Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

ഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കും; കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ്; കുടുംബത്തെ സഹായിക്കുമെന്ന് ഇസ്രയേൽ; ആദരവായി യുദ്ധവിമാനങ്ങൾക്ക് സൗമ്യയുടെ പേര് നൽകി

ഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കും; കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ്; കുടുംബത്തെ സഹായിക്കുമെന്ന് ഇസ്രയേൽ; ആദരവായി യുദ്ധവിമാനങ്ങൾക്ക് സൗമ്യയുടെ പേര് നൽകി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കും. മൃതദേഹം നാളെ കീരിത്തോട് എത്തിക്കാൻ സാധിക്കുമെന്ന് ഇടുക്കി എംപി ഡീൻ കുര്യോക്കോസാണ് അറിയിച്ചത്. ആവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു. സൗമ്യയുടെ കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അടിയന്തിരമായി ഒരു കോടി രൂപയെങ്കിലും അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

ഇസ്രയേലിലെ അഷ്‌ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.

സൗമ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇസ്രയേൽ ഡെപ്യൂട്ടി അംബാസിഡർ റോണി യെഡിഡിയ ക്ലീൻ രംഗത്തെത്തിയിരുന്നു. കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സൗമ്യയുടെ കുടുംബത്തെ സഹായിക്കുമെന്നും അവർ പറഞ്ഞു. ഒരു സഹായവും ഒരു ഭാര്യയുടെയും അമ്മയുടെയും നഷ്ടത്തിന് പരിഹാരമാകില്ലെങ്കിലും കുടുംബത്തിനൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു.

ഞങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടു. ഇത് സംഭവിക്കുമ്പോൾ അവൾ ഭർത്താവുമായി സംസാരിക്കുകയായിരുന്നു. ഇത് ഭർത്താവിനെ സംബന്ധിച്ചിടത്തോളം എത്ര ഭയാനകമാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അദ്ദേഹത്തിന്റെ സങ്കടാവസ്ഥയിൽ എനിക്ക് സഹതപിക്കാൻ മാത്രമേ കഴിയൂ എന്ന് അവർ പറഞ്ഞതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

അതിനിടെ സൗമ്യയ്ക്ക് ആദരവുമായി ഫലസ്തീനിൽ ആക്രമണത്തിൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾക്ക് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഓപ്പറേഷന്റെ ഭാഗമായി ഇസ്രയേൽ സർക്കാർ നൽകിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യയുടെ അടുത്ത ബന്ധുമായി ഷെർളിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ടു ചെയ്തു.

ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണിൽ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ ഏഴ് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി നോക്കുകയായിരുന്നു.

സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായിരുന്നു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രയേൽ സർക്കാരിന് കൈമാറിയിരുന്നു. എംബസി സ്വീകരിക്കേണ്ട മറ്റു നടപടികളും പൂർത്തിയാക്കി. ഇസ്രോയേൽ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയാൽ മൃതദേഹം നാട്ടിലേക്ക് അയക്കും. എംബാം നടപടികൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP