Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇന്നലെ ഒരു ദിവസം മാത്രം ഇറ്റലിയിൽ മരിച്ചത് 627 പേർ; മരണസംഖ്യ 4000 കടന്ന് പേടിപ്പെടുത്തി മുന്നോട്ട്; രോഗബാധിതരുടെ എണ്ണം 50,000 ലേക്ക് കുതിച്ചുയരുന്നു; മരിച്ചവരിൽ 2500 പേരും ലംബോർഡി പ്രവിശ്യയിൽ ഉള്ളവർ; ആളുകൾ നിയന്ത്രണം തെറ്റിക്കാതിരിക്കാൻ പട്ടാളത്തെ തെരുവിലിറക്കി സർക്കാർ; ചികിത്സപോലും ലഭിക്കാതെ അനുദിനം മരിച്ചുവീഴുന്നത് അനേകം പേർ; ഇറ്റലിയുടെ ദുർവിധി ദുഷ്ടന്മാർക്ക് പോലും വരുത്തരുതേ ദൈവമേ...

ഇന്നലെ ഒരു ദിവസം മാത്രം ഇറ്റലിയിൽ മരിച്ചത് 627 പേർ; മരണസംഖ്യ 4000 കടന്ന് പേടിപ്പെടുത്തി മുന്നോട്ട്; രോഗബാധിതരുടെ എണ്ണം 50,000 ലേക്ക് കുതിച്ചുയരുന്നു; മരിച്ചവരിൽ 2500 പേരും ലംബോർഡി പ്രവിശ്യയിൽ ഉള്ളവർ; ആളുകൾ നിയന്ത്രണം തെറ്റിക്കാതിരിക്കാൻ പട്ടാളത്തെ തെരുവിലിറക്കി സർക്കാർ; ചികിത്സപോലും ലഭിക്കാതെ അനുദിനം മരിച്ചുവീഴുന്നത് അനേകം പേർ; ഇറ്റലിയുടെ ദുർവിധി ദുഷ്ടന്മാർക്ക് പോലും വരുത്തരുതേ ദൈവമേ...

മറുനാടൻ മലയാളി ബ്യൂറോ

റോം: ഒരു മാസം മുൻപ് കൊറോണാ വൈറസ് ഇറ്റലിയെ ആക്രമിക്കാൻ തുടങ്ങിയതിൽ പിന്നെ എല്ലാ അർത്ഥത്തിലും ഏറ്റവും ഭയാനകമായ ഒരു ദിവസമായിരുന്നു ഇന്നലെ. 627 പേരാണ് ഇന്നലെ മാത്രം മരിച്ചത്, അതായത് ഒരൊറ്റ ദിവസം കൊണ്ട് മരണസംഖ്യയിൽ 18.4 ശതമാനത്തിന്റെ വർദ്ധന. ഇതിന് മുൻപ് രേഖപ്പെടുത്തിയ, ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണസംഖ്യ 475 ആയിരുന്നു. ഈ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ പോലും ഒരു ദിവസം 150 മരണങ്ങളിൽ കൂടുതൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന വസ്തുതകൂടി ചേർത്ത് വച്ചു വായിക്കുമ്പോഴാണ് യഥാർത്ഥ ഭീകരത മനസ്സിലാവുക.

രോഗബാധിതരുടെ എണ്ണം 14.6% വർദ്ധിച്ച് 47,021 ൽ എത്തിനിൽക്കുകയാണ്. ലംബോർഡി പ്രവിശ്യയാണ് ഏറ്റവും അധികം രോഗം ബാധിച്ച പ്രദേശം. ഇതുവരെ 22,264 കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ മേഖലയിൽ ഇന്നലെവരെ മരിച്ചത് 2549 പേരാണ്. ഈ ഭീകരതയുടെ കറുപ്പിനിടയിലും ഒരല്പം ആശ്വസിക്കുവാനുള്ള ഒരു വെളിച്ചം കൂടിയുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ 5129 പേർ ഇന്നലെ പൂർണ്ണമായും രോഗവിമുക്തി നേടി പുറത്തിറങ്ങി എന്നതാണ്. തൊട്ട് മുൻപിലത്തെ ദിവസം അത് 4456 പേരായിരുന്നു.

ഇന്നലെ ലൊംബാർഡി മേഖലയിൽ നിന്നും 380 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഈ മേഖലയിൽ കൊറോണാ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുത്തുവാൻ പട്ടാളത്തെ ഇറക്കിയിട്ടുണ്ട്. ചില പ്രദേശവാസികൾ കോറന്റൈൻ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് 114 സൈനികരെ നിയമപരിപാലനത്തിനായി ഇവിടെ ഇറക്കിയത്. ഒന്നിലധികം തവണ ഷോപ്പിംഗിനു പോകുന്നതും കൂട്ടത്തോടെ പുറത്തിറങ്ങി കായികാഭ്യാസങ്ങളിൽ ഏർപ്പെടുന്നതുമൊക്കെ ഉൾപ്പടെയുള്ള നിയമലംഘനത്തിന് ഇത് വരെ ഏകദേശം 53,000 പേർക്ക് സമൻസ് അയച്ചിട്ടുമുണ്ട്.

വെനെറ്റൊ മേഖലയിലെ പാർക്കുകൾ അടച്ചിടുകയും പ്രഭാതനടത്തം വിലക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്തുള്ള എമില-റൊമാഗ്‌നയിൽ സൈക്കിൾ സവാരിയും ജോഗ്ഗിംഗും നിരോധിച്ചു. ആളുകൾ വീടുകൾക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുമുണ്ട്. ആളുകളെ വീട്ടിൽ ഇരിക്കാൻ നിർബന്ധിതരാക്കുവാനായി പല പട്ടണങ്ങളിലും പബ്ലിക് വൈ ഫൈ കൾ ഓഫ് ആക്കുകയും ചൂതാട്ടകേന്ദ്രങ്ങൾ ഉൾപ്പടെയുള്ള വിനോദകേന്ദ്രങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും മരണസംഖ്യ പിടിച്ചു നിർത്താനാകുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകം എന്നാണ് ലംബോർഡി ഗവർണർ പറഞ്ഞത്.

ഇതിനിടയിൽ ആശുപത്രികളിലേക്ക് രോഗികളുടെ നിലയ്ക്കാത്ത പ്രവാാഹമാണെന്നാണ് ആരോഗ്യപ്രവർത്തകരെ ഉദ്ദരിച്ചുകൊണ്ട് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് ഇറ്റലിയിലെ ആരോഗ്യമേഖലയ്ക്ക് കനത്ത സമ്മർദ്ദമാണ് ഏല്പിച്ചിരിക്കുന്നത്. ഈയൊരവസ്ഥ ബ്രിട്ടനിലെ ഡോക്ടർമാരേയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. സമാനമായ ഒരു ഗതി ബ്രിട്ടനിലെ ആരോഗ്യമേഖലക്ക് ഉണ്ടാകാതിരിക്കാൻ ഒരു സമ്പൂർണ്ണ ഷട്ട് ഡൗൺ തന്നെ വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

അതേസമയം ബെർഗാമോ നഗരത്തിലും അവിശ്വസനീയമായ തോതിൽ മരണസംഖ്യ ഉയർന്നു. ഇതിൽ പലതും ഔദ്യോഗികമായി കോവിഡ്19 ബാധ സ്ഥിരീകരിച്ച കേസുകളല്ല എന്നതാണ് ശ്രദ്ധനീയം. പലരും രോഗം കണ്ടുപിടിക്കുന്നതിനു മുൻപേ മരണത്തിനു കീഴടങ്ങുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം ബെർഗാമോയിലും സമീപത്തെ പട്ടണങ്ങളിലുമായി 400 പേരാണ് മരിച്ചത്.കഴിഞ്ഞ വർഷം ഇതേ ആഴ്ച മരിച്ചവരുടെ എണ്ണത്തിന്റെ നാലിരട്ടിയാണ് ഇത്. മരിച്ചവരിൽ 91 പേർക്ക് മാത്രമാണ് ഔദ്യോഗികമായി കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. അതുതന്നെയാണ് മരിച്ചവരിൽ പലർക്കും കോവിഡ്19 ബാധിച്ചിട്ടുണ്ടായിരുന്നിരിക്കാം എന്ന് കരുതുവാൻ കാരണം.

ചൈനയിലെ വുഹാന് ശേഷം ഏറ്റവും അധികം വൈറസ് ബാധയുള്ള പ്രദേശമായാണ് ഈ മേഖല കണക്കാക്കപ്പെടുന്നത്. പൊലീസ് വാഹനങ്ങൾ നിരത്തിൽ തലങ്ങും വിലങ്ങും ഓടി ജനങ്ങൾ തീർത്തും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകുന്നുണ്ട്. അതിനിടയിൽ യു. എസ്സിലെ ക്രിസ്റ്റ്യൻ ഡിസാസ്റ്റർ ഫണ്ടിന്റെ സഹായത്തോടെ ക്രെമോണയിൽ ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ കൂടി തുറന്നു. 15 ടെന്റുകളായുള്ള ഈ ആശുപത്രിയിൽ 60 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ലംബോർഡിയിലും തൊട്ടടുത്ത എമില-റൊമാഗ്‌നയിലും സംഗതികൾ കൈവിട്ടുപോകുമെന്ന അവസ്ഥ വന്നതോടെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടം. മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും വിൽക്കുന്ന കടകൾ ഒഴികെ എല്ലാ പൊതു സ്വകാര്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുവാൻ ആലോചിക്കുകയാണ് സർക്കാർ. കെട്ടിടനിർമ്മാണമേഖലയുടെ പ്രവർത്തനവും നിർത്തിവയ്ക്കാൻ ആലോചിക്കുന്നുണ്ട്. എമില രോമാഗ്‌നയിൽ പ്രഭാതനടത്തം, ഓട്ടം, ജോഗ്ഗിങ് എന്നിവ നിരോധിച്ചു. ഓടാതെ ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവരെ ഞാൻ എന്റെ കൂടെ ഇവിടത്തെ ആശുപത്രികളിൽ കൊണ്ടുപോകാം എന്നാണ് എമില റൊമാഗ്‌ന പ്രസിഡണ്ട് സ്റ്റെഫാനോ ബൊനാക്കിനി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

രോഗബാധിതരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ, മരണമടയുന്നവരുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനോ ആകുന്നില്ല ആർക്കും. ആശുപത്രികളിൽ എത്തിയ രോഗികളുടെ വിവരങ്ങൾ അധികൃതർ ഉറ്റവരെ ഇടയ്‌ക്കൊക്കെ അറിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. രോഗത്തിന്റെ തീവ്രത കുറഞ്ഞാൽ വീട്ടുകാരുമായി രോഗിക്ക് ഫോണിൽ ബന്ധപ്പെടാം.എന്നാൽ ആർക്കും നേരിട്ട് വന്ന് കണ്ട് ആശ്വാസം പകരാൻ ആകാത്ത അവസ്ഥയാണ്. അത് രോഗബാധ കൂടുതൽ പേരിലേക്ക് പടരും എന്നതിനാൽ അധികൃതർ വിലക്കിയിരിക്കുകയാണ്. അതുപോലെത്തന്നെ മരണമടഞ്ഞാൽ ഉടുത്തിരുന്ന വസ്ത്രത്തോടെ തന്നെയാണ് അടക്കം ചെയ്യുന്നത്. ശവമടക്കിനുള്ള സ്ഥലം തിരഞ്ഞെടുക്കാൻ പോലും ഉറ്റവർക്കാവില്ല. എല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്.

ശവപ്പെട്ടികളിലടച്ച മൃതദേഹങ്ങൾ പട്ടാളവണ്ടികളിലാണ് സെമിത്തേരികളിൽ എത്തിക്കുന്നത്. പല സെമിത്തേരികളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും മൃതദേഹങ്ങൾ സംസ്‌കരിക്കുവാൻ 48 മണീക്കൂർ വരെ കാത്തു നിൽക്കേണ്ട അവസ്ഥയിലാണ്. ആളുകൾ പുറത്തിറങ്ങുന്നതു വിലക്കിയതിനെ തുടർന്ന് കലിഫോർണിയയിൽ 4 കോടി പേർ വീട്ടിലൊതുങ്ങി. ബ്രിട്ടൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾ അടച്ചു. ഫ്രാൻസും ഓസ്ട്രിയയും കരുതൽ നിയന്ത്രണം നീട്ടി. ഓസ്ട്രേലിയയിലും ന്യുസീലൻഡിലും പ്രവാസികളെ വിലക്കി. റഷ്യയിലും ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലും ആദ്യ മരണം സ്ഥിരീകരിച്ചു. ഫിജിയിലും രോഗം സ്ഥിരീകരിച്ചു. അർജന്റീനയിലും നിയന്ത്രണം കർശനമാക്കി. യുഎസിൽ ജൂണിൽ നടത്താനിരുന്ന ജി 7 ഉച്ചകോടി വിഡിയോ കോൺഫറൻസ് ആയി പരിമിതപ്പെടുത്തി. കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ കോടിക്കണക്കിനു പേരെ രോഗം കൊന്നൊടുക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പു നൽകി.

ഒറ്റദിവസം 2500 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ നാശം മാഡ്രിഡിലാണ്. യുകൈയില്ഡ രോഗബാധിതരുടെ എണ്ണം ഇരട്ടിയായതോടെ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾക്കു പുറമേ സ്‌കൂളുകളും അനിശ്ചിത കാലത്തേക്ക് പൂട്ടി. അമേരിക്കയിൽ ആരും വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്ന് കലിഫോർണിയ മേയർ ആവശ്യപ്പെട്ടു. രോഗത്തിന്റെ ഗൗരവം മറച്ചുവച്ചതിന് ചൈനയെ കുറ്റപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മലേറിയ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾ വൈറസുകൾക്കെതിരെ ഫലപ്രദമാണോയെന്ന പരീക്ഷണം നടക്കുന്നതായി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP