Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മണൽ തിട്ടകൾ തിരയെടുത്തു; സംരക്ഷണ ഭിത്തികളെല്ലാം തകർന്ന് തരിപ്പണമായി; വലിയതുറ പാലത്തിന്റെ അറ്റകുറ്റ പണികൾ മരവിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെ; സഞ്ചാരികളുടെ പ്രിയസ്ഥലമായ ശംഖുമുഖം ബീച്ച് ശോചനീയാവസ്ഥയിൽ

മണൽ തിട്ടകൾ തിരയെടുത്തു; സംരക്ഷണ ഭിത്തികളെല്ലാം തകർന്ന് തരിപ്പണമായി;  വലിയതുറ പാലത്തിന്റെ അറ്റകുറ്റ പണികൾ മരവിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെ; സഞ്ചാരികളുടെ പ്രിയസ്ഥലമായ ശംഖുമുഖം ബീച്ച് ശോചനീയാവസ്ഥയിൽ

ആർ പീയൂഷ്

തിരുവനന്തപുരം: ബീച്ച് കാണാൻ ശംഖുമുഖത്തെത്തിയവർ നിരാശരായി മടങ്ങി പോവുകയാണ്. രൗദ്ര ഭാവം പൂണ്ട കടൽ തിരകളെ പേടിയോടെ കണ്ട് മടങ്ങുകയാണ് എല്ലാവരും. ആർത്തു പെയ്യുന്ന മഴയും കടൽകയറ്റവും ബീച്ചിനെ കാർന്നു തിന്നു കഴിഞ്ഞു. നാൽപത് മീറ്ററോളം കരയാണ് കടൽകയറി പോയത്. സാധാരണ കടൽ കയറിയാൽ വേഗം തന്നെ ഇറങ്ങിപോകാറാണ് പതിവ്. എന്നാൽ ദിവസങ്ങളായി കടൽ ഇറങ്ങിപോകാതെ തന്നെ തുടരുകയാണ്. ഇതോടെ സമീപ വാസികൾ ഏറെ ഭീതിയിലാണ്.

സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ശംഖുമുഖം ബീച്ചിന്റെ മണൽ തിട്ടകൾ തിരയെടുത്തു. നടപ്പാതകളുടെ അടിഭാഗം തുരന്നാണ് തിരയേറ്റം. സംരക്ഷണഭിത്തികളെല്ലാം തകർന്നു തരിപ്പണമായി. കടലേറ്റം തുടർന്നാൽ റോഡിനും നടപ്പാതയക്കും ബലക്ഷയമുണ്ടാകുമെന്നാണ് ആശങ്ക.

രണ്ടാഴ്ചയായി തുടരുന്ന ജാഗ്രതാ നിർദ്ദേശമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. വലിയ തുറയിൽ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. വരും ദിവസങ്ങളിലും ശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം കടൽ ഇത്രയും പ്രക്ഷുബ്ദമായി കരയിലേക്ക് കടന്നു വരാൻ കാരണം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര തുറമുഖനിർമ്മാണമെന്നാണ് നാട്ടുകാർ പറയുന്നത്. കടലിന്റെ ഒരു ഭാഗം നികത്തുന്നതിന്റെ അനന്തരഫലമാണ് കടൽ കരയിലേക്ക കയറുന്നതെന്നും അവർ പറയുന്നു. അൻപത് വർഷങ്ങൾക്ക് മുൻപ് ശംഖുമുഖത്ത് കടൽ കയറിയിട്ടുണ്ടെങ്കിലും ഇത്രയും ദിവസം നീണ്ടു നിന്നിട്ടില്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പ്രകൃതിയെ ദ്രോഹിക്കുന്നതിന്റെ തിരിച്ചടിയാണെന്നും ചിലർ പറയുന്നുണ്ട്.

അതേ സമയം തീരസംരക്ഷണ വിഭാഗമായ ലൈഫ് ഗാർഡ്സ് പറയുന്നത് അശാസ്ത്രീയമായ നിർമ്മാണമാണ് കരയെ കടൽ കവർന്നെടുക്കാൻ കാരണം എന്നാണ്. നിലവിൽ കോടികൾ മുടക്കി നിർമ്മിച്ചിരുന്ന പടികളുടെയും ഭിത്തികളുടെയും അടിത്തറകൾക്ക് ഉറപ്പില്ല. ശക്തമായ ഒരു തിര വീശിയാൽ നിലംപൊത്തുന്നതാണ് അവസ്ഥ. അതിനാൽ കടൽഭിത്തികൾ നിർമ്മിക്കുമ്പോൾ ചരിച്ചു നിർമ്മാണം നടത്തിയാൽ ഈ വിധ നഷ്ടങ്ങൾ ഒരുവിധം തടയാനാകുമെന്നും അവർ പറയുന്നു.

കടലാക്രമണം രൂക്ഷമായതിനാൽ ഇവിടേക്ക സഞ്ചാരികളും ഇപ്പോൾ എത്തുന്നില്ല. ഇതോടെ വഴിയോരക്കച്ചവടക്കാരും ദുരിതത്തിലാണ്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിലും സമാന അവസ്ഥയാണ്. കടലിൽപോകാതായിട്ട് ദിവസങ്ങളായതിനാൽ പല വീടുകളും പട്ടിണിയിൽ തന്നെയാണ്.

അതെ സമയം വലിയതുറ, ചെറിയതുറ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. തീരത്തോടടുത്തു സ്ഥിതി ചെയ്യുന്ന വീടുകളിൽനിന്ന് ഇന്നലെ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്നു ശംഖുമുഖം തീരം പൂർണമായി കടലെടുത്തു. അതേസമയം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നു വലിയതുറ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്നലെയും നടത്താൻ അധികൃതർക്കു കഴിഞ്ഞില്ല.

കടൽക്കലിയടങ്ങാത്തതിനാൽ ഇന്നലെ മത്സ്യബന്ധനത്തിനു പോയില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തിൽ മുൻനിര വീടുകളിൽ മിക്കതും നിലംപൊത്തി. ഇവിടങ്ങളിൽനിന്നാണു താമസക്കാരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ കടലാക്രമണത്തിന്റെ രൂക്ഷതയ്ക്ക് അൽപം ശമനമുണ്ടായെങ്കിലും ശക്തമായ തിരയടി തുടരുകയാണ്. ശംഖുമുഖത്ത് അരകിലോമീറ്ററോളം നീളത്തിൽ തീരം പൂർണമായി കടലെടുത്തു.

ശക്തമായ തിരമാലകൾ റോഡിലേക്കു കയറുകയാണ്. അവധി ദിവസമായിട്ടും ഇന്നലെ സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു. സാധാരണ കാലവർഷ സമയത്ത് ഇത്തരത്തിൽ തിരമാലകൾ തീരം കവരാറുണ്ടെങ്കിലും ശക്തമായ തിരയടി ആദ്യമാണെന്നു തീരദേശവാസികൾ പറഞ്ഞു. കുഴിവിളാകം, വലിയതുറ തീരങ്ങളിലാണു കടലാക്രമണം രൂക്ഷം. മത്സ്യബന്ധനത്തിനു പോകുന്നവർ ജാഗ്രത പുലർത്തണമെന്നു ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തതാണു കടൽക്ഷോഭം രൂക്ഷമാകാൻ കാരണമെന്നാണ് ആരോപണം. വലിയതുറ പാലത്തിന്റെ ഭിത്തി നിർമ്മാണത്തിന് എത്തിച്ച കരിങ്കൽ കടൽഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കിയശേഷമേ വലിയതുറ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കൂവെന്ന നിലപാടിലാണു പ്രദേശവാസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP