Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി

2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആധാരമാക്കി 'കുറുപ്പ്' സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ പിടികിട്ടാപ്പുള്ളി എവിടെ എന്ന ചോദ്യം വീണ്ടും സജീവചർച്ചയായി. 2017 ൽ തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുകയാണ് കുവൈറ്റിലെ മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി പറഞ്ഞു. സുകുമാര കുറുപ്പ് 2016 ൽ വാരണാസിയിൽ വിഷുദിനത്തിന്റെ പിറ്റേന്ന്, അർബുദ ബാധിതനായിരിക്കെ മരണമടഞ്ഞു എന്ന വാർത്തയാണ് തനിക്ക് ലഭിച്ചതെന്നും എന്നാൽ, ആധികാരികമായി അത് തെളിയിക്കാൻ സാധിച്ചില്ലെന്നും ഇസ്മയിൽ ഫേസ്‌ബുക്ക് കുറിപ്പിൽ പരഞ്ഞു

ഇസ്മയിൽ പയ്യോളിയുടെ ഫേസബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

സുകുമാരകുറുപ്പിനെ കേന്ദ്ര കഥാ പാത്രമാക്കി നിർമ്മിച്ച 'കുറുപ്പ് 'എന്ന സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണല്ലോ. കുറുപ്പുമായി ബന്ധപ്പെട്ട് സത്യവും മിഥ്യയു മായ അനേകം കഥകളാണു സിനിമക്ക് പുറത്ത് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുവൈത്തിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട് എനിക്ക് പൂർണ്ണ ബോധ്യമുള്ള ചില സത്യങ്ങൾ ഇവിടെ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

2017 ൽ ആണെന്ന് തോന്നുന്നു, ആലപ്പുഴ ജില്ലയിലെ ചെറിയ നാട് എന്ന പ്രദേശത്ത് നിന്നുള്ള ഒരു വ്യക്തിയിൽ നിന്ന് എനിക്ക് ഫേസ് ബുക്ക് മെസ്സെഞ്ചറിൽ ഒരു സന്ദേശം ലഭിക്കുന്നു. നല്ല വാർത്താ സാധ്യതയുള്ള ഒരു വിവരം കൈമാറാനുണ്ട് എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. എഫ്. ബി. മെസ്സഞ്ചറിൽ നിരവധി തവണ ബന്ധപ്പെട്ടപ്പോഴാണു സന്ദേശം അയച്ച ആളുടെ നാട്ടിലെ നമ്പർ ലഭിക്കുന്നത്. കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ട് അന്ന് ആറു മാസം പിന്നിട്ട അയാൾ വളച്ചു കെട്ടില്ലാതെ നേരെ ചോദിച്ചു.

'ചാക്കോ വധക്കേസിലെ പ്രതിയായ സുകുമാര കുറുപ്പിനെ പറ്റി കേട്ടിട്ടുണ്ടൊ..? ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു ചാക്കോ വധം നടക്കുന്നത്. നന്നേ ചെറുപ്പം മുതലെ പത്ര പാരായണം ശീലമായതിനാൽ സംഭവത്തെ കുറിച്ച് മനസ്സിൽ അന്നേ നല്ല ധാരണയും ഉണ്ടായിരുന്നു. പിന്നീട് ഓരോ കാലങ്ങളിലും പ്രതി സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട പല വാർത്തകളും പത്രങ്ങളിൽ വായിച്ചതിനാൽ കേസിന്റെ ഏതാണ്ട് മുഴുവൻ ചരിത്രവും എനിക്ക് ഹൃദ്യസ്ഥവുമായിരുന്നു. ഇതുകൊണ്ട് തന്നെ മറ്റൊന്നും ആലോചിക്കാതെ തന്നെ ഞാൻ അയാളോട് അതെ എന്ന് മറുപടി നൽകുകയും ചെയ്തു.

പിന്നീടാണു അയാൾ എനിക്ക് മുന്നിൽ രഹസ്യങ്ങളുടെ കലവറ തുറക്കുന്നത്. 'കഴിഞ്ഞ വർഷം (2016 ൽ) വിഷു ദിനത്തിന്റെ പിറ്റേനാൾ കുറുപ്പ് മരിച്ചു. കാശിയിൽ (വരാണസി) വെച്ച് അർബുദ ബാധയെ തുടർന്നായിരുന്നു മരണം. ഗംഗാ നദിക്കരയിൽ ആണു അയാളെ അടക്കം ചെയ്തിരിക്കുന്നത്. ഇത്രയും കഴിഞ്ഞു അയാൾ പറഞ്ഞ മറ്റൊരു കാര്യമാണു എന്നെ ഏറെ അമ്പരിപ്പിച്ചത്.

' കുറുപ്പ് ഏറെ കാലം കുവൈത്തിൽ ആയിരുന്നു കഴിഞ്ഞത്..കുറുപ്പിന്റെ ഭാര്യ സബാഹ് ആശുപത്രിയിലെ നഴ്സ് ആയിരുന്നു.. കഴിഞ്ഞ വർഷമാണു അവർ സർവ്വീസിൽ നിന്ന് വിരമിച്ചത്..ഇപ്പോൾ മകനോടോപ്പം സാൽമിയയിലെ വീട്ടിൽ കഴിയുന്നു. വരാണസിയിൽ വെച്ച് നടന്ന കുറുപ്പിന്റെ മരണാനന്തര ചടങ്ങിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു.

' ഇത്രയും കേട്ടതോടെ എന്നിലെ ന്യൂസ് സെൻസ് ഉണർന്നു.. വലിയൊരു വാർത്തയാണു.. പിന്തുടർന്നാൽ ചിലപ്പോൾ കോളടിക്കും.. പ്രാഥമികമായി സോർസ്സ് നൽകിയ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുക.. രണ്ട് മൂന്ന് ദിവസത്തെ പരിശ്രമത്തിനു ഒടുവിൽ കുറുപ്പിന്റെ മകനെ ( അയാളുടെ പേരു മനഃപൂർവ്വം ഇവിടെ ചേർക്കുന്നില്ല ) സാൽമിയയിൽ സ്‌പോട്ട് ചെയ്തു.. പിന്നെയും രണ്ടു മൂന്നു ദിവസത്തെ പരിശ്രമത്തിനു ശേഷം കുറുപ്പിന്റെ ഭാര്യ സബാഹ് ആശുപത്രിയിൽ നഴ്‌സ് ആയിരുന്നുവെന്നതിനും സ്ഥിരീകരണം ലഭിച്ചു. ഞാൻ അന്ന് ഏഷ്യ നെറ്റ് ന്യൂസിന്റെ കുവൈത്ത് പ്രതിനിധി ആയിരുന്നു. ഇത്രയും വിവരങ്ങൾ ഞാൻ മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ആയ Arun Raghavan നെ അറിയിച്ചു.

എന്നാൽ എന്റെ കയ്യിലുള്ള വിവരങ്ങൾ ആധികാരികമായി വാർത്ത നൽകാൻ പര്യാപ്തമായിരുന്നില്ല. ഇതിനാൽ വീണ്ടും കുറച്ചു കൂടെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങിനെയിരിക്കെയാണു ഒരിക്കൽ കുവൈത്തിലെ ഇന്ത്യൻ സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ അന്വേഷണ ഉദ്യോഗസ്ഥനുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ വിഷയം വീണ്ടും കടന്നു വന്നത്. ആ ഉദ്യോഗസ്ഥൻ ഒന്ന് മനസ്സ് വച്ചാൽ ഇത് സംബന്ധിച്ച ആധികാരിക വിവരങ്ങൾ ശേഖരിക്കാൻ കഴിയും.

മാത്രവുമല്ല പ്രമാദമായ ഒരു കേസിന്റെ അന്വേഷണത്തിൽ ഒരു വഴിത്തിരിവ് ആകുകയും വാർത്ത പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് നല്ല ഒരു മൈലേജും ലഭിക്കും. ഒരാഴ്ച കഴിഞ്ഞു അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥന്റെ ഫോൺ വന്നു. കുറുപ്പിന്റെ മകനെ ഓഫീസിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു. ഞാൻ അറിയിച്ച വിവരങ്ങൾ കൃത്യമാണെന്ന് ചോദ്യം ചെയ്യലിൽ അയാൾ സമ്മതിക്കുകയും ചെയ്തിരിക്കുന്നു.

എന്നാൽ അച്ഛനുമായി അയാളോ മറ്റു കുടുംബാംഗങ്ങളോ ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല എന്ന മറുപടിയാണു അയാൾ നൽകിയത് എന്നാണു അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത്.. പിന്നീട് പലപ്പോഴും ഇത് സംബന്ധിച്ച എന്റെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥൻ ഒഴിഞ്ഞു മാറുക പതിവായി..ഇക്കാര്യം ചോദിക്കുന്നതിൽ എനിക്കും പരിമിതികൾ ഉണ്ടായിരുന്നു.. ഇതിനിടയിൽ ഞാൻ ഏഷ്യാനെറ്റിൽ നിന്ന് മാറുകയും എന്റെ അന്വേഷണം എതാണ്ട് അവസാനിക്കുകയും ചെയ്തു..കുറുപ്പിന്റെ തിരോധാനം പോലെ തന്നെ എന്റെ മനസ്സിൽ ഇന്നും ഒരു പാട് സംശയങ്ങൾ ഉയർത്തുന്നതാണു ഈ സംഭവം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP