Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഇറാനിലെ നിരൂപകർക്കു പോലും തോന്നാത്ത ഇസ്ലാമോഫോബിയ 'ടേക്ക് ഓഫിൽ' എങ്ങനെ പാർവതി കണ്ടെത്തിയെന്ന് സംവിധായകൻ; പാർവതിക്ക് പിന്തുണയുമായി സംവിധായകരായ സക്കരിയയും മുഹ്സിൻ പരാരിയും തിരക്കഥാകൃത്ത് ഹർഷദും; ഐഎസിനെ വിമർശിക്കുമ്പോൾ ഇസ്ലാമിന് പൊള്ളുന്നത് എന്തുകൊണ്ടെന്ന് സോഷ്യൽ മീഡിയ; ഇസ്ലാമോ ഫോബിയയെ ചൊല്ലി മലയാളത്തിലെ ന്യൂജൻ സംവിധായകർ പോരടിക്കുന്നു; താരതമ്യേന മതേതരമായ മലയാള സിനിമയിലും മതം കയറി വരുന്നോ?

ഇറാനിലെ നിരൂപകർക്കു പോലും തോന്നാത്ത ഇസ്ലാമോഫോബിയ 'ടേക്ക് ഓഫിൽ' എങ്ങനെ പാർവതി കണ്ടെത്തിയെന്ന് സംവിധായകൻ; പാർവതിക്ക് പിന്തുണയുമായി സംവിധായകരായ സക്കരിയയും മുഹ്സിൻ പരാരിയും തിരക്കഥാകൃത്ത് ഹർഷദും; ഐഎസിനെ വിമർശിക്കുമ്പോൾ ഇസ്ലാമിന് പൊള്ളുന്നത് എന്തുകൊണ്ടെന്ന് സോഷ്യൽ മീഡിയ; ഇസ്ലാമോ ഫോബിയയെ ചൊല്ലി മലയാളത്തിലെ ന്യൂജൻ സംവിധായകർ പോരടിക്കുന്നു; താരതമ്യേന മതേതരമായ മലയാള സിനിമയിലും മതം കയറി വരുന്നോ?

കെ വി നിരഞ്ജൻ

കോഴിക്കോട്: ഒറ്റപ്പാലത്തും സവർണ തറവാടുകളിലും ഇടയ്ക്ക് കുടങ്ങിക്കിടന്ന മലയാള സിനിമയെ റിയലിസത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഇവിടെയുണ്ടായ നവസിനിമാ തരംഗമാണ്. സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയയും ഹർഷാദ് തിരക്കഥയെഴുതിയ മമ്മൂട്ടി ചിത്രം 'ഉണ്ട'യുമെല്ലാം അത്തരം ന്യൂജൻ സിനിമകളുടെ വിഭാഗത്തിൽപെടുന്നവ ആയിരുന്നു. ഭാഷ, വേഷം, ലിംഗം എന്നകൊണ്ടെല്ലാം മലയാള സിനിമ പടുത്തുയർത്തിയ സവർണ്ണ വാർപ്പുമാതൃകളെ നവീകരിച്ചാണ് ഈ തരംഗം പടർന്നുകയറിയത്. സിനിമക്ക് അകത്തുമാത്രമല്ല പുറത്തും നടിമാർ ഉൾപ്പെടയുള്ളവർ താരാധിപത്യത്തെയും പുരുഷമേധാവിത്വത്തെയും തുറന്ന് എതിർത്ത് രംഗത്ത് എത്തി. നടി പാർവ്വതിയായിരുന്നു അത്തരം വിമർശനങ്ങളിൽ മുന്നിൽ നിന്നിരുന്നത്.  എന്നാൽ മലയാള സിനിമ അടിമുടി ഇസ്ലാം വിരുദ്ധമാണ് എന്ന തരത്തിലേക്കാണ് ഇവരുടെയെല്ലാം ഇപ്പോഴത്തെ യാത്ര. താൻ അഭിനയിച്ച 'എന്ന് നിന്റെ മൊയ്തീൻ', ടേക്ക് ഓഫ് ചില സിനിമകളിലെ ഇസ്ലാമോ ഫോബിയ ഇപ്പോൾ തിരിച്ചറിയുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞ് ആദ്യം രംഗത്ത് വന്നത് നടി പാർവ്വതി തിരുവോത്താണ്. പൗരത്വ ഭേഗദതി നിയമം നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അവരുടെ ഈ പ്രതികരണം.

'എല്ലാതരം സ്വത്വങ്ങളെയും കേൾക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവർക്ക് മാത്രമേ ഫാഷിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാൻ സാധിക്കുകയുള്ളൂ. താൻ അഭിനയിച്ച സിനിമകളിലെ സ്ത്രീ-ദലിത്-കീഴാള-മുസ്ലിം-ട്രാൻസ് രാഷ്ട്രീയ ശക്തികളുടെ സംഘർഷങ്ങളെപ്പറ്റി ഇപ്പോൾ ബോധവതിയാണ്. തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും സിനിമയെ സമീപിക്കും.'-പാർവ്വതി പറഞ്ഞു. ഇതോടെ സിനിമകളിലെ ഇസ്ലാം വിരുദ്ധത ചർച്ചയാക്കി ചില സംവിധായകരും രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയുടെ അനുകൂലികളായ സക്കരിയയും മുഹ്സിൻ പരാരിയും ഹർഷദുമെല്ലാം ചേർന്ന് സിനിമകളിൽ ഇസ്ലാം വിരുദ്ധത കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതിന് മറുപടിയായി ടേക്ക് ഓഫിന്റെ സംവിധായകൻ മഹേഷ് നാരായണനും രംഗത്തെിയതോടെ മലയാള സിനിമയിലെ ഇസ്ലാം വിരുദ്ധത നവമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. കൊറോണ ബാധയെതുടർന്ന് തീയേറ്ററുകൾ അടഞ്ഞ് കിടക്കുകയും, റിലീസ് മാറ്റിവെക്കുകയും ചെയ്തങ്കെിലും ഇസ്ലാമോഫോബിയെചൊല്ലി ന്യൂജൻ സംവിധായകർ പോരാട്ടം തുടരുകയാണ്. ഫലത്തിൽ താരതമ്യേന സെക്യുലർ ആയ മലയാള സിനിമയിൽ സാമുദായിക കടത്തിവിടുകയാണ് ഇത് ചെയ്യുന്നത്. പൗരത്വഭേദഗതി നിയമവുമായി ബന്ധപെട്ട പ്രതിഷേധങ്ങളുടെ ഭാഗാമയി നേരത്തെ മലയാള സിനിമയിൽ ഉണ്ടായിരുന്ന ഭിന്നതക്ക് ഒന്നുകൂടി ആക്കം കൂട്ടുകയാണ് ഇത് ചെയ്യുന്നത്.

പാർവ്വതിക്ക് മറുപടിയുമായി ടേക്ക് ഓഫ് സംവിധായകൻ

താൻ സംവിധാനം ചെയ്ത് പാർവ്വതി നായികയായി അഭിനയിച്ച ടേക്ക് ഓഫ് സിനിമയെക്കുറിച്ചുള്ള പാർവ്വതിയുടെ ആക്ഷേപത്തിന് മറുപടിയുമായി സംവിധായകൻ മഹേഷ് നാരായണൻ രംഗത്തെത്തി. പാർവ്വതിക്കോ ഈ പറഞ്ഞ ആളുകൾക്കോ ഇസ്ലാമോഫോബിയെ എന്താണെന്ന് അറിയില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. ''ഒരു കാര്യം പറയുമ്പോൾ കൃത്യമായി പറയണം. എന്താണ് ഘടകം എന്നത് കൃത്യമാക്കണം. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണൽ കഥയാണ്. അതിൽ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞത്. ടേക്ക് ഓഫിൽ സമീറ ഭർത്താവുമായാണ് ഇറാഖിൽ പോകുന്നത്. അങ്ങനെയൊരു നഴ്‌സ് യഥാർത്ഥത്തിൽ നടന്ന കഥയിൽ ഇല്ല. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. ടൈം ലൈൻ മാത്രമേ എടുത്തിട്ടുള്ളു. അങ്ങനെയൊരു കഥയിൽ ഏത് രീതിയിൽ കഥ മുൻപോട്ടു കൊണ്ടുപോകണമെന്നത് ഒരു സംവിധായകന്റെ സ്വാതന്ത്ര്യമാണ്'',

ഇറാൻ പോലൊരു ഇസ് ലാമിക് റിപ്പബ്ലിക് രാജ്യം അവരുടെ ഒരു റെസിസ്റ്റന്റ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ റെപ്രസന്റ് ചെയ്തിരിക്കുന്നത് ടേക്ക് ഓഫ് ആണ്. ഒരു സിനിമ ഫിലിം ഫെസ്റ്റിവലിൽ സെലക്ട് ചെയ്യുന്നതിന് മുൻപ് ഒരു പ്രീ സ്‌ക്രീനർ ഉണ്ടാകും. ആ സ്‌ക്രീനറിൽ മതപരമായ ആളുകൾ ഉണ്ടാവുമല്ലോ. . അവർക്കാർക്കും ഇതിൽ ഇസ് ലാമോഫോബിയ ഫീൽ ചെയ്തില്ല, പാർവതി പറഞ്ഞു അവർക്ക് പിന്നീട് മനസിലായെന്ന്, ഇറാൻ പോലൊരു രാജ്യത്തിന് ചിലപ്പോൾ പിന്നീട് മനസിലാകുമായിരിക്കും. ഇതിനകത്ത് ഒരു മതത്തിനേയും ഒരു വിഭാഗത്തിനേയും അപമാനിക്കുന്ന രീതിയിൽ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. വളരെ ആലോചിച്ച് സൂക്ഷ്മമായി എഴുതിയ തിരക്കഥ തന്നെയാണ്- ഇതായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം.

മഹേഷ് നാരായണനെതിരെ യുവസംവിധായകർ

പാർവ്വതി പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ച മൂന്നു സിനിമാക്കാരാണ് ഇപ്പോൾ മഹേഷ് നാരായണനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ സക്കരിയ, സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിൻ പരാരി, തിരക്കഥാകൃത്ത് ഇർഷാദ് എന്നിവരാണ് ഇവർ. മാനവികത നിറഞ്ഞു നിൽക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് ഇവരെല്ലാം. എന്നാൽ ജമാ അത്തെ ഇസ്ലാമി ലൈനിൽ ചിന്തിക്കുന്നവരും. സുഡാനി പുറത്തിറങ്ങിയപ്പോൾ മുസ്ലിം ലീഗുകാർ ഉയർത്തിയ ഒരു വിമർശനമുണ്ട്. സിനിമ മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നതാണ്. നല്ല സിനിമ. എന്നാൽ മലപ്പുറത്തെ ഒരു അങ്ങാടി ചിത്രീകരിക്കുമ്പോൾ പോലും ലീഗിന്റെ ഒരു കൊടി പോലും രംഗത്തുണ്ടാവരുതെന്ന് സംവിധായകന് നിർബന്ധമുള്ളതുപോലെ തോന്നി. ജമാ അത്തെ ഇസ്ലാമിയെയും മാധ്യമത്തിന്റെയും സ്‌കൂളിൽ പഠിച്ചിറങ്ങിയ സക്കരിയയുടെ സിനിമ പ്രത്യക്ഷ കാഴ്ചകൾക്കപ്പുറത്ത് പലതും ഒളിപ്പിച്ചതായി ലീഗുകാർക്ക് തോന്നിയത് പിന്നീട് യാഥാർത്ഥ്യമായി. പൗരത്വഭേദഗതിക്കെതിരായ സമരങ്ങളിൽ പോലും കാന്തപുരം പോലും തള്ളിക്കളഞ്ഞ ഇസ്ലാമിക മുദ്രാവാക്യം വിളിച്ചെത്തുന്നവർക്കൊപ്പമായിരുന്നു ഈ സംവിധായകൻ. ഇതേ നിലപാട് തന്നെയായിരുന്നു മുഹ്സിൻ പരാരിയുടെയും ഹർഷാദിന്റേതും.

മാധ്യമം ഓൺലൈനിൽ ഒരു വീഡിയോ വന്നിട്ടുണ്ട്. പാർവ്വതിയെ അഭിനന്ദിക്കുന്ന വീഡിയോ. എന്ന് നിന്റെ മൊയ്തീനിലെയും ടേക്ക് ഓഫിലെയും മുസ്ലിം വിരുദ്ധത കണ്ടുപിടിക്കുകയാണ്. പാർവ്വതി തിരിച്ചറിഞ്ഞ ഇസ്ലാമോഫോബിക് രംഗങ്ങൾ എന്ന ഈ വീഡിയോ ഷെയർ ചെയ്താണ് സംവിധായകൻ മഹേഷ് നാരായണന് ഈ മൂന്നു പേരും മറുപടി നൽകുന്നത്. അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുകയും ഉറക്കെ പറയുകയും ചെയ്ത പാർവ്വതിക്ക് ഐക്യദാർഢ്യം എന്നുപറഞ്ഞ്, 'ഉണ്ട' സിനിമയുടെ തിരക്കഥാകൃത്ത് ഹർഷാദ് മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്. 'ടേക്ക് ഓഫ് ഒരു യഥാർത്ഥ സംഭവമാണ്. അതിൽ നഴ്സുമാരെ ഐ എസ് പീഡിപ്പിക്കുന്നില്ല. നല്ല രീതിയിലാണ് തങ്ങളോട് ഇടപെട്ടതെന്ന് നഴ്സുമാർ പിന്നീട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ സിനിമ അതൊന്നും പയാതെ ഐ എസിന് വില്ലന്മാരായി ചിത്രീകരിക്കുന്നു. ഇസ്ലാമിനെ മോശപ്പെടുത്തുന്നു. എന്ന് നിന്റെ മൊയ്തീനിൽ മൊയ്തീന്റെ ബാപ്പിയെ പിന്തിരിപ്പനായി ചിത്രീകരിക്കുന്നു. ഇസ്ലാമിനെ അപമാനിക്കുന്നു.'- ഇത്തരത്തിലാണ് മാധ്യമത്തിന്റെ നിരൂപകന്റെ കണ്ടെത്തലുകൾ. ഐഎസിനെ വിമർശിക്ക്ുമ്പോൾ അതങ്ങനെയാണ് ഇസ്ലാമിനെ അപമാനിക്കുക എന്ന ചോദ്യവുമായി നിരവധിപേർ ഇതിൽ പ്രതികരിക്കുന്നുണ്ട്.

യുവസിനിമാക്കാരോട് ചില ചോദ്യങ്ങൾ

ഇസ്ലാം വിരുദ്ധത കണ്ടെത്തുന്ന സംവിധായകരോട് ചില ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. ഇതാണോ ഇസ്ലാമോഫോബിയ. ശരിക്കുള്ള ഇസ്ലാമോഫോബിയയുടെ ഇരകൾ അങ്ങ് ഡൽഹിയിലുണ്ട്. പിന്നെ ടേക്ക് ഓഫിൽ കാണിക്കുന്ന ഐ എസ് തീവ്രവാദികളെയല്ലേ വിമർശിക്കുന്നത്. അവരെ മാധ്യമവും നിങ്ങളുമെല്ലാം എപ്പോഴാണ് മുസ്ലീങ്ങളായി പരിഗണിക്കാൻ തുങ്ങിയത്. ഐഎസിനെ ക്രൂരന്മാരാക്കി കാണിക്കുന്നതൊക്കെ ഇസ്ലാമോഫോബിയ ആക്കി മാറ്റി ആ വാക്കിന്റെ ശരിക്കുമുള്ള അർത്ഥ കളയരുത് എന്നാണ് ഒരാളുടെ പ്രതികരണം.

തീർച്ചയായും യഥാർത്ഥ സംഭവം അതുപോലെ പറയുകയല്ല ഒരു സിനിമ. അതിൽ സംവിധായകന്റെ ഭാവനകൾ കലരും. എന്നാൽ മാത്രമെ അത് കാഴ്ചക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു ചലച്ചിത്രമാക്കി മാറ്റാൻ കഴിയുകയുള്ളു. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണൽ കഥയാണെന്ന് അതിന്റെ സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളതാണ്. യഥാർത്ഥ സംഭവത്തിലെ നഴ്സ് ഒരു ക്രിസ്ത്യാനിയാണ്. എന്നാൽ ടേക്ക് ഓഫീസിലെ സമീറ മുസ്ലീമാണ്. അങ്ങനെയൊരു നഴ്സ് യഥാർത്ഥത്തിൽ നടന്ന കഥയിലില്ല എന്നതാണ് വാസ്തവം. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. ടൈം ലൈൻ മാത്രമെ എടുത്തിട്ടുള്ളു എന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളതാണ്.

പിന്നെ എന്ന് നിന്റെ മൊയ്തീന്റെ കാര്യം. ശരിയാണ് മൊയ്തീന്റെ ബാപ്പ ഇത്തരം വേഷത്തിൽ നടക്കുന്ന ഒരാളായിരുന്നില്ല. അതിനെ വിമർശിക്കുമ്പോഴും അതിൽ മറ്റൊരു കാര്യം വിമർശകർ കാണാതെ പോകുന്നു. തന്റെ സഹോദരങ്ങൾ ഒരിക്കലും മൊയ്തീനെ അക്രമിച്ചിരുന്നില്ലെന്ന് കാഞ്ചനമാല പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ രംഗത്തിന്റെ പേരിലാണ് അവർ പാർവ്വതി ഉൾപ്പെടെയുള്ള മൊയ്തീന്റെ അണിയറ പ്രവർത്തകരോട് അകലം പാലിച്ചതും. സിനിമയിൽ യഥാർത്ഥമല്ലാത്ത ഒരു രംഗമുണ്ട്. കാഞ്ചനമാലയുടെ ഹിന്ദുവായ സഹോദരൻ രാത്രിയിൽ ആളെവിട്ട് മൊയ്തീനെ അക്രമിക്കുന്നു. എന്തുകൊണ്ട് ഇത് ഹിന്ദു വിരുദ്ധമാണെന്ന് പാർവ്വതിക്കും സംവിധായകർക്കും തോന്നിയില്ല.

യഥാർത്ഥ സംഭവം യഥാർത്ഥമായി തന്നെ കാണിക്കണം എന്നാണ് നിയമമെങ്കിലും മുഹ്സിൻ പരാതി തിരക്കഥയെഴുതിയ വൈറസ് എന്ന സിനിമയ്ക്ക് എന്താണ് സംഭവിച്ചത്. നിപ കാലത്തെ സംഭവങ്ങളായിരുന്നല്ലോ ആ സിനിമയ്ക്ക് അടിസ്ഥാനം.

രോഗം പൊട്ടിപ്പുറപ്പെട്ട പേരാമ്പ്രയുടെ ചെറുത്ത് നിൽപ്പ് മുഹ്സിൻ നിങ്ങൾ എവിടെയാണ് ആ സിനിമയിൽ വരച്ചുകാട്ടിയത്. മെഡിക്കൽ കോളെജിൽ ചുറ്റിക്കറങ്ങുകയായിരുന്നില്ലേ നിങ്ങളുടെ തിരക്കഥ. ജമാ അത്തെ ഇസ്ലാമിയുടെ ചിന്താധാരകളുമായി നടക്കുന്ന നിങ്ങൾ ബോധപൂർവ്വമല്ലേ ആ സിനിമയിൽ മന്ത്രിമാരായ കെ കെ ശൈലജയുടെയും ടി പി രാമകൃഷ്ണന്റെയും പ്രവർത്തനങ്ങളെ മൂലയിൽ ഒതുക്കിയത്. ഊർജ്ജസ്വലയായ മന്ത്രി കെ കെ ശൈലജയ്ക്ക് സിനിമയിലൂടനീളം നിസ്സഹായഭാവം നൽകിയത് എന്തുകൊണ്ടാണ്. അന്ന് പേരാമ്പ്രക്കാരനായ ഒരാൾ ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റുണ്ട്. ഒരു വർഷത്തെ റിസേർച്ചിന് ശേഷമാണെത്രെ മുഹ്സിൻ പരാരിയും ടീമും വൈറസിന്റെ തിരക്കഥയെഴുതിയത്. എന്നാൽ മുഹ്സിൻ റിസേർച്ച് നടത്തിയത് ഏതായാലും ഞങ്ങൾ ജീവിക്കുന്ന പേരാമ്പ്രയിലല്ല. അന്ന് മുഹ്സിന്റെ പാർട്ടിയുടെ ചാനലിന്റെ ഡൽഹിയ ബ്യൂറോ ചീഫ് ഉണ്ടാക്കിയ വിവാദവും പേരാമ്പ്രക്കാർ മറക്കില്ല. കഫീൽഖാൻ പേരാമ്പ്രയിലേക്ക് വരാൻ താത്പര്യം കാട്ടിയെന്നും ആരോഗ്യമന്ത്രി അനുകൂലായി പ്രതികരിച്ചില്ലന്നുമായിരുന്നു ഇയാളുട കണ്ടെത്തൽ. നിപാ മരണങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ മീഡിയാ വൺ പ്രതിനിധിക്കറിയേണ്ടതും കഫീൽഖാനെ പിണറായി വിജയൻ തടഞ്ഞതിനെക്കുറിച്ചായിരുന്നു. സർക്കാറിന് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും നിങ്ങളുടെ താളത്തിന് തുള്ളലല്ല ജോലിയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. മുഹ്സിൻ പരാരി റിസേർച്ച് ഫീൽഡ് വർക്ക് ചെയ്തത് മീഡിയാ വൺ ഓഫീസിലായിരിക്കുമെന്നും ആ കുറിപ്പിലുണ്ടായിരുന്നു.

'വൈറസിലെ' അതേ ആവിഷ്‌ക്കാര സ്വതന്ത്ര്യം തന്നെയല്ലേ ഇതും

ഇനി സിനിമയിലേക്ക് വരാം. അതിൽ സൗബിൻ അവതരിപ്പിക്കുന്ന ഒരു പന്നിവേട്ടക്കാരനുണ്ട്. അയാൾ ഹിന്ദുവാണ്. യഥാർത്ഥ കഥയിൽ എന്തിനാണ് മുഹ്സിൻ നിങ്ങൾ ഇല്ലാത്തൊരു ഹിന്ദു വേട്ടക്കാരനെ ഉണ്ടാക്കിയത്. നിപാ കാലത്ത് കഠിന പ്രയത്നം നടത്തിയ ആംബുലൻസ് ഡ്രൈവർമാരെ നിങ്ങൾ ആ സിനിമയിൽ അപമാനിച്ചില്ലേ. കള്ളനോട്ടിന്റെ ഇടപാടുകാരായ അവർ ആംബുലൻസിൽ പണം കൈമാറുമ്പോഴാണ് നിപ പടർന്നതെന്ന് നിങ്ങൾ എഴുതിവെച്ചില്ലേ. സിനിമയിൽ നിങ്ങളുടെ ഭാവന ഉപയോഗിക്കാമെങ്കിലും എത്രത്തോളം നീചമായിരുന്നു ആ രംഗം എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. കഥയെ ഏതെല്ലാം രീതിയിൽ കൊണ്ടുപോകാമായിരുന്നിട്ടും എന്തിന് നിങ്ങൾ ഇത്തരമൊരു വഴിയിലേക്ക് തിരിഞ്ഞു. പേരാമ്പ്രയിലാരാണ് നിപാ രോഗിയെ തലയ്ക്കടിച്ചു വീഴ്‌ത്തിയത് മുഹ്സിൻ. ഏത് നിപാ രോഗിയാണ് റോട്ടിൽ അലഞ്ഞ് തിരിഞ്ഞു നടന്നത്. അവർക്ക് വേണ്ടി ആംബുലൻസ് ഡ്രൈവർമാർ കാത്തു നിൽക്കുകയായിരുന്നില്ലേ. എന്നാൽ നിങ്ങൾ പേരാമ്പ്രക്കാരെ നിപാ രോഗിയെ തലക്കടിച്ചു വീഴ്‌ത്തു്ന്നവരും ആംബുലൻസ് ഡ്രൈവർമാരെ കള്ളനോട്ട് ഇടപാടുകാരുമാക്കി.

ഇതെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണെന്ന് നിങ്ങൾ പറഞ്ഞതായി അറിയില്ല. എന്നാൽ സിനിമയുടെ സംവിധായകൻ ആഷിക്ക് അബു പറഞ്ഞിട്ടുണ്ട്. ഐഡിയോളജിയുടെ ഇടപെടലാണ് ഞങ്ങൾ ആരോഗ്യമന്ത്രിയുടെ കഥാപാത്രത്തിലൂടെ കാണിച്ചിട്ടുള്ളത്. അതൊരു വ്യക്തിയല്ല. അതിനൊരു രൂപ സാദൃശ്യം ഉണ്ടാകാമെങ്കിലും എന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി.

നിപ രോഗബാധിനായ ഒരാളെ നാട്ടുകാർ തലക്കടിച്ച് വീഴ്‌ത്തിയ ശേഷം ആശുപത്രിയിലേക്ക് എത്തുന്നതായി സിനിമയിലുണ്ട്. അത് ഒരു മോശം സന്ദേശമല്ലേ സമൂഹത്തിന് നൽകുന്നതെന്ന ചോദ്യത്തിന് ഞങ്ങൾക്കുള്ള സിനിമാറ്റിക് സ്വാതന്ത്ര്യം ഉപയോഗിച്ച് ചെയ്തിട്ടുള്ളതാണ് ഈ കഥാപാത്രം എന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി. ഡോക്യുമെന്ററി പോലെ പറയേണ്ട കാര്യത്തെ ഫീച്ചർ സിനിമയെന്ന മാധ്യമം ഉപയോഗിച്ച് പ്രേക്ഷകരുടെ ആസ്വാദനത്തെ ഗൗരവായിട്ടെടുത്ത് കഥ പറഞ്ഞതാണ്. അല്ലാതെ കുറേ വസ്തുതകൾ നിരത്തിയാൽ സിനിമയാകില്ലല്ലോ. സിനിമിക്ക് ഡോക്യുമെന്ററി സ്വഭാവം വരുന്ന സമയത്ത് ആളുകൾക്ക് മടുക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞിരുന്നു.

ഇനി തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയോടും സിനിമയിൽ അഭിനയിച്ച സക്കരിയയോടും ചില ചോദ്യങ്ങൾ. നിങ്ങൾക്ക് സിനിമാറ്റിക് സ്വാതന്ത്ര്യം ഉപയോഗിച്ച് യഥാർത്ഥ കഥയിൽ പുതിയ കഥാപാത്രങ്ങളെ ഉണ്ടാക്കാനും സംഭവങ്ങൾ ഉണ്ടാക്കാനും പറ്റുമെങ്കിൽ ടേക്ക് ഓഫിന്റെ സംവിധായകന് അതിന് സ്വാതന്ത്ര്യമില്ലേ.. തന്റെ യഥാർത്ഥ കഥ ഡോക്യുമെന്ററി പോലെ ആവാതിരിക്കാനുള്ള ആ സംവിധായകന്റെ ശ്രദ്ധയോട് നിങ്ങൾക്കെന്താണ് ഇത്ര അസഹിഷ്ണുത. യഥാർത്ഥത്തിൽ യഥാർത്ഥ സംഭവം വെച്ച് നിങ്ങളെല്ലേ ആളുകളെ ഏറ്റവും മോശക്കാരായി ചിത്രീകരിച്ചത്. ഐ എസിനെ പ്രതികൂട്ടിൽ നിർത്തുക മാത്രമാണ് ടേക്ക് ഓഫ് സംവിധായകൻ ചെയ്തിട്ടുള്ളത്. അതെങ്ങിനെ ഇസ്ലാം വിരുദ്ധമാകും..- ഇത്തരം ചോദ്യങ്ങളുമായാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP