിൽ നിന്നൊക്കെ വ്യത്യസ്തമായ ജീവിതമാണ് നയിച്ചത്. അതുകൊണ്ടാണ് ഏറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നത്.

യാക്കോബിനെ പോലെ അലഞ്ഞു

സഹോദരനുമായി പിണങ്ങിയ യാക്കോബ് അയാളെ കൊല്ലാൻ തീരുമാനിച്ചു. പിന്നീട് മാതാപിതാക്കൾ യാക്കോബിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. നാടും വീടും വിട്ട് അയാൾ അലഞ്ഞു. ദിക്കും ദിശയും അറിയാതെ കരഞ്ഞ് തളർന്നിരുന്ന യാക്കോബിന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു, അവനെ അനുഗ്രഹിച്ചു. എന്നിട്ടൊരു പേര് നൽകി, ഇസ്രയേൽ. ആ ഇസ്രയേലിന്റെ മക്കളാണ് ഇസ്രയേൽ ജനത. ജീവിതപ്പാതയിൽ കലിടറിയ യാക്കോബിനെ യേശു തിരികെ കൊണ്ടുവന്നത് പോലെ വൈദികനായ അജിത് കുമാറിനെയും കൊണ്ടുവന്നു. ഈ അനുഭവങ്ങളെല്ലാമാണ് ഭക്തിഗാനധാരയായി വിടർന്നത്.

പ്രവാസികളുടെ സങ്കീർത്തനം

പ്രവാസലോകത്ത് ഈ പാട്ട് എത്തിയതോടെയാണ് പോപ്പുലറായത്. 'ഏകനായി നിന്യനായി പരദേശിയായി നാടും വീടും വിട്ട് ഞാനലഞ്ഞപ്പോൾ' എന്ന വരി എല്ലാ പ്രവാസി മലയാളിയുടെയും ഹൃദയത്തിൽ ആഴ്ന്നിറങ്ങി. ജീവിതവും ആത്മീയതയും ഇഴപിരിച്ചെടുത്ത ഇത്തരം വരികളാണ് ഈ പാട്ടിന്റെ ശക്തി. ഒരിക്കൽ അമേരിക്കയിൽ ഗാനമേളയ്ക്ക് ചെന്ന എം.ജി ശ്രീകുമാറിനോട് സ്‌പോൺസർ ആദ്യം ഒരു ക്രിസ്തീയ ഭക്തിഗാനം പാടണമെന്ന് ആവശ്യപ്പെട്ടു. ശ്രീകുമാർ ഒരു ക്രിത്യൻ ഗാനവും റിഹേഴ്‌സൽ നടത്തിയിട്ടില്ലായിരുന്നു. എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചു. അന്ന് രാത്രി ഭക്ഷണം കഴിക്കാൻ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കാറിൽ പോകുമ്പോൾ ഭക്തിഗാനം വല്ലതുമുണ്ടോന്ന് ചോദിച്ചു. ഇല്ല ഇത് ടാക്‌സിയാണെന്ന് പറഞ്ഞു.

 

പക്ഷെ, ശ്രീകുമാർ ടാക്‌സിയുടെ ഡാഷ് ബോക്‌സ് മുഴുവൻ തപ്പിയപ്പോൾ കവറൊന്നുമില്ലാത്ത ഒരു കാസറ്റ് കിട്ടി. അതിട്ടപ്പോൾ ആദ്യം കേട്ടത് 'ഇത്രത്തോളം യഹോവ സഹായിച്ചു' എന്ന ഗാനമാണ്. വല്യ സന്തോഷമായി. ആ പാട്ട് പാടി. യേശുദാസ് തന്റെ ഗാനമേളകൾ തുടങ്ങുന്നത് 'ഇടയകന്യകേ... പോവുക നീ ഈ അനന്തമാം ജീവിത വീഥിയിൽ...' എന്ന ഗാനത്തോടെയാണ്. അതുപോലെ എം.ജി ശ്രീകുമാർ തന്റെ ഗാനമേള തുടങ്ങുന്നതിന് മുമ്പ് 'ഇത്രത്തോളം യഹോവ സഹായിച്ചു' എന്ന പാട്ട് അന്ന് മുതൽ പതിവാക്കി.

എന്നാൽ ഈ പാട്ട് പണ്ട് താൻ കാസറ്റിന് വേണ്ടി പാടിയിട്ടുണ്ടെന്ന കാര്യം എം.ജി ശ്രീകുമാറിന് അറിയില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞ എം.ജി ശ്രീകുമാർ വൈദികനായ അജിത്കുമാറിനെ വിളിച്ച് പറഞ്ഞു 'തന്റെ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനിച്ച വേറൊരു ഗാനമില്ലെന്ന് ' . ആദ്യം ഇറക്കിയ കാസറ്റിൽ അച്ചൻ തന്നെയാണ് പാടിയതെങ്കിലും പിന്നീട് എം.ജി ശ്രീകുമാറിനെ കൊണ്ട് പാടിച്ച് കാസറ്റിറക്കിയിരുന്നു. പിന്നീട് ഈ വൈദികന്റെ പല കാസറ്റുകളിലും എം.ജി ശ്രീകുമാർ സ്ഥിരം സാന്നിധ്യമായി. ഒരുക്കൽ ഖത്തറിൽ നിന്ന് ഒരു മലയാളി കുടുംബം എം.ജി ശ്രീകുമാറിനെ വിളിച്ച് പറഞ്ഞു, ദീർഘകാലമായി രോഗശയ്യയിലായിരുന്ന അവരുടെ അമ്മച്ചി ഈ പാട്ട് നിരന്തരം കേട്ട് സുഖംപ്രാപിച്ചെന്ന് . ഇത്തരത്തിലുള്ള പല അനുഭവങ്ങൾ പലരും അച്ചനോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ആത്മീയ ഭവനം

ആത്മീയ ഭവനത്തിലാണ് കുഞ്ഞ് അജിത്കുമാർ പിറന്നത്. ഡെന്നിലൻ ജെയ്‌നി ദമ്പതികളുടെ ഒൻപതാമത്തെ മകൻ. ബാല്യകാലം കഷ്ടതകളുടെയും കഠിന രോഗത്തിന്റെയും തീച്ചൂളയായിരുന്നു. ജനിച്ച് ഏഴാം ദിവസം ഗുരുതരമായ രോഗം പിടിപെട്ടു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഇതേ രോഗം ബാധിച്ചായിരുന്നു മരിച്ചത്. ഇതോടെ മാതാപിതാക്കൾ അങ്കലാപ്പിലായി. കുഞ്ഞിന് സൗഖ്യം ലഭിച്ചാൽ 90 ദിവസം പ്രായമാകുമ്പോൾ തങ്ങൾ 40 ദിവസത്തെ ഉപവാസം എടുത്ത് കുഞ്ഞിനെ ദൈവ വേലയ്ക്കായി സമർപ്പിക്കാമെന്ന് മാതാപിതാക്കൾ മനമുരുകി പ്രാർത്ഥിച്ചു. തൊണ്ണൂറ് ദിവസം പിന്നിടുന്നതിന്റെ തലേന്നാൾ, തിളച്ച കഞ്ഞി അടുപ്പിൽ നിന്ന് മാറ്റുമ്പോൾ കലം തെന്നി വീണ് മാതാവിന്റെ ശരീരമാകെ പൊള്ളി. അതോടെ കുഞ്ഞിന് പാല് പോലും കൊടുക്കാനാകാത്ത അവസ്ഥയിലായി. അയൽപക്കത്തുള്ള നായർ യുവതിയാണ് പിന്നെ മുലപ്പാൽ നൽകിയത്. രോഗം ഭേദമായ മാതാവ് 40 ദിവസം ഉപവാസമെടുത്തു. മാതാവിന്റെ കണ്ണീരും പ്രാർത്ഥനയും കണ്ട അജിത്കുമാറിന്റെ മനസിൽ ചെറിയ പ്രായത്തിലേ സുവിശേഷത്തിന്റെ വിത്ത് മുളച്ചു. തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിൽ ബി.ടെക്കിന് പഠിക്കുമ്പോഴും സുവിശേഷ വേലയിൽ സജീവമായി. പിഎച്ച്ഡിയും എടുത്തിട്ടുണ്ട്. ഇപ്പോൾ ജീവിതം തന്നെ സുവിശേഷമാക്കി കഴിയുന്നു.

പുതിയ ആൽബത്തിന്റെ പണിപ്പുരയിൽ

പത്ത് വർഷത്തിന് ശേഷം അജിത് കുമാർ അച്ചൻ മറ്റൊരു ആൽബത്തിന്റെ പണിപ്പുരയിലാണ്. എം.ജി ശ്രീകുമാർ, ശ്വേതാമോഹൻ, സുധീപ് കുമാർ, വിധുപ്രതാപ് തുടങ്ങിയവരാണ് പാടിയത്. അച്ചന്റെ മകൻ വിവേക് ഈ കാസറ്റിലെ ഒരു പാട്ടിന് ഈണമിട്ടിട്ടുണ്ട്. അവസാന മിനുക്ക് പണികൾക്ക് ശേഷം താമസിക്കാതെ കാസറ്റ് റിലീസ് ചെയ്യും.

ഗാനരചന ഫാ. ഡോ. ഡി.ജെ അജിത്കുമാർ

സംഗീതം ഫാ. ഡോ. ഡി.ജെ അജിത്കുമാർ

ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)

ഹാഗറിനെ പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ (2)
മരുഭൂമിയിൽ എനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)
ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ (2)
സ്വന്ത നാട്ടിൽ ചേർത്തുകൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)

കണ്ണുനീരും ദുഃഖവും നിരാശയും
പൂർണമായ് മാറിടും ദിനം വരും (2)
അന്ന് പാടും ദൂതർ മധ്യേ ആർത്ത്പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു (2)
ഏബനേസർ (8)
(ഇത്രത്തോളം)

അജിത് കുമാർ അച്ചന്റെ ഇമെയിൽ [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP