Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊട്ടതെല്ലാം പൊന്നാക്കിയ ഇസ്രോയ്ക്ക് ചന്ദ്രയാൻ രണ്ടിലെ പിഴവ് പാഠമായി മാറും; അമേരിക്കയെ പോലും മറികടക്കാനുള്ള നീക്കം പാളിയെങ്കിലും ശാസ്ത്രജ്ഞർക്ക് തികഞ്ഞ ആത്മവിശ്വാസം മാത്രം; ശാസ്ത്ര മികവിന്റെ പേരിൽ രാജ്യത്തിന് സമ്പത്തുണ്ടാക്കി നൽകുന്ന ഇസ്രോയുടെ യശസ്സിന് ഇന്നും കോട്ടമൊന്നുമില്ല; ലോകം ഇപ്പോൾ ഉപഗ്രഹ വിക്ഷേപണത്തിന് ആശ്രയിക്കുന്നത് ഇന്ത്യയെ തന്നെ

തൊട്ടതെല്ലാം പൊന്നാക്കിയ ഇസ്രോയ്ക്ക് ചന്ദ്രയാൻ രണ്ടിലെ പിഴവ് പാഠമായി മാറും; അമേരിക്കയെ പോലും മറികടക്കാനുള്ള നീക്കം പാളിയെങ്കിലും ശാസ്ത്രജ്ഞർക്ക് തികഞ്ഞ ആത്മവിശ്വാസം മാത്രം; ശാസ്ത്ര മികവിന്റെ പേരിൽ രാജ്യത്തിന് സമ്പത്തുണ്ടാക്കി നൽകുന്ന ഇസ്രോയുടെ യശസ്സിന് ഇന്നും കോട്ടമൊന്നുമില്ല; ലോകം ഇപ്പോൾ ഉപഗ്രഹ വിക്ഷേപണത്തിന് ആശ്രയിക്കുന്നത് ഇന്ത്യയെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കുന്ന രാജ്യമാണ് ഇന്ത്യ. ചന്ദ്രയാനിൽ പാളിച്ചുയുണ്ടായെങ്കിലും ലോകബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ കുതിപ്പിനുള്ള ഇന്ധനമാണ് വിക്രം ലാൻഡറിന്റെ ചന്ദ്രന് തൊട്ടടുത്ത് വരെയുള്ള ലക്ഷ്യം തെറ്റാതെയുള്ള യാത്ര. തൊട്ടതെല്ലാം പൊന്നാക്കിയ ഇസ്രോയ്ക്ക് ചന്ദ്രയാനിൽ അവസാന നിമിഷം പാളിയത് പാഠമായി മാറുമെന്നാണ് വിലയിരുത്തൽ. അമേരിക്കയെ പോലും മറികടക്കാനുള്ള നീക്കം പാളിയെങ്കിലും ശാസ്ത്രജ്ഞർക്ക് തികഞ്ഞ ആത്മവിശ്വാസം മാത്രമാണ്. ശാസ്ത്ര മികവിന്റെ പേരിൽ രാജ്യത്തിന് സമ്പത്തുണ്ടാക്കി നൽകുന്ന ഇസ്രോയുടെ യശസ്സിന് ഇന്നും കോട്ടമൊന്നുമില്ല. ലോകം ഇനി ഉപഗ്രഹ വിക്ഷേപണത്തിന് ആശ്രയിക്കുന്നത് ഇന്ത്യയെ തന്നെയെന്ന സൂചനയാണ് ചന്ദ്രയാന്റെ സൂചനകളും നൽകുന്നത്.

രാജ്യാന്തര ബഹിരാകാശ വിപണി ഇപ്പോൾ ഏകദേശം 25 ലക്ഷം കോടി രൂപയുടേതാണ് (360 ബില്യൻ ഡോളർ). ഇതിൽ ഇന്ത്യയുടെ പങ്ക് ഇപ്പോൾ 7 ശതമാനം മാത്രമാണ്. സമീപഭാവിയിൽ ഇത് 10 ശതമാനത്തിലേറെയായി വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചന്ദ്രയാൻ 1, മംഗൾയാൻ, ഇപ്പോൾ ചന്ദ്രയാൻ 2 വൻകിടദൗത്യങ്ങൾ വിദേശരാജ്യങ്ങളുടെ പത്തിലൊന്നു ചെലവിൽ സാങ്കേതികമികവോടെ ഇന്ത്യയ്ക്ക് തയ്യാറാക്കാൻ കഴിയുന്നുണ്ട്. ചന്ദ്രയാൻ രണ്ട് വിജയം കൈവരിച്ചില്ലെങ്കിലും അതിന് അടുത്ത് വരെ അതെത്തി. അതും ചെറിയ ചെലവില്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയും ഉപകരണങ്ങളുമാണ് ചന്ദ്രയാൻ 2 ദൗത്യത്തിൽ ഉപയോഗിച്ചത്.

ലോകത്തൊരു രാജ്യത്തിനും സാധിക്കാത്ത ദക്ഷിണധ്രുവത്തിലെ ലാൻഡിങ് എന്ന വെല്ലുവിളിയും ഇന്ത്യ ഏറ്റെടുത്തു. ഈ പരിചയക്കുറവാണ് ചന്ദ്രയാൻ രണ്ടിൽ വിനയായത്. ബാക്കിയെല്ലാം കിറു കൃത്യമായിരുന്നു. ഗഗൻയാൻ, ആദിത്യ തുടങ്ങി വരാനിരിക്കുന്ന ദൗത്യങ്ങളും ഇന്ത്യയുടെ സ്വന്തം സാങ്കേതികവിദ്യയുടെ കരുത്തിലാണു കുതിക്കുക. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2. റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് വെറും 978 കോടി രൂപയായിരുന്നു. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ-2 ജിഎസ്എൽവി. മാർക്ക് കകക വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുള്ളത്.

ചന്ദ്രയാൻ ടു ഭാഗിക വിജയമാണെന്ന് തന്നെയാകും ലോകവും വിലയിരുത്തലും . അവസാന നിമിഷത്തിൽ വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായതോടെ ദൗത്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല . 2.1 കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് ആശയവിനിമയം നഷ്ടമായത് . 47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ചന്ദ്രനിലെത്തിയത് . ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജിഎസ്എൽവി. മാർക്ക് മൂന്ന് റോക്കറ്റ് 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ തന്നെയാണ് ചന്ദ്രയാൻ2 പദ്ധതിയും ഭാഗികമായി വിജയിച്ചത് . ദൗത്യത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം ഐ എസ് ആർ ഒ പരിശോധിക്കുകയാണ് . ഓർബിറ്ററും ,ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്നും ഐ എസ് ആർ ഒ പരിശോധിക്കുന്നുണ്ട് .

ബഹിരാകാശവിപണിയിലെ 80 ശതമാനം വരുമാനവും ഉപഗ്രഹങ്ങളുടെ സേവനങ്ങളിൽ നിന്നാണ്. ചെറുകിട ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഇപ്പോൾ ലോകരാജ്യങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഏജൻസിയായി ഐഎസ്ആർഒ വളർന്നുകഴിഞ്ഞു. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് 3850 കിലോ ഭാരമുള്ള ചന്ദ്രയാൻ 2 പേടകത്തെ വിജയകരമായി ചന്ദ്രനിലെത്തിച്ചതോടെ ഭാരമേറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനും ഐഎസ്ആർഒ വിശ്വസ്ത ഏജൻസിയായി മാറുകയാണ്. ഐഎസ്ആർഒ ഈ വർഷം ഡിസംബറിൽ ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്ന സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ലോകവിപണിയിൽ വലിയ വിപ്ലവത്തിനു തുടക്കം കുറിക്കും. വെറും 30 കോടി രൂപ ചെലവിൽ 500 കിലോ വരെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന വിക്ഷേപണവാഹനമാണ് എസ്എസ്എൽവി. ശരാശരി 70 ദിവസം വേണം ജിഎസ്എൽവി പോലുള്ള വിക്ഷേപണവാഹനങ്ങൾ ഒരുക്കാൻ. എന്നാൽ എസ്എസ്എൽവി 15 ദിവസം കൊണ്ട് വിക്ഷേപണത്തിനു സജ്ജമാകും. എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം തന്നെ വ്യാവസായികാടിസ്ഥാനത്തിലാണെന്നത് ഐഎസ്ആർഒയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണ്.

ലോക ബഹിരാകാശവിപണിയിലെ കുതിപ്പ് ലക്ഷ്യമിട്ടാണ് ഐഎസ്ആർഒ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിനു രൂപം നൽകിയത്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തെ പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഈ ഏജൻസിക്കുണ്ട്. ബഹിരാകാശവകുപ്പിനു കീഴിലുള്ള ആൻട്രിക്‌സ് കോർപറേഷനു പുറമെയാണ് ന്യൂ സ്‌പേസ് ഇന്ത്യ നിലവിൽ വന്നത്. ബഹിരാകാശവിപണിയിൽ കൂടുതൽ ഇടപെടുന്നതിന് പരിമിതികളുണ്ട്. സ്‌പേസ് എക്‌സും ബോയിങ്ങുമൊക്കെയാണ് ലോകബഹിരാകാശമേഖലയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. പക്ഷേ, സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിന് ഇപ്പോഴും ഇന്ത്യയിൽ നിയന്ത്രണങ്ങളുണ്ട്. പുതിയ സ്‌പേസ് ആക്ടിവിറ്റീസ് ബിൽ വരുന്നതോടെ ഇക്കാര്യത്തിൽ വലിയ സാധ്യതകളാണ് തുറക്കുക. ബഹിരാകാശമേഖലയിൽ പുതിയ നിക്ഷേപങ്ങൾ വരും. ചെറിയ ഉപഗ്രഹങ്ങളുടെയും വിക്ഷേപണവാഹനങ്ങളുടെയും സാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്കു കൂടി ലഭ്യമാകും.

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ.1969 ഓഗസ്റ്റ് 15ന് നിലവിൽ വന്നു. 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി - സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്.

ജി. എസ്. എൽ. വി മാർക്ക് കകക എന്ന പേരില് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അടുത്ത തലമുറയിൽപ്പെട്ട വിക്ഷേപണ വാഹനത്തിനുവേണ്ടിയുള്ള ഗവേഷണം ഇസ്രോ തുടങ്ങിക്കഴിഞ്ഞു. പൂർണ്ണാവസ്ഥയിൽ 6 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന് ശേഷിയുള്ളതാണ് ജിഎസ്എൽവി കകക. യൂറോപ്യൻ, റഷ്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾക്കുവേണ്ടിയും ഇസ്രോ ഉപഗ്രഹവിക്ഷേപണം ചെയ്യുന്നുണ്ട്. അവർക്കു വേണ്ടി എജൈല്, ഗ്ലോനാസ് പരമ്പരയിൽ പെട്ട ഉപഗ്രഹങ്ങളാവും മിക്കവാറും ഇസ്രോയ്ക്ക് വിക്ഷേപിയ്‌ക്കേണ്ടി വരിക. ജി.പി.എസ് സംവിധാനത്തിന്റെ ഇന്ത്യൻ മേഖലയിലെ കൃത്യത ഉയർത്താനായി ഗഗൻ എന്ന പേരിൽ ഇസ്രോ ഒരു ഗവേഷണ പദ്ധതി നടത്തുന്നുണ്ട്.

2008 ഒക്ടോബർ 22ന് ചന്ദ്രയാൻ-1 വിക്ഷേപിച്ചു. ഈ പദ്ധതിക്കായി ഭാരത സർക്കാർ 360 കോടി രൂപ 2005 ൽ തന്നെ അനുവദിച്ചിരുന്നു. ഇസ്രോയുടെ ഉപകരണങ്ങൾക്കു പുറമേ ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടേയും നാസയുടേയും ഉപകരണങ്ങളെ ഇസ്രോ ചന്ദ്രനിലെത്തിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഈ ഉപകരണങ്ങളെ ചന്ദ്രോപരിതലത്തിലെത്തിക്കാൻ ഇസ്രോ നാസയിൽ നിന്നും മറ്റും പണം വാങ്ങിയിരുന്നില്ല. അതിനു പകരം ഈ ഉപകരണങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഇസ്രോയ്ക്ക് കൂടി നൽകാം എന്ന വ്യവസ്ഥയിലാണ് അവയെ ഇസ്രോ ചാന്ദ്രയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഏറെ പ്രതീക്ഷിച്ചതുപോലെ ചാന്ദ്ര പര്യവേക്ഷണത്തിനായി ഉപകരണങ്ങൾ വിക്ഷേപിച്ച് വിജയിക്കുന്ന ആറാമതു സംഘടനയായി ഇസ്രോ മാറി.

2012 സെപ്റ്റംബർ 9 തോടെ ഇസ്രോയുടെ നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി - സി 21 ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. 2012 സെപ്റ്റംബർ 29 ന് ഇന്ത്യൻ സമയം പുലർച്ച രണ്ടരയ്ക്ക് 101 ആം ദൗത്യമായ ജി സാറ്റ്-10, ഫ്രഞ്ച് ഗയാനയിലെ ഖോറോയിൽ നിന്ന് വിക്ഷേപിച്ചു. 750 കോടി രൂപ ചെലവുള്ള ജി സാറ്റ് -10 വാർത്താ വിതരണ ഉപഗ്രഹമാണ്. 15 വർഷത്തെ കാലാവധിയാണ് ഈ ഉപഗ്രഹത്തിന് അവകാശപ്പെടുന്നത്. കടലിലെ മാറ്റങ്ങൾ പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഇസ്രോയുടെ മൂന്നാമത്തെ വാർത്താവിനിമയ ഉപഗ്രഹമായിരുന്നു ഇത്. 2017 ഫെബ്രുവരി 15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പിഎസ്എൽവി-സി 37 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഇസ്രോ ചരിത്രം സൃഷ്ടിച്ചു . ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഇസ്രോ ഒന്നിച്ചു വിക്ഷേപിച്ചത്. ഇതെല്ലാം വലിയ സാമ്പത്തിക നേട്ടം രാജ്യത്തിന് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP