Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർബൈഡ് വെച്ച് പഴുപ്പിക്കുന്ന മാങ്ങയെല്ലാം വിഷമാണോ; ലോകത്ത് എല്ലായിടത്തും പിന്നെങ്ങനെയാണ് ഫലങ്ങൾ പഴുപ്പിക്കുന്നത്; തമിഴ്‌നാട്ടിൽ നിന്നുള്ള ആയിരം കിലോ മാമ്പഴം നശിപ്പിച്ച നടപടി ശരിയോ; മലയാളി കഴിക്കുന്നത് വിഷമാമ്പഴമോ?

കാർബൈഡ് വെച്ച് പഴുപ്പിക്കുന്ന മാങ്ങയെല്ലാം വിഷമാണോ; ലോകത്ത് എല്ലായിടത്തും പിന്നെങ്ങനെയാണ് ഫലങ്ങൾ പഴുപ്പിക്കുന്നത്; തമിഴ്‌നാട്ടിൽ നിന്നുള്ള ആയിരം കിലോ മാമ്പഴം നശിപ്പിച്ച നടപടി ശരിയോ; മലയാളി കഴിക്കുന്നത് വിഷമാമ്പഴമോ?

എം റിജു

കോഴിക്കോട്: കേരളത്തിൽ സോഷ്യൽ മീഡിയിലടക്കം വൻ വിവാദമായ കാര്യമാണ് രാസവസ്തുക്കൾവെച്ച് മാങ്ങ പഴുപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് വന്ന, കാർബൈഡ് വെച്ച് പഴുപ്പിച്ച ആയിരം കിലോയോളം മാമ്പഴം, ഈയിടെയാണ് ആരോഗ്യവകുപ്പ് അധികൃതർ നശിപ്പിച്ചത്. മലയാളി കഴിക്കുന്നത് വിഷ മാങ്ങയാണെന്ന് പറഞ്ഞ് ചാനലുകളും രംഗം കൊഴുപ്പിക്കുന്നുണ്ട്. പക്ഷേ ഇത് പുർണ്ണമായും തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും ലോകത്ത് എല്ലായിടക്കത്തും രാസവസ്തുക്കൾ കൊണ്ട് കൃത്രിമായാണ് ഫലങ്ങൾ പഴുപ്പിച്ച് എടുക്കുന്നതെന്നുമാണ് ശാസ്ത്രകാരന്മാർ പറയുന്നത്.

ആയിരക്കണക്കിന് ഫലങ്ങൾ ഒന്നിച്ച് ഉണ്ടാവുമ്പോൾ അവയെ പഴുപ്പിക്കാൻ രാസവസ്തുക്കൾ തന്നെ ഉപയോഗിക്കണം. വിദേശ രാജ്യങ്ങളിലൊക്കെ സർക്കാർ നിയന്തണത്തിൽ റെപ്പിങ്ങ് ചേമ്പറുകൾ ഉണ്ട്്. എന്നാൽ നമ്മുടെ നാട്ടിൽ ഇത്തരം സംവിധാനം ഒന്നുമില്ല. അതിനാലാണ് കാർബൈഡുപോലുള്ള സാധനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതെന്നും ശാസ്ത്ര ലേഖകരായ ഡോ ജിതേഷ്, വിജയകുമാർ ബ്ലാത്തൂർ എന്നിവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്താണ് പഴുപ്പിക്കൽ?

ലോകത്ത് എല്ലായിടത്തും മാങ്ങ പഴുപ്പിച്ച് വിതരണം ചെയ്യുന്നത് കൃത്രിമ മാർഗങ്ങളിലൂടെയാണ്. അല്ലാതെ മാവിലുള്ള ഓരോ മാങ്ങയും പഴുക്കുന്നത് നോക്കി പറിച്ചെടുത്താൽ കച്ചവടം നടക്കില്ല. നാരങ്ങയും മുന്തിരിയും ആപ്പിളും പാഷൻ ഫ്രൂട്ടും ഒക്കെ പഴുക്കാതെ പറിച്ച് സൂക്ഷിച്ച് വച്ചാൽ ചീഞ്ഞു പോകുകയേ ഉള്ളു. എന്നാൽ ചക്കയും മാങ്ങയും പപ്പായയും സപ്പോട്ടയും ഏത്തക്കയും ഒക്കെ ഇടത്തരം മൂപ്പായത് പോലും പറിച്ച് വച്ചാലും പഴുപ്പിക്കാനാവും. ഒരു സസ്യ ഹോർമോൺ ആണ് ഇങ്ങനെ പഴുപ്പിക്കുന്നത്. പഴം മാത്രമല്ല ഇലയും പഴുത്ത് വീഴുന്നത് ഈ ഹോർമോണിന്റെ പ്രവർത്തനം കൊണ്ടാണ്. അതാണ് എത്തിലിൻ.

പഴങ്ങൾക്ക് പഴുക്കാൻ തയ്യാറാക്കാനുള്ള സിഗ്നൽ കൊടുക്കുന്നത് എത്തിലീനാണ്. കൂട്ടത്തിൽ ഒരു പഴം എത്തിലീൻ പുറപ്പെടുവിക്കാൻ തുടങ്ങിയാൽ ബാക്കിയുള്ളവയും പഴുക്കാൻ തുടങ്ങും. പഴുത്തു ചീഞ്ഞ ഒരു പഴം കൂടയിലുണ്ടെങ്കിൽ ബാക്കിയും വളരെപ്പെട്ടെന്നു പഴുത്തുപോകുന്നത് കാണാം. പഴങ്ങൾ വൈക്കോലിലോ മറ്റോ പൊതിഞ്ഞു വയ്ക്കുന്നതും പെട്ടെന്ന് പഴുക്കാൻ ഇടയാക്കും. ചൂടും, എത്തിലീന്റെ ഉയർന്ന അളവും രണ്ടും,പെട്ടെന്ന് പഴുക്കാൻ സഹായിക്കും. പച്ചിലകൾ കത്തിച്ചുണ്ടാകുന്ന പുകയിലെ ഒരു പ്രധാന ഘടകം എത്തിലീൻ ആണ്. പഴുക്കാൻ ചാക്കിൽ കെട്ടിവച്ച് പുകയിടുന്ന നാടൻ വിദ്യയുടെ സയൻസ് അതാണ്.

ഈ എത്തിലീനുമായി സാദൃശ്യമുള്ള ഒന്നാണ് അസറ്റിലീൻ.അസറ്റിലീൻ ഉണ്ടെങ്കിലും എത്തിലീൻ ആണെന്ന് തെറ്റിദ്ധരിച്ചു പഴങ്ങൾ പഴുക്കും. അസറ്റിലീൻ ഉണ്ടാക്കാനുള്ള എളുപ്പമാർഗ്ഗമാണ് നമ്മുടെ ഈ കാൽസ്യം കാർബൈഡ്. അതിൽ വെള്ളം ചേത്താൽ അസറ്റിലീൻ കിട്ടും.അത് ഉപയോഗിച്ചാൽ മാങ്ങ ഉടനെ വിഷമാകുകയൊന്നുമില്ല. താനേ പഴുത്താലും, എത്തിലീൻ ഉപയോഗിച്ചാലും, പുകയിട്ടാലും അസറ്റിലീൻ ഉപയോഗിച്ചാലും മാമ്പഴം മാമ്പഴം തന്നെയാണ്.

കാർബൈഡ് വിഷമോ?

പിന്നെ ഈ കാർബൈഡ് നിങ്ങൾ അകത്താക്കുകയല്ലല്ലോ ചെയ്യുന്നത്. കാൽസ്യം കാർബൈഡ് വെള്ളവുമായി ചേർന്നാൽ അസറ്റിലിനും, കാൽസ്യം ഹൈഡ്രോക്‌സൈഡുമാണ് ഉണ്ടാകുന്നത്. അസറ്റിലിൻ വാതകമായി പോകും. പിന്നെ ബാക്കിയുള്ളത് കാൽസ്യം ഹൈഡ്രോക്‌സൈഡ് എന്ന ചുണ്ണാമ്പാണ്. അത് വിഷമല്ല. ഇനി അത് പഴത്തിൽ ആയിട്ടുണ്ടെങ്കിൽ തന്നെ കഴുകിയാൽ പോകുന്നതേ ഉള്ളൂ. നിങ്ങൾ പഴങ്ങൾ കഴുകാതെയാണ് കഴിക്കാൻ പോകുന്നതെങ്കിൽ ലേശം ചുണ്ണാമ്പ് അതിൽ പറ്റിയിരിക്കുന്നതല്ല നിങ്ങളെ അപകടപ്പെടുത്തുക, അതിലിന്മേൽ പറ്റിയിരിക്കുന്ന രോഗാണുക്കളാണ്. കാർബൈഡ് ഓരോ മാങ്ങയിലും പുരട്ടുകയും കുത്തിവെക്കുകയും ഒന്നുമല്ല ചെയ്യുന്നത്. ആളുകൾ അങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്.

ഒരു വാഴക്കുലയിലെ ചാക്കിൽ കെട്ടി വച്ചാൽ , താഴത്തെ ഒന്നോ രണ്ടോ പഴം പഴുത്താൽ അതിൽ നിന്നുണ്ടാക്കുന്ന എത്തിലീൻ ഗ്യാസ് ചാക്കിൽ തന്നെ ട്രാപ്പ് ചെയ്യപ്പെടുന്നതിനാലാണ് കുലയുടെ അഗ്രത്തിലെ മൂപ്പില്ലാത്ത കായ അടക്കം ഒന്നിച്ച് പെട്ടന്ന് പഴുക്കുന്നത്. ഈ എത്തിലീൻ വാതകം നിർമ്മിച്ച് പറിച്ച് വെച്ച പച്ച കായകളിൽ അടിപ്പിച്ചാലും സ്വാഭാവികമായുണ്ടാവുന്ന അതേ പ്രവർത്തനം തന്നെ നടക്കും. കൃത്രിമമായി പഴുപ്പിക്കൽ എന്നത് ഇതാണ്. അല്ലാതെ വേറെന്തോ വിധത്തിൽ 'കെമിക്കൽ -കുത്തിവെച്ചും പുരട്ടിയും, മുക്കിയും ഒക്കെ ചെയ്യുന്ന ഭീകര പ്രവർത്തനമല്ല. ഇതിൽ എന്തോ തെറ്റുള്ളതായി പലരും കരുതുന്നത്. കീമോ ഫോബിയ എന്ന രോഗം നമ്മെ പിടികൂടിയതുകൊണ്ടാണ് അങ്ങിനെ തോന്നുന്നത്.

ചന്ദനത്തിരി കത്തിച്ച് വെച്ചും അടുപ്പിന് മുകളിൽ കെട്ടിവെച്ചും നമ്മൾ പഴം പഴുപ്പിക്കുന്നതും കൃത്രിമമായി പഴം പഴുപ്പിക്കൽ തന്നെയാണ്. ഇവിടെ എത്തിലിൻ എന്ന വസ്തുവിന് പകരം , വളരെ സാമ്യമുള്ള അസറ്റിലീൻ ആണ് പഴത്തെ പഴുപ്പിക്കുന്നത്. വിറകുകളുടെ ജ്വലനത്തിലൂടെയാണ് എത്തിലീന് സമാനമായ ഈ വാതകം ഉണ്ടാകുന്നത്. ഇതേ പ്രവർത്തനമാണ് കാർബൈഡും ചെയ്യുന്നത്.

എന്തിനാണ് കാർബൈഡ് നിരോധിച്ചത്?

പക്ഷെ 2011 ൽ നമ്മളും കാർബൈഡ് ഉപയോഗിച്ച് പഴം പഴുപ്പിക്കുന്നത് നിരോധിച്ചു. കാരണം ശുദ്ധമായ കാർബൈഡിന് പകരം ഉപയോഗിക്കുന്നത് സ്റ്റീൽ ഫാക്ടറികളിലും മറ്റും കൊമേർഷ്യൽ ആവശ്യങ്ങൾക്ക് വേണ്ടി വിതരണം ചെയ്ത ശുദ്ധത കുറഞ്ഞ കാർബൈഡ് ആണ് എന്നതാണ് കാരണം. അവയിൽ പലതരം വിഷ മാലിന്യങ്ങൾ ഉള്ളതാണെങ്കിൽ അവ അബദ്ധത്തിൽ നേരിട്ട് പഴങ്ങളിൽ എത്തുന്നത് പ്രശ്നം ഉണ്ടാക്കും. ആർസനിക്ക് പോലുള്ളവ അതിലുണ്ടാവാനുള്ള വിദൂര സാദ്ധ്യത ഉണ്ട്. അവ കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമായേക്കാം. കൂടാതെ അശ്രദ്ധമായി കൈകാര്യം ചെയ്താൽ കാർബൈഡ് തീപിടുത്തത്തിനും കാരണമാകാം. ഇതൊക്കെ കൊണ്ടാണ് ശുദ്ധത കുറഞ്ഞ - കൊമേർഷ്യൽ കാർബൈഡ് ഉപയോഗിച്ചുള്ള പഴുപ്പിക്കൽ നിരോധിച്ചിരിക്കുന്നത്. അല്ലാതെ കാർബൈഡ് നനഞ്ഞ് ഉണ്ടാവുന്ന അസറ്റലിനെ കൊണ്ട് എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടല്ല. കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച പഴവും ചാക്കിൽ കെട്ടി പുകയത്ത് വെച്ച് പഴുപ്പിച്ച പഴവും തമ്മിൽ ഒരു വ്യത്യാസവും രുചിയിലും ഗുണത്തിലും ഉണ്ടാവില്ല.

കാർബൈഡ് യാതൊരു കാരണവശാലും നേരിട്ട് പഴങ്ങളുമായി സമ്പർക്കത്തിൽ വരാതെ അടച്ച ഒരു മുറിയിലോ ചേമ്പറിലോ സഞ്ചികളിലാക്കി നനച്ച് വെച്ചത് ആണെങ്കിൽ പഴങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. കൊമേർഷ്യൽ കാർബൈഡിൽ തീർച്ചയായും ആർസനിക്ക് പോലുള്ളവ തീർച്ചയായും ഉണ്ടാവും എന്ന മുൻ വിധിയും വേണ്ട. സാദ്ധ്യത ഉണ്ടെന്ന് മാത്രം. നിർമ്മാണ വേളകളിൽ അത്യഅപൂർവ്വമായി അതിൽ ഇത്തരം വിഷസാന്നിദ്ധ്യം ഉണ്ടാവാം എന്ന് മാത്രം. ഇത്തരം വിദൂര സാദ്ധ്യത പോലും ഒഴിവാക്കാനാണ് നമ്മൾ അത് ഇത്തരം ഉപയോഗത്തിന് നിരോധിച്ചത്. എങ്കിലും ഏതെങ്കിലും വിധത്തിൽ പഴങ്ങളുടെ പുറത്ത് (കാർബൈഡിൽ അടങ്ങിയ മാലിന്യത്തിൽ വിഷാംശം ഉണ്ടായിരുന്നെങ്കിൽ ) അത് നീക്കം ചെയ്യാൻ നന്നായി കഴുകിയാൽ തന്നെ മതിയാകും. അല്ലാതെ നമ്മൾ മഹാ വിഷമായി പേടിച്ച് അന്തംവിട്ട് നിൽക്കേണ്ട കാര്യം ഒന്നും ഇല്ല.

ഇനി നമ്മുടെ നാട്ടിലും നിരോധിത കാർബൈഡ് അശ്രദ്ധമായി കൈകാര്യം ചെയ്താണ് കച്ചവടക്കാർ പഴം പഴുപ്പിക്കുന്നതെങ്കിൽ തടയേണ്ടത് അത്യാവശ്യം തന്നെയാണ്. അതിൽ വിട്ടു വീഴ്ച ചെയ്യേണ്ട കാര്യവും ഇല്ല . എന്നാൽ ശാസ്ത്രീയമായി എങ്ങിനെയാണ് ശ്രദ്ധയോടെ പഴങ്ങൾ പഴുപ്പിക്കേണ്ടത് എന്ന് ആരാണ് കൃഷിക്കാരേയും പഴം കച്ചവടക്കാരേയും പഠിപ്പിക്കണം. എത്തിലീൻ ഗ്യാസ് റൈപ്പിങ്ങ് ചേമ്പറുകൾ നിർമ്മിക്കാൻ ചെലവേറിയതാണ് കാർബൈഡ് ഉപയോഗിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാമല്ലോ. അപ്പോൾ ചെറുകിട കച്ചവടക്കാരേയും കൃഷിക്കാരെയും സഹായിക്കാൻ ആരാണ് മുന്നോട്ട് വരേണ്ടത് ? ഓരോ ജില്ലകളിലും കൃഷി വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഇത്തരം ചേമ്പറുകൾ നിർമ്മിച്ച് ഇത് വാടകയ്ക്ക് കൊടുത്ത് - അല്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കി പഴുപ്പിച്ച് കൊടുക്കാൻ നടപടി എടുക്കുകയല്ലെ വേണ്ടതെന്നും ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP