Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നൂറോളം ജവാന്മാരുള്ള ക്യാമ്പിൽ കോവിഡ് ബാധിച്ചത് നൂറോളം പേർക്ക്; ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിലും; ജവാന്മാർക്ക് രോഗം വന്നപ്പോൾ എഫ്ബിയിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും; ലെപ്രസി സാനിറ്റോറിയത്തിൽ ഐടിബിപി വന്നതിന്റെ ഗുണം ഇപ്പോഴാണ് കിട്ടിത്തുടങ്ങിയതെന്ന പോസ്റ്റിനു നാടിനു അഭിമാനമാണ് ഐടിബിപി ജവാന്മാരെന്നു തിരിച്ചടിയും; സൈനികർക്ക് ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു നൽകിയ കത്തിന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ കോവിഡ് പകർച്ച ഒഴിവാക്കാമായിരുന്നെന്നു കൊടിക്കുന്നിൽ മറുനാടനോട്

മുന്നൂറോളം ജവാന്മാരുള്ള ക്യാമ്പിൽ കോവിഡ് ബാധിച്ചത് നൂറോളം പേർക്ക്; ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിലും; ജവാന്മാർക്ക് രോഗം വന്നപ്പോൾ എഫ്ബിയിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും; ലെപ്രസി സാനിറ്റോറിയത്തിൽ ഐടിബിപി വന്നതിന്റെ ഗുണം ഇപ്പോഴാണ് കിട്ടിത്തുടങ്ങിയതെന്ന പോസ്റ്റിനു നാടിനു അഭിമാനമാണ് ഐടിബിപി ജവാന്മാരെന്നു തിരിച്ചടിയും; സൈനികർക്ക് ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു നൽകിയ കത്തിന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ കോവിഡ് പകർച്ച ഒഴിവാക്കാമായിരുന്നെന്നു കൊടിക്കുന്നിൽ മറുനാടനോട്

എം മനോജ് കുമാർ

ആലപ്പുഴ: നൂറനാട് ഐടിബിപി ക്യാമ്പിലെ ജവാന്മാർക്ക് കോവിഡ് ബാധിച്ചതിന് പിന്നിൽ ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയെന്ന ആരോപണം ഉയർന്നിരിക്കെ ഇവർക്ക് നേരെ സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള സൈബർ ആക്രമണവും ശക്തമാകുന്നു. കോവിഡിന്റെ വ്യാപാരികൾ എന്ന രീതിയിലുള്ള സൈബർ ആക്രമണമാണ് ഇവർക്ക് സിപിഎം സൈബർ കേന്ദ്രങ്ങളിൽ നിന്നും നേരിടേണ്ടി വരുന്നത്. ആലപ്പുഴ മുഴുവൻ കോവിഡ് പരത്തുന്നത് ക്യാമ്പിനു പങ്കുണ്ടെന്ന മട്ടിലുള്ള പ്രചാരണമാണ് ചില സൈബർ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്. സിപിഎമ്മിന്റെ സൈബർ ആക്രമണം പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് കൂടി രംഗത്ത് വന്നതോടെ ഐടിബിപിയിലെ കോവിഡ് ബാധയിൽ രാഷ്ട്രീയവും ശക്തമായി. ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച മറച്ചുവെയ്ക്കാനും ഐടിബിപി ക്യാമ്പിനെ നൂറനാട് നിന്നും തുരത്താനും വേണ്ടിയാണ് ഐടിബിപിക്ക് നേരെയുള്ള സൈബർ ആക്രമണം എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് ശരിവെച്ചു കൊണ്ട് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് കൂടി രംഗത്ത് വന്നതോടെ ഐടിബിപിയിലെ കോവിഡ് ബാധയ്ക്ക് രാഷ്ട്രീയമാനം കൈവരുകയും ചെയ്തു. ഐടിബിപി ക്യാമ്പ് നൂറനാട് കൊണ്ടുവരുന്നതിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്കും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂടി പങ്കുള്ളതിനാൽ പ്രശ്‌നങ്ങൾ സസൂക്ഷമം വീക്ഷിച്ച് കൊടിക്കുന്നിലും രംഗത്തുണ്ട്. ജവാന്മാർക്ക് നേരെയുള്ള സൈബർ ആക്രമണത്തിന്നെതിരെ സാമൂഹിക അകലം പാലിച്ച് യൂത്ത് കോൺഗ്രസ് ധർണ്ണയും നടത്തുകയും ചെയ്തിട്ടുണ്ട്.

ഇതര സംസ്ഥാന ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജവാന്മാർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്നു പറഞ്ഞു ഐടിബിപി നൽകിയ കത്തിന് ജില്ലാ ഭരണകൂടമോ പഞ്ചായത്തോ പുല്ലുവിലപോലും നൽകിയില്ല. അതിനാൽ ഇതര സംസ്ഥാന ഡ്യൂട്ടി കഴിഞ്ഞു വന്ന ഐടിബിപി ജവാന്മാർക്ക് താത്കാലിക ക്യാമ്പിലേക്ക് പോകേണ്ടി വന്നു. ഇത് ഇവർക്കിടയിലെ കോവിഡ് പടരാനും ഇടയാക്കി. ഐടിബിപി ക്യാമ്പിൽ കോവിഡ് പരന്നത് ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ കാരണമെന്നുള്ള ആരോപണം മറയ്ക്കാൻ വേണ്ടിയാണ് സൈബർ ആക്രമണം എന്ന ആരോപണമാണ് നൂറനാട് ഇപ്പോൾ ശക്തമാകുന്നത്. ലഡാക്കിലും ഛത്തീസ്‌ഗഡിലും ഐടിബിപിക്ക് ഡ്യൂട്ടിയുള്ളതിനാൽ ഇവർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്ന് ഐടിബിപി അധികൃതർ ജില്ലാ ഭരണാധികാരികൾക്കും പഞ്ചായത്തിനും ഒരു മാസം മുൻപ് തന്നെ കത്ത് നൽകിയിരുന്നു. ജൂൺ അവസാനം ഇവർ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തുന്നതിനാൽ ഒരു മാസം മുൻപ് തന്നെ ഒരു ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു ഇവർ കത്ത് നൽകിയിരുന്നു. എന്നാൽ ഒരു സൗകര്യവും ഇവർക്ക് ജില്ലാ ഭരണകൂടമോ പഞ്ചായത്ത് അധികൃതരോ ലഭ്യമാക്കിയില്ല. ജൂൺ അവസാനമാണ് ഐടിബിപി ജവാന്മാർ ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വരുന്നത്.

ജലന്ധറിൽ നിന്നുള്ള പ്രത്യേക ട്രെയിനിലാണ് ജവാന്മാർ വന്നത്. ട്രെയിനിൽ നിന്നുള്ള സമ്പർക്കത്തിലാണ് ഇവർക്ക് കോവിഡ് ബാധിച്ചത്. ഇവർ റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തേണ്ടിയിരുന്നു. ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകേണ്ടിയിരുന്നതിനു പകരം നേരെ ഇവർ വന്നത് ക്യാമ്പിലേക്കാണ്. മുന്നൂറിലധികം പേരുള്ള ക്യാമ്പിലെ നൂറോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാമ്പിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയും വന്നു. ജില്ലാ അധികൃതർക്ക് നൽകിയ കത്ത് പ്രകാരം ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കിയിരുന്നെങ്കിൽ ക്യാമ്പിൽ കോവിഡ് പടരുകയോ ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകേണ്ട അവസ്ഥ വരുകയുമില്ലായിരുന്നു.

ഐടിബിപി ക്യാമ്പിൽ താത്കാലിക ബാരക്കുകൾ ആണ് നിലവിലുള്ളത് എന്നതിനാൽ ഇവർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കാൻ ഐടിബിപി അധികൃതർക്ക് കഴിഞ്ഞതുമില്ല. അത് കാരണം ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ താത്കാലിക ബാരക്കുകളിൽ തന്നെ ഇവർക്ക് കഴിയേണ്ടി വന്നു. ഇവർക്കിടയിൽ സമ്പർക്കം നിലനിന്നതിനാൽ കോവിഡ് പടരുകയും ചെയ്തു. നൂറോളം പേർക്ക് കോവിഡ് ബാധിച്ചതോടെ ക്യാമ്പ് മുഴുവൻ ക്വാറന്റൈനിൽ പോകേണ്ടിയും വന്നു. ഇതിനു പിന്നാലെ തന്നെ ഇവർക്ക് നേരെ സിപിഎം കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണവും വന്നു. ഈ സൈബർ ആക്രമണം ആസൂത്രിതമാണ് എന്നാണ് ഉയരുന്ന ആരോപണം.

ഐടിബിപി നൽകിയ ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു ഐടിബിപി നൽകിയ കത്തിന് മേൽ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. ക്യാമ്പിൽ കോവിഡ് പടരാനും ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകാനും ഇടവന്നത് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ച കാരണമാണ്- കൊടിക്കുന്നിൽ സുരേഷ് എംപി മറുനാടനോട് പറഞ്ഞു. ഐടിബിപിക്ക് നേരെ സിപിഎം സൈബർ ആക്രമണത്തിനു പിന്നിലും സിപിഎം രാഷ്ട്രീയമുണ്ട്. ഐടിബിപി ക്യാമ്പിനു ആലപ്പുഴ സിപിഎം എതിരാണ്. നൂറനാട് ക്യാമ്പ് വന്നപ്പോൾ അൻപത് ഏക്കർ സ്ഥലം ലെപ്രസി സാനിറ്റോറിയത്തിൽ നിന്നും ക്യാമ്പിനായി നൽകേണ്ടി വന്നു. ഇത് സിപിഎമ്മിന് രുചിച്ചിരുന്നില്ല. സ്ഥലം നൽകിയ ലെപ്രസി സാനിറ്റോറിയം സിപിഎമ്മിന്റെ വിഹാരകേന്ദ്രമായിരുന്നു. നൂറിലധികം ഏക്കർ സ്ഥലമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഐടിബിപി ക്യാമ്പ് വന്നതോടെ ഇതിൽ മാറ്റം വന്നു. ഇത് സിപിഎമ്മിൽ വലിയ പ്രതിഷേധത്തിനു കാരണമായി. സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി സിപിഎം കരുതിയ സ്ഥലമായിരുന്നു ലെപ്രസി സാനിറ്റോറിയത്തിലെ സ്ഥലം. ഇതിൽ നിന്നും വലിയ ഭാഗം ക്യാമ്പിനു പോയത് സിപിഎമ്മിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഐടിബിപി ജവാന്മാർക്ക് കോവിഡ് വന്നപ്പോൾ അവരെ ജനങ്ങൾക്കിടയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള നീക്കമാണ് സിപിഎം ഭാഗത്ത് നിന്നും വരുന്നത്. ഇതിന്റെ പിന്നിൽ സിപിഎം രാഷ്ട്രീയം കൂടിയുണ്ട്. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഐടിബിപി ക്യാമ്പിനു നേരെ വരുന്ന സൈബർ ആക്രമണം ഇതിനു തെളിവാണ്-കൊടിക്കുന്നിൽ പറയുന്നു. സിപിഎം സൈബർ ആക്രമണം ഐടിബിപി ജവാന്മാർക്ക് നേരെ വന്നതോടെ ഇതിലെ രാഷ്ട്രീയം മനസിലാക്കിയാണ് ഈ പ്രചാരണം പൊളിക്കാൻ നൂറനാട് യൂത്ത് കോൺഗ്രസ് കൂടി രംഗത്ത് വന്നത്.

സിപിഎമ്മിന്റെ എതിർപ്പിനു പിന്നിലുള്ളത്:

ഐടിബിപിക്ക് നൽകിയത് ലെപ്രസി സാനിറ്റോറിയത്തിന്റെ സ്ഥലമാണ്. നൂറിലധികം ഏക്കർ സ്ഥലം ലെപ്രസി സാനിറ്റോറിയത്തിന്റെ ഭാഗമായുണ്ട്. ഇതിൽ നിന്നുമാണ് അൻപത് ഏക്കർ സ്ഥലം സ്ഥലം ക്യാമ്പിനു നൽകിയത്. ക്യാമ്പ് വരുന്നത് വരെ ഇവിടം സിപിഎമ്മിന്റെ വിഹാരകേന്ദ്രമായിരുന്നു. ക്യാമ്പ് വന്നതോടെ ഇതിനു തടസങ്ങൾ വന്നു. ഇഎംഎസ് അക്കാദമി, നായനാർ ഗവേഷണ കേന്ദ്രം, എകെജി സെന്റർ എന്നിവ സ്ഥാപിച്ച് അത് സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തിയത്. ഇപ്പോൾ കൃഷ്ണപിള്ള സാംസ്‌കാരിക കേന്ദ്രത്തിനു ഈ സ്ഥലത്തിൽ നിന്നും അഞ്ചേക്കർ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് ക്യാമ്പ് വന്നത് മുതൽ എതിർപ്പ്. അതിനു എരിവു കൂട്ടിയാണ് ഐടിബിപി ക്യാമ്പിൽ കോവിഡ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെയാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ ക്യാമ്പിനു നേർക്ക് വന്നത്. ഇത് പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് കൂടി വന്നതോടെ ഐടിബിപിയിലെ കോവിഡിൽ രാഷ്ട്രീയം കലരുകയും ചെയ്തു.

കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഇങ്ങനെ:

ബഹുമാന്യരേ

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം സിപിഎമ്മുകാർ നവ മാധ്യമങ്ങളിൽ കൂടി നടത്തുന്ന പ്രചരണത്തിനെതിരെയാണ് ഈ കത്ത് പോസ്റ്റ് ചെയ്യുന്നത്. ഐടിബിപിയിലെ പട്ടാളക്കാർക്ക് അസുഖം ബാധിച്ചതുമായി ബന്ധപ്പെട്ട് പട്ടാളക്കാരുടെ അനുസരണമില്ലായ്മ കൊണ്ടും, അവർ അച്ചടക്കം ഇല്ലാത്തവരും ആയതു കൊണ്ടാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത് എന്ന തരത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.കെ. സഞ്ചുവിന്റെ അടക്കം ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു: ഈ പോസ്റ്റുകളിൽ കളിൽ എല്ലാം കാണാൻ കഴിയുന്നത് ഇപ്പോഴും ഐടിബിപി ക്യാമ്പ് വന്നത് സിപിഎമ്മുകാർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. അതു വഴി പട്ടാളക്കാരേയും : പട്ടാളക്കാർ കറങ്ങി നടക്കുന്നതു കൊണ്ടാണ് പഞ്ചായത്തുകൾ കണ്ടയിന്റ്‌മെന്റ് സോണാകാൻ കാരണം എന്നും സമർത്ഥിക്കുന്നു. 23.6.20 ന്‌ഐടിബിപി യിൽ നിന്നും കേരള ഗവ: ഹെൽത്ത് സെക്രട്ടറിക്ക് കത്തു നല്കിയ വിവരം ശ്രീ. സഞ്ചു സമ്മതിക്കുന്നുണ്ട് : എന്നാൽ യാഥാർത്ഥ്യം അതല്ല. 2.6.20 ന് ആലപ്പുഴ ജില്ലാ കളക്ടർക്ക് ഐടിബിപി യിൽ നിന്നും വിശദമായ കത്ത് നല്കിയിരുന്നു : ആ കത്തിൽ റൊട്ടേഷൻ ട്രാൻസ്ഫർ പ്രകാരം 600 പട്ടാളക്കാർ ജലന്ധറിൽ നിന്നും സ്‌പെഷ്യൽ ട്രെയിൻ വഴി ത്തിചേരുന്നതിനാൽ ക്യാമ്പിൽ ക്വാറന്റയിൻ ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ പുറത്ത് ക്വാറന്റയിൻ ചെയ്യാൻ സൗകര്യം ഒരുക്കി കൊടുക്കണമെന്ന് ആവശ്യപെട്ടിരുന്നു. 5-6.20 ൽ ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് സമീപ പഞ്ചായത്ത് അധികാരികൾക്കുംഡിഎംഒയ്ക്കും കത്തുകൊടുത്തു. 6.6.20 ൽ ശ്രീ ബുദ്ധ എൻജിനീയറിങ് കോളേജിന് കത്തുകൊടുക്കുകയും കത്തിന്റെ കോപ്പി എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും നല്കി. ജില്ലാ കളക്ടർ അടിയന്തിര നടപടി എടുക്കാൻ പാലമേൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് ഫോർവേഡ് ചെയ്തു.

പാലമേൽ പഞ്ചായത്ത് ഭരണ സമിതി പേപ്പറിന്റെ വില പോലും ആ കത്തിന് കല്പിച്ചില്ല : പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും ഒരു നടപടിയും എടുക്കാത്തതിനാലാണ് 23.6.20 ൽ ഗവ:ഹെൽത്ത് സെക്രട്ടറിക്ക്‌ഐടിബിപി കത്തുകൊടുക്കുന്നത്. ജലന്ധറിൽ നിന്നും ആദ്യത്തെ 300 പട്ടാളക്കാർ സ്‌പെഷ്യൽ ട്രെയിൽ വഴി ക്യാമ്പിൽ എത്തി , പുറത്ത് ക്വാറന്റയിൻ സൗകര്യം ഒരുക്കി കൊടുക്കാത്തതിനാൽ അവർക്ക് ക്യാമ്പിലെ ബാരക്കിൽ കഴിയേണ്ടി വന്നു പിന്നീടു വന്ന 300 പട്ടാളക്കാരെ ക്വാറന്റയിൻ സൗകര്യം ഇല്ലാത്തതിനാൽ അതേ ട്രെയിനിൽ തിരിച്ചയച്ചു. ഇവിടെ ജില്ലാ ഭരണകൂടവും , എംഎൽഎ യും പഞ്ചായത്ത് അധികാരികളും ആവശ്യമായ ക്വാറന്റയിൽ സൗകര്യം ഏർപ്പെടുത്തി കൊടുത്തിരുന്നു എങ്കിൽ പട്ടാളക്കാർക്ക് അസുഖം ബാധിക്കില്ലായിരുന്നു. ആയതിനാൽ പഞ്ചായത്ത് ഭരണ സമിതികളുംഎംഎൽഎയും വീഴ്ച അംഗീകരിക്കാൻ തയാറാകണം. ജൂലൈ 6 ന് ആണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് : 2 ൽ നിന്നു തുടങ്ങി 27 ൽ എത്തിയപ്പോഴാണ് ജില്ലാ ഭരണകൂടത്തിനും എംഎൽഎ യ്ക്കും കാര്യങ്ങൾ കൈവിട്ടു പോയി എന്ന് ബോധ്യപ്പെട്ടത്. ഐടിബിപി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂർ ആർഡിഓയെ ചുമതലപ്പെടുത്തിയത് കഴിഞ്ഞ ദിവസം അല്ലേ ? ഇതിൽ നിന്നു വ്യക്തമല്ലേ നിങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ?

ശ്രീ. സഞ്ചുവിന്റെ പോസ്റ്റിൽ . ജനിപ്പിച്ചാൽ മാത്രം പോര നന്നായി വളർത്തുകയും വേണമെന്ന് : അതെ . ഐടിബിപി ഞങ്ങൾ കൊണ്ടുവന്നു. എംപി യുടേയും ശ്രീ.ഉമ്മൻ ചാണ്ടി മന്ത്രിസഭയുടേയും മിടുക്ക്. അന്നുമുതൽ ക്യാമ്പും, സമീപ പ്രദേശങ്ങൾ ളും വികസനത്തിന്റെ പാതയിലല്ലേ? കേന്ദ്രീയ വിദ്യാലയും , ആശുപത്രി അടക്കം എല്ലാ സൗകര്യങ്ങളും യാഥാർത്ഥ്യമാകും പിന്നെ എംഎൽഎ യ്ക്കും ജില്ലാ ഭരണകൂടത്തിനും ഉണ്ടായ വീഴ്ച അംഗീകരിക്കാൻ തയാറാകണം, അതിനെഎംപി കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മര്യാദ അല്ല.എംഎൽഎ കോവിഡ് d പ്രതിരോധ പ്രവർത്തനങ്ങളുമായി വിളിച്ച ഒരു യോഗത്തിലും എംപിയെ ക്ഷണിച്ചിട്ടില്ല. പട്ടാളക്കാർക്ക് രോഗം ഉണ്ടായിട്ടും കഴിഞ്ഞ ദിവസംബ്ലോക്ക് പഞ്ചായത്തിൽ ൽ വെച്ചു വിളിച്ച യോഗത്തിലും എംപിയെ യെ ക്ഷണിച്ചില്ല. എംപി ക്കായിരുന്നു ചുമതല എങ്കിൽ 24. 6.20 ൽ തന്നെ വേണ്ട നടപടികൾ തുടങ്ങിയേനേ. ഐടിബിപി P കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് , ആഭ്യന്തര മന്ത്രാലത്തിനെ വിവരം ബോധ്യപ്പെടുത്തി ജില്ലാ ഭരണകൂടവുമായി സംയോജിച്ച് പ്രവർത്തനങ്ങൾ നടത്തിയേനേം , അതിനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. പിന്നെ നമ്മുടെ സമീപ പ്രദേശങ്ങളായ കായംകുളം, തെക്കേക്കര : തീരദേശ മേഖലകളും രോഗബാധിതരുടെ എണ്ണം കൂടുന്നു. അവിടെ എല്ലാം കണ്ടയിന്റ്‌മെന്റ് സോണുകളാണ്. ഇവിടെ ഉണ്ടായത് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതവും പട്ടാളക്കാരോട് കാട്ടിയ അവഹേളനവും ആണ് , ഭരണകർത്താക്കൾക്ക് ഉണ്ടായ വീഴ്ച അംഗീകരിക്കാൻ തയാറാകണം. പട്ടാളക്കാർ രാജ്യത്തിന്റെ സമ്പത്താണ് അവരെ ബഹുമാനിക്കാനും അംഗീകരിക്കാനും സിപിഎം കാർ തയാറാകണം, പട്ടാളക്കാർക്ക് അഭിവാദ്യങ്ങൾ

മറ്റൊരു പോസ്റ്റ് ഇങ്ങനെ:

ഐടിബിപി ജവാന്മാർക്ക് ഐക്യദാർഡ്യമായി യൂത്ത് കോൺഗ്രസ് ഓൺലൈൻ ക്യാമ്പയിൻ യൂത്ത് കോൺഗ്രസ് നൂറനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐടിബിപി ജവാന്മാരെ അപമാനിക്കുന്ന രീതിയിൽ ഉള്ള പ്രചരണത്തിനെതിരെ കേസ് എടുക്കണം എന്നും സോഷ്യൽ മീഡിയ വഴി കുപ്രചരണം എഴുതി വിടുന്നവർക്കു ഉള്ള മറുപടി ആയി ആണ് itbp ജവാൻ മാർക്ക് വേണ്ടിയുള്ള ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത് 100 അധികം പ്രവർത്തകർ ഇതിൽ പങ്കെടുത്തു. രജിൻ എസ് ഉണ്ണിത്താൻ പോസ്റ്റ് ഇട്ടു ഉദ്ഘാടനം ചെയ്തു, അഡ്വ ശ്രീജിത് പുലിമേൽ അഡ്വ ശരൺ ശിവൻ, അർജുൻ ഞാഴപ്പള്ളി, പ്രവീൺ ചെറുമുഖ, അരുൺ, ഷെറിൻ, ആദർശ്, തങ്കച്ചൻ, അലോഷ്യസ്, സുഭാഷ് പടനിലം, നിമിഷ് പാറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP