Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെഹൽക്ക എഡിറ്റർ മാത്യു സാമുവൽ ജയിലിലാണോ? സ്വവർഗ്ഗത്തിൽ പെട്ടവന്റെ ദുരിതം ആഘോഷിച്ച മാദ്ധ്യമങ്ങൾക്ക് അക്കിടി പറ്റിയതെങ്ങനെ

തെഹൽക്ക എഡിറ്റർ മാത്യു സാമുവൽ ജയിലിലാണോ? സ്വവർഗ്ഗത്തിൽ പെട്ടവന്റെ ദുരിതം ആഘോഷിച്ച മാദ്ധ്യമങ്ങൾക്ക് അക്കിടി പറ്റിയതെങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ സാധാരണ പൗരന് നൽകുന്നതിൽ കൂടിയ അവകാശങ്ങൾ ഒന്നും മാദ്ധ്യമ പ്രവർത്തകർക്കില്ലെങ്കിലും അതുണ്ടെന്ന് കരുതുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഒരു മാദ്ധ്യമ പ്രവർത്തകനോട് ഒരാൾ കയർത്ത് സംസാരിച്ചാൽ പോലും മർദ്ദിച്ചു എന്ന രീതിയിൽ ആയിരിക്കും വാർത്തകൾ വരിക. എന്നാൽ ഈ ആനുകൂല്യം പത്രപ്രവർത്തകൻ എന്ന ബ്രാക്കറ്റിൽ ഒതുങ്ങി നിൽക്കുന്നവർക്ക് മാത്രമാണ്. സാധാരണ വഴികൾ വിട്ട് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ കള്ളക്കേസിൽ കുടുങ്ങിയാൽ പോലും ഈ പ്രവർത്തകർ എത്തുകയില്ല. അക്കൂട്ടത്തിൽപ്പെടും തെഹൽക്കയിലെ ജീവനക്കാരുടെ ഒക്കെ സ്ഥിതി. കോടാനുകോടി കട്ടും മോഷ്ടിച്ചും കഴിയുന്നവർ സുഖമായി കഴിയുന്ന നാട്ടിൽ തെഹൽക പത്രാധിപർ തരുൺ തേജ്പാൽ ജയിലിൽ അടക്കയ്‌പ്പെട്ടപ്പോൾ മാദ്ധ്യമങ്ങൾ ആഘോഷിച്ചത് ഇതിന്റെ ഉദാഹരണമായിരുന്നു.

ഈ തെഹൽക്ക വേട്ട ഇപ്പോഴും തുടരുകയാണ്. തരുൺ തേജ്പാലിന് പകരം എഡിറ്റോറിയൽ ചുമതലയേറ്റ മലയാളി പത്രപ്രവർത്തകൻ മാത്യു സാമുവലിനെതിരെയാണ് ഏറ്റവും ഒടുവിൽ വേട്ട നടന്നത്. വിവാദമായ തെഹൽക്ക ഒളിക്യാമറ വാർത്തയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി ഉണ്ടായ നടപടി ക്രമങ്ങളുടെ ഭാഗമായി മാത്യുവിന്റെ ജാമ്യം റദ്ദാക്കിയ സംഭവമാണ് ഇന്നത്തെ ദേശീയ മാദ്ധ്യമങ്ങൾ അടക്കമുള്ളവർ ആഘോഷമാക്കിയത്. നവംബർ പത്താം തീയ്യതി രാവിലെ ജാമ്യം റദ്ദാക്കുകയും വൈകുന്നേരത്തോടെ ജാമ്യം ലഭിക്കുകയും ചെയ്തിട്ടും ഇന്നിറങ്ങിയ മലയാളം പത്രങ്ങൾ അടക്കമുള്ളവയിലാണ് മാത്യു സാമുവലിനെ ജയിലിൽ അടച്ചു എന്ന വാർത്ത വന്നത്.

മലയാളിയായ മാദ്ധ്യമപ്രവർത്തകൻ ആയിരുന്നിട്ടുകൂടി വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിൽ മലയാളി മാദ്ധ്യമങ്ങളും വീഴ്‌ച്ച വരുത്തുകയായിരുന്നു. മാത്യു സാമുവലിനെ ജയിലിൽ അടച്ചുവെന്ന വിധത്തിലായിരുന്നും ദ ഹിന്ദു ദിനപത്രം അടക്കം വാർത്ത നൽകിയത്. എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് മാത്യു സാമുവൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. നവംബർ മാസം പത്താം തീയതി തന്റെ ജാമ്യം റദ്ദാക്കിയങ്കിലും അന്ന് വൈകുന്നേരത്തോടെ തന്നെ ജാമ്യം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള വാർത്തകൾ വാസ്തവമല്ലെന്നും മാത്യു സാമുവൽ മറുനാടനോട് വ്യക്തമാക്കി.

അതേസമയം വാർത്താ ഏജൻസികൾ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചെന്ന വിധത്തിൽ വാർത്ത നൽകുകയായിരുന്നു. തുടർന്ന് പല ഭാഷകളിൽ തന്നെ ഈ വാർത്ത പ്രചരിക്കുകയായിരുന്നു. ഔദ്യോഗിക രഹസ്യനിയമ പ്രകാരമെടുത്ത കേസിൽ വിചാരണ നേരിടുന്ന മാത്യുസാമുവലിന് നേരത്തേ ജാമ്യമനുവദിച്ചിരുന്നു. ഈ കേസിന്റെ വിചാരണ മനപ്പൂർവ്വം നീട്ടികൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് പ്രത്യേക സിബിഐ ജഡ്ജി ജെ.പി.എസ്. മാലിക് മാത്യു സാമുവലിന്റെ ജാമ്യം റദ്ദാക്കിയത്. ഒക്ടോബർ 13ന് കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് മാത്യു സാമുവൽ കോടതിയെ അറിയിച്ചു. അഭിഭാഷകനും അസുഖംകാരണം ഹാജരാകാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരിച്ചില്ല. തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. നവംബർ 21 വരെയാണ് ആദ്യം അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. എന്നാൽ അറസ്റ്റുചെയ്ത അന്നു തന്നെ അദ്ദേഹത്തിന് ജാമ്യം നൽകുകയുമുണ്ടായി.

സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് ഔദ്യോഗിക രഹസ്യം ചോർത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന മാത്യു സാമുവലിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാത്യുസാമുവലിനും തെഹൽക്ക എഡിറ്റർ (ഇൻവെസ്റ്റിഗേഷൻസ്) അനിരുദ്ധ് ബഹാലിനും എതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് നടന്നുവരികയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ തോമസ് മാത്യു, നീരജ് കുമാർ എന്നിവരും വെബ് സൈറ്റ് ഉടമകളായ ബഫല്ലോ നെറ്റ്‌വർക്ക്‌സിനുമെതിരെയാണ് ഔദ്യോഗിക നിയമപ്രകാരം കേസ്സെടുത്തത്. തെഹൽക്കയിൽ 2000ൽ പ്രദർശിപ്പിച്ച, ഡച്ച് സർക്കാറുമായി ബന്ധപ്പെട്ട ചില രഹസ്യരേഖകളാണ് കേസിന്നാസ്പദമായത്.

കഴിഞ്ഞ എൻഡിഎ സർക്കാറിന്റെ ഭരണകാലത്ത് നടന്ന പ്രതിരോധ അഴിമതി ഇടപാടുകൾ അടക്കം ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന തെലഹൽക്കയുടെ സംഘത്തിൽപ്പെട്ട മാദ്ധ്യമപ്രവർത്തകനായിരുന്നു മാത്യു സാമുവലും. സേനക്ക് യുദ്ധസാമഗ്രികൾ വാങ്ങുന്നതിന് ഒത്താശ ചെയ്യാൻ ബിജെപി മുൻ പ്രസിഡന്റ് ബങ്കാരു ലക്ഷ്മൺ ലക്ഷം രൂപ കോഴ വാങ്ങുന്നതിന്റെ തെഹൽക ഒളികാമറ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന്റെ പേരിൽ പലവിധ പീഡനമാണ് നേരിടുന്നത്. ജോലിക്ക് പോകാൻ സാധിക്കുന്നില്ല. 11 കൊല്ലമായി നിയമപരമായ നൂലാമാലകൾക്ക് പിന്നാലെയായിരുന്നു.

ഈ കേസിൽ മൊഴി നൽകാൻ തയ്യാറാല്ലെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും പറഞ്ഞാണ് അന്ന് മാത്യു സാമുവൽ ധീരത പ്രകടിപ്പിച്ചത്. ലൈംഗിക പീഡന കേസിൽപ്പെട്ട് തരുൺ തേജ്പാൽ അറസ്റ്റിലായതോടെ മാത്യു സാമുവലായിരുന്നു തെഹൽക്കയുടെ എഡിറ്റർ ചുമതല വഹിച്ചത്. അടുത്തകാലത്തായി അസം റൈഫിൾസിൽ നടക്കുന്ന നഗ്നമായ അഴിമതിയായിരുന്നു തെഹൽക്ക രണ്ടാം വരവിൽ പുറത്തുകൊണ്ടുവന്നത്.

അർധ സൈനിക വിഭാഗമായ അസം റൈഫിൾസിലെ ഉന്നത ഉദ്യോഗസ്ഥർ നിർമ്മാണ കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നും ഓപ്പറേഷൻ ഹിൽടോപ്പ് എന്ന പേരിൽ നടത്തിയ ഒളിക്യാമറാ ഓപ്പറേഷൻ നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം സൈന്യം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP